മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും ഉൾപ്പെടെയുള്ളവർ അതിരൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തി. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചയ്ക്കെത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിം ലീഗ് അത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് പാർട്ടി നേതാക്കൾ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അതിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സർക്കാർ മുനമ്പം വിഷയം ചർച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സർക്കാർ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്‌നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്‌നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോർജ് മാത്യു
ദൈവഭയമുള്ള, ആത്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ:യൂഹാനോൻ മാർ ക്രിസോസ്സ്‌റ്റമോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു, സഭയുടെ സിനഡ് സെക്രട്ടറിയും, നിരണം ഭദ്രാസനാധിപനുമായ തിരുമേനി.
ദൈവഹിതത്തോട് ചേർന്ന് പോവുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിശുദ്ധ കുർബാനക്ക് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യു എബ്രഹാം, ഫാ:ടിജോ വർഗീസ് എന്നിവർ സഹകാർമികരായിരുന്നു. പ്രഭാത നമസ്കാരം, വി.കുർബാന, പ്രസംഗം , ധൂപപ്രാർത്ഥന എന്നിവ നടന്നു. ഇടവക വികാരി ഫാ: മാത്യൂ എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി പ്രവീൺ തോമസ് , ആധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വളരെ അപകടകാരികളാണ് കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘമാണ്.ആലപ്പുഴയിലെ മോഷണകേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൈവിലങ്ങോടെ നഗ്‌നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ എല്ലാവരും തിരയുന്ന ഒരു ചോദ്യമുണ്ട്. ആരാണ് കുറുവ…. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമെന്ന അര്‍ഥത്തില്‍ തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘമെന്ന പേരിട്ടത്.തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗറാണ് പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്ന് വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തിലുള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്‌നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.
ഏത് ഇരുട്ടിലും ഒളിച്ചിരിക്കും,വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.
ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും.പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല.പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണ തന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്മമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്.
പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം. ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്‌നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്.കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും.ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും.ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും.മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്‌നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.
വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്.അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്.സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.
കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുട്ട്ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.
ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറി. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.
മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു.ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.
അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളിലൂടെ ഇത് കുറുവാ സംഘമാണെന്ന് തോന്നുമെങ്കിലും ആലപ്പുഴയിലേത് കുറുവാ സംഘത്തെ അനുകരിക്കുന്ന പ്രാദേശിക കള്ളന്‍മാരാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. നാട്ടുകാര്‍ക്കുപോലും സംശയമുണ്ടാക്കുന്ന വഴികളുള്ള ഉള്‍പ്രദേശം കവര്‍ച്ചയ്ക്കു തിരഞ്ഞെടുത്തതാണ് സംശയത്തിനുള്ള പ്രധാന കാരണം. പുറത്തുനിന്നുവരുന്നവരാണെങ്കില്‍ പെട്ടെന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
തമിഴ്‌നാടുകാരാണെങ്കിലും കേരള തമിഴ്‌നാട് അതിര്‍ത്തിയും കമ്പം, ബോഡിനായ്ക്കന്നൂര്‍, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവയുമൊക്കെ ഇവരുടെ താവളങ്ങളാണ്.ആദ്യം പാലക്കാടും പിന്നെ കോഴിക്കോടുമായി കേരളത്തില്‍ പലയിടത്തും നേരത്തെയും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് കേരളം ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഭയം വേണ്ട ജാഗ്രത മതിയെന്നാണ് പോലീസ് പറയുന്നത്. രാത്രിയില്‍ അടുക്കള വാതില്‍ അടച്ചെന്നും ഉറപ്പാക്കണം,അസമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാല്‍ തനിച്ച് വാതില്‍ തുറന്ന്പുറത്തിറങ്ങരുത്,ഈ വിവരം പോലീസിനെ അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടെന്നും ഉറപ്പാക്കണം എന്നിവയാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. മാന്നാര്‍ കുട്ടംപേരൂര്‍ എസ്എന്‍ സദനം വീട്ടില്‍ എസ് സുരേഷ് കുമാറിനെ( 43)യാണ് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
കായിക പരിശീലനം നല്‍കുന്നതിനിടെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തതോടെ സുരേഷ് കുമാര്‍ ഒളിവില്‍ പോയി. ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
മാന്നാര്‍ എസ് ഐ അഭിരാം സി എസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സുരേഷിനെ പിടികൂടിയത്. പ്രതി ഇത്തരത്തില്‍ മറ്റ് വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് മർദിച്ച സംഭവത്തില്‍ നാല് പേർ പിടിയില്‍.
ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ച 1.30 ഓടെ കളിപ്പാൻകുളം മല്ലിയിടത്തായിരുന്നു സംഭവം. വഴിയില്‍ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം.
പരാതിയില്‍ കന്യാകുളങ്ങര സ്വദേശിയായ അമലിനെ (20) റോഡരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന കളിപ്പാൻകുളം സൂര്യവിളാകത്ത് വീട്ടില്‍ സജീവ് കുമാർ (37), സഹോദരൻ ശരത്ത് (38), ശ്രീകാര്യം പാങ്ങപ്പാറ അഞ്ജലിഭവനില്‍ അഭിലാഷ് (34), നെടുങ്കാട് അഞ്ജുഭവനില്‍ രാജേഷ് (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പുലർച്ചയുള്ള സഞ്ചാരത്തെ ചോദ്യം ചെയ്ത ശേഷം യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.
മണിപ്പൂര്‍ കലാപം വീണ്ടും കൈവിട്ടു പോകുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂര്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി.
മണിപ്പൂര്‍ വീണ്ടും കത്തുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ അമിത് ഷാ അടിയന്തിര യോഗം വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സേനകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കും.
സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തും. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറ് പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പൂരിലെ സ്ഥിതി വീണ്ടും വഷളായത്.
ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി തുടങ്ങിയ ആരാധനാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ തിങ്കളാഴ്ച പത്ത് കുക്കികളെ സുരക്ഷാ സേന കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആറ് പേരെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയായ സ്ത്രീയെ ജീവനോടെ ചുട്ടു കൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.
നേരത്തേ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചു കയറി. തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ് ഭരണകൂടം ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബാല്‍, കാക്ചിങ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റും മൊബൈല്‍ ഡേറ്റ സേവനങ്ങളും അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
അതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്ന് മെയ്‌തേയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റെഗ്രിറ്റി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
അതേസമയം മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി രാഷ്ട്രീയ താല്‍പര്യത്തോടെ മനപ്പൂര്‍വം മണിപ്പൂര്‍ കത്തിക്കുകയാണെന്നും കലാപത്തില്‍ തങ്ങളെ ഉപേക്ഷിച്ച മോഡിയോട് മണിപ്പൂരിലെ ജനങ്ങള്‍ പൊറുക്കില്ലെന്നും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ മണിപ്പൂരിലെത്തണമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
ഷാനോ എം കുമരൻ
ലിറ്റിൽ ഫ്ലവർ നഴ്സിംഗ് ഹോമിലെ മുപ്പത്തിരണ്ടാം നമ്പർ മുറിയിലെ അന്തേവാസി പീറ്റർ വിനോദിന്റെ വിളി കേട്ട് മെല്ലെ തല ചെരിച്ചു നോക്കി. ഓഹോ നീയോ എന്നൊരു ചോദ്യവും. സൂര്യൻ വൈകി അസ്തമിക്കുന്ന ദിവസങ്ങളിൽ ഒന്ന്. പീറ്റർ എന്തിനാണാവോ അകലേക്ക് നോക്കി നിന്നത്? ഒരു കാര്യവുമില്ലെങ്കിലും വിനോദ് വെറുതെ ആലോചിച്ചു.
പീറ്റർ നീ കേട്ടോ ഞാൻ വിളിച്ചത്. എന്താണ് നീ ചിന്തിക്കുന്നത്.
ഞാൻ ചിന്തയിലാണെന്നു നിനക്കെങ്ങനെ മനസ്സിലായി? പരുക്കനെങ്കിലും ഒട്ടും ബലമില്ലാത്ത ശബ്ദത്തിൽ പീറ്റർ തിരിച്ചു ചോദിച്ചു.
