മുംബൈ: മുംബൈയിലെ പൊവായിയിലെ ആർ.എ സ്റ്റുഡിയോയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം മൂലം നഗരം മുഴുവൻ ഉത്കണ്ഠയിലായി. ഓഡിഷൻ നിമിത്തം കുട്ടികളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയ വെബ് സീരീസ് സംവിധായകനെന്ന് അവകാശപ്പെട്ട രോഹിത് ആര്യ പിന്നീട് 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കി. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് വൻതോതിൽ സേനയെ സ്ഥലത്തെത്തിച്ചു.
രണ്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘങ്ങൾ കെട്ടിടം വളഞ്ഞു. പ്രതിയുമായി സംസാരിച്ചു കുട്ടികളെ വിട്ടയക്കാൻ ശ്രമിച്ചെങ്കിലും രോഹിത് സമ്മതിച്ചില്ല. തുടർന്ന് കുളിമുറിയിലെ ഗ്രിൽ തകർത്താണ് പോലീസ് സംഘം സ്റ്റുഡിയോയ്ക്കുള്ളിൽ കടന്നത്. അപ്പോഴാണ് കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ മുഴങ്ങിയത്. രോഹിത് പോലീസിനെതിരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൂന്നു മണിക്കൂറോളം നീണ്ട ഓപ്പറേഷനിന് ശേഷം വൈകിട്ട് 4.45ഓടെ കുട്ടികളടക്കം എല്ലാവരെയും സുരക്ഷിതരാക്കി. 13 മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് ബന്ദികളായിരുന്നത്. ഇവരെല്ലാം ബന്ധുക്കളോടൊപ്പം സുരക്ഷിതമായി വീട്ടിലെത്തിച്ചതായി പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് എയർ ഗണും ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് മുമ്പ് രോഹിത് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ തീവ്രവാദിയല്ലെന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പണം ആവശ്യപ്പെട്ടതല്ലെന്നും, തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ സ്ഥലം കത്തിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. രോഹിതിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പിന്നാമ്പുറവും രോഹിത്തിന്റെ ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി വില്പനക്ക് ഉപയോഗിച്ച കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ട പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.
പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. 7നു രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ 13 വയസ്സുകാരിയെ കണ്ടെത്തിയത്.
പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്ന് എക്സൈസ് പൊലീസിനു റിപ്പോർട്ട് നൽകി.
പ്രതിയിൽനിന്ന് 15 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.
വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി സ്വാധീനിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി സർക്കാർ ഇറങ്ങിയത് എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത് . ക്ഷേമ പെൻഷൻ വർധന, പുതിയ സ്ത്രീധനപദ്ധതി, കർഷകർക്ക് താങ്ങുവില ഉറപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനപിന്തുണ ഉറപ്പിക്കാനുള്ള ‘മിനിബജറ്റ്’ നീക്കമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. കോവിഡ് കാലത്തെ സൗജന്യ കിറ്റുകൾ പോലെ തന്നെ, ഈ ക്ഷേമനടപടികളും വോട്ടർമാരുടെ മനസ്സിൽ സർക്കാരിനോടുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാകും എന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
