ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിയായ സണ്ണി (61)യെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളെ സണ്ണി സ്വവര്‍ഗരതി ഇടപാടിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിന്റെ നിഗമനം.
ഞായറാഴ്ച വൈകിട്ട് മുറിയില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഉടമയെ അറിയിച്ചു. വാതില്‍ പൊളിച്ചപ്പോള്‍ കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, വസ്ത്രങ്ങളില്ലാതെ കിടന്ന മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.
ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനുശേഷം കത്തി കൊണ്ട് കുത്തുകയും പിന്നീട് മൃതദേഹം കത്തിക്കുകയുമായിരുന്നു. നേരത്തെയും രണ്ട് കൊലപാതകക്കേസുകളില്‍ പ്രതിയായിരുന്ന സണ്ണി, തൃശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.
കുമ്പള: യുവ അഭിഭാഷക സി. രഞ്ജിതയുടെ (30) മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയോടെ കുമ്പള പോലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അറിയിച്ചു. രഞ്ജിതയെ കഴിഞ്ഞ ചൊവ്വാഴ്ച ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. യുവ അഭിഭാഷകയുടെ മരണത്തിനു പിന്നാലെ ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടതും, സുഹൃത്തിന്റെ മൃതദേഹം കാണാനോ അന്തിമോപചാരമർപ്പിക്കാനോ എത്തിയില്ലെന്നതും സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാപ്രസിഡന്റുമായിരുന്നു.
ദില്ലി ∙ സി.എം.ആർ.എൽ– എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി കുഴൽനാടൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു.
ഇതേ വിഷയത്തിൽ നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി നൽകിയ പരാതി ഹൈക്കോടതിയും തള്ളിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ രേഖകളിലോ തെളിയുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതിനെതിരെ നിയമനടപടി തുടരാനാണ് എം.എൽ.എയുടെ തീരുമാനം.
2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയുടെ ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ തെരെഞ്ഞെടുത്തു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ രണ്ടു സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും.
ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. നാളെ രാവിലെ മുതൽ ജൂറി സ്ക്രീനിങ് ആരംഭിക്കും. അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിങ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്.
128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
റോമി കുര്യാക്കോസ്
യു കെ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ വിവിധ യൂണിറ്റുകൾ സാമൂഹിക–സാംസ്‌കാരിക പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു.
ഐ ഒ സി (യു കെ) ലെസ്റ്റർ യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി സ്മൃതി സംഗമം’ മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം നിയമസഭാ അംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസു സൈമൺ, അനിൽ മർക്കോസ്, ജിബി കോശി, റോബിൻ സെബാസ്റ്റ്യൻ, ജെയിംസ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഐ ഒ സി (യു കെ) ബാൺസ്ലെ യൂണിറ്റ് ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ‘രക്തദാനം ജീവദാനം’ എന്ന പേരിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. വോമ്പ്വെൽ എൻ എച്ച് എസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പിന് യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, യൂണിറ്റ് ഭാരവാഹികളായ രാജുൽ രമണൻ, വിനീത് മാത്യു എന്നിവർ നേതൃത്വം വഹിച്ചു.

രാജ്യത്ത് വ്യാപകമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ബോൾട്ടനിൽ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിൻ’ പരിപാടിയോട് ചടങ്ങുകളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി.
ഗാന്ധിജിയുടെ സത്യവും അഹിംസയും അടിസ്ഥാനമാക്കിയ സന്ദേശങ്ങളെ പുതു തലമുറയിൽ പ്രചരിപ്പിക്കുക, സമൂഹത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഇത്തവണത്തെ ആഘോഷങ്ങളിലൂടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മുന്നോട്ടുവെച്ചത്.


ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ ഇന്ത്യയിൽ ഒക്ടോബർ 8-9 തീയതികളിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നടക്കുന്ന ഈ സന്ദർശനം ബ്രിട്ടൻ-ഇന്ത്യ ബന്ധത്തിനെ പുതിയ ദിശാബോധം നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്ത് മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ഇന്ത്യ ആവശ്യപ്പെടുന്ന ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ സുരക്ഷാപരമായ വിഷയങ്ങളും ചർച്ചാവിഷയമാകും. ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധം നൽകുന്ന സന്ദർശനകുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
ഈ സന്ദർശനം ഇന്ത്യ-ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടം, ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ സാന്നിധ്യം, സാമ്പത്തിക കുറ്റവാളികളെ കൈമാറ്റം ചെയ്യൽ തുടങ്ങിയ വിഷയങ്ങളും ചർച്ചാവിഷയമാകും .
തൃശ്ശൂര്‍ പറപ്പൂക്കര മുദ്രത്തിക്കരയില്‍ വാസിക്കുന്ന വിഷ്ണു എന്ന യുവാവ് വാക്കുതര്‍ക്കത്തിനിടയിൽ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ വിഷ്ണു വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാരും പൊലീസും അറിയിച്ചു. പരിക്കേറ്റ അച്ഛനെ സമീപവാസികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
കഴിഞ്ഞ അഞ്ച് ദിവസമായി വീട്ടിലെ മുറിയില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വിഷ്ണു, അച്ഛനും അമ്മയും എത്തിയപ്പോഴാണ് അക്രമം നടന്നത്. പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാര്‍ എന്നിവർ ചേര്‍ന്ന് രണ്ടുമണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് വിഷ്ണുവിനെ ബലംപ്രയോഗിച്ച് താഴെയിറക്കിയത്.
ആയോധനകലകള്‍ അഭ്യസിച്ചിരുന്നയാളാണ് വിഷ്ണുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം. അതിനിടെ, യുവാവിന്റെ മുറിയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ മലയാളം വാനോളം, ലാൽസലാം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. “മോഹൻലാൽ നേടിയ നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്; ഇത് മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം തന്നെയാണ് എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ടിലധികമായി മലയാള സിനിമയുടെ മുഖച്ഛായയായി മോഹൻലാൽ നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പരാമർശിച്ചു. കൂടാതെ മോഹൻലാൽ മലയാളത്തിന്റെ ആത്മസ്പന്ദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവറിലെ അഭിനയം എക്കാലത്തെയും മികച്ചതാണെന്നും, ഒരേ സമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാണ് മോഹൻലാലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഫാൽക്കെ പുരസ്കാരം ലഭിക്കുമ്പോൾ ഇതു പോലെ ഒരാഘോഷം ഉണ്ടായിരുന്നില്ലെന്ന് അടൂർ ഗോപലാകൃഷ്ണൻ വേദിയിൽ പറഞ്ഞു. ഇന്നത്തെ ഈ ആഘോഷത്തിൽ അഭിമാനമുണ്ടെന്നും ഓരോ മലയാളിക്കും സ്വന്തം പ്രതിരൂപം മോഹൻലാലിലൂടെ കാണാൻ കഴിയുന്നുവെന്നും അടൂർ കൂട്ടിച്ചേർത്തു.
ഷാജി തോമസ്
ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷൻ സേവനദിവസമായി ആഘോഷിച്ചു. ബാരി: ഇന്ത്യയിലെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കുന്ന സമയത്ത് ഏകദേശം ഏഴായിരം കിലോമീറ്ററുകൾക്കിപ്പുറം വെയിൽസിലെ ബാരി മലയാളി വെൽഫയർ അസോസിയേഷൻ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗണ്ടിയുമായി സംയുക്തമായി ബാരി ഐലന്റിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. മലയാളി വെൽഫയർ അസോസിയേഷന്റെ അംഗങ്ങൾ ഒക്ടോബർ രണ്ടിന് രാവിലെ പത്തു മണിക്ക് ബാരി ഐലൻഡിൽ ഒന്നിച്ചു കൂടുകയും ഗാന്ധി സ്മരണ നടത്തുകയും ചെയ്തു. തദവസരത്തിൽ നടത്തിയ ചടങ്ങിൽ വെയിൽ ഓഫ് ഗ്‌ളാമോർഗൻ കൗന്റിയുടെ മുൻ മേയറായിരുന്ന കൗൺസിലർ ജൂലി ഏവിയേറ്റ് മുഖ്യ അഥിതി ആയിരുന്നു. കൗൺസിലർ ജൂലിയോടൊപ്പം യുക്മ ദേശീയ കമ്മിറ്റി അംഗവും ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലെ കൗൺസിലറായ ബെന്നി അഗസ്റ്റിൻ യോഗത്തിൽ സന്നിധിനായിരുന്നു.

യോഗത്തിൽ മലയാളി വെൽഫയർ അസോസിയേഷന്റെ പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് അധ്യക്ഷം വഹിച്ചു. സെക്രട്ടറി പ്രവീൺ കുമാർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് കൗൺസിലർ ബെന്നി അഗസ്റ്റിൻ മഹാത്മാ ഗാന്ധിയെക്കുറിച്ചു സംസാരിക്കുകയും അദ്ദേഹം ലോകത്തിന് നൽകിയ സംഭവനെപ്പറ്റി പരാമർശിക്കുകയും അദ്ദേഹത്തിന്റെ സത്യാഗ്ര-മാതൃക പിന്തുടരുവാൻ അംഗങ്ങളോട് അധ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് മുഖ്യ അഥിതിയായ കൗൺസിലർ ജൂലി ഏവിയേറ്റ് ഗാന്ധി ജയന്തിയെ കുറിച്ച് സംസാരിക്കുകയും, ഗാന്ധിജി ലോകത്തിന് എന്നും ഒരു മാതൃക ആയിരുന്നു എന്നും പ്രതിപാദിച്ചു. അതുപോലെ തന്റെ കൗൺസിൽ മലയാളി വെൽഫയർ അസ്സോസിയേറ്റിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതായും പറഞ്ഞു. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ഗാന്ധി ജയന്തി ദിനത്തിൽ ബാരിയിൽ നടത്തുന്ന സേവന പരിപാടികളെക്കുറിച്ചു വിവരിക്കുകയും ചെയ്തു. യോഗത്തിന് ശേഷം റ്റോമ്പിൽ, ബെന്നി അഗസ്റ്റിൻ, ബെർളി, പ്രവീൺ, ടിറോൺ, നെൽസൻ, ശ്രീജിത്ത്, ദിലീപ്, സിജോ, മാത്യു, അക്സ, അനിൽ എന്നിവർ ബാരി ഐലൻഡിൽ സേവനദിനം ആചരിച്ചുകൊണ്ട്, ചുറ്റുപാടും ശുചികരണം നടത്തി. ഭാവിയിൽ എന്നും സമൂഹത്തിന് വേണ്ടി നിലകൊള്ളുമെന്നും, നമ്മുടെ മലയാളികളുടെ ഏതൊരാവശ്യത്തിലും മുൻഗണന പ്രാബല്യം നൽകി പ്രവർത്തിക്കുമെന്നും പ്രസിഡന്റ് റ്റോമ്പിൽ കണ്ണത്ത് പ്രഖ്യാപിക്കുകയും ലോകമെമ്പാടും എല്ലാവരും ഗാന്ധിജിയുടെ പാത തുടരട്ടെയെന്ന ആശംസയും നേർന്നു.







