Latest News

തിരുവനന്തപുരം: കുളത്തൂരില്‍ 17-കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെ നടുവീഥിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. റേഷന്‍കടവ് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴുത്തില്‍ പത്തോളം തുന്നലുകള്‍ പറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത് (34) എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. തര്‍ക്കത്തിനിടെ അഭിജിത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നു.

തുമ്പ പോലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

എറണാകുളം കോതമംഗലത്ത് 17കാരനായ പ്ലസ്ടു വിദ്യാർത്ഥിയെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ച സംഭവം പുറത്തുവന്നു. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ യുവാവാണ് ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പിതാവ് യുവാവിനോട് ചാറ്റ് നടത്തിയത് എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് പിതാവ് പെൺകുട്ടിയായി നടിച്ച് യുവാവിനോട് ചാറ്റ് ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കൂട്ടുകാരുടെ വാടകവീട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനത്തിനുശേഷം പുലർച്ചെ രണ്ടുമണിയോടെ യുവാവിനെ വീട്ടിൽ എത്തിച്ചുവെന്നാണ് വിവരം. യുവാവിന്റെ ശരീരത്തിൽ, പ്രത്യേകിച്ച് പുറം ഭാഗത്ത്, ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ക്ഷേത്രവിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്നതായതിനാൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മാത്രമേ ന്യായമായിരിക്കൂവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

ദേവസ്വം മന്ത്രിക്ക് സ്വർണം ചെമ്പായതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും, അതിനുശേഷവും പ്രതികളെ തന്നെയാണ് വീണ്ടും നിയോഗിച്ചതെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ഇതിൽ മുഖ്യമന്ത്രിക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ സത്യാവസ്ഥ പുറത്തുവരുമായിരുന്നില്ലെന്നും, സ്വർണ്ണപ്പാളി മോഷണത്തിൽ സർക്കാർ, ദേവസ്വം ബോർഡ് എന്നിവർ പരസ്പരം പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിഷയത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഒക്ടോബർ 9-ന് പത്തനംതിട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

നഗരത്തിലെ ഹോട്ടലിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൂർക്കല്ല് മലയിൻകീഴ് കരയിൽ തലപ്പൻകോട് വീട്ടിൽ ഷിബു എം ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്തെ കഫെ മലബാര്‍ എന്ന ഹോട്ടലില്‍ എത്തിയ ഇയാൾ കൌണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99999/- രൂപ വിലയുള്ള കട ഉടമയുടെ ഐ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയെ അറസ്റ്റ്ചെയ്തു, തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജാഗി ജോസഫ്
ബര്‍മ്മിങ്ഹാമിലെ മേരി വെയിലില്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ഭവനം 2024 ജൂലൈ 25ന് സ്വന്തമാക്കിയപ്പോള്‍ ഇതു രൂപതയിലെ ഓരോ അംഗങ്ങളുടേയും സമര്‍പ്പണമായിട്ടാണ് വിലയിരുത്തുന്നത്. മാര്‍ ഔസേപ്പ് അജപാലന ഭവനം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ഭവനം വാങ്ങുന്നതിന് സഹായിച്ചിട്ടുള്ള എല്ലാവരോടും നന്ദിപറയാന്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ റീജ്യണുകളിലും സന്ദര്‍ശിച്ചുവരികയാണ്. ഈ ഒരു വലിയൊരു ലക്ഷ്യം സാക്ഷാത്കരിച്ച ഈ അവസരത്തില്‍  അതിനു വേണ്ടി സഹായിച്ച എല്ലാവരേയും കാണുകയും നന്ദി പറയുകയും അവര്‍ക്ക് വേണ്ടി ഒരു കൃതജ്ഞതാ ബലി അര്‍പ്പിക്കുകയും ചെയ്യുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
അതില്‍ പ്രകാരം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണില്‍ ഒക്ടോബര്‍ 2ാം തീയതി ഗ്ലോസ്റ്റര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ വിശുദ്ധ ബലി നടന്നു. വിശ്വാസ സമൂഹത്തിലെ ഏവര്‍ക്കുമായി കൃതജ്ഞതാ ബലി അര്‍പ്പിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വിശുദ്ധ കുര്‍ബാന മദ്ധ്യേ സ്രാമ്പിക്കല്‍ പിതാവ് വചന സന്ദേശം നല്‍കി.  സഹകരിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു. ഇനിയും കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നതായി പിതാവ് പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് റീജിയണിലെ മുഴുവന്‍ വൈദീകരും പിതാവിനൊപ്പം പങ്കുചേര്‍ന്നു . വിശുദ്ധ കുര്‍ബാനയിലും മീറ്റിങ്ങിലും റീജിയണുകളിലെ വൈദീകര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ഡയറക്ടര്‍ ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ബ്രിസ്റ്റോള്‍ റീജ്യണിലെ വിവിധ മിഷനുകളിലെ വൈദീകരായ ഫാ പോള്‍ ഓലിക്കല്‍ (ബ്രിസ്റ്റോള്‍ ), മാത്യു പാലരകരോട്ട് (ന്യൂപോര്‍ട്ട് ), പ്രജില്‍ പണ്ടാരപറമ്പില്‍ (കാര്‍ഡിഫ്), ക്രിസ്റ്റോള്‍ എരിപറമ്പില്‍ (സ്വാന്‍സി) ജെയ്ന്‍ പുളിക്കല്‍ (സ്വിന്‍ഡന്‍) എന്നീ വൈദീകര്‍ പങ്കെടുത്തു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാ മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സ്രാമ്പിക്കല്‍ പിതാവ് അജപാലന ഭവനത്തെ കുറിച്ച് വിശദീകരിക്കുകയും പ്രത്യേകം ഓരോരുത്തര്‍ക്കും നന്ദി പറയുകയും ചെയ്തു. ശേഷം പിതാവിന്റെ സെക്രട്ടറിയും ചാന്‍സലറുമായ ഫാ മാത്യു പിണക്കാട്ട് അജപാലന ഭവനവുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഭവനം വാങ്ങിയതും ഇനിയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തെ പറ്റിയും അതിന്റെ ചെലവിനെ പറ്റിയും അദ്ദേഹം സംസാരിച്ചു. ഇവയുടെ പൂര്‍ത്തീകരണത്തിനായി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.
ഏവര്‍ക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും വിജയദശമി ആഘോഷങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. ഗണപതി ഹോമം, വിദ്യാരംഭം,വിദ്യാലക്ഷ്മി പൂജ, വിളക്ക് പൂജ,ദീപാരാധന, നാമർച്ചന എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം പ്രസാദ വിതരണവും നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത് തിരുമേനിയും, താഴൂർ മന ശ്രീ വി ഹരിനാരായണനും ചടങ്ങുകൾക്ക് കർമികത്വം വഹിച്ചു.

