Latest News

കോട്ടയം ∙ ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമ ന്യൂസിന്‍റെ ‘പൊരിഞ്ഞ പോര്’ പരിപാടിയില്‍ പറഞ്ഞു.

എൽഡിഎഫ് ഘടകക്ഷിയിൽനിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍നിന്നു മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉണ്ടാകുന്നത്. വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും.

ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണു നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നതു വാദം മാത്രമെന്നും ജോസ് പ്രതികരിച്ചു.

സ്പിരിച്ച്വൽ ഡെസ്ക് മലയാളം യുകെ.
ഓശാന ഞായറിലെ പ്രസംഗം വീണ്ടും ചർച്ചാ വിഷയമാകുന്നു. ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട്ട് മർത്തമറിയം ഫോറോനാ പള്ളിയിൽ ഓശാന ഞായറിലെ തിരുക്കർമ്മങ്ങളോട് അനുബന്ധിച്ച് ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ നൽകിയ വചന സന്ദേശം ചർച്ചാ വിഷയമാകുന്നു. ലക്ഷകണക്കിന് രൂപാ, നൂറ് കണക്കിനാളുകൾ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചു എന്ന പേരിൽ കുറവിലങ്ങാട്ട് പള്ളിക്ക് പിഴ ചുമത്തപ്പെട്ടു എന്ന കുപ്രചാരണത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രോഗ വ്യാപനത്തിന് ആൾക്കൂട്ടം കാരണമായി തീരും എന്ന പ്രചാരണങ്ങൾ ദേവാലയവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. ദുർവ്യാഖ്യാനങ്ങൾ ധാരാളം നടക്കുന്നുണ്ട്. സഭ ലോകത്തെ വെല്ലുവിളിക്കുകയല്ല! ഓശാന വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിന് സമാനമായ വിധത്തിൽ നമ്മളെ നയിക്കുന്നതിനു വേണ്ടി, നമ്മൾ തെരെഞ്ഞെടുക്കാൻ പോകുന്നയാളുകളുടെ ചുറ്റും പതിനായിരങ്ങൾ സമ്മേളിക്കുമ്പോൾ കോറോണ വ്യാപനത്തിൻ്റെ ഭീഷണിയും വെല്ലുവിളിയും ഒന്നുമില്ലേ എന്ന് നമുക്ക് ചിന്തിക്കാൻ കഴിയുമ്പോഴും അങ്ങനെയുള്ള ഒത്തുകൂട്ടങ്ങൾക്ക് നേരേ വെല്ലുവിളിയായി സഭ നിൽക്കുന്നില്ല.
നമ്മൾ തെരെഞ്ഞെടുക്കുന്ന നേതാക്കന്മാർ എത്ര കാലം നമ്മെ ഭരിച്ചാലും ശാശ്വതമായ സമാധാനവും നിത്യജീവനും നൽകാൻ അവർക്ക് സാധിക്കുമോ??

ആരാധന നടത്തിയതിൻ്റെപേരിൽ ഒരു പൈസ പോലും എൻ്റെ ദേവാലയം പിഴയടച്ചിട്ടില്ല. പിഴ ചുമത്താതിരുന്നിട്ടും പിഴ ചുമത്തിയെന്നും പിഴയ്ക്കപ്പെട്ടവരാണെന്നും വിധി കല്പ്പിച്ച് പ്രത്യേക പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ദൈവദത്തമായ അനുഗ്രഹത്തോടും ആശീർവാദത്തോടും കൂടെ വീണ്ടും ദാവീദിൻ്റെ പുത്രന് ഓശാന പാടാൻ ദൈവം നൽകിയ അവസരത്തെയോർത്ത് അഭിമാനത്തേക്കാൾ കൂടുതൽ ആനന്ദവും നന്ദിയുള്ളവരുമായി നമ്മൾ മാറണം.