അത് നിന്റെ മുഖം കണ്ടാൽ അറിയില്ലേ പീറ്റർ നീ കാര്യമായെന്തോ ചിന്തയിലാണെന്ന്.
വിനോദിന്റെ മറുപടി പീറ്ററിനെ ചെറുതായൊന്നു ചിരിപ്പിച്ചു. പീറ്റർ പറഞ്ഞു. അല്ലെങ്കിലും നിങ്ങൾ ഇന്ത്യൻസിനു ഒരു പ്രത്യേക സിദ്ധിയാണ് മുഖം നോക്കി ഉള്ളിലിരുപ്പ് കണ്ടു പിടിക്കുക എന്നത്. ഞാൻ ഓർക്കുന്നു നിന്റെ നാട്ടിൽ കൈ വെള്ള നോക്കി ഭാവി പ്രവചിച്ചിരുന്നു ദൈവ ദൂതന്മാരെപോലെ ചിലർ. ഞങ്ങൾ നിങ്ങളുടെ നാട്ടിൽ നിങ്ങളെ നിരന്തരം കൊള്ളയടിച്ചിരുന്ന ആ മുഷിഞ്ഞ കാലഘട്ടം അന്ന് ഞാൻ എന്റെ ഡാഡിന്റെ കൂടെ അവിടെയുണ്ട് ഞാൻ ജനിച്ചത് നിന്റെ നാട്ടിലാണ് നിനക്കറിയാമോ അത് ?
തെല്ലൊരു അത്ഭുതത്തോടെ വിനോദ് ചോദിച്ചു. ശെരിയാണോ പീറ്റർ നീ ഇപ്പറഞ്ഞത് നീ ജനിച്ചത് എന്റെ നാട്ടിലെന്നോ? എവിടെയാണ് ശെരിയായ സ്ഥലം ഓർമ്മയുണ്ടോ നിനക്കവിടം.
ഓർമയോ! നല്ല കാര്യമായി. നീയെല്ലാം പറഞ്ഞു വച്ചിരിക്കുന്നത് എനിക്ക് അൽഷിമേഴ്‌സ് ആണെന്നല്ലേ പിന്നെ എങ്ങനെയാണ് എനിക്ക് ഓർമ്മയുണ്ടാകുക. എന്തായാലും ഒരു മറവി രോഗിയോടു ‘ഓർമ്മയുണ്ടോ’ എന്നുള്ള ചോദ്യമായിരിക്കും ഏറ്റവും വലിയ തമാശ. പീറ്റർ ബലമില്ലാതെ നിറുത്താതെ ചിരിച്ചു.
പീറ്ററിന്റെ മാനസികാവസ്ഥയെപ്പറ്റി സന്ദേഹം തോന്നിയെങ്കിലും നിയമാവലികളും നിർദേശിത നിബന്ധനകളും അനുസരിച്ചു മാത്രമേ ജോലി ചെയ്യുവാൻ പാടുള്ളു എന്ന കർശന നിർദേശം വിനോദെന്ന വയോജന പാലകനെ കൂടുതലൊന്നും ചിന്തിക്കുവാൻ പ്രേരിപ്പിച്ചില്ല. അവൻ പറഞ്ഞു. വെറുതെ ഇരു ഭംഗിക്ക് വേണ്ടി അല്ലെങ്കിൽ ആ വയസ്സന്റെ സന്തോഷം കാണുന്നതിന് വേണ്ടി. എനിക്കറിയാം പീറ്റർ നിന്റെ ഓർമ്മകൾക്ക് കുഴപ്പമൊന്നുമില്ലെന്നു. പറയൂ പ്രിയ സുഹൃത്തേ ഇന്ത്യയിൽ എവിടെയാണ് നീ ജനിച്ചത്. എന്റെ നാട്ടിലാണോ കേരളത്തിൽ ?
ഏതാനും നിമിഷങ്ങൾ ആലോചിച്ചു നിന്നതിനു ശേഷം പീറ്റർ പറഞ്ഞു. അറിയില്ല ശെരിയായ സ്ഥലം ഏതാണെന്ന്. ബട്ട് ഒന്നറിയാം, അവിടെ ഞാൻ ജനിച്ച വീടിനടുത്തു ഒരു വലിയ പള്ളിയുണ്ടായിരുന്നു. ഇരുണ്ട ചായം പൂശിയ വലിയ ചുറ്റു വേലികളുള്ള പള്ളി മുന്നിൽ വലിയ കൽവിളക്കുകൾ ഉണ്ടായിരുന്നു.
ആവൊ ആർക്കറിയാമതു വിനോദ് ഉള്ളിൽ പറഞ്ഞു. എത്രയെത്ര പള്ളികൾ അമ്പലങ്ങൾ. സായിപ്പിന് ചിലപ്പോൾ പള്ളിയോ അമ്പലമോ മാറിപ്പോയേക്കാം ഏയ് അങ്ങനെ വരുമോ ? പുള്ളിക്ക് പക്ഷെ കൽവിളക്കു ഓർമയുണ്ട്.
നിങ്ങൾ ഞങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ അല്ല നിങ്ങൾ ഞങ്ങളെ അവിടെ നിന്നോടിച്ചപ്പോൾ അന്ന് പോന്നതാ അവിടുന്ന് പിന്നെ പോയിട്ടേയില്ല.
അതൊക്കെ പോട്ടെ പീറ്റർ നീ എന്നോട് പറയുവാൻ ആഗ്രഹിക്കുന്നോ ഞാൻ ഈ മുറിയിലേക്ക് കടന്നു വന്നപ്പോൾ നീയെന്തിനെകുറിച്ചായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നതെന്നു, ആരെക്കുറിച്ചായിരുന്നു എന്ന് ?. നിനക്ക് പറയുവാൻ കഴിയുമെങ്കിൽ ഞാൻ നിന്നെ കേൾക്കാം പീറ്റർ. ആ വൃദ്ധന്റെ കൈയിൽ പിടിച്ചു കൊണ്ട് വിനോദ് പറഞ്ഞു.
ഒന്ന് നെടുവീർപ്പിട്ടതിനു ശേഷം പീറ്റർ ഇടതു കരം മെല്ലെയുയർത്തി ദൂരെ അസ്തമസൂര്യനിലേക്കു ചൂണ്ടി. നീ കാണുന്നുണ്ടോ ആ ഇളം ചുവപ്പു രാശി എന്ത് ഭംഗിയാണ്. ആ നിറത്തിന് എന്തൊരു ആകർഷണമാണ്. ആ വെള്ള കലർന്ന ഇളം ചുവപ്പു നിറം അതുപോലെ തന്നെ ആകർഷണവും വശ്യവും ആയിരുന്നു. എന്റെ കാത്തലീൻ എന്റെ പ്രിയപ്പെട്ടവൾ. വല്ലാത്തൊരു സൗന്ദര്യമായിരുന്നു അവൾക്ക്.
ആഹാ വരട്ടെ ഇങ്ങോട്ടു കള്ള കിഴവാ. നിന്റെ ചൂടുകാലത്തെ ചുറ്റികളികൾ എനിക്കറിയാം നീയൊരു കാളകൂറ്റനായിരുന്നു അല്ലെ! വിനോദ് അയാളെ ഒന്ന് ചൊറിഞ്ഞു.
അല്ല നിനക്ക് തെറ്റി. ഞാനൊരു മെഴുത്ത കാട്ടുകുതിരയായിരുന്നു. നിന്റെ പ്രായത്തിൽ ഞാൻ എല്ലായിടത്തും മദിച്ചു നടന്നിരുന്നു. നിനക്കറിയുമോ എനിക്ക് എട്ടു കാമുകിമാരുണ്ടായിരുന്നു. എന്റെ രേതസ്സ് മുഴുവനും ഊറ്റികുടിച്ച ആ എട്ടു ഹെയ്നകൾ. അവരാരും പക്ഷെ എന്റെ കിടപ്പറ കണ്ടിരുന്നില്ല. അത് എന്റെ കാത്തലീൻ മാത്രമായിരുന്നു കണ്ടത്. എന്റെ നാലു മക്കളെ പെറ്റു വളർത്തിയവൾ. വെള്ളയിൽ അലിഞ്ഞു ചേർന്ന ചെമ്മാനത്തിന്റെ നിറമുള്ളവൾ. ലാവണ്ടർ പൂക്കളുടെ വശ്യ സുഗന്ധമുള്ളവൾ. അവൾ മാത്രമായിരുന്നു എന്നെ തോല്പിച്ചത് സ്നേഹം കൊണ്ട്. . ആ എന്റെ പ്രിയപ്പെട്ടവൾ …പീറ്ററിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
പക്ഷെ പീറ്റർ, നിന്റെ ഫയലുകളിൽ നിന്റെ അവകാശിയായി നിന്റെ വൈഫ് ഒരു റോസ് മേരിയുടെ പേരാണല്ലോ ഉള്ളത്. കാത്തലിനു റോസ്‌മേരി എന്നൊരു അപരനാമമുണ്ടായിരുന്നോ. വിനോദ് ചോദിച്ചു.
ഓ റോസ്‌മേരി പിശാചിന്റെ സന്തതി . അവളാണെന്റെ ജീവിതം തുലച്ചു കളഞ്ഞത്. പീറ്ററിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. എന്റെ കാത്ത് എന്റെ കാത്ത്. അവളെ എനിക്ക് നഷ്ടമാക്കിയവളാണ് റോസ്‌മേരി. കാത്തലിന്റെ സഹോദരി. എന്റെ കാത്ത് മരിച്ചു പോയി! അല്ല, അവൾ.. അവൾ ആ ചെകുത്താന്റെ സന്തതി അവളെന്റെ പ്രിയപ്പെട്ടവളെ കൊന്നു കളഞ്ഞു.
അരിശം വഴിമാറി പീറ്റർ വിതുമ്പി തുടങ്ങി.
എന്ത് ? ഏതെങ്കിലും സഹോദരിക്ക് അങ്ങനെ ചെയ്യുവാൻ കഴിയുമോ.? എല്ലാം നിന്റെ തോന്നലാണ് പീറ്റർ വരൂ ഞാൻ നിനക്കൊരു മനോഹരമായ ചായയുണ്ടാക്കാം. ഒരു കടുപ്പമേറിയ സുന്ദരമായ ചായ നിനക്കൊരുണർവ്വ് നൽകുമെന്ന് തീർച്ചയാണ്.
വിനോദ് പീറ്ററിനെ അല്പം ശാന്തമാക്കുവാൻ ശ്രമിച്ചു.
എന്റെ പ്രിയപെട്ടവളുടെ ഓർമ്മ മതി എനിക്ക് ശാന്തമാവാൻ അവളുടെ ഓർമയോളം വരില്ല ഒരു ചായയും . നീ പറഞ്ഞത് ശരിയാണ് ഒരു സഹോദരിക്ക് അങ്ങനെ കഴിയില്ലായിരിക്കാം. പക്ഷെ റോസ്മേരി എന്ന പിശാചിന് കഴിയും എന്റെ കാത്തലിന്റെ അമ്മയുടെ ജാര സന്തതിക്ക് എന്റെ ഭാരിച്ച സമ്പത്ത്, അതിൽ ഒട്ടും അനുരക്തയായിരുന്നില്ല എന്റെ കാത്ത്. വിദ്യാസമ്പന്നയായ അവളുടെ ടീച്ചറുദ്യോഗം മതിയായിരുന്നു അവൾക്കു സന്തോഷത്തോടെ കഴിയുവാൻ. പക്ഷെ ഒരു കഴിവുമില്ലാതെ തോന്ന്യാസം ജീവിച്ച റോസ്‌മേരി കണക്കു കൂട്ടിയത് സംഭവിച്ചു. എന്റെ സ്വത്തു വഹകളുടെ അവകാശിയാവുക. അതിനവൾ വിരിച്ച വലയിൽ ഞാൻ വീണു. ഏങ്ങി കരയുന്നുണ്ടായിരുന്നു ആ കിഴവൻ. ഞാൻ, ഞാൻ കാരണമാണ് എന്റെ കാത്ത് എന്റെ നശിച്ച അഭിനിവേശം അവളുടെ തുടുത്ത മേനിയഴക് അതെന്നെ ഒരു രാത്രി ചതിച്ചു കളഞ്ഞു. അവളെ ഭോഗിച്ച അന്ന് മുതൽ അവളെന്നെ ബ്ലാക്‌മെയ്ൽ ചെയ്തു തുടങ്ങി. മെല്ലെ അവൾ എന്നെ രോഗിയാക്കി. മറവികാരനാക്കി മരുന്നുകൾക്കടിമയാക്കി. എന്നിലുള്ള വിശ്വാസം എന്റെ കാത്തലീന് നഷ്ടമായി. വിശ്വാസവഞ്ചന അവളെ പാടെ തകർത്തു. വിഷാദരോഗിയായ അവൾ കാലത്തിനു കീഴടങ്ങി. ഹോ എത്ര മുടിഞ്ഞതാണീ പെൺ ശരീരത്തിന്റെ നിമ്ന്നോന്നതങ്ങൾ. അതിൽ വിരാജിക്കുന്നവർ എത്രയോ വിഡ്ഢികൾ. ത്ഫൂ… അവൻ, അവനു അത് തന്നെ വരണം. അല്ലെങ്കിൽ അവനു ഈ ദുഷ്ടയെ തന്നെ എനിക്കെതിരെ നിൽക്കുവാൻ തെരെഞ്ഞെടുക്കണമായിരുന്നുവോ “?
പീറ്റർ മെല്ല കസേരയുടെ കൈയിൽ തന്റെ ഭാരം ചേർത്ത് വച്ച് അല്ലെങ്കിൽ വിവശനായി അയാൾ നിലത്തു വീഴുമായിരുന്നു. എന്ത് പറയണം എന്നറിയാതെ വിനോദ് പകച്ചു നിന്ന് പോയി. നാളിതു വരെ മറവി രോഗിയെന്ന് താൻ വിശ്വസിച്ച അല്ലെങ്കിൽ അങ്ങനെ എഴുതി വയ്പ്പിച്ചു തന്നെയടക്കം വിശ്വസിപ്പിച്ച ചതിയുടെ വംശപരമ്പര. ഈ കിഴവൻ എത്ര തെളിവായിട്ടാണ് തന്റെ ജീവിത കഥകൾ ഓർത്തു പറഞ്ഞത് അതും കാലങ്ങൾക്കു മുന്നെയുള്ളവ. ആരുടെ കാര്യമാണ് പീറ്റർ നീ പറയുന്നത് ആരാണ് ഈ ‘അവൻ ‘ ? വിരോധമില്ലെങ്കിൽ പറയൂ. എനിക്കതറിയുവാൻ ആഗ്രഹമുണ്ട്.
ഹാ ഒന്നാന്തരം പ്രയോഗം വിരോധമില്ലെങ്കിൽ എന്ന്. അങ്ങനെ പറഞ്ഞാൽ ഞാൻ എല്ലാം തുറന്നു പറഞ്ഞേക്കും എന്ന് നീ കരുതി. അല്ലേടാ ചെറുപ്പക്കാരൻ വിഡ്ഢി. എങ്കിൽ നീ കേട്ടോ നീ എന്നെ കേൾക്കുവാൻ തയ്യാറല്ലെങ്കിൽ കൂടെ ഞാൻ നിന്നെ പിടിച്ചു നിറുത്തി എല്ലാം പറയും. ആരെങ്കിലും……ആരെങ്കിലുമൊക്കെ … ചുരുങ്ങിയ പക്ഷം നീയെങ്കിലും അറിയണം. ഞാൻ.. എനിക്ക് ….എന്റെ ബോധം മറഞ്ഞിട്ടില്ല എന്ന പരമാർത്ഥം. ആ കിഴവൻ നിന്ന് കിതച്ചു.
വിനോദ് ജഗ്ഗിൽ നിന്നും അല്പം വെള്ളം ഒരു ഗ്ലാസ്സിലേക്കു പകർന്നു പീറ്ററിന് നേർക്ക് നീട്ടി. അയാൾ അത് വാങ്ങി. ഓഹ് താങ്ക് യു യങ് ജെന്റിൽമാൻ . നിനക്കറിയാം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ എന്ന് പറഞ്ഞിട്ട് മെല്ലെ രണ്ടിറക്കു വെള്ളം അകത്താക്കി.
അവൻ റോസ്‌മേരിയുടെ കാമുകൻ റയാൻ ജോൺ ലീ
മികച്ച കലാകാരനാണവൻ. സാക്‌സൊഫോണിൽ അവന്റെ വിരലുകൾ മന്ത്രികവലയം തീർക്കുമ്പോൾ എത്രയെത്ര കമിതാക്കളാണ് ആ വലയത്തിനുള്ളിൽ പെട്ട് നിൽക്കുന്നത് എന്ന് നിനക്കറിയാമോ.? ഞാനും ഹൃദയഹാരിയായ ആ പ്രകടനം ആസ്വദിച്ച് നിന്നിട്ടുണ്ട്. നീലക്കണ്ണുകളുള്ള പിച്ചക്കാരനാണവൻ ദരിദ്രവാസിയായ നാറി. പീറ്റർ വീണ്ടും അല്പം വെള്ളം നുണഞ്ഞു. ഒരു പൊതി കന്നാബിസ്സിനോ ഒരു പാക്കറ്റ് സിഗാറിനോ വകയില്ലാത്ത തെണ്ടിയായ കലാകാരൻ വിയർക്കാതെ പണക്കാരനാവാൻ കണ്ട മാർഗ്ഗം. എന്റെ ഭാരിച്ച സ്വത്തു വകകൾ അവളെ വച്ച് കൈക്കലാക്കുക . അവൻ ജയിച്ചു അവളും. എന്നെയീ വൃദ്ധസദനത്തിലാക്കി എന്റെ സമ്പത്തെല്ലാം എഴുതി വാങ്ങി അവൾ. ദുഷ്ട. ഇനിയും മിച്ചമുള്ളതു കൈക്കലാക്കാൻ അവൾ കണ്ട ഉപായം എന്റെ ഭാര്യയുടെ സ്ഥാനം ഞാൻ ചത്താൽ അവൾക്ക്. പീറ്റർ വെള്ളത്തിന്റെ ഗ്ലാസ് ചുണ്ടോടു ചേർത്തു അയാളുടെ അധരങ്ങൾ വിറച്ചു കൈകളും. വിനോദ് അയാൾക്കു സൗകര്യമായി കുടിക്കുവാൻ ഗ്ലാസിൽ മെല്ലെ താങ്ങി കൊടുത്തു. ഒപ്പം ആരാഞ്ഞു. അയാൾ ഇപ്പോഴും റോസ്‌മേരിയുടെ കൂടെയുണ്ടോ ??
ആ ചോദ്യം കേട്ട് ബലമില്ലാതെ പീറ്റർ പൊട്ടിച്ചിരിച്ചു. ഉണ്ടാകും തീർച്ചയായും ഉണ്ടാകും. അല്ലാതെ എവിടെ പോകുവാനാണ് ആ തെണ്ടി. അവനു പണം വേണം. പക്ഷെ നിനക്ക് അറിയുമോ അവനു അഞ്ചിന്റെ കാശ് കിട്ടില്ല. വീണ്ടും പീറ്റർ ഒരു നിർവൃതിയെന്ന വണ്ണം ചിരിച്ചു. എന്റെ കാശും അവന്റെ ദാരിദ്ര്യവും മാത്രമേ അവൻ കണ്ടു കാണുകയുള്ളു. റോസ്‌മേരിയെന്ന മഹാ വഞ്ചകിയുടെ വെളുത്ത തൊലിയ്ക്കുള്ളിലെ ക്രൂരതയുടെ നിറമവൻ കണ്ടിട്ടുണ്ടാവില്ല. ഇല്ല തീർച്ചയായും അവനതു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ഈ ക്രൂരതയ്ക്ക് ചുക്കാൻ പിടിക്കുകയില്ലായിരുന്നു. അവൾ അവനെ അടിമയാക്കി വച്ചിട്ടുണ്ടാകാം. എന്റെ സമ്പത്തു കൊണ്ട് വേറെയേതെങ്കിലും പണ കുറ്റികളുടെ രേതസ്സ് ഊറ്റികുടിക്കുകയായിരിക്കുമവൾ . അവനോ അവന്റെ ഉദാത്തമായ സാക്‌സൊഫോൺ വായിൽ വച്ച് കൈകൾ കൊണ്ട് ഞെക്കി പൊട്ടിക്കുന്നുണ്ടാവും അവളുടെ പിച്ചയും വാങ്ങി. ….ഹ…ഹ…ഹാ ഇത്തവണ പീറ്റർ ചിരിച്ചത് അല്പം ഉച്ചത്തിലും കടുപ്പത്തിലുമായിരുന്നു. ആ ചിരിയിലൊരു പകയും പകവീട്ടലുമെല്ലാം ഒളിഞ്ഞു കിടക്കുന്നില്ലേ എന്ന് വിനോദ് സംശയിക്കാതിരുന്നില്ല.
എവിടെ നീ ഓഫർ ചെയ്ത മനോഹരമായ ചായ?
പീറ്ററിന്റെ ചോദ്യം വിനോദിനെ ചിന്തയിൽ നിന്നുണർത്തി
ഒരു ചായയ്‌ക്കായി കിച്ചനിലേക്കു നടക്കുമ്പോൾ വിനോദ് ഓർത്തു ഒരു പക്ഷെ ഭാവനയാകാം നല്ലവണ്ണം വട്ടു മൂക്കുമ്പോൾ ചിലപ്പോൾ കഥാകാരന്മ്മാരും കവികളുമെല്ലാം ജന്മമെടുത്തു കൂടെന്നില്ല. ആവോ ആർക്കറിയാം അല്ലെങ്കിലും അറിഞ്ഞിട്ടെന്തിന് ? ഒരാവേശത്തിനു പറയുകേം ചെയ്തു. ചായ എങ്ങനെയാണാവോ മനോഹരമാക്കുക.
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ബിനോയ് എം. ജെ.
മനോസംഘർഷങ്ങൾ (conflicts) മന:ശ്ശാസ്ത്രത്തിന്റെ ഒരു പ്രധാന പഠനവിഷയമാണ്. മനോസംഘർഷത്തിൽ നിന്നും മാനസിക അസ്വസ്ഥതകളും, രോഗങ്ങളും, എല്ലാ തരത്തിലുമുള്ള ദുഃഖങ്ങളും ഉണ്ടാകുന്നു. മനോസംഘർഷം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മനോസംഘർഷങ്ങൾ എവിടെ നിന്നും വരുന്നു? അതിന്റെ കാരണവും പരിഹാരവും എന്താണ്? സാർവ്വലൗകീകമായ ഈ പ്രതിഭാസത്തിന് ഒരു പരിഹാരം നിർദ്ദേശിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. അത് മാനവരാശിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലും, സംസ്കാരത്തിൽ ഒരു പുത്തൻ സൂര്യോദയവും ആയിരിക്കും. ഈ പ്രതിഭാസത്തിലേക്ക് വിരൽ ചൂണ്ടുന്ന പല കണ്ടെത്തലുകളും ഇതിനോടകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനുള്ള ശാശ്വതമായ ഒരു പരിഹാരത്തിന്റെ അഭാവത്തിൽ മാനസിക അസ്വസ്ഥതകളും ജീവിത പ്രശ്നങ്ങൾ പൊതുവെയും ഇന്നും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് എല്ലാ ജീവിതപ്രശ്നങ്ങൾക്കുമുള്ള ശാശ്വതമായ ഒരു പരിഹാരമാണ്. ഭാരതീയ സംസ്കാരം ഈയൊരാശയത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അധികം ആർക്കും അറിവുള്ള കാര്യമല്ല. അവയാകട്ടെ പാശ്ചാത്യ മനസ്സിന് ഗ്രഹിക്കുവാൻ ആവാത്തവിധം ആത്രമാത്രം സങ്കീർണ്ണവും ആഴവും ഉള്ളതാണ്. സൂര്യനെ എത്ര നാൾ കൈപത്തികൊണ്ട് മറച്ചു പിടിക്കുവാനാകും? ഈ ആശയങ്ങൾ കാലാകാലങ്ങളിൽ പ്രകാശിക്കുകയും ആധുനിക മനുഷ്യന്റെ ജീവിതത്തിൽ ഗംഭീരമായ പുരോഗതികൾ കൊണ്ടുവരികയും ചെയ്യും.