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയായപ്പോൾ, ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ ആരംഭിച്ച സമാധാന ചർച്ചയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇനങ്ങളടങ്ങിയ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ദീർഘകാലമായി നീണ്ടുനിൽക്കുന്ന ഗാസാ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് അന്തർദേശീയ സമൂഹം.

ആദ്യ ഘട്ട ചർച്ചകളിൽ ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് പ്രധാന വിഷയങ്ങൾ. ഹമാസ് പ്രതിനിധിസംഘം ഇന്നലെ രാവിലെയും ഇസ്രയേൽ സംഘം വൈകിട്ടുമാണ് ഈജിപ്തിലെത്തിയത്. ഗാസയിലെ മാനവിക പ്രതിസന്ധി പരിഹരിക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചർച്ചകൾ, ഇരുപാർട്ടികളും നേരിട്ട് പങ്കെടുക്കുന്ന അപൂർവ അവസരമായി കണക്കാക്കപ്പെടുന്നു.

ഇസ്രയേൽ പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദി വിഷയ ചുമതലയുള്ള ഗാൽ ഹിർഷ്, മൊസാദ്, ഷിൻ ബെറ്റ് എന്നീ ചാരസംഘടനകളിലെ ഉദ്യോഗസ്ഥർ എന്നിവരുണ്ട്. സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ ഈ ആഴ്ചയുടെ അവസാനത്തോടെ ഈജിപ്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഹമാസ് സംഘത്തെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ നയിക്കുന്നു. ഖത്തറിലെ ദോഹയിൽ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അടുത്തിടെ ഇസ്രയേൽ ആക്രമണം നടത്തിയതെന്നതാണ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധേയമായത്.

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ തർക്കങ്ങൾ കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. തിരുവനന്തപുരം വിജിലൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും മുമ്പ് തന്നെ അന്വേഷണ ആവശ്യം തള്ളിയിരുന്നു. ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു, “ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ എംഎൽഎ മികച്ച സേവനം ചെയ്യുന്നുവെങ്കിലും, അത് എല്ലായിടത്തും പ്രാവർത്തികമാക്കാനാകില്ല.”

അതേസമയം, എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28, 29 തീയതികളിൽ ദില്ലി ഹൈക്കോടതിയിൽ നടക്കും. സാങ്കേതിക കാരണങ്ങളാൽ ഹർജി തള്ളിയതാണെന്നും, മാസപ്പടി വിഷയത്തിൽ രാഷ്ട്രീയവും നിയമവുമായ പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുകാരന്‍ രാകേഷ് കിഷോറിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അദ്ദേഹത്തെ മോചിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ കിഷോറിന്റെ കൈയ്യില്‍നിന്ന് “സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല” എന്ന കുറിപ്പ് കണ്ടെത്തി. കൂടാതെ, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍, ഡല്‍ഹി ബാര്‍ കൗണ്‍സില്‍ എന്നിവയുടെ അംഗത്വ കാര്‍ഡുകളും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെയുണ്ടായ ഈ സംഭവം കോടതിയിലെ നടപടികള്‍ക്കിടെയാണ് നടന്നത്. ഷൂ എറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ പുറത്തേക്ക് കൊണ്ടുപോയെങ്കിലും ചീഫ് ജസ്റ്റിസ് ഗവായ് സമാധാനത്തോടെ വാദം തുടരാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടു. “ഇത്തരം കാര്യങ്ങള്‍ ഞങ്ങളെ ബാധിക്കില്ല, ശ്രദ്ധ മാറരുത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved