Kerala

സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് മർദിച്ച സംഭവത്തില്‍ നാല് പേർ പിടിയില്‍.

ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച 1.30 ഓടെ കളിപ്പാൻകുളം മല്ലിയിടത്തായിരുന്നു സംഭവം. വഴിയില്‍ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.

പരാതിയില്‍ കന്യാകുളങ്ങര സ്വദേശിയായ അമലിനെ (20) റോഡരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന കളിപ്പാൻകുളം സൂര്യവിളാകത്ത് വീട്ടില്‍ സജീവ് കുമാർ (37), സഹോദരൻ ശരത്ത് (38), ശ്രീകാര്യം പാങ്ങപ്പാറ അഞ്ജലിഭവനില്‍ അഭിലാഷ് (34), നെടുങ്കാട് അഞ്ജുഭവനില്‍ രാജേഷ് (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പുലർച്ചയുള്ള സഞ്ചാരത്തെ ചോദ്യം ചെയ്ത ശേഷം യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിന്ന സന്ദീപ് വാര്യരെ തങ്ങള്‍ക്കൊപ്പം എത്തിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് ക്യാമ്പ്. ഇന്ന് രാവിലെ മാത്രമാണ് മുന്‍ ബിജെപി വക്താവ് കോണ്‍ഗ്രസിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സാധാരണഗതിയില്‍ കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഉള്ളില്‍ നിന്ന് തന്നെ ചോരാറുണ്ടെങ്കിലും സന്ദീപിന്റെ കാര്യത്തില്‍ അതുണ്ടായില്ല. എഐസിസി നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്.

ബിജെപിയുമായി തെറ്റി നിന്ന സന്ദീപ് സിപിഎമ്മിലേക്ക് എന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലനും മന്ത്രി എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സന്ദീപിനെ പ്രശംസിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നീട് സന്ദീപ് വാര്യര്‍ എങ്ങോട്ട് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലേക്കുള്ള സന്ദീപിന്റെ പ്രവേശനം നടക്കില്ലെന്ന് മനസിലാക്കിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയത്.

ആദ്യ ഘട്ടം മുതല്‍ തന്നെ എഐസിസി നേതൃത്വത്തിന്റെ ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടായിരുന്നു. പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി തെറ്റിയാണ് സന്ദീപ് പുറത്തേക്ക് പോയത്. പാര്‍ട്ടിക്കുള്ളില്‍ യുവാക്കളുടെ പിന്തുണയുണ്ടായിരുന്ന സന്ദീപിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാകാത്തത് ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

സംസ്ഥാനത്തെ ബിജെപി വക്താവിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ചര്‍ച്ചയാക്കാനാണ് എഐസിസി നീക്കം. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയിരുന്നു.

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വന്നത് യാതൊരു ഉപാധികളും ഉറപ്പുകളും ഇല്ലാതെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തൃത്താല സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് സന്ദീപ് വാര്യര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഇതോടെയാണ് ഒറ്റപ്പാലം സീറ്റും ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനം എന്ന ഫോര്‍മുലയിലേക്ക് എത്തിയത്. കെപിസിസി ഭാരവാഹിത്വം സംബന്ധിച്ച് അടുത്ത പുനസംഘടനയില്‍ തന്നെ പരിഗണിക്കുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ ഇസ്രയേലി ദമ്പതികളെ അപമാനിച്ച് കടയില്‍ നിന്ന് ഇറക്കി വിട്ട കാശ്മീരി കടയുടമയുടെ കട അടപ്പിച്ചു. സ്ഥലത്തെ മറ്റ് വ്യാപാരികളുള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കശ്മീരി വ്യാപാരിയുടെ കട അടയ്ക്കുകയായിരുന്നു.