മനോസംഘർഷങ്ങൾ എല്ലാവർക്കും തന്നെ ഉള്ളതിനാൽ അവയുടെയെല്ലാം പിറകിൽ അടിസ്ഥാനപരമായ ഒരു കാരണവും ഉണ്ടാവണം. മനുഷ്യൻ എപ്പോഴും സ്വന്തം ശരീരവുമായും മനസ്സുമായും താദാത്മ്യപ്പെടുവാൻ ശ്രമിക്കുന്നു. ‘ഞാൻ ഈ കാണുന്ന ശരീരമാണ്’, ‘ഞാനീ കാണുന്ന വ്യക്തിയാണ്’ എന്നും മറ്റും അവൻ സദാ ചിന്തിക്കുന്നു. അതേ സമയം ഈ ചിന്ത അത്ര ശരിയല്ലെന്നും തനിക്ക് മരണമോ അവസാനമോ ഇല്ലെന്നും ഉള്ളിലുള്ള ആത്മാവ് സദാ മന്ത്രിക്കുന്നു. എന്നാൽ അവന്റെ മനസ്സ് അത് സമ്മതിച്ചു കൊടുക്കുന്നില്ല. വാസ്തവത്തിൽ മനുഷ്യൻ ശരീരമനസ്സുകളാണോ? അതോ അതിലും ഉത്കൃഷ്ടമായ മറ്റെന്തെങ്കിലും ആണോ? അവൻ ശരീരമനസ്സുകളാണെങ്കിൽ തീർച്ചയായും മരിക്കും! ആ കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അപ്പോൾ തനിക്ക് മരണമില്ലെന്ന് ഉള്ളിൽ നിന്നും ഒരു സ്വരം സദാ മന്ത്രിക്കുന്നതെന്തുകൊണ്ട്? ഇതിനൊരു വിശദീകരണം കൊടുക്കുവാൻ ഭൗതികതയിലൂന്നിയ പാശ്ചാത്യ ശാസ്ത്രങ്ങൾക്ക് കഴിയുകയില്ല. പാശ്ചാത്യ ചിന്താപദ്ധതി നാശത്തിലേക്കേ നയിക്കൂ. കാരണം അവരുടെ അഭിപ്രായത്തിൽ എല്ലാം ജഡമാണ്. മനുഷ്യനെ ഇപ്രകാരം ജഡമായി ചിത്രീകരിക്കുന്നത് മനുഷ്യവംശത്തിന്റെ ഉന്മൂലനാശത്തിലേക്കേ നയിക്കൂ.
ഇവിടുത്തെ പ്രശ്നം താദാത്മീകരണത്തിന്റെ(identification) പ്രശ്നമാണ്. താൻ അല്ലാത്ത എന്തെങ്കിലുമായി മനുഷ്യൻ താദാത്മീകരിക്കുമ്പോൾ അവന്റെ ജീവിതത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നുവെന്ന സദ്ഗുരുവിന്റെ ആശയം ഇവിടെ എടുത്ത് പറയേണ്ടതാണ്. വാസ്തവത്തിൽ മനുഷ്യൻ ശരീരമോ മനസ്സോ അല്ല. മറിച്ച് അവൻ അത്മാവോ, ഈശ്വരനോ, സമഷ്ടിയോ ആണ്. അവനൊരു വ്യക്തി ബോധത്തെ വളർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വാസ്തവത്തിൽ അവനൊരു വ്യക്തിയല്ല. ഈ വ്യക്തിബോധവും സമഷ്ടി ബോധവും തമ്മിൽ സദാ സംഘർഷത്തിൽ വരുന്നു. ഇതാണ് എല്ലാ മനോസംഘർഷങ്ങളുടെയും അടിസ്ഥാനം. താൻ നശ്വരനാണെന്ന് മനസ്സ് പറയുമ്പോൾ അനശ്വരനാണെന്ന് ആത്മാവ് പറയുന്നു. താൻ മരിച്ചു പോകുമെന്ന് ചിന്തിക്കുന്ന മനുഷ്യൻ മിഥ്യയിലാണ് ജീവിക്കുന്നത്. പിന്നീട് അങ്ങോട്ടൊരു പൊരുതലാണ്. മരണത്തെ ജയിക്കുവാനുള്ള പൊരുതൽ. നിലനിൽപിനുവേണ്ടിയുള്ള പൊരുതൽ. മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതിണ്. ആഹാരം സമ്പാദിക്കുന്നതും, വീട് കെട്ടുന്നതും, സുഖഭോഗങ്ങളിൽ മുഴുകുന്നതും എല്ലാം ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി മാത്രം. ഇനി അൽപം കൂടി ഉയർന്ന പടിയിൽ ഉള്ളവർ മാനസികമായ ആവശ്യങ്ങൾക്ക് വേണ്ടി പ്രയത്നിച്ചേക്കാം. അതിനപ്പുറത്തേക്ക് മനുഷ്യപ്രയത്നങ്ങൾ നീളുന്നില്ല. കാരണം അവൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ ശരീരം വീഴും! അത് വീണേ തീരൂ. അതോടൊപ്പം മനസ്സും തിരോഭവിക്കും. എത്രയോ ഘോരമായ ഒരവസ്ഥയാണിത്? ഇതിൽ നിന്നും കരകയറുവാൻ മാർഗ്ഗമില്ലെന്ന് ഭൗതികവാദിയായ മനുഷ്യൻ മൂഢമായി വിചാരിക്കുന്നു. എന്നാൽ ഈ കാണുന്ന മരണം തന്റെ ആത്മസ്വരൂപത്തെ സ്പർശിക്കുകപോലും ചെയ്യുന്നില്ലെന്ന് അവൻ അറിയുന്നില്ല. കാരണം ഞാൻ എന്ന സത്തക്ക് ജനന മരണങ്ങൾ സംഭവിക്കുന്നില്ല. ഞാൻ അനാദിയും അനന്തവും ആകുന്നു! ഞാൻ ആ സർവ്വേശ്വരനിൽ നിന്നും ഒട്ടും തന്നെ ഭിന്നനല്ല. ക്ലേശങ്ങൾ എന്നെ ബാധിക്കുന്നുമില്ല! ഞാൻ ശരീരമനസ്സുകളുമായി താദാത്മ്യപ്പെടുന്നതുകൊണ്ടാണ് ജനനമരണങ്ങളും ക്ലേശങ്ങളും എന്നെ ബാധിക്കുന്നത്. ക്ലേശങ്ങളിൽ നിന്നെല്ലാം ഒരു മോചനവുമുണ്ട്.
