പ്രതിഷേധം ശക്തമായതോടെ വിവാദ പ്രസ്താവന പിന്‍വലിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്‌തെങ്കിലേ പുരോഗതിയുണ്ടാകൂവെന്ന തന്റെ പ്രസ്താവനയും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വേര്‍തിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അദേഹം വ്യക്തമാക്കി.
ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ മന്ത്രിയാകണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെയെങ്കിലേ പുരോഗതിയുണ്ടാകൂ.
ബ്രാഹ്മണനോ നായിഡുവോ ഗോത്ര വര്‍ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസമുണ്ടാക്കുമെന്നും ട്രൈബല്‍ മന്ത്രിയാകാന്‍ ആളുണ്ടെങ്കില്‍ അദേഹത്തെ മുന്നോക്ക ജാതികളുടെ ഉന്നമനത്തിനുള്ള മന്ത്രിയാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അതിനിടെ കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ് ഗോപി വീണ്ടും ആവര്‍ത്തിച്ചു. എയിംസിന് പരിഗണന ലഭിക്കുകയാണെങ്കില്‍ അത് ആലപ്പുഴയിലായിരിക്കും. ഇക്കാര്യം കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി സംസാരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
‘കേരളത്തില്‍ എയിംസ് വരും. ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഇടപെടല്‍ മൂലം നാശത്തിലേക്ക് കൂപ്പുകുത്തിയ പ്രദേശമാണ് ആലപ്പുഴ ജില്ല. എയിംസ് വരണമെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ആലപ്പുഴയിലാണ്. തൃശൂരില്‍ വരണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എയിംസ് എന്ന പരിഗണന കേരളത്തിന് ലഭിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ വരണം.
കേരളത്തിന് എയിംസ് കിട്ടുകയാണെങ്കില്‍ അത് ആലപ്പുഴയ്ക്ക് നല്‍കണമെന്ന് 2015 ല്‍ ജെ.പി നഡ്ഡയെ കണ്ട് അപേക്ഷിച്ച ആളാണ് ഞാന്‍. 2016 ല്‍ രാജ്യസഭയിലെത്തിയതിന് ശേഷവും ആലപ്പുഴയ്ക്ക് വേണ്ടി വാദിക്കുന്നയാളാണ്. അന്നു മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആലപ്പുഴയുടെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇന്നുവരെ ലിസ്റ്റില്‍ വന്നിട്ടില്ല’-സുരേഷ് ഗോപി പറഞ്ഞു.
ലാലി രംഗനാഥ്
2020. ഏപ്രിൽ 9.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്നായിരിക്കും ഒരുപക്ഷേ ഈ ദിവസം.. അന്നായിരുന്നു എന്റെ മണാലിയാത്രയുടെ തുടക്കം. വായിച്ചും കേട്ടുമറിഞ്ഞ മണാലി എന്ന സുന്ദരിയെ കാണുന്നതിന് മുൻപേ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.
ഭർത്താവും ഞാനും ഒരു സംഘത്തോടൊപ്പമാണ് യാത്രയുടെ തുടക്കത്തിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. ഏകദേശം ഉച്ചയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ ഞങ്ങൾ, ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് വോൾവോ ബസ്സിലായിരുന്നു മണാലിയിലേക്ക് യാത്ര തിരിച്ചത്. പാട്ടും ഡാൻസും അന്താക്ഷരി കളിയുമെല്ലാമായി ആഹ്ലാദ ത്തിമിർപ്പിലായിരുന്നു നാല്പതംഗസംഘം. അഞ്ചു മണിയായപ്പോഴേക്കും ചായ കുടിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇതിനകം പരസ്പരം പരിചയപ്പെടലിന്റെ അൻപത് ശതമാനത്തോളം കഴിഞ്ഞ്,ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു സംഘാംഗങ്ങൾ.
ഡൽഹിയിൽ നിന്നും പന്ത്രണ്ട് മണിക്കൂർ യാത്രയാണ്, 536 കിലോമീറ്റർ അകലെയുള്ള മണാലിയിലേക്ക്. ഡൽഹിയുടെ രാജവീഥികളിൽ നിന്ന് ബസ് ഔട്ടർ ഡൽഹിയിലേക്ക് പ്രവേശിച്ചു. സോണിപറ്റ് വഴി കുരുക്ഷേത്രയും, അംബാലയും,ചണ്ഡീഗഡും പിഞ്ചോറും പിന്നിട്ട് കുളു വഴി മണാലി.. ഇതാണ് റൂട്ടെന്ന് നമ്മോടൊപ്പമുള്ള ട്രാവൽ ഏജൻസിയുടെ എം.ഡി. ഹാരിസ് കൃത്യതയോടെ പറഞ്ഞു തന്നപ്പോൾ വെറുതെ ഓർത്തു, കുളിരുള്ള സ്ഥലമായതുകൊണ്ടാവും ‘കുളു’ എന്ന പേരെന്ന്.” ‘ചിന്തിച്ചുണ്ടാക്കുക ‘.എന്ന എന്റെ സ്ഥിരം സ്വഭാവം തലയുയർത്തി . സത്യമതല്ലെന്ന് വിവരമുള്ള ആരോ പിന്നീട് പറഞ്ഞുതന്നു. “കുളു “എന്ന പേരിന്റെ ഉത്ഭവം ‘ വാസയോഗ്യമായ അവസാന സ്ഥലം ‘.. എന്നർത്ഥംവരുന്ന ‘കുളന്ത് പിത്ത’ എന്ന വാക്കിൽ നിന്നുമാണെന്ന്. “എന്താല്ലേ… എന്റെ ഓരേ ചിന്തകളേ..”
