Latest News

മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള സർവീസുകൾ ഉണ്ടാകില്ലന്ന റിപോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്നു എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ . ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു.

വിമാനങ്ങളുടെ അഭാവമാണ് സർവീസ് നിർത്തുന്നതിന് കാരണമായി എയർ ഇന്ത്യ പരോക്ഷമായി ചൂണ്ടിക്കാട്ടുന്നത്. വരുമാനക്കുറവ്, കൂടുതൽ വരുമാനമുള്ള റൂട്ടുകളിലേക്ക് വിമാനം കണ്ടെത്താനുള്ള ബുദ്ധിമുട്ട് തുടങ്ങിയ മുടന്തൻ ന്യായങ്ങൾ മാത്രമാണ് ഇതിന് എയർ ഇന്ത്യയ്ക്ക് പറയാനുള്ളത്. എല്ലാദിവസവും നിറയെ യാത്രക്കാരുമായി കൊച്ചിയിലേക്ക് പറക്കുന്ന വിമാനം നിർത്തലാക്കാൻ ഈ ന്യായം പറയുന്നത് ശരിയല്ലെന്ന് ഇന്നലെ ഗാട്ട്വിക്ക് എയർപോർട്ടിൽ നടന്ന മീറ്റിങ്ങിൽ ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യ മാനേജ്മെന്റിനോട് വ്യക്തമാക്കി. ഒട്ടും യാത്രക്കാരില്ലാത്ത ബെംഗളൂരു റൂട്ടിൽ എല്ലാദിവസവും സർവീസ് തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രാവൽ ഏജന്റുമാർ എയർ ഇന്ത്യയുടെ വാദങ്ങൾ പൊളിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ട്രാവൽ ഏജന്റുമാരാണ് എയർ ഇന്ത്യ മാനേജ്മെന്റുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. കണക്കുകൾ സഹിതം ഇവർ വാദമുഖങ്ങൾ ഉന്നയിച്ചപ്പോൾ നാട്ടിൽനിന്നുള്ള തീരുമാനമാണിതെന്നും അതിനാൽ കേന്ദ്രസർക്കാരിൽ സമ്മർദം ചൊലുത്താനുമായിരുന്നു എയർ ഇന്ത്യ പ്രതിനിധികളുടെ നിർദേശം എന്നാണ് അറിയാൻ സാധിച്ചത് .

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്‍റെ മൊഴി.

ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. പല കുരുക്കുകളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങൾ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു.

കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാൾ പറഞ്ഞത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങളുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ ഇളയമകൾ രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കിട്ടിയത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം രാത്രി ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ കാണാനില്ലെന്നായിരുന്നു ആദ്യ വിവരങ്ങൾ. ഫയർഫോഴസാണ് കുഞ്ഞിന്റെ മൃതേദഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

തുടക്കം മുതൽ തന്നെ കൊലപാതകമെന്ന സംശയത്തിലുറച്ചാണ് പൊലീസ് നീങ്ങിയത്. പ്രാഥമിക മൊഴികളിൽ പൊരുത്തക്കേടുകൾ നിറഞ്ഞതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശി ശ്രീകലയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ പൊലീസിനെ വട്ടം കറക്കി. അന്വേഷിച്ച് കണ്ടുപിടിക്കെന്നായിരുന്നു ഹരികുമാറിന്റെ പൊലീസിനോടുള്ള വെല്ലുവിളി. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിലായിരുന്നു കുറ്റസമ്മതം. തത്കാലത്തേക്ക് വിട്ടയച്ചെങ്കിലും ശ്രീതു സംശയനിഴലിൽ തന്നെയാണ്.

ഏറെ നാളെയായി ശ്രീതുവും ഭർത്താവ് ശ്രീജിത്തും അകന്നു കഴിയാണ്. ഇവർക്ക് എട്ട് വയസ്സുള്ള മകൾ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തിയിരുന്നു.

കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്കാണോ ശ്രമമെന്നായിരുന്നു സംശയമെങ്കിലും അത് പൊലീസ് തള്ളി. കിടപ്പുമുറിയിലെ കട്ടിൽ കത്തിച്ചും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമമുണ്ടായി. അമ്മയുടെ കുടുംബവീട്ടിൽ കുഞ്ഞിനെ സംസ്കരിച്ചു. അച്ഛൻ ശ്രീജിത്തിനെയും അമ്മൂമ്മയും ശ്രീകലയെയും സംസ്കാരചടങ്ങുകൾ പങ്കെടുക്കാൻ പൊലീസ് എത്തിച്ചിരുന്നു.

ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു. സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.

അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടണ്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 27 പേരുടെ മൃതദേഹം വിമാനത്തില്‍ നിന്നും ഒരാളുടേത് ഹെലികോപ്റ്ററില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.

അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം.

2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.

റോമി കുര്യാക്കോസ്

യു കെ: എയർ ഇന്ത്യ കൊച്ചി – യു കെ വിമാന സർവീസുകൾ നിർത്തലാക്കുന്നു എന്ന വാർത്ത ഇടിത്തീ ആയി യു കെയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഇടയിൽ പടർന്ന ക്ഷണത്തിൽ തന്നെ അടിയന്തിര ഇടപെടലുകളുമായി ഒ ഐ സി സി (യു കെ).

അഞ്ചു ലക്ഷത്തോളം പ്രവാസ മലയാളി സമൂഹത്തിന്റെ വ്യോമ യാത്രകൾക്ക് വിപരീത പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും അനുകൂലമായ തീരുമാനം അധികൃതരിൽ നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചുകൊണ്ട്‌ എയർ ഇന്ത്യ എം ഡി & സി ഇ ഓ ക്യാമ്പെൽ വിൽസൻ, യു കെയിലെ വ്യോമയാന മന്ത്രി മൈക്ക് കെയ്ൻ എന്നിവർക്ക് ഒ ഐ സി സി (യു കെ) – യുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. പ്രശ്നത്തിൽ അടിയന്തിര ഇടപെടലും ഇന്ത്യ ഗവണ്മെന്റിന്റെ പിന്തുണയും ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായ്ഡു ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് എന്നിവർക്കും ജനപ്രതിനിധികളുടെ പിന്തുണ തേടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ, ഫ്രാൻസിസ് ജോർജ് എം പി എന്നിവർക്കും സംഘടന നിവേദനം നൽകി. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ആണ് ഓൺലൈൻ മുഖേന നിവേദനം കൈമാറിയത്.

നേരത്തെ, എയർ ഇന്ത്യ വിമാന സർവീസുകളുടെ അടിക്കടി ഉണ്ടാകുന്ന സർവീസ് റദ്ധാക്കലുകളും തൻമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, ഗാട്വിക്കിൽ ഇപ്പോൾ അവസാനിക്കുന്ന എയർ ഇന്ത്യ സർവീസുകൾ ബിർമിങ്ഹാം / മാഞ്ചസ്റ്റർ വരെ നീട്ടണമെന്നുമുള്ള ആവശ്യങ്ങളും മാസങ്ങൾക്ക് മുൻപ് ഒ ഐ സി സി (യു കെ) – യുടെ നേതൃത്വത്തിൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

കൊച്ചി – യു കെ വ്യോമ സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കുന്ന പക്ഷം, സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ട യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിവേദനത്തിൽ വിവരിച്ചിട്ടുണ്ട്. കുട്ടികൾ / പ്രായമായവർ എന്നിവരുമായി യാത്രചെയ്യുന്നവർ, രോഗികളായ യാത്രക്കാർ, സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിങ്ങനെ നിരവധി യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനം പുനപരിശോധയ്ക്ക് വിധേയമാക്കണമെന്നും അനുഭാവപൂർവ്വം പരിഗണിച്ചു ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് ഓ ഐ സി സി (യു കെ) സമർപ്പിച്ച നിവേദനത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് 28ന് ആരംഭിച്ച കൊച്ചി – യു കെ എയർ ഇന്ത്യ വിമാന സർവീസിനെ പ്രതിവാരം ആയിരത്തോളം യാത്രക്കാർ ആശ്രയിക്കുന്നുവെന്നാണ് കണക്കുകൾ. ഡൽഹി, ബാംഗ്ലൂർ മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും യു കെയിലേക്ക് നടത്തുന്ന എയർ ഇന്ത്യ പ്രതിവാര സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടും കൊച്ചിയോട് അധികൃതർ ചിറ്റമ്മ നയം തുടരുകയായിരുന്നു. ഇതിനിടയിലാണ് മാർച്ച്‌ 29 ന് ശേഷം കൊച്ചി – യു കെ എയർ ഇന്ത്യ വിമാന സർവീസുകൾ ഉണ്ടാകില്ല എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ വിവരം എയർ ഇന്ത്യ പുറത്തിറക്കിയിട്ടില്ലെങ്കിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സ്’ – ലെ ഒന്നിൽ കൂടുതൽ അക്കൗണ്ടിൽ ഈ വിവരം പ്രചരിക്കുന്നുണ്ട്.

