Kerala

ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.

ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.

ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ്‌ പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”

-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്

ഏവർക്കും പെരുന്നാൾ ആശംസകൾ

കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.

നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.

ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.

കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.

ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കവളപ്പാറയില്‍ ഇനി അന്‍പതുപേരെയാണ് കണ്ടെത്താനുള്ളത്; പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു. ആലപ്പുഴ–ചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.

ഒരു ഗ്രാമം തന്നെ ഇല്ലാതായ കാഴ്ച. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ. അവരുടെ വാക്കുകളിലെ നിസഹായത. ഇൗ നേർചിത്രങ്ങളുടെ ഇടയിലാണ് വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസക്യാംപുകളിലെത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് ദുരന്തം നടന്ന കവളപ്പാറയിലേക്ക് രാഹുൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇൗ യാത്ര. മണ്ണിടിഞ്ഞെത്തിയ മഹാദുരന്തത്തെ പറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തിനോട് വിശദീകരിച്ചു. ദുരന്തമുഖത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.

Image result for flood kerala 2019 rahul gandhi in wayanad

മലപ്പുറം കലക്ട്രേറ്റില്‍ രാഹുൽ ഗാന്ധി ഇന്ന് അവലോകനയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു. നാളെ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള ദുരിതബാധിതമേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും.

Image result for flood kerala 2019 rahul gandhi in wayanad

ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇനിയും കണ്ടെത്താനുള്ള അന്‍പതുപേര്‍ക്കായി നാളെ വീണ്ടും തിരച്ചില്‍ തുടരും. പ്രതിസന്ധികളുണ്ടെങ്കിലും കാണാതായ എല്ലാവരെയും കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേർ കഴിയുന്നു. 75,636 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 317. തൃശൂർ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരിൽ 42,176, വയനാട്ടിൽ 37,395 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറ‍ഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.

കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളക്കെട്ടിൽ‌ വീണും ആളുകൾ മരിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി– ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. വയനാട് ജില്ലയിലെ ദുരിത മേഖലകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കവളപ്പാറയിലെ ക്യാംപിലെത്തി നാട്ടുകാരുമായി സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.

ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ്. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് സംസാരിച്ചത്.

”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.

കോൺഗ്രസിൽ അധികാരം നെഹ്റു കുടുംബത്തിന് മാത്രമെന്ന് ഒരിക്കൽ കൂടി വ്യക്തമാകുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ സോണിയ ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്ത് എത്തുമ്പോള്‍ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റൺ എന്ന ചോദ്യവും ഉയരുന്നു. നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.

ജൂലൈ ആറിനാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 35 ദിവസവും കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു. പാർലമെന്‍റില്‍ പ്രധാന ബില്ലുകളിൽ ആശയക്കുഴപ്പം. പാർട്ടിയിൽ നിന്ന് വൻ കൊഴിഞ്ഞു പോക്ക്. രാഹുൽ ഗാന്ധി പാർട്ടിയോട് നടത്തുന്ന യുദ്ധപ്രഖ്യാപനമായാണ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന രാഹുലിൻറെ നിലപാടിനെ ചിലർ കണ്ടത്. കോൺഗ്രസിൻറെ എല്ലാ തീരുമാനങ്ങളിലും നാടകീയത പ്രധാന ഘടകമാണ്. കശ്മീർ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചു വരുത്തുന്നു, അവിടെ ആളുകൾ മരിക്കുന്നു എന്ന റിപ്പോർട്ടട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചർച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചർച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു.

പ്രിയങ്ക ഗാന്ധി എടുത്ത നിലപാട് നിർണ്ണയാകയമായി. അദ്ധ്യക്ഷ കസേരയിൽ സോണിയാഗാന്ധി ഇരുന്നത് 19 വർഷം. പത്തു വർഷം പാർട്ടി ഭരണത്തിലായിരുന്നു. കോൺഗ്രസിന് എന്തു സംഭവിച്ചു എന്ന ഉത്തരം ഈ പത്തു വർഷം നല്കും. അധികാരം പത്ത് ജൻപഥിൽ കേന്ദ്രീകരിച്ചു. നെഹ്റുകുടുംബത്തിൻറെ അപ്രമാദിത്വം അംഗീകരിക്കുക മാത്രമായി കോൺഗ്രസിൽ സ്ഥാനങ്ങൾ നേടാനുള്ള യോഗ്യത. കരുത്തരായ പ്രാദേശികനേതാക്കളെ എല്ലാം ദുർബലരാക്കി. ജഗൻമോഹൻ റെഡ്ഡിയുമായുള്ള തർക്കം കോൺഗ്രസിന് കരുത്തുള്ള ഒരു സംസ്ഥാനത്തിൻറെ വിഭജനത്തിലേക്ക് നയിച്ചു.