ഞാൻ ഈശ്വരൻ ആണെന്നുള്ള ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അപ്രകാരം ഒരു ബോധ്യത്തിലേക്ക് വരുമ്പോൾ ഞാൻ സത്യത്തിൽ എന്താണോ അതായിത്തീരുന്നു. അവിടെ ആശയക്കുഴപ്പങ്ങളും മനോസംഘർഷങ്ങളും തിരോഭവിക്കുന്നു. ഒരുവൻ ഒരിക്കൽ ഈശ്വരനോട് ഇപ്രകാരം പ്രാർത്ഥിച്ചു “അങ്ങയെ കാണാതെ ഞാൻ മരിക്കുകയില്ല”. അപ്പോൾ ഈശ്വരൻ ഇപ്രകാരം മറുപടിപറഞ്ഞു “എന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ നീ മരിക്കില്ല”. അതെ! സ്വന്തം സത്തയെ കണ്ടെത്തുന്നവന് പിന്നെ മരണമില്ല. ഇത് മാത്രമാണ് അമർത്യതയിലേക്കും നിത്യജീവിതത്തിലേക്കും ഉള്ള വഴി. യേശു ദേവൻ പറയുന്നു “സത്യം അറിയുവിൻ; സത്യം നിങ്ങളെ സ്വതന്ത്രരാക്കും “. ഈ പ്രകൃതി തീർക്കുന്ന കെട്ടുപാടുകളിൽ നിന്നും മോചനം പ്രാപിക്കണമെങ്കിൽ ഞാനാ പ്രകൃതിയുടെ ഭാഗമല്ലെന്ന സത്യം അറിയേണ്ടിയിരിക്കുന്നു. ഞാൻ ഒരിക്കലും ജഡമോ പ്രകൃതിയോ ആയിരുന്നില്ല. എന്നാൽ ഞാനവയാണെന്ന് ചിന്തിച്ചുതുടങ്ങിയാൽ അവയെന്നെ ബാധിക്കുവാനും തുടങ്ങുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സുരേഷ് തെക്കീട്ടിൽ
മലയാളം യുകെയിൽ ഓണവിഭവങ്ങളായി വന്ന രചനകളിൽ ഏറ്റവും മുന്നിലായി സ്ഥാനമുറപ്പിക്കുന്ന കഥകളിൽ സ്ഥാനമുണ്ട് ശ്രീമതി .ലതാ മണ്ടോടിയുടെ “ക്ഷണപ്രഭാചഞ്ചലം ” എന്ന കഥയ്ക്ക് എന്ന് പറയാൻ രണ്ടാമത് ഒന്നാലോചിക്കേണ്ടതില്ല. പരിചയസമ്പന്നയായ ഒരു എഴുത്തുകാരിയെ ഓരോ വരിയിലും നമുക്ക് അറിയാം ,കാണാം, വായിക്കാം. ഈ കഥയുടെ തുടക്കം മുതൽ തന്നെ കഥ പറയുന്ന രീതിയുടെ പ്രത്യേകത വായനക്കാരനെ ആകർഷിക്കും. “കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു ഞായറാഴ്ച” ,”ഒറ്റപ്പെടലിൻ്റെ മുഷിപ്പും പേറിയുള്ള യാത്ര.” കഥയുടെ തുടക്കം തന്നെ ഗംഭീരമായാണ്. “അവളുടെ കണ്ണുകളിലെ കടൽ ചുഴികളെ ഞാൻ ഭയപ്പെട്ടു” തുടങ്ങി പുതുമയുള്ള നിരവധി
പ്രയോഗങ്ങളാലും, ചിലപ്പോഴെങ്കിലും മക്കൾ മാതാപിതാക്കളുടെ ഉടമസ്ഥരാകാറുണ്ട് തുടങ്ങിയ സത്യസന്ധമായ ഒട്ടേറെ ജീവിത നിരീക്ഷണങ്ങളാലും സമ്പന്നമാണ് രചന. പരിഗണനയില്ലാത്ത പദവികൾ അർത്ഥശൂന്യമാണ് എന്നും അതൊരിക്കലും ആനന്ദം തരില്ല
എന്നുമുള്ള വലിയ സത്യം പ്രഖ്യാപിക്കുക കൂടിയാണ് ഈ കഥ. ഇത് തന്നെയാണ് കഥയുടെ കാതൽ. ഒരിക്കൽ തൻ്റെ വേലക്കാരിയായിരുന്ന കഥാനായിക പ്രഭാവതിയെ തേടി അവരുടെ ഗ്രാമത്തിൽ എത്തുന്ന കഥാനായകൻ. അവിടെ നിന്നാണ് കഥയാരംഭിക്കുന്നത്. ഭംഗിയാർന്ന വിവരണങ്ങളിലൂടെ അവർ തമ്മിലുള്ള ബന്ധവും സൗഹൃദവും അനാവരണം ചെയ്യപ്പെടുന്നു. ആ പ്രായത്തിലും
പ്രഭാവതിയുടെ വിവാഹം കഴിഞ്ഞു എന്ന അറിവും ആ അറിവിന് പ്രഭാവതിയുടെ മകൻ്റെ സാക്ഷ്യപ്പെടുത്തലും അതിനയാൾ കണ്ടെത്തുന്ന ന്യായീകരണവും കഥാനായകൻ്റെ തിരിച്ചു പോക്കും ഭാര്യാ സ്ഥാനം ഉപേക്ഷിച്ച് വേലക്കാരിയാകാൻ തിരിച്ചെത്തുന്ന പ്രഭാവതിയും അതിനിടയിൽ വിവിധ കഥാപാത്രങ്ങളിലൂടെ വെളിവാകുന്ന ജീവിത നിരീക്ഷണങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. സംസാരഭാഷയിൽ തന്നെ അവതരിപ്പിക്കപ്പെടുന്ന ചില കഥാപാത്രങ്ങൾ കഥയെ ജീവസ്സുറ്റതും കൂടുതൽ രസകരവുമാക്കുന്നുണ്ട്. ഈ കഥയെ കുറിച്ച് കൂടുതൽ എഴുതണം എന്നുണ്ട് എന്നാൽ സ്ഥലപരിമിതി തടസ്സമാകുന്നു.
ശ്രീ.വിശാഖ് രാജ് എഴുതിയ “പ്ലാൻ ബി” എന്ന കവിത ഓണവിഭവങ്ങളിൽ തിടമ്പേറ്റി നിൽക്കുന്നു . ഈ രചന പകർന്നു തരുന്നത് തീർത്തും വ്യത്യസ്തമായ വായനാനുഭവമാണ്. മികവിന്റെ പാതയിലൂടെ സഞ്ചരിച്ച്,ഒരുപാട് വെളിച്ചം പകർന്നു തരുന്നുണ്ട് ഈ കവിത. “വിഷക്കുപ്പിയും മരണക്കുറിപ്പും പോക്കറ്റിൽ ഉണ്ട് കൈനോട്ടക്കാരനും അയാളുടെ തത്തയും അത് അറിഞ്ഞിട്ടില്ല. മരണത്തിനു മുമ്പ് ഒരാളെയെങ്കിലും വിഡ്ഢിയാക്കാൻ ആയല്ലോ. മറിച്ചായിരുന്നു ഇതുവരെ .”
കവിതയാരംഭിക്കുകയാണ്. പുതിയകാല കവിതയുടെ മാറിവരുന്ന രീതിയും മുഖവും കൃത്യതയോടെ ആവാഹിച്ചെടുക്കുന്നുണ്ട് ഈ രചന.തൊണ്ണൂറ്റേഴു വയസ്സുവരെ ആയുസ്സുണ്ടെന്നും ആയിരം പുസ്തകങ്ങൾ വായിച്ച അറിവിനെക്കാൾ അറിവുണ്ട് എന്നും കൈനോട്ടക്കാരൻ അറിയിക്കുമ്പോൾ പോക്കറ്റിൽ മിച്ചമുള്ള നോട്ടുകൾ അയാൾക്ക് നൽകിയാണിറങ്ങുന്നത് .എന്നാൽ മരണക്കുറിപ്പ് കാണുന്നില്ല. മരണക്കുറിപ്പും, വിഷക്കുപ്പിയും കൈനോട്ടക്കാരൻ എടുത്തതാകാനേ തരമുള്ളൂ.” വായിച്ചുകഴിഞ്ഞ ശേഷവും മനസ്സിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്ന വരികൾ .
എത് കടുത്ത നിരാശയിലും ഒട്ടും ആധികാരിയില്ലാത്ത ഒരാളുടെ വാക്കിനു പോലും പ്രതീക്ഷകളെ ഉണർത്തി മുന്നോട്ടു ചലിക്കാനുള്ള ഊർജ്ജം നൽകാനാകും. ചിന്തകളെ ധാരണകളെ മാറ്റി മറയ്ക്കാനാകും. കവിത പറയാതെ പറയുന്നത് എത്ര വലിയ സന്ദേശമാണ്.