വിവാദങ്ങളുടെ ചുഴിയിൽ പെട്ട സർക്കാരിന് ഈ പ്രഖ്യാപനങ്ങൾ പ്രതിഛായാ പുനർനിർമ്മാണത്തിനുള്ള പ്രധാന ആയുധമായി മാറും . പിഎംശ്രീ സ്കൂൾ വിവാദം, സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരെ ചുറ്റിപ്പറ്റിയ ആരോപണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്. അതിനാൽ തന്നെ ‘ക്ഷേമത്തിലൂന്നിയ ജനബജറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം എതിർപ്പിനെ മറികടക്കാനും പാർട്ടി ഘടനയിലെ അസ്വസ്ഥതകൾ നിയന്ത്രിക്കാനുമുള്ള തന്ത്രപ്രധാനമായ നീക്കമായി കാണപ്പെടുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ താളപ്പിഴകളുണ്ടെങ്കിലും സാമൂഹ്യനീതി, ക്ഷേമം എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് പിണറായിയുടെ നീക്കം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും കർഷകർക്കും ഗസ്റ്റ് അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങൾ എൽഡിഎഫിന് രാഷ്ട്രീയ നേട്ടമാകുമോ എന്നത് ഇനി സമയം തെളിയിക്കേണ്ടതാണ്. ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ക്ഷേമപദ്ധതികൾ ഭരണ തുടർച്ചയ്ക്ക് കാരണമായതുപോലെ, കേരളത്തിലും ഈ ‘സ്ത്രീധനപദ്ധതി’യും പെൻഷൻ വർധനയും വോട്ടർമാരുടെ മനസിൽ നല്ല പ്രതിഫലനം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ഭരണകൂടം. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ഈ വൻ ചെലവുകൾ എത്രത്തോളം ദീർഘകാലത്തേക്ക് നിലനിർത്താനാകും എന്നതാണ് വലിയ ചോദ്യം. രാഷ്ട്രീയമായും സാമ്പത്തികമായും ഭാവി നിർണയിക്കാവുന്ന ഒരു നീക്കമായിട്ടാണ് ഈ ‘മിനിബജറ്റ്’ വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സന്ദർശിച്ച വിദേശ ഇൻഫ്ലുവൻസർ എമ്മയുടെ വിലയിരുത്തലിൽ കേരളം ഏറ്റവുമുയർന്ന റേറ്റിങ്ങ് നേടി. ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും ശാന്തവും വൃത്തിയുള്ളതുമായ, വിനയമുള്ള നാട്ടുകാരുള്ള സംസ്ഥാനമാണ് കേരളമെന്ന് എമ്മ അഭിപ്രായപ്പെട്ടു. പത്തിൽ ഒമ്പത് മാർക്ക് നൽകിയ അവർ, “ഇന്ത്യയിലെ പുതിയ യാത്രക്കാരൻ കേരളത്തിൽ നിന്നാണ് യാത്ര ആരംഭിക്കേണ്ടത്” എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ തലസ്ഥാനമായ ഡൽഹിക്ക് എമ്മ വെറും ഒരു മാർക്ക് മാത്രമാണ് നൽകിയിരിക്കുന്നത്. തുറിച്ചുനോട്ടങ്ങളും ശബ്ദക്കുഴപ്പങ്ങളും അവിടെ അനുഭവപ്പെട്ടതായാണ് അവളുടെ അഭിപ്രായം. “ഡൽഹിയിൽ ഒറ്റയ്ക്ക് നിൽക്കാൻ പോലും ആഗ്രഹിച്ചില്ല,” എന്ന് അവർ പറഞ്ഞു. അതേസമയം, ആഗ്രയ്ക്കു മൂന്നു മാർക്ക് മാത്രമാണ് ലഭിച്ചത് . തട്ടിപ്പുകളും വാഹനഹോണടിയും പ്രധാന പ്രശ്നങ്ങളായിരുന്നുവെന്ന് എമ്മ പറഞ്ഞു.
ജയ്പൂരിനും മുംബൈക്കും 6.5 മാർക്കും, ഉദയ്പൂരിനും ഗോവയ്ക്കും എട്ടു മാർക്കും ലഭിച്ചു. ശാന്തമായ അന്തരീക്ഷവും സൗഹൃദസ്വഭാവമുള്ള നാട്ടുകാരുമാണ് ഉദയ്പൂരിനെയും ഗോവയെയും വേറിട്ടതാക്കുന്നത്. “ഉദയ്പൂരിലെ പോലെ എല്ലാ നഗരങ്ങളും ആയിരുന്നെങ്കിൽ ഇന്ത്യയിലെ യാത്ര ഒരു സ്വപ്നം പോലെ തോന്നുമായിരുന്നു,” എന്ന് എമ്മ കുറിച്ചു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന് പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈമാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും ജോര്‍ജ് കുര്യന് ഫെയ്സ്ബുക്കില്‍ അറിയിച്ചു.
കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്സ്പെക്ഷന് നടത്തിയപ്പോള്‍ റയില്‍വേ മന്ത്രിതന്നെയാണ് ഉദ്യോഗസ്ഥര്‍ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന് റെയില്‍വേ മന്ത്രിക്കൊപ്പം ഇന്സ്പെക്ഷനില് പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ദീപാവലി ആഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. 2025 ഒക്ടോബർ 25 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദീപാവലി ആഘോഷങ്ങൾ നടത്തപ്പെട്ടത്.

