തിരുവനന്തപുരം സ്വദേശികളായ യുവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫിസ് ലെയിൻ മൈത്രിയിൽ അജയകുമാർ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണു ലോവർപരേൽ ഭാരത് ടെക്സ്റ്റൈൽ മിൽ ടവറിലെ ഫ്ലാറ്റിൽ മരിച്ചത്. രണ്ടു തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച മങ്ങുകയും സുജയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും െചയ്തതിനെത്തുടർന്ന് നിരാശരായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. അജയകുമാർ സോൻഡ എന്ന സ്വകാര്യസ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. മുംബൈ നായർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവരുടെ മൃതദേഹങ്ങള്‍ മുംബൈയില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 7.05 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിക്കും. സുജയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം നോര്‍ക്കയുടെ ആംബുലന്‍സില്‍ സ്വദേശമായ കാരക്കോണത്ത് എത്തിക്കും. അജയകുമാറിന്റെ മൃതദേഹം തിരുവനന്തപുരം നാലഞ്ചിറയിലേക്കു കൊണ്ടുപോകും.
ഓണത്തിനു മകനും മരുമകളും വരാൻ കാത്തിരുന്നപ്പോൾ എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് അജയകുമാറിന്റെ കുടുംബം. ദിവസവും ചെയ്യുന്നതുപോലെ ചൊവ്വാഴ്ച രാത്രിയും വീട്ടിലേക്കു വിളിച്ച അജയകുമാർ അച്ഛൻ മധുസൂദനൻപിള്ളയും അമ്മയുമായി സംസാരിച്ചു.
ഓണത്തിനു നാട്ടിലെത്താൻ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞു. എന്തെങ്കിലും വിഷമമുള്ളതിന്റെ ലാഞ്ചന പോലും ഇല്ലാതിരുന്ന ആ സംസാരത്തിനു പിന്നാലെയാണ് വലിയ ഞെട്ടലായി മരണവിവരമെത്തിയതെന്നു ബന്ധുക്കൾ പറയുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു മധുസൂദനൻ പിള്ള.
കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികിത്സാര്‍ഥം ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 15 കോടി രൂപ എന്ത് ചെയ്‌തു എന്നറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഈ ഫണ്ട് ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികില്‍സ നടത്താന്‍ കഴിയുമോയെന്നും ചീഫ് ജസ്‌റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാന്‍ മുഹമ്മദ് കഴിഞ്ഞ ദിവസമാണു മരിച്ചത്.
കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടു കോടതി ഉത്തരവ് പ്രകാരം അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകിച്ചിരുന്നു. 16 മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍നിന്നു മാറ്റിയാല്‍ മാത്രമേ കുട്ടിക്ക് മരുന്നു നല്‍കാനാകൂവെന്നും ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കിയിരുന്നു. കുഞ്ഞ് ജനിച്ചതു മുതല്‍ വെന്റിലേറ്ററര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്. മണികുമാര്‍, ജസ്‌റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.
വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമ്മയെ രാത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഫോൺ നിരീക്ഷണത്തിലായതെന്നാണ് റിപ്പോർട്ട്. സിബിഐ മുൻ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ ഫോണും പെഗാസസ് പട്ടികയിലുണ്ട്. അലോക് വർമയുടെ കുടുംബാംഗങ്ങളുടെ നമ്പരും പട്ടികയിലുണ്ട്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയെ തുടർന്നു 2018 ഒക്ടോബര്‍ 23നാണ് അലോക് വർമയെ സിബിഐ മേധാവി സ്ഥാനത്തുനിന്നു നീക്കിയത്.
റഫാൽ ഇടപാട് വിവാദമായ സമയത്താണ് അനിൽ അംബാനിയുടേയും റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തിയത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനിയിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും നമ്പരുകളും പെഗസസ് പട്ടികയിലുണ്ടെന്നും ‘ദ് വയർ’ റിപ്പോർട്ടു ചെയ്യുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ തുടങ്ങിയ പ്രമുഖരുടെ ഫോണും ചോർത്തിയതായി നേരത്തെ റിപ്പോർട്ടു പുറത്തുവന്നിരുന്നു.
‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. ഇവരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിലുള്ളത് ഫോൺ ചോർത്തപ്പെട്ടെന്നതിനു സ്ഥിരീകരണമല്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടെന്നാണു ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്‍വെയർ.
മമ്മൂട്ടിയുടെ വാത്സല്യം സിനിമയില്‍ ബാലതാരമായെത്തിയ അമ്പിളിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വാത്സല്യത്തിന്റെ സെറ്റില്‍ വച്ച് ദുല്‍ഖറിനും സഹോദരിക്കുമൊപ്പം കളിച്ചതിനെ കുറിച്ചാണ് അമ്പിളി ഒരു അഭിമുഖത്തിനിടെ പറയുന്നത്.