തത്ത ചുണ്ടിലെ ചീട്ടിൽ മുമ്പ് കാണാത്ത ദൈവം / മുപ്പത്തിമുക്കോടി വലിയ സംഖ്യ തന്നെ /
ഈ വരികൾ ഹൃദയത്തോട് ചേർത്ത് ഞാൻ സത്യസന്ധമായി പറയട്ടെ ഞാൻ ഈ എഴുത്തുകാരനെ നമിക്കുന്നു .മലയാള കാവ്യലോകത്ത് സ്വന്തമായി ഇരിപ്പിടം നേടാൻ പ്രാപ്തനാണ് ഈ കവി . അത് നേടും എന്ന കാര്യത്തിൽ തർക്കവുമില്ല. ആശംസകൾ.
ശ്രീമതി അനുജാ സജീവ് എഴുതിയ പൂക്കൾ എന്ന കഥ ഭംഗിയായി തുടങ്ങി അതേ ഭംഗിയോടെ പറഞ്ഞു കൊണ്ടു പോയി ഭംഗിയായി തന്നെ അവസാനിപ്പിക്കുന്നു. എന്തോ തട്ടി മറയുന്ന ശബ്ദം കേട്ട് നിത്യ ഉറക്കമുണരുന്നു. ഒരു വർക്ക് ചെയ്തു തീർക്കണം എന്ന് പറഞ്ഞ് എണീറ്റു പോയ ചിത്രകാരൻ കൂടിയായ വിനുവിനെ തിരയുന്നു. ചിത്രം വരക്കാനാണ് നായക കഥാപാത്രം പോകുന്നത്. ഈ “വർക്ക് ” എന്ന വാക്കിൽ ഒരു പാട് ഓർമ്മകൾ എന്നിലേക്ക് കടന്നു വന്നു .പട്ടാമ്പി നിളാതീരത്തുള്ള ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ പഠനകാലം. വരയ്ക്കുന്ന ചിത്രത്തിന് “വർക്ക് ” എന്ന് തന്നെയാണ് ചിത്രകാരന്മാർ അവിടെ പറഞ്ഞിരുന്നത്. ജീവിതത്തിൽ വർണ്ണങ്ങളുടെ മായാജാലം സമ്മാനിച്ച ഒരു കാലത്തേക്ക് ഓർമ്മകൾ കൊണ്ടുപോയി ഈ പ്രയോഗം.
അവൾ വിനുവിനെ കാണുന്നില്ല എന്നാൽ വിനു വരച്ച ചിത്രം കാണുന്നു.
മഞ്ഞ നിറമുള്ള ചെമ്പകപ്പൂക്കൾ, ചുവപ്പുനിറമുള്ള ചെമ്പരത്തിപ്പൂക്കൾ തെച്ചിപ്പൂക്കൾ ,
മുല്ലപ്പൂക്കൾ പനിനീർ പൂക്കൾ പല നിറത്തിലുള്ള കാട്ടുപ്പൂക്കൾ തുടങ്ങി പൂക്കളുടെ ഒരു ആഘോഷം തന്നെ ആ ചിത്രത്തിലും അതുവഴിഈ കഥയിലും കടന്നു വരുന്നു. തിരക്കേറിയ പട്ടണത്തിൽ നിന്നും ഓർമ്മകൾ നാട്ടിലേക്കെത്തിക്കാൻ ആ ചിത്രത്തിനു സാധിക്കുന്നു. ബാല്യം.ഓണക്കാലം പൂക്കൾ പറിക്കാൻ പോയത് . ഉണ്ണിയേട്ടൻ, അപ്പു, ശങ്കരൻ ലക്ഷ്മിയേടത്തി.ആ പേരുകൾക്ക് പോലും ഓണച്ചന്തം . മൊട്ടുകൾ പറിക്കരുത് നാളേയ്ക്കും പൂക്കൾ വേണ്ടേ എന്ന ഉണ്ണിയേട്ടൻ്റെ പ്രസക്തമായ ചോദ്യം ഈ കഥയിൽ തെളിഞ്ഞു നിൽക്കുന്നു.
മനസ്സ് ഗ്രാമത്തിൽ അലയുമ്പോൾ പിന്നിൽ കാൽ പെരുമാറ്റം .ഒരു ചെമ്പകപ്പൂമാലയുമായി വിനു.
” എത്ര തവണ ആവശ്യപ്പെട്ടു ഇന്നെന്താ മാല കൊണ്ടാരു പ്രണയം?”
എന്ന ചോദ്യത്തിന് ഉത്തരം വരുന്നു.
” ഇന്ന് ഓണമാണ് തിരുവോണം” തിരുവോണത്തിൻ്റെ പ്രണയത്തിൻ്റെ സ്നേഹത്തിൻ്റെ എല്ലാം ഗൃഹാതുര ചിത്രം നന്നായി വരച്ചിടുന്ന കഥ.
ശ്രീ.ജേക്കബ്ബ് പ്ലാക്കൻ എഴുതിയ “ഓർമ്മപ്പൂക്കൾ ” എന്ന കവിതയിലെ വരികൾ മനോഹരം.പ്രാസ ഭംഗിയാലും ശ്രദ്ധേയം .
മൂന്നൂറിലധികം രചനകൾ ഈ എഴുത്തുകാരൻ്റേതായി വന്നിട്ടുണ്ട്. ഈ കവിതയും പരിചയസമ്പന്നതയും ഭാവനാ മികവും തെളിയിക്കുന്നു.
ഓണപ്പൂവിനുൾപ്പൂവിനുള്ളിൽ / ഓമൽകിനാവിൻ തേൻ / ആവണി തണുനീർ മണിമുത്തിൽ വെയിൽ /
കവിത ആരംഭിക്കുകയാണ് മുറ്റത്തിന് ആരോ മുക്കുത്തിയിട്ട് പോലെ മിന്നി തിളങ്ങുന്ന പൂക്കളങ്ങൾ / കാറ്റിനോട് ആരോ പ്രണയം പറഞ്ഞപ്പോൾ തുള്ളിക്കളിക്കുന്ന പൂമരം/ കാണാക്കിളിയുടെ പാട്ടിൽ ഓണത്തപ്പൻ്റെ തെയ്യാട്ടം/വെയിൽ മഴ എഴുത്താണി വിരലാൽ പുഴ മാറത്തൊത്തിരി ഇക്കിളി വൃത്തങ്ങൾ വരച്ചു
ഈ വരികളുടെ പുണ്യം ധന്യത ഏത് വാക്കിൽ വരിയിൽ കുറിച്ചാലാണ് പൂർണമാകുക.
കവി കാണുന്നത് മനസ്സിൽ, ഭാവനയിൽ നെയ്യുന്നത് എല്ലാം വ വായനക്കാർക്കും അതേപോലെ അനുഭവിക്കാനാകുന്നു. മുറ്റത്തെ തൈമാവ് മുത്തശ്ശിമാവായി എന്നിട്ടും അമ്മ മനസ്സിൽ ഉണ്ണിക്ക് പ്രായമാകുന്നില്ല എന്നുമെഴുതി ആകാശത്തിലെ നക്ഷത്രത്തിന്
പ്രായമുണ്ടോ? എന്ന ചോദ്യവും കവിതയിലൂടെ കവി ഉയർത്തുന്നു. വരികൾ പിന്നേയും ഒഴുകുന്നു .ഓണനിലാവിൻ്റെ ചന്തമോടെ .അഭിനന്ദനങ്ങൾ.
കുഗ്രാമത്തിൽ അമ്മയുടെ വീട്ടിൽ മുറ്റത്തു നിന്നു നോക്കിയാൽ അകലെ സൂര്യനസ്തമിക്കുന്ന ആകാശത്തിനു താഴെ സർപ്പക്കാവ്, കുളം വല്യവധിയ്ക്ക് വിരുന്നുചെല്ലുന്ന ബാല്യം. അക്കാലത്ത് മനസ്സിൽ പതിഞ്ഞ നിറം മങ്ങാത്ത ചിത്രങ്ങളാണ്
ശ്രീ . കെ .ആർ മോഹൻദാസ് തൻ്റെ കഥയിലൂടെ അവതരിപ്പിക്കുന്നത്. “കാവിലെ സന്ധ്യ ” എന്ന് പേരിട്ട കഥ പേരുപോലെതന്നെ ഗ്രാമവും സർപ്പക്കാവും അവിടെ ഇരുണ്ട പച്ച നിറമുള്ള വെള്ളം നിറഞ്ഞ കുളവും, ചേച്ചി എന്നു വിളിക്കുന്ന അമ്മാവൻ്റെ മകൾക്കൊപ്പം പിന്നിട്ട അവധികാലവും എല്ലാം രസകരമായ ഓർമ്മകളായി മുന്നിലേക്ക് എത്തിക്കുകയാണ്.
