ന്യൂസ് ടീം മലയാളം യുകെ
ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ മലയാളിയെ സഹായിച്ച NHS ന് പൂര്‍ണ്ണ പിന്തുണയുമായി യുകെ മലയാളികള്‍. NHS ന്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് മലയാളി സമൂഹം ഒരു പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ യോര്‍ക്ക്ഷയറില്‍ നിന്നുള്ള മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം നല്‍കുന്ന കനാല്‍ വാക്ക് നാളെ ലീഡ്‌സ് ലിവര്‍പൂള്‍ കനാലിന്റെ ചരിത്രപ്രസിദ്ധമായ സ്‌കിപ്ടണില്‍ നിന്നാരംഭിക്കും. രാവിലെ ഏഴു മണിക്ക് സ്‌കിപ്ടണില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ വാക്ക് യുക്മ നേഴ്‌സിംഗ് ഫോറം സെക്രട്ടറി ലീനുമോള്‍
ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. മാഞ്ചെസ്റ്റര്‍, ബോള്‍ട്ടണ്‍, ബേണ്‍ലി, കീത്തിലി, ലീഡ്‌സ്, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് മുഴുവനായും ഭാഗീകമായും കനാല്‍ വാക്കില്‍ പങ്കെടുക്കാന്‍ മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ ആര്യ ഷിബുവും ജോര്‍ജി സോളമനും മുഴുവന്‍ ദുരം നടക്കുന്നു എന്നത് സഹയാത്രികര്‍ക്ക് കൂടുതല്‍ പ്രചോദനമേകുന്നു. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ച് മാഞ്ചെസ്റ്റര്‍ ഇടവകയുടെ പൂര്‍ണ്ണമായ സഹകരണം കനാല്‍ വാക്കിന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കനാല്‍ വാക്കില്‍ പങ്കെടുക്കുന്ന ഇടവക ജനങ്ങളോടൊപ്പം ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് പങ്കെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. നൂറ് കണക്കിന് പൗണ്ടുകള്‍ ഇടവക സമൂഹത്തില്‍ നിന്നും NHSന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു.
ജേക്കബ്ബ് കുയിലാടന്‍,
സിബി ജോസ്
കലാകേരളം ഗ്ലാസ്‌കോ സ്‌കോട്‌ലാന്റിനെ പ്രതിനിധീകരിച്ച് കനാല്‍ വാക്കിന് പിന്തുണയുമായി രംഗത്തുണ്ട്. കനാല്‍ വാക്കിന്റെ പ്രധാന സ്‌പോണ്‍സറായ ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റിനോടൊപ്പം യൂറോപ്പിലെ നിരവധി സ്ഥാപനങ്ങള്‍ ഈ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയറിയ്ച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്ക് ലീഡ്‌സില്‍ എത്തിച്ചേരും. തറവാട് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സിബി ജോസ്, ലീഡ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ചേര്‍ന്ന് കനാല്‍ വാക്കിനെ ലീഡ്‌സില്‍ വരവേല്ക്കും.
മലയാളം യുകെ ന്യൂസാണ് കനാല്‍ വാക്കിന്റെ മീഡിയാ പാട്ണര്‍. കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നാലായിരം പൗണ്ട് കടന്നു എന്നത് മലയാളികള്‍ക്ക് NHS നോടുള്ള ആത്മാര്‍ത്ഥതയുടെ വ്യക്തമായതെളിവാണ്. കനാല്‍ വാക്കിന് സ്‌പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള ലിങ്ക് ഓപ്പണ്‍ ചെയ്ത് നിങ്ങളുടെ സംഭാവനകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുമല്ലോ!
https://www.justgiving.com/fundraising/joji-shibu
കനാല്‍ വാക്കില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
Fr. Happy Jacob, Shibu Mathew, Joji Thomas, Aarya Shibu, Jomesh Augustine, Sreejesh Salimkumar, Saritha Sebastian, Reby Jacob, Jessy Baby, Dr. Anju Varghese, Shinta Tom, Gintu Martin, Vinish Mathew, Babu Sebastian, Georgy Solomon, Joel Solomon,Byju John,
Aniyankuj Sachariah,Shibu Varghese
Jissy Sony, Litto Titus, Mathew Azhakathu, Amala Mathew, Kamlesh Zore, Kalpana Zore, Benoyi Mathew.