വാത്സല്യം ലൊക്കേഷനൊക്കെ നല്ല ഓര്‍മ്മയുണ്ട്. അന്ന് താന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്. വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു. ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും തങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു.
ഇന്ന്, ദൈവമേ താന്‍ ആരുടെ കൂടെയാ ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കാറുണ്ട് എന്നാണ് അമ്പിളി പറയുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളിയുടെ അവസാന ചിത്രം രണ്ടാം ഭാവമാണ്. അഭയം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം അമ്പിളിയെ തേടി എത്തിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് തടി ഉണ്ടായിരുന്നു. ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നെ തന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി എന്ന് അമ്പിളി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് ‘നാല്‍ക്കവല’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടു പഠിപ്പിക്കുന്ന സീനെടുത്തു. രണ്ടു ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു.
മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. അങ്കണവാടിയില്‍നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്ക്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല. ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞത്.
അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ.വി.ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്മ പറഞ്ഞു, ഇതോടെ മതി, ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട’ എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണയും ഇല്ലാതായി. അതിനു ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല.’
നീരവ് മോദിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്നും ഇന്ത്യയിലേക്ക് അയച്ചാല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ അത് ബാധിക്കുമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മുംബൈ ആര്‍തര്‍ ജയിലിലെ മോശം സാഹചര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നീതിയുക്തമായ വിചാരണ ആയിരിക്കില്ല നടക്കുകയെന്നും അഭിഭാഷകര്‍ എഡ്വേര്‍ഡ് ഫിറ്റ്സ്ജെറാള്‍ഡ് വാദിച്ചു.
കോവിഡ് രോഗികളുള്ള ജയിലില്‍ എത്തിക്കുന്നത് തന്നെ മോശം കാര്യമാണ്. ജയിലില്‍ എങ്ങനെയുള്ള പരിഗണനയാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഇന്ത്യയ്ക്ക് കൈമാറുന്നത് അടിച്ചമര്‍ത്തലാവുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ലണ്ടനിലെ വാന്റ്‌സ്വര്‍ത്ത് ജയിലില്‍ വിചാരണ തടവുകാരനാണ് ഇപ്പോൾ നീരവ് മോദി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യറിന് കുരുക്കായത് പൊലീസിന്റെ അപ്രതീക്ഷിത നീക്കം. കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ വീണ്ടും മുങ്ങിയത് വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ്. പ്രതിക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നോർത്ത് പൊലീസ് കേസെടുത്തിരുന്നത്. ഇത് ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു.
ഇതോടെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രതി കോടതിയിലെത്തുകയും, നേരത്തേ നൽകിയ ജാമ്യാപേക്ഷ വേഗം പരിഗണിക്കാൻ അഭിഭാഷകൻ മുഖേന അപേക്ഷ നൽകുകയും ചെയ്തെങ്കിലും അൽപം കഴിഞ്ഞ പരിഗണിക്കാൻ മാറ്റി. ഇതിനിടെ വിശ്വാസ വഞ്ചനക്കുറ്റം കൂടി ചേർത്ത് കോടതിക്ക് പൊലീസ് റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാത്തതും 7 വർഷം വരെ തടവു ലഭിക്കാവുന്നതുമായ ഈ വകുപ്പ് ഉൾപ്പെടുത്തിയതോടെ കേസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ അധികാര പരിധിയിലായി.
ഇക്കാര്യം അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൽ ഖാദർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അപേക്ഷ അവിടെ നൽകാൻ അഭിഭാഷകർക്കു നിർദേശം നൽകി. തുടർന്നു പുറത്തിറങ്ങിയ സെസി രക്ഷപ്പെടുകയായിരുന്നു. എൽഎൽബി ജയിക്കാതെ മറ്റൊരാളുടെ റോൾ നമ്പർ നൽകി 2019ൽ ബാർ അസോസിയേഷനിൽ അംഗത്വം നേടിയ സെസി, ഏപ്രിലിൽ നടന്ന ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിർവാഹക സമിതി അംഗമായി.
പിന്നീട് ലൈബ്രേറിയനുമായി. അംഗത്വം നേടാൻ നൽകിയ രേഖകൾ, ലൈബ്രേറിയനായിരിക്കെ ഇവർ മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തതായും പരാതിയുണ്ട്. ബാർ അസോസിയേഷൻ നിർവാഹക സമിതി യോഗം ചേർന്ന് ഇവരെ പുറത്താക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. ഫ്രാൻസിസ് മംഗലത്ത്, അഡ്വ. എസ്. ബിന്ദുരാജ് എന്നിവർ ഹാജരായി.