ഇരുട്ട് കൂടി വന്നപ്പോൾ പുറംകാഴ്ചകളിൽ അവ്യക്തത വന്നുതുടങ്ങി. ബസ് രാത്രി ഭക്ഷണത്തിനായി ഒരു ധാബയിൽ നിർത്തി. ഭക്ഷണപ്രിയ ആണെങ്കിലും അന്ന് അത്രയ്ക്ക് വിശപ്പൊന്നും തോന്നിയില്ല. മനസ്സു മുഴുവൻ പുലരുമ്പോൾ കാണാമെന്നുറപ്പുള്ള മണാലി എന്ന സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.ബസ്സിൽ നിശബ്ദത കൂടിക്കൂടി വന്നപ്പോളെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.
കണ്ണുതുറന്നപ്പോൾ നേരം പുലർന്നു വരുന്നു. ദുർഘടം പിടിച്ച പാതയിലൂടെ ബസ്സ് മുന്നോട്ടു കുതിക്കുന്നു. അഞ്ചുമിനിറ്റ് ആ യാത്രാസുഖം അനുഭവിച്ച ഞാൻ മനസാ ബസിന്റെ ഡ്രൈവറെ നമിച്ചു പോയി. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ തോന്നി.
മണാലി എന്ന സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ബിയാസ് നദിയുടെ അരികിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നില്ല. ഒരു ഭാഗത്ത് കിഴുക്കാം തൂക്കായി കിടക്കുന്ന കൊക്കകൾ… വലിയ പാറക്കെട്ടുകളിൽ തട്ടി,പൊട്ടിച്ചിരിച്ച് പുളകം കൊണ്ട് ഒഴുകുന്ന ബിയാസ് നദി.. അല്പം പേടിപ്പെടുത്തുന്നതായിരുന്നെങ്കിലും മണാലിയിൽ എത്തിയപ്പോൾ ആ യാത്ര സ്വർഗ്ഗത്തിലേക്ക് തന്നെയായിരുന്നു എന്ന് അറിയാതെ പറഞ്ഞു പോയി. എത്ര സുന്ദരിയായിരുന്നു മണാലി. 7 30 ന് ഞങ്ങൾ മണാലിയിലെ ഹോട്ടലിന് മുന്നിലെത്തി. നാലു ഡിഗ്രി തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയ വിശ്രമത്തിനുശേഷം 8:30ന് വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും വിശപ്പിന്റെ അസുഖം തലയുയർത്തി തുടങ്ങിയിരുന്നു.. പ്രാതൽ കഴിഞ്ഞു…ഇനി സുന്ദരമായ മണാലിക്കാഴ്ചകളിലേക്ക്….
തുടരും….
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
പണിമുടക്കൊഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.
ശമ്പള വിതരണത്തില്‍ പോലും മാനേജ്മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശികയില്ല.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു.
എംഎൽഎക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളിൽ വാട്ട്സ്ആപ്പ് ചാറ്റുകളുണ്ടെന്നും ഇ-മെയിൽ സന്ദേശങ്ങളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട്. താരസംഘടന ആയിരുന്ന അമ്മയുടെ അംഗത്വം വാഗ്ദാനം ചെയ്താണ് നടന്‍ മുകേഷ് പല സ്ഥലങ്ങളിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് കേസ്.
ലൈംഗികാതിക്രമ വകുപ്പ് കൂടി ചേര്‍ത്താണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു..
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലില്‍ പി.കെ. കുഞ്ഞാലിക്കുട്ടികൂടി പങ്കെടുത്ത സംവാദത്തിലായിരുന്നു പ്രതികരണം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു മറുപടി.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ കുഞ്ഞാലിക്കുട്ടിക്കാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍റെ എട്ടാം ബജറ്റ്. ആദായ നികുതി പരിധി ഉയര്‍ത്തി. ഇനി മുതല്‍ വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ട. കയ്യടിയോടെയാണ് സഭ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
നികുതിദായകര്‍ക്കും ആശ്വസിക്കാനുള്ള വക ഇത്തവണത്തെ ബജറ്റിലുണ്ട്. റിട്ടേൺ ഫയൽ ചെയ്യാൻ നാല് വർഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ആദായനികുതി ഘടന ലഘൂകരിക്കും. മുതിർന്ന പൗരന്മാർക്ക് ടി ഡി എസ് പരിധിയുയർത്തി. വാടക വരുമാനത്തിലെ നികുതി വാര്‍ഷിക പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത ആഴ്ച പുതിയ ബില്ല് കൊണ്ടുവരും. പുതിയ ആദായ നികുതി നിയമം നികുതി ദായകര്‍ക്ക് ഗുണകരമാകും.