ആചാര്യൻ താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ അവർകളുടെ കർമികത്വത്തിൽ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാർച്ചന, ചോറൂണ് എന്നിവയും ശേഷം ശ്രീ മുരളി അയ്യരുടെ കർമികത്വത്തിൽ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

ലണ്ടൻ: കല്ലൂപ്പാറക്കാർ എന്ന വികാരമാണ് അവരെ ഒന്നിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തിൽ നിന്നുള്ളവർ ഒക്ടോബർ 25-ാം തീയതി ലെസ്റ്ററിൽ ഒന്നിച്ചപ്പോൾ അത് ആ നാടിനോടുള്ള ആദരവ് കൂടിയായി. മതേതരത്വത്തിന് പേരുകേട്ട നാടാണ് കല്ലൂപ്പാറ. പള്ളിയിലെയും അമ്പലത്തിലേയും പെരുന്നാളും ഉത്സവവും ഒന്നായി ഏറ്റെടുത്തു ആഘോഷിക്കുന്ന നാട്. ജാതി- മത വ്യത്യാസങ്ങൾക്ക് അതീതമായി കല്ലൂപ്പാറക്കാർ എന്ന വികാരം നെഞ്ചിലേറ്റിയവർ . ആ നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ എത്തിയ കല്ലൂപ്പാറക്കാരാണ് ലെസ്റ്ററിൽ ഒത്തുകൂടിയത്.
“എൻ്റെ നാട് കല്ലൂപ്പാറ ” എന്ന പേരിലാണ് യുകെയിലെ പ്രഥമ കുടുംബ സംഗമം നടത്തിയത്. നാൽപതോളം കുടുംബങ്ങളിൽ നിന്നും എഴുപതിൽ അധികം പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. യുണൈറ്റഡ് കല്ലൂപ്പാറയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി.
ആദ്യകാലങ്ങളിൽ കല്ലൂപ്പാറയിൽ നിന്നും യുകെയിൽ എത്തി ജീവിതം കെട്ടിപ്പടുത്തിയവരുടെ അനുഭവ വിവരണം വേറിട്ടതയിരുന്നു. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും തരണം ചെയ്ത പ്രതിസന്ധികളും പങ്കുവച്ചപ്പോൾ പലരും വികാരാധീനരായി. ആ അനുഭവങ്ങൾ പുതുതലമുറയിലെ പലർക്കും പ്രചോദനമായിരുന്നു.ഒപ്പം പുതുതായി ഇവിടെ എത്തിചേർന്നവരും അവരും അനുഭവങ്ങളും പങ്കുവെച്ചു.സഹായഹസ്തം വേണ്ടവർക്ക് അത് ലഭിച്ചതോടെ കൂട്ടായ്മ പരസ്പര സഹകരണത്തിൻ്റെ മറ്റൊരു മാതൃക കൂടി തീർത്തു.
കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു. യുണൈറ്റഡ് കല്ലൂപ്പാറയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ വിപുലമായ കുടുംബ സംഗമം നടത്തുന്നതിനും ധാരണയായി. യുകെയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കൂടുതൽ കല്ലൂപ്പാറക്കാരെ ഒരുമിപ്പിക്കാനുള്ള ഉദ്യമം ഭാരവാഹികൾ നടത്തും.
ഒരു നാടിന്റെ കൂട്ടായ്മ എന്നതിലുപരി പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വേദി കൂടിയായി തങ്ങളുടെ കൂട്ടായ്മയെ മാറ്റണമെന്നാണ് ആഗ്രഹം എന്ന് ഭാരവാഹികൾ പറഞ്ഞു. സന്തോഷവും സൗഹൃദവും കളിയും ചിരിയുമായി ഒരുപിടി നല്ല ഓർമകളാൽ സമ്പന്നമായിരുന്നു “എന്റെ നാട് കല്ലൂപ്പാറ “എന്ന കുടുബ സംഗമം.ഇനിയും ഇതുപോലുള്ള കൂട്ടായ്മകൾ ഉണ്ടാകാൻ യുണൈറ്റഡ് കല്ലൂപ്പാറ പ്രചോദനം ആകട്ടെ എന്നും ഭാരവാഹികൾ പ്രതിക്ഷ പങ്കുവെച്ചു.
കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സമാധാനക്കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം.
ഒക്ടോബര്‍ പത്തിന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രയേല്‍ ആക്രമണം.
ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തില്‍ നെതന്യാഹുവിന്റെ വിശദീകരണം.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ആരോപിച്ചു. ആക്രമണ പശ്ചാത്തലത്തില്‍ ഗാസയിലെ ടണലില്‍ നിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് മാറ്റിവെച്ചിട്ടുണ്ട്. ഇരുപക്ഷവും അതിര്‍ത്തി ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ തുടരുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കി.
ഒക്ടോബര്‍ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.