കൊട്ടാരക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി. എന്‍ ഗോവിന്ദ്, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ എന്നിവരാണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വെച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.
തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എർട്ടിഗ. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്തു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശ്രീകുമാരി അശോകൻ
മത്സഖീ ഇന്നു ഞാനോർക്കുന്നു നീയെന്റെ
ജീവിത വാസന്ത വനികയിൽ പൂത്തനാൾ
മുഗ്ദ്ധാനുരാഗത്തിൻ സ്‌നിഗ്ദ്ധ മധുരമാം
സ്നേഹോപഹാരത്താൽ ഓടിയണഞ്ഞവൾ
ജീവിത കയ്പ്പുനീരേറെ കുടിച്ച നിൻ
മാനസതാരിലെ വിങ്ങുന്ന നോവുകൾ
ചേതനയറ്റ നിൻ കൺകളിൽ കണ്ടു ഞാൻ തൂമധു ചോരും കിനാവിന്റെയോളങ്ങൾ
വിപ്ലവ വീര്യങ്ങളേറെപറഞ്ഞു ഞാൻ
ജീവിതവീഥിയിലേകനായ് തീരവേ
ഓർത്തുപോയ് നിന്റെയാ വിതുമ്പുന്ന ചുണ്ടിണ
ഓർത്തുപോയ് നിന്റെയാ സാന്ത്വന സ്പർശങ്ങൾ
എന്നിട്ടുമെന്തേവം ക്രൂരനായ് തീരുവാൻ
എന്തേ നിൻ ജീവനെ ഇല്ലാതെയാക്കുവാൻ
എന്താണെന്നുത്തരം കിട്ടാത്തൊരായിരം
ചിന്തകളെന്റെ മനസ്സിൽ പുകയുന്നു
എത്രയും പ്രിയതരമായ നിൻ ജീവന
മാല്യങ്ങളൊക്കെയും ദൂരേക്കെറിഞ്ഞു നിൻ
സ്വപ്നങ്ങളൊക്കെയും ചവുട്ടിയരച്ചതിൽ
ഉന്മത്ത നൃത്തം തുടരുന്നു പിന്നെയും
പൈശാചികത്വം സ്ഭുരിക്കുമെൻ കണ്ണുകൾ
ചുടുചോര നുണയുവാൻ വെമ്പുന്ന നാവുമായ്
ആസ്പഷ്ട വാക്കുകൾ ദിവികളിലലകൊൾകെ
ഓർത്തുപോയ് ഞാനിത്ര ക്രൂരനോ പാപിയോ
എന്തേവം ഞാനിത്ര ക്രൂരനായ് തീരുവാൻ
എന്തേവം ചിന്തകൾ ഭ്രാന്തമായ് തീരുവാൻ
നിന്നോടെനിക്കുള്ള സ്നേഹന്ധതതന്നെ
മന്നിൽ ഞാനിത്രയും ക്രൂരനായ് തീരുവാൻ
സ്നേഹത്താലന്ധത ബാധിച്ച കണ്ണുകൾ
സംശയദൃഷ്ടിയാൽ നോക്കിയതെപ്പോഴും
നിന്നെയപരന്മാർ നോക്കുന്നതെത്രയും
ദുസ്സഹമായിത്തുടങ്ങിയ നാളുകൾ
അന്നുതൊട്ടിന്നോളം ഞാൻ മാത്രമാണു നിൻ
ജീവിത നാടക വേദിയിൽ നായകൻ
അതുമാത്രമാണെന്റെ ചിന്താസരണിയിൽ
നീറിപ്പുകഞ്ഞൊരു ദ്വേഷത്തിൻ കാരണം
പ്രിയസഖി ഞാനിന്നു വരികയായ് നിന്റെയാ
മരണാനന്തര ജീവിത യാത്രയിൽ
താങ്ങായി,തണലായി എന്നും നിൻ ജീവിത
വാസന്ത യവനികയെ പൂവണിയിക്കുവാൻ
പോരുകയാണെൻ അശ്രുബിന്ദുക്കളാൽ
ഏറെ പഴകിയോരെൻ പാപങ്ങൾ കഴുകുവാൻ
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.


