കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.
എന്‍സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട് അധ്യാപകരും ആശയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി. കുറിപ്പില്‍ പേരുള്ള അധ്യാപകരെ അടക്കം അടുത്ത ദിവസം ചോദ്യം ചെയ്യും. ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയ ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം മേധാവി ആശ എല്‍ സ്റ്റീഫന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെള്ളനാട് താന കാവ്യാട് സിമി നിവാസിൽ ആശ എൽ സ്റ്റീഫൻ (38) ആണ് നെയ്യാറ്റിൻകര ഇരുമ്പിൽ റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 3.15ന് അറക്കുന്ന് റോഡിന് സമീപംവെച്ച് തിരുവനന്തപുരത്ത് നിന്ന് വന്ന ട്രെയിൻ തട്ടിയാണ് മരണമുണ്ടായത്. ഭർത്താവ് കാട്ടാക്കട വീരണകാവ് വെസ്റ്റ് മൗണ്ട് സിഎസ്ഐ ചർച്ചിലെ പാസ്റ്റർ ഷാജി ജോൺ. മക്കൾ: ആഷിം, ആഷ്ന.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു വിധി. കോട്ടയം സെഷൻസ് കോടതിയാണു വിധി പ്രഖ്യാപിക്കുക. ഈ മാസം പതിമൂന്നിന് വിധി പറയാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിന് ഇന്നത്തേക്കു വിധി മാറ്റുകയായിരുന്നു. അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27നാണ് കെവിൻ ജോസഫ് കൊല്ലപ്പെട്ടത്.
ആലപ്പുഴ കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വിവാഹത്തിനായി നാട്ടിലെത്തിയ കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കിളിമാനൂരില്‍ കണ്ടെത്തി. നാലംഗ സംഘത്തില്‍ കായംകുളം സ്വദേശിയായ ഷിയാസ് പൊലീസ് പിടിയിലായി.
കായംകുളം ഹൈവേ പാലസ് ബാറിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഷമീര്‍ഖാനും സംഘവും മദ്യം വാങ്ങാനായി ബാറിലെത്തി. ഇതേസമയം മറ്റൊരു സംഘം ഗേറ്റിന് പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ ഇരു കൂട്ടരുമായി തര്‍ക്കമായി. നേരത്തെ തന്നെ മദ്യപിച്ചിരുന്നു ഇരുസംഘവും. തര്‍ക്കം അടിയും ഇടിയുമായി. ഷമീറിനൊപ്പം നാലുപേരും കൊലയാളി സംഘത്തിലും അത്രതന്നെ പേരും ഉണ്ടായിരുന്നു.
ബീയര്‍ബോട്ടില്‍ പൊട്ടിച്ച് തലയ്ക്കടിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറില്‍ കയറി. കാര്‍ മുന്നോട്ട് എടുക്കാന്‍ ഒരുങ്ങവെ ഷമീര്‍ വാഹനം തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം ഷമീറിനെ ഇടിച്ചിട്ടശേഷം തലയിലൂടെ കാറോടിച്ചുപോയി. പിന്നീട് തിരുവനന്തപുരം കിളിമാനൂരിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തമാസം എട്ടിന് നടക്കാനിരുന്ന വിവാഹത്തിനാണ് ഷമീര്‍ഖാന്‍ രണ്ടുദിവസം മുന്‍പ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. അക്രമി സംഘത്തിലെ മുഴുവന്‍പേരും നേരത്തെയും ഒട്ടേറെ കേസുകളില്‍ പ്രതികളാണ്.
മണാലിയിലെ കാഴ്ചകൾക്കുമപ്പുറമാണ് ഛത്രു; മോഹിപ്പിക്കുന്ന ആ താഴ്‍വാരത്തിലേക്കു സിനിമാ ഫ്രെയിമുകൾ തേടിപ്പോയ സംഘം സുരക്ഷിതരാണെന്ന് അറിയുമ്പോൾ കേരളത്തിന് ആശ്വാസം. ബോർഡർ റോഡ് ടാസ്ക് ഫോഴ്സിന്റെ കണക്കുപ്രകാരം ഛത്രു ഉൾപ്പെടുന്ന ജില്ലയിൽ നിന്നു വിദേശികളടക്കം നാനൂറോളം പേരെയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി രക്ഷപ്പെടുത്തിയത്. ഏതാനും പേർ മരിച്ചു.
സംവിധായകൻ സൽകുമാർ ശശിധരന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് സംഘം താമസിക്കുന്ന സ്ഥലത്തു വാർത്താ വിനിമയ സൗകര്യങ്ങളില്ലാത്തതാണു പരിഭ്രാന്തിക്കിടയാക്കിയത്. മഞ്ജുവാരിയർ സാറ്റലൈറ്റ് ഫോണിൽ സഹോദരനെ വിളിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതും പെട്ടെന്ന് ഇടപെടലുണ്ടായതും.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനെ അടക്കം വിളിച്ചു. ഹൈബി ഈഡൻ എംപി, ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി എ. സമ്പത്ത് എന്നിവരും ഹിമാചൽ സർക്കാരുമായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ളവരുമായും സംസാരിച്ചു. നടൻ ദിലീപാണ് തന്നെ വിവരം അറിയിച്ചതെന്ന് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചു.പിന്നാലെ, കലക്ടറുടെ നേതൃത്വത്തിൽ ഇവർക്കു ഭക്ഷണവും വെള്ളവും ഉൾപ്പെടെ എത്തിച്ചു.