“ഞാൻ എൻ്റെ ദേവാലയത്തിനെ സ്നേഹിക്കുന്നു”.
അത്യന്തം വൈകാരീകമായി കുറവിലങ്ങാടിൻ്റെ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ പറഞ്ഞതിങ്ങനെ…

[ot-video][/ot-video]

ഷിബു മാത്യൂ
ഇന്ന് ഓശാന ഞായര്‍.
എത്ര ഓശാന കടന്നു പോയാലും ക്രൈസ്തവര്‍ മറക്കാത്ത ഒരു ചിത്രമുണ്ട്. നാല്പത് വര്‍ഷത്തെ സൗഹൃദത്തിന്റെ ചിരിയുടെ ചിത്രം. മറിയക്കുട്ടി വട്ടമലയും അന്നമ്മ ചെപ്ലാവിലും ആഗോള ക്രൈസ്തവര്‍ക്ക് സമ്മാനിച്ചത് ഓശാനയുടെ വലിയ സന്ദേശമാണ്. ഇതിനപ്പുറം പോവില്ല ഒരു ഓശാന സന്ദേശവും. നാല്പതു വര്‍ഷമായി അവര്‍ കൂട്ടുകാരികളായിരുന്നു. ഒരേ കാലഘട്ടത്തില്‍ മിന്നു കെട്ടി അതിരംമ്പുഴയിലെത്തിയവര്‍. വന്ന് കേറിയവര്‍ എന്ന നിലയില്‍ സ്വകാര്യ ദു:ഖവും സന്തോഷവും ഒരു പോലെ പങ്കുവെച്ചവര്‍. അവരുടേതായ ഒരു സ്വകാര്യ ലോകത്തില്‍ അവര്‍ ജീവിച്ചു. കഴുത്തില്‍ മിന്നു ചാര്‍ത്തുമ്പോള്‍ തല കുനിച്ച് കണ്ണടച്ചു പ്രാര്‍ത്ഥിച്ച അതിരംമ്പുഴ ഫൊറോനാ പള്ളിയായിരുന്നു നാല്പത് വര്‍ഷം അവരുടെ ജീവിതത്തെ കൂടുതല്‍ ധന്യമാക്കിയത്.
അക്കാലത്ത് പള്ളിയിലെ എല്ലാമായിരുന്ന ( മരിച്ചു പോയ) പനന്താനത്ത് മത്തായിച്ചേട്ടനായിരുന്നു ആത്മീയ ആശ്വാസം. ജീവിതം മുഴുവന്‍ ദേവാലയത്തില്‍ ചെലവഴിച്ച് മരിച്ച കപ്യാര്‍ മത്തായിച്ചേട്ടന്‍ ഇടവകക്കാര്‍ക്കെല്ലാം വളരെ പ്രിയപ്പെട്ടവനായിരുന്നു. അതിരംമ്പുഴയുടെ കൂട്ടായ്മയില്‍ മത്തായിച്ചേട്ടന്റെ പങ്ക് അനുസ്മരിച്ചു എന്നു മാത്രം.
അടുത്ത ഞായറാഴ്ച കാണാം എന്ന ആകാംക്ഷയിലാണ് ഇരുവരും ജീവിച്ചിരുന്നത്. ദേവാലയത്തിലെ കൂടിക്കാഴ്ച്ച അവര്‍ വാനോളം ആഘോഷിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ഓശാന ചിത്രം. അവരറിയാതെ ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ജിതിന്‍ പുന്നാക്കപള്ളി രണ്ട് വര്‍ഷം മുമ്പുള്ള ഓശാന ഞായറില്‍ ദേവാലയത്തിന്റെ മുമ്പില്‍ നടന്ന അത്യധികം വൈകാരികമായ ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തി. കുരുത്തോല കൈയ്യിലേന്തി ദൈവാനുഭവം ആസ്വദിക്കുന്ന അമ്മച്ചിമാരുടെ ചിത്രം. നിഷ്‌കളങ്കതയ്ക്ക് ഇതിനപ്പുറമൊരു പര്യായമില്ല. മലയാളം യുകെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഈ ചിത്രം അക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തിരുന്നു.

വര്‍ഷം രണ്ടു കഴിഞ്ഞു.
ഇന്ന് ഓശാന ഞായര്‍.
പ്രിയ കൂട്ടുകാരി അന്നമ്മയില്ലാതെയുള്ള മറിയക്കുട്ടിയുടെ ഓശാന ഞായറിന്റെ വിശേഷങ്ങളറിയാന്‍ അന്നത്തെ ഫോട്ടോഗ്രാഫര്‍ ജിതിന്‍ പുന്നാക്കപള്ളി വട്ടമല കുടുംബത്തിലെത്തി. ചിരിയോടെ ജിതിനെ സ്വീകരിച്ചെങ്കിലും കൂട്ടുകാരി പോയതിന്റെ വിഷമം മറിയക്കുട്ടിയുടെ കണ്ണുകളില്‍ നിറഞ്ഞു. ജിതിന്റെ ചോദ്യത്തിനായി കാത്തു നില്ക്കാതെ മറിയക്കുട്ടി പറഞ്ഞു തുടങ്ങി. അവള്‍ പോയി. ഇനി ഞാനെങ്ങോട്ടുമില്ല. ഇവിടെയിരുന്നു പ്രാര്‍ത്ഥിക്കും. ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