ആദ്യം ഉൾപ്പെടുത്തിയ വകുപ്പുകൾ കൂടാതെ ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് അധിക വകുപ്പുകൾ ചുമത്തിയതിനാലാണ് ജാമ്യാപേക്ഷ പിൻവലിച്ച് സെസി തിരികെ പോയതെന്ന് അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തും എസ്.ബിന്ദുരാജും പറഞ്ഞു.ആദ്യ കുറ്റാരോപണ പ്രകാരം ഇന്ത്യയിലെ ഏതു കോടതിക്കും പ്രതിക്ക് ജാമ്യം നൽകാമെന്നിരിക്കെയാണ് കക്ഷി ഹാജരാകാൻ എത്തിയത്.
അധിക കുറ്റം ചുമത്തിയപ്പോൾ ജാമ്യം ലഭിക്കില്ലെന്നു സംശയിച്ച് തിരികെ പോയി. ഇനി ഹൈക്കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ മുൻകൂർ ജാമ്യത്തിനു ശ്രമിക്കും. പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർക്കെതിരെ ബാർ അസോസിയേഷന് നടപടിയെടുക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിയുണ്ടെന്നും അവർ പറഞ്ഞു. പ്രതിക്കുവേണ്ടി ഹാജരാകുമ്പോൾ അസോസിയേഷന്റെ താൽപര്യം നോക്കേണ്ടതില്ലെന്നും പറഞ്ഞു.
അതേസനമയം, സെസി സേവ്യർ പ്രതിയായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അസോസിയേഷൻ അംഗങ്ങളാരും കോടതിയിൽ ഹാജരാകരുതെന്നു നിർവാഹക സമിതി യോഗം തീരുമാനിച്ചു. ഇന്നലെ പ്രതിക്കുവേണ്ടി അംഗങ്ങളായ അഭിഭാഷകർ ഹാജരായതിനെ യോഗം അപലപിച്ചു. ഇവർക്കെതിരെ നടപടി ആലോചിക്കാൻ ഇന്നു 2.30ന് അസോസിയേഷൻ ജനറൽ ബോഡി ചേരും.
സ്ഥിരം കെഎസ്ആർടിസിയെ കുറിച്ചുണ്ടായിരുന്ന പരാതി കൈകാണിച്ചാൽ പോലും നിർത്തില്ലെന്നായിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരു യാത്രക്കാരനെ അന്വേഷിച്ച് അഞ്ച് കിലോമീറ്ററോളം തിരിച്ചോടി ഈ ആനവണ്ടി ഞെട്ടിച്ചിരിക്കുകയാണ്. ഒരാഴ്ച മുൻപാണ് സംഭവം.
ഇരിട്ടി ബസ് സ്റ്റാൻഡിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ബസാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺവിളിയെ തുടർന്ന് തിരിച്ചോടിയത്. ബംഗളൂരുവിൽനിന്ന് മൈസൂരു, വീരാജ്‌പേട്ട, ഇരിട്ടി, കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന സൂപ്പർ എക്‌സ്പ്രസ് ബസ് ഇരിട്ടിയിൽ എത്തിയപ്പോൾ ഏച്ചൂർ വഴി പോകുമോ എന്ന് ഒരാൾ ചോദിച്ചിരുന്നു. ഇല്ലെന്ന് കണ്ടക്ടർ മറുപടിയും നൽകി ഇയാളെ തിരിച്ചയച്ചു.
പിന്നീട് യാത്രക്കാരുമായി പുറപ്പെട്ട വണ്ടി ഉളിയിൽ എന്ന സ്ഥലത്തെത്തിയപ്പോൾ കണ്ടക്ടർക്ക് ഒരുഫോൺ കോളെത്തി. ഉയർന്ന ഓഫീസറുടേതാണ് കോൾ. എന്തുകൊണ്ട് ആ യാത്രക്കാരനെ കയറ്റിയില്ല. യാത്രക്കാരനെയും കൂടെയുള്ളവരെയും കയറ്റിയില്ലെന്ന് പരാതി വന്നിട്ടുണ്ട്. ഉടൻ വണ്ടി തിരിച്ചെടുത്ത് യാത്രക്കാരനെ കയറ്റണം. ഇതായിരുന്നു ഉന്നതന്റെ ആവശ്യം. മുകളിൽനിന്നുള്ള ഉത്തരവായതിനാൽ കണ്ടക്ടർ മറിച്ചൊന്നും ചിന്തിക്കാതെ വണ്ടി തിരിച്ചുവിടാൻ ഡ്രൈവർക്ക് നിർദേശം നൽകി.