ബിനോയ് എം. ജെ.
ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരം(Self- Actualization) ആകുന്നു. മന:ശ്ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇത് അവസാനത്തെ ആവശ്യവും ആകുന്നു. ആത്മസാക്ഷാത്കാരത്തോടെ മനുഷ്യജീവിതം അതിന്റെ പരിസമാപ്തിയിലേക്ക് വരുന്നു. ഈ ജഗത്ത് ഉത്ഭവിച്ചത് ഈശ്വരനിൽ നിന്നും ആണെങ്കിൽ അത് പരിണാമത്തിലൂടെ ഈശ്വരനിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. ദ്രവ്യം പരിണമിച്ച് ജീവൻ ഉണ്ടാകുന്നു ; ഈ ജീവൻ ആദ്യം സസ്യമായും പിന്നീട് സസ്യം പരിണമിച്ച് ജന്തുവായും മാറുന്നു. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടാകുന്നു. മനുഷ്യനിൽ എത്തുന്നതോടെ പരിണാമം ഏറെക്കുറെ അവസാനിക്കുകയും പിന്നീടവൻ പരിശ്രമത്തിലൂടെ ഈശ്വരൻ ആവുകയും ചെയ്യുന്നു.
മനുഷ്യനിൽ എത്തുന്നതോടെ പരിണാമം അവസാനിക്കുന്നുവെന്നും പിന്നീടുള്ള പുരോഗതിക്ക് പരിശ്രമമാണ് വേണ്ടതെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്താണീ പരിശ്രമം? തന്നിൽ തന്നെ ഈശ്വരനെ കണ്ടെത്തുക! സ്വയം ഈശ്വരൻ ആവുക. താൻ ഇന്നും എന്നും ഈശ്വരൻ ആയിരുന്നുവെന്നും മറ്റുള്ളതെല്ലാം മതിഭ്രമങ്ങൾ മാത്രം ആയിരുന്നു എന്നും അറിയുക. ഇത്തരമൊരു അറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും എത്തുന്നയാൾക്ക് പിന്നീട് നേടിയെടുക്കുവാൻ യാതൊന്നുമില്ല. അയാളുടെ ജീവിത ലക്ഷ്യം തിരോഭവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവിതലക്ഷ്യം ആരിൽ തിരോഭവിക്കുന്നുവോ അയാൾ ഈശ്വരൻ ആയി മാറുന്നു. അയാളിലെ ഈശ്വരൻ സാക്ഷാത്കരിക്കപ്പെടുന്നു. അതിനാൽ തന്നെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കുക അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതാണ് അന്തിമമായ ജീവിതലക്ഷ്യം. ശ്രീബുദ്ധൻ പറയുന്നു- “നദിയിൽ ഒഴുകി നടക്കുന്ന തടിക്കഷണം പോലെ ആകുക”. ഓഷോ പറയുന്നു- “കാറ്റിൽ സഞ്ചരിക്കുന്ന മേഘം പോലെ ആകുക.” നദിയിൽ ഒഴുകുന്ന തടി കഷണത്തിനോ കാറ്റിൽ സഞ്ചരിക്കുന്ന മേഘത്തിനോ തനതായ ലക്ഷ്യങ്ങൾ ഒന്നുമില്ല .എങ്കിലും അവ ലക്ഷ്യത്തിലെത്തുന്നു.
ഇവിടെ ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കണമെന്ന് സിദ്ധിക്കുന്നു . ആഗ്രഹങ്ങൾ പരിമിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ യാതൊരു പരിമിതിയും ഇല്ലാത്ത അന്തസത്തയായ ഈശ്വരനാകുന്നു .നിങ്ങൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ജനിക്കുന്നു -ഞാൻ പരിമിതനോ അതോ അപരിമിതനോ ? ഈ ആശയക്കുഴപ്പം നിങ്ങളുടെ മനസ്സിന്റെ ശാന്തി തകർക്കുന്നു. ആശയക്കുഴപ്പത്തിൽ നിങ്ങൾ വട്ടം ചുറ്റുന്നു. നിങ്ങൾ ലക്ഷ്യത്തിലെത്താതെ പോകുന്നു.
അതിനാൽ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. അപ്പോൾ നിങ്ങൾ പരിപൂർണ്ണൻ ആകുന്നു .നിങ്ങൾ അപൂർണ്ണനാണെന്ന തോന്നലാണ് നിങ്ങളുടെ അപൂർണ്ണതയുടെ കാരണം. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതുപോലെ ആയിത്തീരുകയും ചെയ്യുന്നു . ഇതാണ് മനുഷ്യന്റെ മന:ശ്ശാസ്ത്രം . ആഗ്രഹങ്ങളുടെ പുറകെ പോകുന്നയാൾ സ്വയം അപൂർണ്ണനാണെന്ന് കരുതുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നയാൾ സ്വയം പൂർണ്ണനാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മനുഷ്യൻ സ്വയം പൂർണ്ണനാണ് . അതുകൊണ്ടാണ് അവന് പരിണാമം സംഭവിക്കുന്നില്ല എന്ന് തുടക്കത്തിൽതന്നെ പറഞ്ഞത് . ഈ പൂർണ്ണത ഒരു ബോധ്യം ആക്കി മാറ്റുന്നതാകുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
സൗത്തെന്റിലെ വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനി ആയ ആവലിൻ ജയ്സൺ എല്ലാ വിഷയങ്ങളിലും 9 ഗ്രേഡ് നേടി മികച്ച നേട്ടം കൈവരിച്ചു . യുക്‌മ നാഷണൽ കലാമേളയിൽ പലവട്ടം വിജയികൾ ആയ സൗത്തെൻഡ് മലയാളി അസോസിയേഷന്റെ ക്ലാസിക്കൽ ഡാൻസ് ടീമിൽ അംഗമായിരുന്നു . സീറോ മലബാർ മത്സരങ്ങളിൽ ക്വിസിലും , പ്രസംഗ മത്സരങ്ങളിലും ഡാൻസ് ഇനങ്ങളിലും പലവട്ടം വിജയി ആയിട്ടുണ്ട് .സ്പാനിഷ് ലാംഗ്വേജ് ഇഷ്ടപെടുന്ന ആവലിൻറെ കവിതകൾ സ്കൂൾ കുട്ടികൾക്ക് ആയിട്ടുള്ള ദേശീയ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
യുക്‌മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റ് ആയിരുന്ന ജെയ്സൺ ചാക്കോച്ചനാണ് പിതാവ് ,മാതാവ് സുബി ദേവസ്യ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സായി സൗത്തെൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു .വെസ്റ്റ് ക്ലിഫ് ഗ്രാമർ സ്കൂൾ വിദ്യാർത്ഥികൾ ആയ എയ്ഡെൻ ജെയ്സൺ, ആൻഡ്രിൻ ജെയ്സനും ഇളയ സഹോദരങ്ങൾ ആണ്
തമിഴ് സിനിമാലോകത്തെ താരസംവിധായകൻ ആറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ഇത്. നയൻതാരയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും കൂടിയാണ് ‘സാങ്കി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം.
വൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനത്തോടെ മുംബൈയിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയാക്കുക. ഓഗസ്റ്റ് 15ന് ടീസർ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഐപിഎൽ കാലത്ത് ഷാരൂഖ് ഖാനും ആറ്റ്‌ലീയും സ്റ്റേഡിയത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
കിംഗ് ഖാൻ ഇരട്ടവേഷത്തിലായിരിക്കും എത്തുക. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമ്മിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
അടുത്തിടെ ഷാരൂഖ് ഖാനും നയൻതാരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2019ൽ പുറത്തിറങ്ങിയ ബിഗിലാണ് ആറ്റ്‌ലിയുടെ അവസാന ചിത്രം.
മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയാണ് അറിയിച്ചത്.
2012ൽ ദോഹയിൽ നടന്ന അണ്ടർ14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു. നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. എന്നാൽ പിന്നീട് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിന്മാറേണ്ടിവന്നു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു താരം. ദുബായ് ഹെരിയറ്റ് വാട്ട് ആന്റ് മിഡ്ൽസെക്‌സ് കോളേജിലെ സൈക്കോളജി വിദ്യാർത്ഥിയായിരുന്നു തൻവി. ഡോ. സഞ്ജയ് ഭട്ടിന്റെയും ലൈലാന്റെയും മകളാണ്. സഹോദരൻ ആദിത്യ.
സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആ സ്വപ്‌നം തന്നെ സ്വന്തം ജീവനെടുത്താലോ? അത്തരത്തിലെ ദാരുണ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തില്‍ നിന്നുമാണ് അതിദാരുണ വാര്‍ത്ത.
ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24കാരനാണ് ഈ ദുര്‍ഗതി.പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ വീണാണ് ദുരന്തം ഇസ്മായിലിന്റെ ജീവനെടുത്തത്.
സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണം എന്നായിരുന്നു ഇയാളുടെ ജീവിത സ്വപ്‌നം. എട്ടാം ക്ലാസില്‍ വച്ച് പഠനം പോലും ഉപേക്ഷിച്ചാണ് ഹെലികോപ്റ്റര്‍ സ്വപ്‌നത്തിന് പിറകെ പോയത്.
ഗ്യാസ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുന്നതിനിടെയാണ് സ്വന്തമായി ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണമെന്ന മോഹം ഉണ്ടായത്. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയും യുവാവിനെ ഏറെ സ്വാധീനിച്ചിരുന്നു.
പിന്നീട് വര്‍ഷങ്ങളോളം ഈ മോഹം മാത്രമായിരുന്നു മനസില്‍. മാരുതി 800ന്റെ എന്‍ജിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ നിര്‍മിച്ചത്. യൂട്യൂബ് വീഡിയോകള്‍ നോക്കി നിര്‍മ്മാണം പുരോഗമിച്ചു.
ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു, അതിനിടെ ഹെലികോപ്റ്ററില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് അതിന്റെ ബ്ലേയ്ഡുകളില്‍ ഒന്ന് നിലംപതിക്കുകയുമായിരുന്നു.
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഇരിക്കെയാണ് അപകടം. ഹെലികോപ്റ്റര്‍ പറക്കാന്‍ സഹായിക്കുന്ന റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെയാണ് മരിക്കുന്നത്.
ഫൈസൽ നാലകത്ത്
ലോകസിനിമയ്ക്ക് ഇന്ത്യൻ വെള്ളിത്തിരയുടെ വരദാനമായ മഹാനടൻ മമ്മൂട്ടിയുടെ അമ്പത് വർഷമെത്തിയ അത്യുജ്ജ്വലമായ അഭിനയസപര്യക്ക് തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ആദ്യമായി ഒരു മ്യൂസിക് ആൽബം തയ്യാറാക്കിയിരിക്കുന്നു. പ്രമുഖരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വീഡിയോ ആൽബം ഉടനെ പുറത്തിറങ്ങും.
