Latest News

സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.

അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.

എൻ.ജി.ഒ. കോൺഫെഡറേഷനിൽനിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ തട്ടിപ്പുകേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും പരാതികളെത്തി. മാള സ്റ്റേഷനിൽ രണ്ടുകേസുകൾ കൂടി എടുത്തു. ഇതോടെ നിലവിൽ തൃശ്ശൂർ ജില്ലയിൽ നാലുകേസുകളായി. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.

വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്നുവീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.

മനീഷയുടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേല്‍മൂടിതകര്‍ന്ന് മനീഷയും സ്വാതിയും ആള്‍ത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആള്‍ത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.

കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ആള്‍ത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.

മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആര്‍.വിഭാഗം ജീവനക്കാരിയായിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കുപ്രസിദ്ധ പാതയായ ‘ഡങ്കി റൂട്ടി’ല്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം അമേരിക്കയില്‍നിന്ന് നാടുകടത്തിയ ഹരിയാണ കർണാല്‍ സ്വദേശി ആകാശ്(20) പകർത്തിയ ദൃശ്യങ്ങളാണ് വിവിധ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലേക്ക് കടക്കാനായി മരണംമുന്നില്‍ക്കണ്ട് ആകാശ് നടത്തിയ യാത്രയുടെ വിശദാംശങ്ങളും കുടുംബം മാധ്യമങ്ങളോട് പങ്കുവെച്ചു.

പനാമയിലെയും മെക്സിക്കോയിലെയും വിവിധ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ആകാശ് അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് കുടുംബം പറഞ്ഞു. യു.എസ്. അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ പന പനാമയിലെ കൊടുംവനത്തില്‍നിന്ന് ആകാശ് പകർത്തിയ ചില ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനെത്തിയ മറ്റുള്ളവർക്കൊപ്പം കാട്ടില്‍ ടെന്റ് കെട്ടി താമസിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ദുഷ്കരമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.

തെക്കൻ അതിർത്തിയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്സിക്കോയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിവിധരാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം. കൊടുംകാടുകളും ജലാശയങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വഴിയിലുണ്ട്. ബസുകളിലും ബോട്ടുകളിലും കണ്ടെയ്നർ ട്രക്കുകളിലുമെല്ലാമാണ് ഈ റൂട്ടിലൂടെ ഏജന്റുമാർ ആളുകളെ അതിർത്തിയിലെത്തിക്കുന്നത്. ഇതിനിടെ അപകടകരമായ പലസാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം.

ഹരിയാണ സ്വദേശിയായ ആകാശ് പത്തുമാസം മുമ്ബാണ് അമേരിക്കൻ സ്വപ്നവുമായി ഇന്ത്യയില്‍നിന്ന് യാത്രതിരിച്ചത്. മെക്സിക്കോ വഴി നേരിട്ട് അമേരിക്കയിലേക്ക് പ്രവേശിക്കാനായാണ് ഏജന്റിന് പണം നല്‍കിയതെങ്കിലും അപകടംനിറഞ്ഞ പാതയിലൂടെയാണ് ആകാശിനെ കൊണ്ടുപോയതെന്നാണ് കുടുംബം പറയുന്നത്. ഏകദേശം 72 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയതെന്നും കുടുംബം പറഞ്ഞു.
ജനുവരി 26-ന് മെക്സിക്കൻ അതിർത്തിയിലെ മതില്‍ ചാടിക്കടന്നാണ് ആകാശ് യു.എസില്‍ പ്രവേശിച്ചത്. എന്നാല്‍, പിന്നാലെ യു.എസിന്റെ ചെക്ക്പോയിന്റില്‍ പിടിക്കപ്പെട്ടു. തുടർന്ന് തടങ്കലിലാക്കിയ യുവാവിനെ നാടുകടത്തല്‍ രേഖകളില്‍ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. രേഖകളില്‍ ഒപ്പിട്ടില്ലെങ്കില്‍ അമേരിക്കയില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ആകാശിന്റെ കുടുംബം വെളിപ്പെടുത്തി.

രണ്ടര ഏക്കറോളം വരുന്ന ഭൂമി വിറ്റും സ്വർണം പണയംവെച്ചുമാണ് കുടുംബം ആകാശിനെ യു.എസിലേക്ക് അയച്ചത്. അനധികൃത യാത്രയ്ക്കായി ആദ്യം 65 ലക്ഷം രൂപ നല്‍കി. പിന്നീട് ഏഴുലക്ഷം രൂപ കൂടി ഏജന്റുമാർ വാങ്ങിയെന്നും ആകാശിന്റെ സഹോദരൻ ശുഭം മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇത്തരംരീതിയില്‍ യു.എസിലേക്ക് പോകാൻ ശ്രമിക്കരുതെന്നും ഇതിന് നേതൃത്വം നല്‍കുന്ന ഏജന്റുമാർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക് പ്രതീക്ഷ പൊളിച്ച് ബിജെപി അധികാരമുറപ്പിച്ചു. 70 അംഗ നിയമസഭയില്‍ 48 സീറ്റില്‍ ലീഡ് നേടി ബിജെപി വിജയമുറപ്പിച്ചപ്പോള്‍ 22 സീറ്റില്‍ മാത്രമാണ് എഎപി ലീഡ് ചെയ്യുന്നത്.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ രണ്ടാമനുമായ മനീഷ് സിസോദിയവും പരാജയപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. 2020 ലേതു പോലെ തന്നെ കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായില്ല. ഇടയ്ക്ക് രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ട് പോയി.

വിജയമുറപ്പിച്ചതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബിജെപി നേതൃത്വം. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ പറഞ്ഞു.

ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ലീഡ് നില. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വികസനവും അഴിമിത രഹിത ഭരണവും ആഗ്രഹിച്ചതിന്റെ ഭാഗമാണ് ജനവിധി. ജനം വീണ്ടും പ്രധാനമന്ത്രിയായി മോഡിയെ അധികാരത്തിലേറ്റിയത് വികസനം ആഗ്രഹിച്ചതു കൊണ്ടാണ്. ഡല്‍ഹിയില്‍ ബിജെപി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്നും വീരേന്ദ്ര സച്ചദേവ പറഞ്ഞു.

കൊച്ചി : പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭമായി. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദംബിക കൃഷ്ണൻ നിർമ്മിക്കുന്ന നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന സിനിമ കതിരവൻ . മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായനാകുന്നു ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൂടാതെ ഹിന്ദി , തമിഴ് ചിത്രങ്ങളിലെ താരങ്ങളും അഭിനയിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ഓണത്തിന് തിയേറ്ററിൽ എത്തും. കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

ഡൽഹിയിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം. നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 8.30 -ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.60.54 ശതമാനമാണ് പോളിങ്. തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം.70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.

ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി. ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തുടർഭരണം ലക്ഷ്യമിട്ട്‌ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജൻസി പോളുകൾ പ്രവചിക്കുന്നു. അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാർട്ടി വക്താക്കൾ പറഞ്ഞു. ഡൽഹിയിലെ മോദി തരംഗമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ തെളിയുന്നതെന്ന് ബി.ജെ.പി. പ്രതികരിച്ചു.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.

പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം.

മനോജ് ജോസഫ്

ലിവർപൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സർവോപരി ഇന്ത്യൻ സമൂഹത്തിൻ്റെ സർവ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവർത്തിക്കുന്നു.

26/01/2025ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് കഴിഞ്ഞ ഒരു വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലിമ നടത്തിയ വിവിധ സാംസ്കാരിക പരിപാടികളും സാമൂഹ്യസേവന പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വർഷങ്ങളിൽ ലിമ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായ ചർച്ചകളും നടന്നു.

കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

ഈ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് സോജൻ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാർ ഗോപാലൻ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ രാജൻ, ട്രഷറർ ജോസ് മാത്യു, പി. ആർ. ഒ. മനോജ് ജോസഫ്, ഓഡിറ്റർ ജോയ്മോൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ആർട്സ് ക്ലബ്‌ കോഓഡിനേറ്റേഴ്‌സായി ജിജോ വർഗീസ്, പൊന്നു രാഹുൽ, രജിത് രാജൻ, രാഖി സേനൻ എന്നിവരെയും, സോഷ്യൽ മീഡിയ മാനേജരായി ജിജോ കുരുവിളയെയും , സ്പോർട്സ് കോഓഡിനേറ്ററായി അരുൺ ഗോകുലിനെയും തിരഞ്ഞെടുത്തു.

കമ്മിറ്റി മെംബേർസ് ആയി അനിൽ ഹരി, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, ബാബു ജോസഫ്, സൈബുമോൻ സണ്ണി, റ്റിജു ഫിലിപ്പ്, അലൻ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോർജ്, സിൻഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ്‌ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ലിമയുടെ ഈ പുതിയ നേതൃത്വം മലയാളി സമൂഹത്തിന് കൂടുതൽ സേവനം ചെയ്യുമെന്ന പ്രതീക്ഷയിൽ നമുക്ക് അവരെ അഭിനന്ദിക്കാം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.

അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ‘കെ ഹോംസ്’ എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.

വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.

വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുട്ടിയുടെ മരണത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ റിതാൻ രാജുവാണ് മരിച്ചത്.

ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുടെ ഇളയകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ഇല്ലാത്തതും മാലിന്യ കുഴി തുറന്ന് കിടന്നതും അപകട കാരണമാവുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അപകടം. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട്‌ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു.

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാൽ വാർത്തക്കുറിപ്പ് ഇറക്കി. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് വാർത്തക്കുറിപ്പില്‍ പറയുന്നത്.

എന്നാൽ, ആർക്കും യഥേഷ്ട്ടം കയറി ചെലവുന്ന പുൽത്തകിടിയാണ് ഇത്. കുട്ടികളെ ഉറപ്പായും ആകർഷിക്കും എന്നാണ് ദൃക്സാക്ഷിപറയുന്നത്. ഇവിടെ ഒരു മൂന്നറിയിപ്പ് ബോർഡോ ബാരികേഡോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറയുന്നു. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാൽ പുറത്ത് വിട്ടിട്ടില്ല.

RECENT POSTS
Copyright © . All rights reserved