ഇത്രദൂരം സഞ്ചരിച്ച വണ്ടി പെട്ടെന്ന് തിരിച്ചുവിട്ടപ്പോൾ യാത്രക്കാരും അക്ഷമരായി. എങ്കിലും ചോദ്യങ്ങൾക്കൊന്നും ആരും ഒരുമറുപടിയും പറഞ്ഞില്ല. നേരെ ഇരിട്ടി സ്റ്റാൻഡിലെത്തി യാത്രക്കാരനെ തപ്പിയെങ്കിലും യാത്രക്കാരന്റെ പൊടിപോലും കണ്ടില്ല. യാത്രക്കാരനെ കിട്ടിയില്ലെന്ന് കണ്ടക്ടർ റിപ്പോർട്ടുചെയ്ത ശേഷമാണ് ബസ് യാത്ര വീണ്ടും തുടങ്ങിയത്.
ഏച്ചൂർ വഴി ബസ് പോകില്ലെന്ന് യാത്രക്കാരനോട് പറഞ്ഞിരുന്നുവെന്ന് കണ്ടക്ടർ പറയുന്നു. അയാൾ ചിലപ്പോൾ ഓഫീസിൽ വിളിച്ച് തെറ്റിദ്ധരിപ്പിച്ചതായിരിക്കും കണ്ടക്ടർ പറഞ്ഞു. ഏച്ചൂർ വഴി ബസ് പോകില്ലെന്നറിഞ്ഞിട്ടും ഇത്രദൂരം ബസ് തിരിച്ചെടുത്ത് യാത്രക്കാരനെ അന്വേഷിക്കാൻ പറഞ്ഞ ഉന്നത ഉദ്യോഗസ്ഥന്റെ നടപടിയിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്.
ഇടുക്കി കട്ടപ്പനയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ 14 വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്ന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ഒന്നും തോന്നിയില്ലന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
വിമാനങ്ങള്‍ തമ്മില്‍ ഉരസിയതുമൂലം ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വെ കുറച്ചുസമയത്തേക്ക് അടച്ചു. ബഹ്റിന്റെ ഗള്‍ഫ് എയർ വിമാനത്തിന്റെ പിന്‍ഭാഗം ഫ്ളൈ ദുബായ് വിമാനത്തിലാണ് ഇടിച്ചത്. ആർക്കും പരുക്കില്ല.
ഇന്ന് രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സിവേയിലാണ് സംഭവം. കിര്‍ഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. ഇതേ തുടർന്ന് റണ്‍വെയുടെ പ്രവർത്തനം രണ്ടുമണിക്കൂർ നിർത്തിവച്ചു. ഇതിന് ശേഷം പുനരാരംഭിച്ചുവെന്നും ദുബായ് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്.
ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിലാൽ ഡാനിഷ് സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങൾ വിവരിച്ചത്. ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തെ താലിബാൻ അവഹേളിച്ചെന്നാണ് ബിലാൽ അഹമ്മദ് പറയുന്നത്. ‘താലിബാൻ ഇന്ത്യക്കാരെ വെറുക്കുന്നു’ അതുകൊണ്ട് തന്നെ മൃതദേഹത്തോട് പോലും അനാദരവ് കാട്ടുകയായിരുന്നെന്നും കാമൻഡർ അഭിമുഖത്തിൽ പറഞ്ഞു. കാണ്ഡഹാര്‍ മേഖലയിലെ സ്പിന്‍ ബോല്‍ഡാക്കില്‍ വെച്ച് വെടിവെച്ചാണ് ഡാനിഷിനെയും ഒരു ഓഫീസറെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ താലിബാൻ തലയിലൂടെ വാഹനം കയറ്റിയിറക്കിയെന്നും കമാൻഡർ ബിലാൽ അഹമ്മദ് പറഞ്ഞു. “ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ തലയിലൂടെ വാഹനം കയറ്റിയിറക്കി. ഡാനിഷ് മരിച്ചെന്ന് അറിഞ്ഞതിന് ശേഷമായിരുന്നു അത്” അഫ്ഗാൻ കമാൻഡർ പറഞ്ഞതായി റിപ്പോർട്ട്.
ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള വിദ്വേഷം മൂലമാണ് താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ രംഗത്തെത്തിയിരുന്നു. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെ താലിബാൻ വക്താവ് പ്രതികരിച്ചത്.
ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ല. യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് വ്യക്തമാക്കി.
ടെലിവിഷൻ വാർത്താ ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡാനിഷ് സിദ്ദിഖി പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് മാറുകയായിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർത്ഥികളുടെ പ്രതിസന്ധി കാണിച്ച ചിത്രം പകര്‍ത്തിയതിനാണ് പുലിറ്റ്‌സർ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയത്. 2015ലെ നേപ്പാൾ ഭൂകമ്പം, റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം, ഡൽഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കൊവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.