ഇത് വലിയൊരു സന്ദേശമാണ് നല്കുന്നത്. കര്‍ത്താവ് ഭൂമിയില്‍ കൊടുത്തിട്ടു പോയതും ഇതു തന്നെയാണ്. ഈ സന്തോഷത്തിന് റോക്കറ്റ് ടെക്‌നോളജിയുടെ ആവശ്യങ്ങളൊന്നുമില്ല. കൊച്ചു കൊച്ചു കാര്യങ്ങള്‍. വെറുമൊരു കുരുത്തോലയില്‍ ഇത്രയും സന്തോഷം അവര്‍ക്കാസ്വദിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ അതാവണം ഓശാന ഞായറിലെ എറ്റവും വലിയ സന്ദേശമെന്ന് ജിതിന്‍ പറയുന്നു.

ജിതിന്‍ ക്യാമറയില്‍ പകര്‍ത്തിയ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അതീവ താല്പര്യമുള്ള ജിതിന്‍ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസ് ലിമിറ്റഡ് കമ്പനിയില്‍ കോട്ടയം മാരുതി ഡീലര്‍ഷിപ്പില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മാന്നാനം കെ ഇ കോളേജില്‍ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രചോദനത്തോടെ ഫോട്ടോഗ്രാഫിയിലേയ്ക്ക് തിരിഞ്ഞത്. എങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കളായാ കുരിയപ്പി, സിനുച്ചേട്ടായി, ഈപ്പന്‍ ഇവരൊക്കെയാണ് കാലാകാലങ്ങളില്‍ എല്ലാ വിധ സപ്പോര്‍ട്ടും ചെയ്തു തരുന്നതെന്ന് ജിതിന്‍ പറയുന്നു. അതിരംമ്പുഴയിലെ പ്രസിദ്ധമായ സ്റ്റാര്‍ ബേക്കറിയുടമ ജെയിംസ് ജോസഫാണ് ജിതിന്റെ പിതാവ്. മാതാവ് ബിജി ജെയിംസ്. ജിത്തു, അമല എന്നിവര്‍ സഹോദരിമാരാണ്.

നിശ്ചലമായ ചിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുക. അത് ചലിക്കുന്നതായി ആസ്വാദക മനസ്സുകളില്‍ എത്തിക്കുക. ഇതാണ് ജിതിന്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ മറ്റുള്ള ഫോട്ടോഗ്രാഫറുമാരുടെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
ജീവന്‍ തുടിക്കുന്ന, വരാനിരിക്കുന്ന ഒരു പുതിയ കാലഘട്ടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തണം. അതാണ് എന്റെ ആഗ്രഹമെന്ന് ജിതിന്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ജിതിന്‍ പകര്‍ത്തിയ ചിത്രം ഓശാന ഞായറിന്റെ ആശംസയറിയ്ക്കാന്‍ കേരള ക്രൈസ്തവര്‍ ഉപയോഗിച്ചു തുടങ്ങിയതും ഒരു വലിയ സന്ദേശമാണ്.

മെട്രിസ് ഫിലിപ്പ്

ഇസ്രയേൽ ജനതയുടെ രക്ഷകനായ യേശു ക്രിസ്തുവിന്, ജെറുസലേം നിവാസികൾ നൽകിയ രാജകീയമായ വരവേൽപ്പിന്റെ ഓർമ്മ ദിവസമാണ് ഓശാന സൺ‌ഡേ. ഇന്ന് എല്ലാ പള്ളികളിലും, കുരുത്തോലയും വീശി ഓശാന ഓശാന എന്ന് ഏറ്റു പാടിക്കൊണ്ട്, യേശുനാഥന്റെ, ജെറുസലേം പട്ടണത്തിലെക്കുള്ള പ്രവേശന ഓർമ്മ ആചരിക്കും. ആരും കയറാത്ത, കഴുതകുട്ടിയുടെ, പുറത്തിരുന്ന് വിനയത്തിന്റെ, മാതൃക കാണിച്ചുകൊണ്ട്, യേശു കടന്നു വരുന്നു.