പഴയ തലമുറക്കാരുടെ നായകസങ്കല്പത്തിന്റെയും പുതുതലമുറക്കാരുടെ സിനിമയെന്ന സ്വപ്നസാക്ഷൽക്കാരത്തിന്റെയും സൂര്യതേജസ്സായ മമ്മൂട്ടിയുടെ അഭിനയജീവിതം ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ കാരുണ്യപ്രവർത്തനങ്ങളടക്കം അദ്ദേഹത്തിന്റെ മാതൃകാപരമായ സാമൂഹ്യഇടപെടലുകളും വ്യക്തിജീവിതവും പാട്ടിന്റെ ഉള്ളടക്കത്തിലുണ്ട്. പി.ജെ.ആന്റണിക്കും ഭരത് ഗോപിക്കും ബാലൻ കെ.നായർക്കും പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ഈ ആൽബം..
“സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടൻ” എന്ന് സാക്ഷാൽ എം.ടി. വാസുദേവൻ നായർ പറഞ്ഞത് ഒരേയൊരു അഭിനേതാവിനെ കുറിച്ചാണ്. തന്റെ സംഭാഷണങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ ഏറ്റവും വിജയിച്ച നടനെന്നും എം ടി ഉറക്കെ പറഞ്ഞ ആ മഹാത്ഭുതത്തിന്റെ പേരാണ് മമ്മൂട്ടി. എം ടി മാത്രമല്ല, കെ ബാലചന്ദർ, അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ്ജ്, ഷാജി എൻ കരുൺ, ബാലു മഹേന്ദ്ര, മണിരത്നം, ജബ്ബാർ പട്ടേൽ പോലുള്ള എത്രയോ ലെജന്റുകളും ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും, ഏറെ ആദരവോടെയും സ്നേഹത്തോടെയും ആരാധനയുടെയും കാണുന്ന മമ്മൂട്ടി എന്ന മഹാനടൻ മനോഹരമായ 50 ചലച്ചിത്ര വർഷങ്ങളാണ് നമുക്ക് തന്നത്.

ഈ സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകൾ നൽകിക്കൊണ്ട്, 7 ഭാഷകളിൽ 14 ഗായകരെ അണിനിരത്തികൊണ്ടുള്ള ഈ സംഗീത ആൽബം റിലീസിന് തയ്യാറായി. സെലിബ്രിഡ് ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, മമ്മൂട്ടി ഫാൻസ് & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്. ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍. ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു ), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. അവതരിപ്പിച്ചിട്ടുള്ളത്. 14 ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും ,കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും, ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.
കെ കെ മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ് , ഷൈൻ റയാംസ് ,സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തും ജയിച്ചു. എല്‍ഡിഎഫിന്റെ നാല് സിറ്റിങ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തു. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും പിടിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം. കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് വിജയിച്ചത്.
നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്. മലപ്പുറം തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സിപിഎം നിലനിര്‍ത്തി. നേരത്തെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സിപിഎം സ്ഥാനാര്‍ഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.
വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശേരി ഒമ്പതാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി. കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണിത്. നറുക്കെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബിജെപിക്ക് ആറ് വോട്ടും കിട്ടി.
മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വീര്‍പ്പാട് വാര്‍ഡില്‍ വിജയം നേടിക്കൊണ്ട് കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ഭരണത്തിലേറിയ എല്‍ഡിഎഫിന് വീര്‍പ്പാട് വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.
എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 232 വോട്ടിനാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചിരുന്നത്. വേങ്ങൂര്‍ പഞ്ചായത്തിലെ ചൂരത്തോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 19 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.പീറ്റര്‍ ജയിച്ചത്.
പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. 205 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്. കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.