ദൂരെ മലയിടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മൂടിക്കിടക്കുന്ന മഞ്ഞിനിടയിലൂടെ ഞങ്ങൾ കൈപിടിച്ചു പതുക്കെ മലയിറങ്ങുകയായിരുന്നു. ചില ചെറിയ സംഘങ്ങൾ മുന്നിലുണ്ടായിരുന്നു. മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ, പോരുമ്പോൾ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു: ഏതു സമയത്തും മലയിടിയാം, മഞ്ഞുമലകൾ നിരങ്ങി താഴോട്ടുപോകാം…
ഛത്രുവിൽനിന്ന് ആറോ ഏഴോ മണിക്കൂർ നടന്നാണ് ഞങ്ങൾ ഷൂട്ടിങ്ങിനായി ഷിയാം ഗോരുവിലെത്തിയത്. ഞങ്ങളാരും മലകയറ്റം അറിയാവുന്നവരല്ല. സഹായിക്കാൻ പരിചയസമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്ക് അവിടെയെല്ലാം നന്നായറിയാം. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല; മനോഹരമായ കാലാവസ്ഥ. പക്ഷേ, പെട്ടെന്ന് അതു മാറി. കൂടെയുള്ള പരിചയസമ്പന്നരും ഗ്രാമീണരുമൊന്നും ഇതു പ്രതീക്ഷിച്ചിരുന്നില്ല. ചെറുതായി തുടങ്ങിയ മഞ്ഞുവീഴ്ച പെട്ടെന്നു വലുതായി. പലയിടത്തും മഞ്ഞു നിറഞ്ഞു.
ഞങ്ങൾ ടെന്റ് കെട്ടി താമസിച്ചത് ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്ന് ഛത്രുവിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വല്ലാത്തൊരു യാത്രയായിരുന്നു അത്. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മലയിടിഞ്ഞു കിടക്കുന്നതും വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചുപോകുന്നതും കണ്ടു. ഗ്രാമീണർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഛത്രുവിൽ എത്തുന്നതുവരെ മനസ്സിൽ ഭീതിയായിരുന്നു.
ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായി. രാത്രി കിടക്കാൻ ചിലർക്കു കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്കൊപ്പവും അല്ലാതെയും അവിടെയെത്തിയ സഞ്ചാരികളും പലയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫിസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷേ, ആശയവിനിമയ സംവിധാനങ്ങളെല്ലാം നിലച്ചു.
രാത്രി 9നു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്ക് ഒരു കോൾ ചെയ്യാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയത് പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്തോടെയായിരുന്നു.
പിറ്റേ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദേശം നൽകിയിരുന്നുവെന്ന് അവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നത് അപകടമാകുമെന്നു പരിചയസമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല.
കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിലും സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ, ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി; മഴ പെയ്തുകൊണ്ടിരുന്നു.
റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങൾ മൂടിനിൽക്കുന്നതിനാൽ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല. വഴിയിലൂടെ ഒലിച്ച വെള്ളം പലയിടത്തും വലിയ പുഴയായി ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണുനീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നു മണാലിയിലേക്ക് 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു.
മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. കാറ്റിന് എന്തൊരു ശക്തിയാണ്…
ഈ രക്ഷപ്പെടിൽ സിനിമ കഥപോലെ അത്ഭുതം…. മഞ്ജു പറഞ്ഞു നിർത്തി
അജ്മാൻ∙ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ തുഷാറിന്റെ പേരിലുണ്ടായിരുന്ന കേസാണിതെന്നാണ് അറിയുന്നത്. മലയാളിയാണ് കേസ് കൊടുത്തിട്ടുള്ളതെന്നും സൂചനകളുണ്ട്. ഇയാൾ ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തു. അജ്മാനിൽ ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടമായിരുന്നു
മഴക്കെടുതി ഏറ്റവും രൂക്ഷമായ കേരളത്തിന് മാത്രം കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം നല്‍കിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസത്തിന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങളില്‍ സമിതി സന്ദര്‍ശനം നടത്തും. അതിന് ശേഷമാണ് പണം ഏതൊക്കെ സംസ്ഥാനത്തിന് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ. അസം, മേഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാകും സന്ദര്‍ശനം നടത്തുക.
നേരത്തേ അമിത് ഷായുടെ നേതൃത്വത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രളയം ദുരന്തം വിതച്ച കേരളത്തില്‍ അമിത് ഷാ സന്ദര്‍ശനം നടത്താത്തത് മനപൂര്‍വമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കേരളത്തോടുള്ള വിവേചനത്തിനെതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ട്വിറ്ററില്‍ പ്രതിഷേധിച്ചു.പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 4432 കോടി രൂപ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ പങ്ക് പൂജ്യം..! മന്ത്രി ട്വീറ്റ് ചെയ്തു.
കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.
ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.
സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.
മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.
സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടസമയത്ത് കാറിലുണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് വിവാഹമോചന നോട്ടീസ് അയച്ചു. കഴിഞ്ഞ 13 നാണ് വഫ ഫിറോസിനും അവരുടെ മാതാപിതാക്കൾക്കും വഫയുടെ സ്വദേശമായ നാവായിക്കുളത്തെ വെള്ളൂർക്കോണം ജമാഅത്ത് പ്രസിഡന്റിനും വഫയുടെ ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസിന് 45 ദിവസത്തിനകം മറുപടി നൽകണമെന്നും പ്രശ്നം ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ സെപ്റ്റംബർ 11 ന് തന്റെ മാതാപിതാക്കളുടെ വസതിയിൽ എത്തിച്ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം, കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.
മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന , അര്‍ത്ഥന എന്നിവരാണ് സഹോദരങ്ങള്‍ .ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ നേര്‍തൃത്വത്തില്‍ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യ്തു വരുകയാണ്. കീര്‍ത്തനയുടെ കുടുംബത്തിനായി ഫണ്ട് റൈസിംഗ് ക്യാംപെയ്‌നും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.