Latest News

താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.

അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി

ഷിബി ചേപ്പനത്ത്

മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.

യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ബോസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അർഹരായി.

രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടൻ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അർഹരായി .

101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അർഹരായി മോർ ബസേലിയോസ് എൽദോസ് ബ്രിസ്റ്റോൾ ഇടവകയിൽ നിന്നുള്ള വിമലും എൽദോയും എത്തപ്പെട്ടു.

നാലാം സ്ഥാനാർഹർക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്ഫോർഡ് ഇടവകയിൽ നിന്നുള ഷിബിലും ബിബിനും അർഹരായി.

18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത് .

രാവിലെ കൃത്യം 10.30 ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിൻ അച്ചൻ ഉത്ഘാടനം ചെയ്ത് മത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ബേസിങ്ങ്സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു . ബഹു അബിൻ അച്ചൻ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു.

ഭദ്രാസന കൗൺസിലർമാരായ ശ്രീ മധു മാമ്മൻ, ശ്രീ ഷാജി ഏലിയാസ്, ശ്രീ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഭദ്രാസന ട്രഷറർ ശ്രി ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അർപ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വർക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു .

യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.

ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.

പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.

സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോണ്‍ അവകാശപ്പെട്ടു. അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരില്‍ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാൻ മുപ്പതില്‍ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.

നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകള്‍ക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കില്‍ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോണ്‍ ജോർജ് പ്രതികരിച്ചു.

യൂ കെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഗായകൻ ശ്രീ പി. ജയചന്ദ്രൻ്റെ സ്മരണക്കായി സംഗീത സായാഹ്നം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം 6 :30 ന് ബ്രിസ്റ്റൾ വിച്ച്ചർച്ചിൽ നടക്കും.

ബ്രിസ്റ്റളിലെ പ്രമുഖ ഗായകർ ശ്രീ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കും. എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ഈ സംഗീത സന്ധ്യയിൽ നിരവധി പുതിയ ഗായകർക്കു ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകുന്നു.” പാട്ടിൽ.. ഈ പാട്ടിൽ… എന്ന ഈ ഗാനസന്ധ്യ യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായായ കോസ്‌മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റളിന്റെ സഹകരണത്തോടെ ആണ് നടക്കുന്നത്. പ്രവേശനം പാസ്സ് മൂലമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് എലെഗന്റ് മ്യൂസിക് ബീറ്റ്സിനെ 07721949500 / 07407438799 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യേണ്ടത് ആണ്.

ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.

ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.

ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.

ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.

യുഎസ് പ്രസിഡൻറ് തിഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.

ഫെഡറൽ ഏജൻസിയെ സുതാര്യവും ഉത്തരവാദിത്തമുള്ളതും നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.

‘എഫ്.ബി.ഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിന് ശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്.

സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി – പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് – ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും’, കാഷ് പട്ടേൽ എക്സിൽ കുറിച്ചു.

ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റിയാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനം നടന്നതും നിര്‍വീര്യമാക്കിയതും ഉള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടക വസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദേഹം തയ്യാറായില്ല.

2023 ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പാലസ്തീനിയന്‍ സെറ്റില്‍മെന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേല്‍ നടത്തിയിരുന്നത്. ഹമാസുമായി വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു.

Copyright © . All rights reserved