ഇപ്പോഴുണ്ടായ വിഷയവുമായി ബന്ധപ്പെട്ടു അധികൃതരുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചു വരുകയാണെന്നും, വരും ദിവസങ്ങളിൽ ഓ ഐ സി സി (യു കെ) – യുടെ നേതൃത്വത്തിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു. പ്രസിഡണ്ട്‌ ഷാജി ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ടാസ്‌മോൻ ജോസ്സഫ് സ്വാഗതം അർപ്പിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു ലോഗോ പ്രകാശനം നടത്തി. റവ ഫാ ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും നടത്തപ്പെട്ടു. കുറവിലങ്ങാട് നിവാസികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിറവിയാണിതെന്ന് മുഖ്യാതിഥികൾ അഭിപ്രായപ്പെട്ടു. സണ്ണി ടോം മുഖ്യ അതിഥികൾക്കും എത്തിച്ചേർന്ന മെമ്പേഴ്സിനും നന്ദി രേഖപ്പെടുത്തി. ട്രഷറർ സിനു സെബാസ്റ്റ്യൻ പരിപാടിയുടെ സ്പോൺസർമാരായിരുന്ന ആൻസ് ഗ്രോസെർസിനും JJB cpa ഗ്രൂപ്പ് ചെയർമാൻ ജോൺ ബാബുവിനും മോർട്ഗേജ് ലോൺ ഒറിജിനേറ്റർ ജോസ് മാത്യുവിനും നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും നടത്തി.

ശിവഗിരി ആശ്രമം യുകെയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ചതയ ദിന സത്സംഗം ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽസൂം ലിങ്ക് വഴി നടത്തപ്പെടും. അദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവ സാന്നിധ്യമായ ശ്രീമതി സുലേഖ ടീച്ചറാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. പ്രഭാഷണ വിഷയം ഹോമ മന്ത്രം. തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനവും ഗുരുപുഷ്പാഞ്ജലി മന്ത്രത്തോടെയുള്ള സമർപ്പണവും ഉണ്ടാവും .

ഇംഗ്ലണ്ട്: കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വിശുദ്ധ ദേവാലയ കൂദാശ 2025 ഫെബ്രുവരി 1- ന് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി. എബ്രഹാം മാര്‍ സ്തേഫാനോസ് മുഖ്യകാര്‍മികത്വം വഹിക്കും. ജനുവരി 31വെള്ളിയാഴ്ച വൈകിട്ട് 5:00 ന് സന്ധ്യ നമസ്കാരം 5:45-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ ആദ്യഭാഗം ദേവാലയ കൂദാശയ്ക്ക് ഇടവക മെത്രാപ്പോലീത്തയും, ഇടവക വികാരി മാത്യൂസ് കുറിയാക്കോസും നേതൃത്വം നല്‍കും.