രാഹുൽ ഗാന്ധി അദ്ധ്യക്ഷനായപ്പോൾ സോണിയാഗാന്ധിയുടെ വീട് കേന്ദ്രീകരിച്ച ഒരു സംഘം മുതിർന്ന നേതാക്കളുടെ ബലം ചോർന്നു പോയിരുന്നു. സോണിയ തിരിച്ചെത്തുമ്പോൾ പാർട്ടിയിൽ ആ പഴയ വിഭാഗവും തലപൊക്കും. രാഹുൽ നിയമിച്ച പുതിയ നേതാക്കളുടെ ഭാവി ചോദ്യചിഹ്നമാകും. നാലു നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നു. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എന്തു ചെയ്യണം എന്നറിയാതെ പ്രതിപക്ഷം പകച്ചു നില്ക്കുന്നു.

പ്രതിപക്ഷ നിരയെ വീണ്ടും കൂട്ടിയിണക്കാൻ സോണിയ ശ്രമിച്ചേക്കും. നിയസഭാ തെര‌ഞ്ഞെടുപ്പുകൾ ആശയക്കുഴപ്പമില്ലാതെ പാർട്ടിക്ക് നേരിടാം. എന്നാൽ കുടുംബഭരണത്തിനെതിരായ മോദിയുടെ പ്രചാരണത്തിന് പാർട്ടി ഒരിക്കൽ കൂടി ആയുധം നല്കുന്നു.

30–ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല. അതിനിടയിലാണ് മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കവളപ്പാറയിലെ ദുരന്തത്തിന്‍റെ വ്യപ്തി വര്‍ധിക്കാന്‍ കാരണമെന്ന വാദമുയര്‍ത്തി ചിലര്‍ രംഗത്തുവന്നത്.

കവളപ്പാറക്കാര്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളിലും ഇവര്‍ ഇത്തരം വാദം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്നും നാട്ടുകാര്‍ മാറാന്‍ തയ്യാറായില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്‍റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഉരുള്‍പൊട്ടല്‍ നേരിട്ടനുഭവിച്ച യുവാവ് രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചകളില്‍ കവളപ്പാറക്കാര്‍ എന്ന പേരില്‍ പങ്കെടുക്കുന്നവര്‍ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണെന്നും, അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ള കവളപ്പാറക്കാരെന്നും ദുരന്തത്തില്‍ ജേഷ്ഠനെ നഷ്ടമായ ദിനൂപ് എം നിലമ്പൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദിനൂപിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു, അവിടെ എന്താണ്സംഭവിച്ചതെന്ന്, അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു, സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്.

മുത്തപ്പൻ കുന്ന്, എനിക്ക് ഓർമ്മവച്ച കാലം മുതലേ കാരണന്മാർ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന്. ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു, അതിൽ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം.

ജേഷ്ഠനെയും (വല്യച്ഛന്റെ മകന്‍) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്‍റെ ദു:ഖത്തിലാണ് ഞങ്ങൾ. ദിവസവും രാവിലെ കാണുന്ന എത്രപേർ, കഴിഞ്ഞവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നറിഞ്ഞ് വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്പിലേക്ക് മാറ്റി. ഇപ്പോൾ കാണാതായവർ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു, ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു

ഓണത്തിന് പച്ചക്കറിയുൾപ്പെടെ കിറ്റുകൾ നൽകിയിരുന്നു ഈ വീടുകളിൽ. രണ്ടു മൂന്ന് ദിവസമായി പെയ്തമഴയിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. മൊബൈൽ നെറ്റ്‍വർക്ക് കിട്ടിയിരുന്നില്ല. സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയാറിലും പരിസരപ്രദേശങ്ങളിലും വെള്ളം ഉയർന്നു. കവളപ്പാറയുടെ ഒരുഭാഗം ചാലിയാറും ഒരുഭാഗം മലയുമാണ്.

ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു. പിന്നൊരു മാർഗം ശാന്തീഗ്രാം പാലവും. ഇത് രണ്ടും വെള്ളം കയറി.പനങ്കയത്തിനും കാവളപ്പാറക്കും ഇടയിൽ തുടിമുട്ടിയിൽ വെള്ളം കയറി ഭൂദാനത്തേക്ക് പോകാൻ കഴിയാത്ത രീതിയിൽ കവളപ്പാറ നിന്നും വരുന്ന തോടിലും വെള്ളം ഉയർന്നു. പിന്നെയുള്ളത് എന്‍റെ വീടിനടുത്തുള്ള റോഡും നൂറ്റമ്പതോളം ഓളം വീടും ഒറ്റപ്പെട്ടു, അതുകൊണ്ടാണ് ഇത്രയുംഭീകരമായ അവസ്ഥയുണ്ടായത്. ആർക്കും ഇങ്ങോട്ടും പോകാൻ കഴിയില്ല, നേരം വെളുത്തിട്ട് മാത്രമെന്ന് ചിലർ പറഞ്ഞു, അല്ലാതെ ഒരുമാർഗ്ഗവുമില്ലല്ലോ..

തുടിമുട്ടിയിൽ വെള്ളം കയറിയെന്ന് വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോയി. അവിടെ പനങ്കയത്നിന്നും തുടിമുട്ടിയിൽ നിന്നും ഉള്ള ആളുകൾ കൂടി വീടുകളിൽ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ൽ അധികം ആളുകളെ വലിയ ചെമ്പിലും ടൂബിലുമൊക്കെയാക്കി, നാല് മുതൽ രാത്രി ഏഴര വരെ ആളുകളെ വീടുകളിൽ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടിൽ പോയി വെള്ളത്തിൽ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തിൽ പെട്ട് രക്ഷപെട്ട ജയേട്ടൻ, കാണാതായ ജേഷ്ഠൻ, വിഷ്ണു അങ്ങനെ പതിനാലോളം പേർ.

അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാൻ ചായ കുടിക്കാൻ നിന്നു.

ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനിൽക്കാതെ നൂറ് മീറ്റർ അപ്പുറത്തേക്ക് ആളുകളോട് മാറാൻ വേണ്ടി പറയാൻ പോയി. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെ ബഹളവുമായി വന്നു. കാറിൽ നിറയെ ആളുകളായിരുന്നു, കൂട്ടത്തിൽ സിസി പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും, ഇവർ നാല് പേരും മണ്ണിൽ കുളിച്ചായിരുന്നു വന്നിരുന്നത്, നിലവിളിക്കുന്നുണ്ടായിരുന്നു. സകുപ്പാപ്പനും ശ്രീധരൻ വല്യച്ചനും വല്യമ്മയും അവിടെ വീട്ടിൽ കുടുങ്ങിയെന്നും പറഞ്ഞു. ഉടൻതന്നെ കുട്ടികൾക്ക് വീട്ടിൽ നിന്നും തുണി മാറാൻ കൊടുത്ത് ഞങ്ങൾ എട്ട് പത്തു പേർ ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് പോയി. അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തിരികെ പൊന്നു. ഞങ്ങൾ ചായ കുടിക്കാൻ നിന്നില്ലായിരുന്നെങ്കിൽ അനീഷേട്ടന്‍റെ, വിഷ്ണുവിന്‍റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയിൽ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങൾ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ കൂടെയുണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ അതിലേറെ സങ്കടമാണ്.

ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈൽ റെയ്ഞ്ച് കിട്ടിയത്. എല്ലാവരും കോളുകൾ ചെയ്യുന്നുണ്ട്, ആർക്കും കോൾ വിളിക്കാൻ പറ്റണില്ല, ലൈനുകളൊക്കെ ബിസിയാണ്. നെറ്റ് ചെറുതായി കിട്ടുമായിരുന്നു, ആ സമയത്താണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കവളപ്പാറയിൽ ഉരുൾപൊട്ടിയെന്ന്. മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോൾ ആകെ അങ്കലാപ്പിലായി ഞങ്ങൾ. പിന്നെ പത്തുമണിക്ക് ശേഷം ഉരുൾ പൊട്ടിയ സ്ഥലത്തു പോയി തട്ടാൻ റോഡിൽ റബർ മരങ്ങൾ കണ്ടേ ഞങ്ങളെല്ലാവരും തട്ടാൻ ബാലേട്ടന്‍റെ റബർ തോട്ടത്തിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബർ മരത്തിന്‍റെ മുകളിലൂടെ ഉരുൾ പൊട്ടിയ മണ്ണിലേക്ക് ചാടി. ഒരുകാൽ പൂർണമായും താണുപോയി. പിന്നീട് ടോർച്ച് അടിച്ചുനോക്കിയപ്പോൾ തളർന്നുപോയി. കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാൽ കാണാം, JCB മണ്ണ് നിരത്തിയത് പോലെ. ആകെ തകർന്നുപോയി, ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങൾക്ക് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു. പിന്നീട് രാവിലെ കണ്ടത് ഹൃദയം നിറങ്ങുന്ന കാഴ്ചകളാണ്. വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്ന് നെറ്റ് വർക്ക് ഉള്ളിടത്ത് വന്ന് കോൾചെയ്യാൻ ആവതും ശ്രമിച്ചെങ്കിലും നടന്നില്ല. 100,101,112, പോത്തുകല്ല് പൊലീസ് സ്റ്റേഷൻ എല്ലായിടത്തേക്കും വിളിച്ചു. കോൾ പോകാതെ വന്നപ്പോഴാണ് രാവിലെ 7 ന് സഹായിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് ഒരുവീടിലും അറിയിപ്പ്കൊടുത്തിട്ടും ഇല്ല. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ട് പൊലീസുകാർ വീടിന്‍റെ അവിടെ വരെ നിന്നിരുന്നു. അപ്പോൾ ഞങ്ങൾ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു. അവരവിടെ നിന്ന ശേഷം മടങ്ങിപ്പോയി. നേരേ പനങ്കയത്തെക്ക്, ശേഷം അവർക്കും വരാൻ കഴിഞ്ഞില്ല. തുടിമുട്ടിയിൽ വെള്ളം ഉയർന്നതിനാൽ മറിച്ചുള്ള വാർത്ത തികച്ചും നുണയാണ്.

വസ്തുതവിരുദ്ധമാണ് രാത്രി 8 മണിക്ക് ദുരന്തം സംഭവിച്ചിട്ട് പിറ്റേദിവസം 12 മണിയോടെയാണ് സംഭവസ്ഥലത്തേക്ക് വാഹനങ്ങളും മാധ്യമങ്ങളുംവരാൻ തുടങ്ങിയത്. അത്രയ്ക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ എത്തുന്നത്, പിന്നെന്ത് രക്ഷാപ്രവർത്തനം. അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ്. അവരും 16 മണിക്കൂറിന് ശേഷം ആണ് അവിടെയെത്തിയത്. അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ.

മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു, അനീഷേട്ടനെ കാണാനില്ല, രക്ഷപെട്ടു വന്ന ജയേട്ടൻ പറഞ്ഞു. മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട്. വെള്ളിമുറ്റത്തേക്ക് പോയപ്പോൾ പലതവണ കണ്ണ് നിറഞ്ഞു. പിന്നീട് വല്യമ്മയെയും നടക്കാൻ പോലുംകഴിയാത്ത വല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോൾ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകൾ വന്നപ്പോഴേക്കും(വിഷ്ണു എന്‍ വേണുഗോപാല്‍, സുബിൻ കക്കുഴി) എന്‍റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു. കുറേനേരം അവിടെ നിർത്തിയിട്ടാണ് തിരികെപോന്നത്.

RECENT POSTS
Copyright © . All rights reserved