ഒലിവ് മലയുടെ മുകൾ ഭാഗത്തുനിന്നാണ്, ഓശാന വീഥി ആരംഭിക്കുന്നത്. ആ മലയുടെ നേരെ എതിർ വശത്താണ്, ജെറുസലേം, പഴയ പട്ടണവും, അതിന്റെ കോട്ടയും പണിതിരിക്കുന്നത്. ആ കോട്ടയ്ക്ക് നിരവധി വാതിലുകൾ ഉണ്ട്. എന്നാൽ അതിൽ 9 എണ്ണം ആണ് പ്രധാനപ്പെട്ടത്. ചില വാതിലുകൾ, ഒരിക്കലും തുറക്കാറില്ല. അജകവാടങ്ങൾ എന്നാണ് ഈ പ്രവേശനകവാടങ്ങൾ അറിയപ്പെടുന്നത്.
New, Damascus, Herod’s, Lion’s, Dung, Zion, Jaffa, Golden, Huldah Gates എന്നിങ്ങനെ ആണ് അവ അറിയപ്പെടുന്നത്. ഒലിവ് മലയുടെ വശത്തുള്ള ഗോൾഡൻ ഗേറ്റ് വഴിയാണ്, യേശുനാഥൻ, ജെറുസലേം ദൈവാലയത്തിലേക്ക് രാജകീയമായി പ്രവേശിച്ചത്. Gate of Mercy എന്നും ഇത് അറിയപ്പെടുന്നുണ്ട്.
ഒലിവ് മലയുടെ മുകളിൽ നിന്നും, താഴേയ്ക്കാണ്, ഓശാന വിളികളുമായി, തീർത്ഥാടകർ സഞ്ചരിക്കുന്നത്. ഈ വീഥിയുടെ രണ്ട് വശങ്ങളിൽ ആയി, ഇപ്പോൾ മുസ്ലിം കല്ലറകൾ കാണാം.
യേശുനാഥൻ, കണ്ണീർ ഒഴുക്കി പ്രാർത്ഥിച്ച സ്ഥലത്ത്, കണ്ണീർതുളളി എന്ന പേരിൽ ഒരു പള്ളിയുണ്ട്. ഏറ്റവും താഴെയായിട്ടാണ് ഒലിവ് തോട്ടം. ഇവിടെ ഇരുന്നാണ്, യേശു കരഞ്ഞു പ്രാർഥിച്ചത്.
വി. ബൈബിളിൽ, യോഹന്നാൻ 12 ൽ രാജകിയ വരവേൽപ് എഴുതിയിട്ടുണ്ട്.

ഇന്ന് മുതൽ ആരംഭിക്കുന്ന വി. വാരാചരണത്തിനായ്‌ ഒരുങ്ങാം. വി. കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനെ ആരാധിക്കാം, പ്രാർത്ഥിക്കാം. ആമേൻ

2003 ൽ തന്റെ പതിനാറാം വയസ്സിൽ 1.8 മില്യൺ പൗണ്ട് (17 കോടി 98 ലക്ഷം) ലോട്ടറി അടിച്ച പെൺകുട്ടിയുടെ കഥ അന്ന് ലോകമെങ്ങും ചർച്ചയായിരുന്നു. എന്നാൽ ഇന്ന് സർക്കാർ നൽകുന്ന തുച്ഛമായ പണമാണ് ഇവരുടെ ജീവിതത്തിലെ ഏക ആശ്രയം. കിട്ടിയ കോടികൾ ധൂർത്തടിച്ച് നശിപ്പിച്ച കഥയാണ് ഇന്ന് ഇവർക്ക് ലോകത്തോട് പറയാനുള്ളത്. കംബ്രിയ സ്വദേശിനി കാലീ റോജേഴ്സാണ് ഇന്ന് പണത്തിനായി കഷ്ടപ്പെടുന്നത്.

കൊക്കെയ്ൻ ഉപയോഗിച്ച നിലയിൽ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട ശേഷം കോടതിയിൽ എത്തിയപ്പോഴാണ് കാലീയുടെ ജീവിതകഥ പുറം ലോകമറിയുന്നത്. 33കാരിയായ കാലീ ഇപ്പോൾ 4 കുട്ടികളുടെ അമ്മയുമാണ്. കോടികൾ കൈവന്നശേഷം ഒട്ടേറെ പ്രണയ ബന്ധങ്ങളും ഇവർക്കുണ്ടായി.