ശ്രീമതി. ശ്രീകുമാരി അശോകന്റെ “ഓണത്തുമ്പി പാടൂ ” എന്ന കവിത ലളിതമായ വരികളാലാണ്, രചിക്കപ്പെട്ടിരിക്കുന്നത്. ഒട്ടും ദുർഗ്രഹത സൃഷ്ടിക്കാതെ വായനക്കാർക്കിഷ്ടമാക്കുന്ന നിർമ്മലമായ സുന്ദരമായ ഒരു രചന. ഒരു ഓണക്കാലം തനിമയോടെ ആസ്വദിക്കുക എന്ന ലക്ഷ്യമാണ് ഈ കവിത യ്‌ക്കുള്ളത്. ആ ലക്ഷ്യവും ധർമവും ഈ കവിത നന്നായി നിർവ്വഹിക്കുന്നുണ്ട്.
ഈ അഭിപ്രായം തന്നെയാണ് ശ്രീമതി ശുഭ അജേഷിൻ്റെ “പെയ്തൊഴിയാതെ തന്ന കവിതയെ കുറിച്ചും എനിക്ക് പറയുവാനുള്ളത്. പറയാതെ പോകുന്നതെന്തേ / എൻ പ്രാണനിൽ നീ ചേർന്നൊഴുകുമ്പോൾ / തമ്മിലറിയാതെ പിരിയുവതെങ്ങനെ / എൻ പ്രാണനകലാതെ സഖീ
അതെ ഓർമ്മകൾ മെല്ലെ പൂക്കുകയാണ് കവിയുടെ മനസ്സിൽ മാത്രമല്ല ആ ഓർമകൾ പൂക്കുന്നതും ഓരം ചേർന്ന് ഒഴുകുന്നതും ആസ്വാദക മനസ്സിലും കൂടിയാണ്.
മലയാളം യുകെ സമ്മാനിച്ചത് മറക്കാനാവാത്ത ഒരു ഓണക്കാലമാണ്. കഥകൾ കവിതകൾ, ലേഖനങ്ങൾ ഓർമ്മകൾ വിഭവസമൃദ്ധം അതി രുചികരംഈ അക്ഷര സദ്യ.
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
ടോം ജോസ് തടിയംപാട്
രണ്ടുദിവസത്തെ ലിവർപൂൾ സന്ദർശനവും ഒരാഴ്ചത്തെ യു കെ സന്ദർശനവും കഴിഞ്ഞു അഡ്വക്കേറ്റ് ജയശങ്കർ ഇന്ന് രാവിലെ മാഞ്ചെസ്റ്റെർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും നാട്ടിലേക്കു പുറപ്പെട്ടു . രണ്ടുദിവസം അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ പറഞ്ഞ തമാശകളും പൊട്ടിച്ചിരികളും നാട്ടിലെ രാഷ്ട്രീയക്കാരിലെ വിവരദോഷികളെ പറ്റിയും അഴിമതിക്കാരെ പറ്റിയും ഒക്കെ നർമ്മം നിറഞ്ഞ ഭാഷയിൽ വിവരിച്ചത് മറക്കാൻ കഴിയില്ല .
എന്തു ഭഷണം കൊടുത്താലും അത് പൂർണ്ണമായി കഴിച്ചു പത്രം കഴുകി വയ്ക്കണെമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ് അദ്ദേഹം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ആ പാത്രം കാണുന്നതുതന്നെ ഒരു ഭംഗിയാണ് ഒരിറ്റു ഭക്ഷണം പോലും അതിൽ ബാക്കി കാണില്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്ന രണ്ടാളുകൾ എന്റെ ഓർമ്മയിൽ ഉള്ളത്. ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ ആയിരുന്ന കരിമ്പൻ ജോസും .സുലൈമാൻ റാവുത്തറും ആയിരുന്നു ഞാൻ അവരെ പറ്റി ജയശങ്കർ സാറിനോട് പറയുകയും ചെയ്തു. വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങളോടൊപ്പം ചീട്ടു കളിക്കുകയും വീട്ടിൽ അദ്ദേഹത്തെ കാണാൻ വന്നവരെ നന്നായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
ഒന്നും രണ്ടും ലോകയുദ്ധത്തിൽ മരിച്ച ഇന്ത്യൻ ഭടന്മാരെ ഓർക്കുന്നതിനു വേണ്ടി കേംബ്രിഡ്ജ് കൗൺസിൽ മേയർ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ജയശങ്കർ യു കെ യിൽ എത്തിയത്. ഞങ്ങൾ മേയർ ബൈജു തിട്ടാലയോട് ലിവർപൂളിൽ അദ്ദേഹത്തെ ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും തുടർന്ന് തന്നെ ഞാൻ സുഹൃത്തുക്കളായ തമ്പി ജോസ് ,ജോയ് അഗസ്തി, ഹരികുമാർ ഗോപാലൻ, എൽദോസ് സണ്ണി , ലാലു തോമസ് എന്നിവരുമായി സംസാരിച്ചപ്പോൾ അവരെല്ലാം വലിയ പിന്തുണയാണ് നൽകിയത് . അവരുടെ ശക്തമായ പിന്തുണകൊണ്ടു മൂന്നു ദിവസം കൊണ്ടു പരിപാടി മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു .
യാതൊരു തലക്കനവും ഇല്ലാതെ എല്ലാവരോടും സംവേദിക്കുന്ന ജയശങ്കർ സാറിനോട് സാജു പാണപറമ്പിൽ ചോദിച്ചു 1995 ൽ വക്കഫ് ബിൽ പാസാകുമ്പോൾ പാർലമെന്റിൽ എം പി മാർ എന്തെടുക്കയായിരുന്നു ? അദ്ദേഹം പറഞ്ഞ മറുപടി പാർലമെന്റ് ക്യാന്റീനിൽ ചെറിയ പൈസക്ക് കിട്ടുന്ന ശാപ്പാടടിച്ചു അവർ ഉറങ്ങുകയായിരുന്നു എന്നാണ് , ലിവർപൂൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച സാറിനെ ലിവർപൂൾ കാണിക്കാൻ വളരെ സന്തോഷപൂർവം മുൻപോട്ടു വന്നത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൺവീനർ സാബു ഫിലിപ്പ് ആയിരുന്നു .
ലിവർപൂൾ കാത്തീഡ്രലും രണ്ടാം ലോകമഹായുദ്ധത്തിൽ ബോംബുവീണു തകർന്ന പള്ളിയും, അടിമ മ്യൂസിയവും ,മരിറ്റൺ മ്യൂസിയവും ,ലിവർപൂൾ ഫുട്ബോൾ സ്റ്റേഡിയവും, സിറ്റി സെന്ററും എല്ലാം സാബു കൊണ്ടുപോയി കാണിച്ചു . പോയവഴിയിൽ അടിമ മ്യൂസിയം കണ്ടപ്പോൾ സാറിന്റെ മുഖത്തെ വേദന വായിച്ചെടുക്കാൻ കഴിഞ്ഞെന്നു സാബു ഫിലിപ്പ് പറഞ്ഞു .
ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം വൈകുന്നേരം മാഞ്ചസ്റ്ററിലെ ഷോയ് ചെറിയാന്റെ വീട്ടിൽ എത്തി അവിടെ വിശ്രമിച്ചു ഇന്ന് ശനിയാഴ്ച രാവിലെ അദ്ദേഹം വിമാനം കയറിയപ്പോൾ ഒരു നല്ല വിനീതനും സരസനും ജ്ഞാനിയുമായ ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞ സന്തോഷമാണ് എന്റെ മനസിൽ നിറഞ്ഞുനിന്നത്.