2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമെത്തുമെന്നുള്ള വന്‍കിട പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ബജറ്റിലുണ്ട്. ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷം പറഞ്ഞു.
ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ
*കസ്റ്റംസ് തീരുവയിൽ നിന്ന് 36 ജീവൻ രക്ഷാ മരുന്നുകൾ ഒഴിവാക്കി
*കാർഷിക മേഖലയ്ക്ക് പിഎം ധൻ ധാന്യ കൃഷി യോജന
*ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
*ബിഹാറിനായി മഖാന ബോർഡ്
*പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ്
*പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
*കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും
* ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം
* കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
* സ്റ്റാർട്ട് അപ്പിൽ 27മേഖലകളെ കൂടി ഉൾപ്പെടുത്തി
* ചെറുകിട ഇടത്തരം മേഖല വായ്‌പയ്ക്കായി 5.7കോടി
* 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തും
* ബീഹാറിൽ പുതിയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷഹാകര പദ്ധതി
* നൈപുണ്യ വികസത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്
* തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
* പാദരക്ഷാ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം
* മെയ്‌ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം
* അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
* പാട്‌ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
* സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും
* സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും
* അഞ്ച് വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ
* ആദിവാസി വനിതാ സംരംഭങ്ങൾക്ക് സഹായം
* ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും
* വനിതാ സംരംഭകർക്ക് രണ്ടുകോടി വരെ വായ്‌പ
* വഴിയോര കച്ചവടക്കാർക്കായി പിഎം സ്വനിധി വായ്‌പാ സഹായം
* ജൽജീവൻ പദ്ധതി 2028 വരെ
*ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
* പുതിയ ആദായ നികുതി ബില് അടുത്ത ആഴ്ച
* എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി
* ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
* ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
* 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
* ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും
* ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നൽകും
* സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും
* നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും
* സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്‌പ അനുവദിക്കും
*എഐ പഠനത്തിന് സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും
* മൊബൈൽ ഫോൺ ബാറ്ററികളുടെ വില കുറയും
* മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഫണ്ട് ഒരുലക്ഷമാക്കി
കൈരളി യുകെയുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്ത സന്ധ്യ സതാംപ്ടൺ വിക്ക്ഹാം കമ്യൂണിറ്റി സെന്റർ (Wickham Community Center) ഹാളിൽ വെച്ച് മാർച്ച് 22 ന് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ യുകെയിലെ മലയാളി സമൂഹത്തിൽ നിന്ന് ലഭിച്ച അകമഴിഞ്ഞ പ്രോത്സാഹനമാണ് 600 ൽ പരം ആളുകളെ ഉൾകൊള്ളുവാൻ കഴിയുന്ന ഒരു വിപുലമായ വേദി തെരഞ്ഞെടുത്തത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ൽ പരം കലാപ്രതിഭകൾ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങൾ ആണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. പരിപാടിയിൽ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ബിനു, ജോസഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം നടത്തി വരുന്നു. ഈ മനോഹരമായ കലാ വിരുന്ന് ആസ്വദിക്കുന്നതിന് യുകെയിലെ മുഴുവൻ കലാ ആസ്വാദകരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവാഹത്തിനുശേഷം റാന്നി സ്വദേശിയായ യുവാവ് വധുവിനെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്നു പരാതി. വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി.
ജനുവരി 23ന് വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം വരൻ കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു.
വിവാഹ സമയത്തു സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.
ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.
2025-26 വര്‍ഷത്തെ പൊതുബജറ്റ് ശനിയാഴ്ച 11ന് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റും നിര്‍മലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റുമാണിത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി എല്ലാ മേഖലയിലും സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ ഇതിനുള്ള സൂചനകളുണ്ടായിരുന്നു. എട്ടോളം തവണയാണ് രാഷ്ട്രപതി പ്രസംഗത്തില്‍ മിഡില്‍ ക്ലാസ് എന്ന വാക്ക് ഉപയോഗിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനുണ്ടെന്നുള്ളതും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. നികുതിയിളവുകളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.
കേന്ദ്ര ബജറ്റില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളവും ഉറ്റുനോക്കുന്നത്. വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം തുറമുഖത്തിനും പ്രത്യേക പാക്കേജ് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ യുവതി മരിച്ചു. ആൺസുഹൃത്തിന്റെ മർദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിൽ മുറിവേറ്റ നിലയിലും കണ്ടത്. അർധനഗ്ന നിലയിലായിരുന്നു മൃതദേഹം. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്.
പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.
സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പെൺകുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അർധ നഗ്‌നാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേർന്ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. യുവതി മരിച്ചതോടെ ആണ്‍സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പോലീസ് പറയുന്നത്.