തേക്കടിയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇസ്രയേലി ദമ്പതികളെ അപമാനിച്ച് ഇറക്കിവിട്ടത്. ദമ്പതികള്‍ ഇസ്രയേലില്‍ നിന്നാണെന്നറിഞ്ഞതോടെ സാധനം തരാനാകില്ലെന്നും ഇറങ്ങിപ്പോകാനും കടയുടമ ദമ്പതികളോട് ആവശ്യപ്പെടുകയായിരുന്നു. കടയ്ക്ക് പുറത്തിറങ്ങിയ ഇസ്രയേലി ദമ്പതികള്‍ മറ്റ് കടക്കാരോട് കാര്യം പറയുകയും ഇതിനിടയില്‍ ദമ്പതികളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ഡ്രൈവറുടെയും മറ്റ് കടക്കാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കടയുടമ മാപ്പ് പറഞ്ഞെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും എത്തുകയും കേന്ദ്ര ഏജന്‍സികള്‍ വിവരം ആരായുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരികളും കശ്മീരി കടയുടമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കട അടച്ചു പൂട്ടുകയായിരുന്നു.

കാശ്മീരി കടയുടമ കടയിലെത്തുന്നവരുടെ രാജ്യവും പൗരത്വവുമെല്ലാം ചോദിച്ച് മുന്‍പും വിവാദത്തിലായ ആളാണെന്നും പറയുന്നു. ഇയാളുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. സംഭവം ഇസ്രയേല്‍ എംബസിയുടെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യാന്തര മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു.

കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ്‌ മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

രാത്രി നാടകം കഴിഞ്ഞ്‌ കടന്നപ്പള്ളിയില്‍നിന്നു ബത്തേരിയിലേക്കു പോകുന്ന വഴി പുലര്‍ച്ചെ നാലോടെ മലയാംപടി എസ്‌ വളവിലാണ്‌ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ബസ്‌ മറിഞ്ഞത്‌. 14 പേരാണ്‌ ബസിലുണ്ടായിരുന്നത്‌. ഒമ്പതുപേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്‌, സുരേഷ്‌, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ്‌ (39), ബിന്ദു (56) സുരേഷ്‌ ( 60 ), വിജയകുമാര്‍ (52), കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ (59) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയില്‍ നിടുംപോയില്‍ വഴി ചുരം കയറിയ വാഹനം റോഡ്‌ ബ്ലോക്കാണെന്ന്‌ മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ്‌ വഴി കേളകത്തേക്കു പോകവെയാണ്‌ അപകടം.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും 1950 ലാണ് ഭൂമി വഖഫ് ആയതെന്നുമാണ് ഉമര്‍ ഫൈസിയുടെ അവകാശവാദം. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല.

അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്.

ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെ തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരു പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.

വഖഫ് ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. വഖഫ് ഭൂമി പ്രശ്നം മറ്റു തരത്തില്‍ പരിഹരിക്കാനാകില്ലെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. നിരപരാധികളായ പ്രദേശവാസികളെ സംരക്ഷിക്കണം. ആ ഭൂമിയിലെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയാണ് വേണ്ടത്.

അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അവകാശപ്പെട്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

താല്‍പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ധിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്നും എം.എല്‍.എ. ചോദിച്ചു. കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും യു.ഡി.എഫ്.നേതാക്കള്‍ പറഞ്ഞു. 19 ന് മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.

ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിയ്ക്കുമെതിരേയാണ് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേകസഹായം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവെക്കല്‍ സമരവുമായി കര്‍ഷകര്‍. റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.

വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.

ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കി ടയര്‍ കമ്പനികള്‍ സര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എന്‍.സി.ആര്‍.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാര്‍ത് സംസ്ഥാനത്ത് നവംബറില്‍ റബ്ബര്‍ ബോര്‍ഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകള്‍, വാഹനജാഥ എന്നിവ നടത്തും. ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തും.

ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.

അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.

മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.

കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.

സാമ്പത്തിക വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്.

ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി പിടികൂടി പൊലീസ്. നഗരമധ്യത്തില്‍ സക്കറിയ ബസാര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതിന് ആറടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ന്ന് നിന്നത്. ചെടി വളര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കുറച്ചു ദിവസമായി വാടകയ്ക്ക് താമസിക്കുന്നവര്‍ സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കഞ്ചാവ് ചെടി വളര്‍ത്തിയത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

RECENT POSTS
Copyright © . All rights reserved