ലോട്ടറി അടിച്ച സമയത്തുതന്നെ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവിലേക്ക് ഇവർ കാമുകനൊപ്പം താമസം മാറിയിരുന്നു. രണ്ടരകോടിക്ക് മുകളിൽ സുഹൃത്തുക്കൾക്ക് ലഹരിമരുന്ന് പാർട്ടി നൽകാൻ ചെലവഴിച്ചെന്നും ഇവർ പറയുന്നു. മൂന്നു കോടിയോളം രൂപയുടെ ആഢംബര വസ്ത്രങ്ങളും വാങ്ങിക്കൂട്ടി. ഒൻപത് കോടിയോളം രൂപ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് കൊണ്ടുപോയെന്നും യുവതി പറയുന്നു. ഇന്ന് എല്ലാം നഷ്ടപ്പെട്ട് സർക്കാർ നൽകുന്ന ധനസഹായം കൈപ്പറ്റിയാണ് ജീവിക്കുന്നത്.

ഓശാന ഞായറാഴ്ച കുരുത്തോല ഏറ്റുവാങ്ങി രാഹുൽ ഗാന്ധി. തൊടുപുഴ മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് താനത്തുപറമ്പിലിൽ നിന്നാണ് രാഹുൽ കുരുത്തോല സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൊടുപുഴയിൽ നിന്ന് ചെന്നൈയിലേക്ക് പോകും മുൻപ് മുതലക്കോടം സെൻ്റ് ജോർജ് സ്കൂളിലെ ഹെലിപാടിൽ വച്ചാണ് രാഹുൽ കുരുത്തോല ഏറ്റുവാങ്ങിയത്. ഡീൻ കുര്യാക്കോസ് എംപി, കോൺഗ്രസ് നേതാവ് റോയ് കെ.പൗലോസ്, കേരളാ കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

ഇ. ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന് ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ചാനലിലെ പ്രോഗ്രാമിലായിരുന്നു പ്രതികരണം. പാലക്കാട് ഇ. ശ്രീധരന്റെ അത്ഭുത പ്രവർത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരൻ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പിൽ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരൻ ബി.ജെ.പിയിൽ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പിനിടെ തവനൂർ മണ്ഡലത്തിൽ നടന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് ഫിറോസിക്ക വരില്ലേ എന്ന കുട്ടിയുടെ ചോദ്യമാണ് വൈറലായി മാറിയത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലാണ്.

കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാർഥിയാണെന്ന് സമീപത്തുള്ളയാൾ പറയുന്നതും എന്നാൽ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

മ്യാൻമറിൽ സുരക്ഷാ സേന 91 പേരെ കൊലപ്പെടുത്തിയതായി മ്യാൻമർ മാധ്യമങ്ങൾ. കഴിഞ്ഞ മാസത്തെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രക്ഷോഭകർ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിനമാണ് ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 14 ന് 75നും 90നും ഇടയിൽ ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

ശനിയാഴ്ച മരണസംഖ്യ 91 ആയി ഉയർന്നെന്ന് വാർത്താ സൈറ്റായ മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തു. 20ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റുമുട്ടലുകളും സംഘർഷവുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകങ്ങൾ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു. കുട്ടികളടക്കമുള്ള സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ വിവധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മ്യാൻമറിലെ സുരക്ഷാ സേനകൾ ഭീതിയും അപമാനവും പടർത്തുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ മ്യാൻമറിലെ പ്രതിനിധി സംഘം ട്വിറ്ററിൽ പറഞ്ഞു.“കുട്ടികളടക്കം നിരായുധരായ സാധാരണക്കാരെ കൊല്ലുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല,” എന്നും ട്വീറ്റിൽ പറയുന്നു.

ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക ഭരണകൂടത്തിനെതിരായ പ്രതിഷേധം മ്യാൻമറിൽ തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരായി സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

അട്ടിമറിക്ക് ശേഷമുള്ള ആക്രമണങ്ങളിൽ ആകെ 328 പേർ കൊല്ലപ്പെട്ടതായി അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസൺസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.

കോവിഡ് ബാധിച്ച് അവശനിലയിലായ ദമ്പതികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ ദാരുണമരണം. ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരാണ് ഇവർ. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പിആർഒ ആണ്. വന്ദന കെകെ നഗറിലെ സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പാളായിരുന്നു. ഇവർക്ക് മക്കളില്ല.

തനിച്ചുതാമസിച്ചിരുന്ന ഇരുവരും ഒരാഴ്ചയിലേറെയായി അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഏറെദിവസമായിട്ടും ഇരുവരെയും പുറത്തു കാണാതിരുന്നതോടെ സംശയംതോന്നിയ അയൽക്കാർ വന്നുനോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്.

നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.

മരണവിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.

RECENT POSTS
Copyright © . All rights reserved