ഫെബ്രുവരി-1ശനിയാഴ്ച 7:30-ന് പ്രഭാത നമസ്കാരവും 8:30-ന് വിശുദ്ധ ദേവാലയത്തിന്റെ കൂദാശയുടെ രണ്ടാം ഭാഗം 10:00-ന് വിശുദ്ധ കുർബാന. വൈകിട്ട് 3:00 മണിക്ക് പൊതുസമ്മേളനം (CB23 3RD പാപ്വർത്ത് വില്ലേജ് ഹാൾ)
സ്വാഗത പ്രസംഗം. ഇടവക വികാരി മാത്യൂസ് കുറിയാക്കോസ് പൊതുസമ്മേളനത്തിന്റ് അദ്ധ്യക്ഷൻ ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്തേഫാനോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുഖ്യഅതിഥി: IAN SOLLOM (MP ST.NEOTS & MID CAMBRIDGESHIRE)
MAYOR NIK JOHNSON (CAMBRIDGESHIRE & PETERBOROUGH COMBINED AUTHORITY)
MAYOR BAIJU THITTALA (CAMBRIDGE CITY COUNCIL)
REV FR.VARGHESE MATHEW(DIOCESAN SECRETARY)
കൃതജ്ഞത ശ്രീ.റോബിൻ തോമസ് (ഇടവക സെക്രട്ടറി).
ഒപ്പം യു.കെ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വൈദികർ, സഭാ പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സഭാവിശ്വാസികളും ചടങ്ങില്‍ ഭാഗമാകും. ഈസ്റ്റ് ആംഗ്ലിയ മേഖലയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആദ്യത്തെ പള്ളിയാണ്.

2005 – ന്റ് തുടക്കത്തിൽ ഈ പ്രദേശത്തേക്ക് കുടിയേറിയ മലങ്കര ഓർത്തഡോക്സ് സഭയിലെ വിശ്വാസികളുടെ ആഗ്രഹത്തിൽ നിന്നാണ് ഈ ഇടവക സ്ഥാപിതമായത്. സഭയുടെ പാരമ്പര്യങ്ങളിലും, അനുഷ്ഠാനങ്ങളിലും സർവ്വശക്തനായ ദൈവത്തെ ആരാധിക്കുന്നതിനായി റവ.ഫാ.ഏബ്രഹാം തോമസിന്റേയും ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി (ഭദ്രാസന മെത്രപ്പോലീത്ത) ഈ പ്രദേശത്തെ സഭാ വിശ്വാസികളുടെ പരിശ്രമ ഫലവുമായി കേംബ്രിഡ്ജ് ഷെയറിലെ പാപ്വവേർത്തിൽ ആദ്യത്തെ വിശുദ്ധ കുർബാന 2006-ന്റ് തുടക്കത്തിൽ നടത്തപ്പെട്ടു. 2007 ജൂണിൽ അന്നത്തെ യു.കെ, കാനഡ, യൂറോപ്പ് ഭദ്രാസനത്തിലെ കാലംചെയ്ത ഡോ.തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്ത ഈ ഇടവകയെ ഒരു സ്വതന്ത്ര ഇടവകയാക്കി ഉയർത്തി. 2014 July മാസത്തിൽ ഈ പള്ളിയും, അനുബന്ധ സ്ഥലവും ഇടവക സ്വന്തമായി വാങ്ങിക്കുകയും തുടർന്ന് 2016 ൽ ഇന്നത്തെ മാത്യകയിൽ നവീകരിക്കുന്നതിനുവേണ്ട ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.

2018 ജുലായിൽ അന്നത്തെ ഭദ്രാസന മെത്രപ്പോലിത്ത അഭി: മാത്യൂസ് മാർ തീമോത്തിയോസ് നവീകരിച്ച ദേവാലയത്തിന്റെ കല്ലിടിൽ കർമ്മം നിർവ്വഹിക്കുകയും പ്രാത്ഥന ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്തു. ഇടവക പൊതുയോഗ തീരുമാനപ്രകാരം 2025 ജനുവരി 31, ഫെബ്രുവരി -1-നും ഇടവകയുടെ കൂദാശ നടത്തുന്നതിനുള്ള തീരുമാനമുണ്ടായി.

ഇന്ന് നിലവൽ ഇടവകയിൽ 50 ൽ പരം കുടുംബ അംഗങ്ങളും, ഒപ്പം പഠനത്തിനായി എത്തിയ വിദ്യാർത്ഥികളും, ആരോഗ്യ മേഖലയിലേക്ക് കടന്നുവന്ന വിശ്വാസികളും വിശുദ്ധ ആരാധനയിൽ പങ്കെടുത്ത് വരുന്നു. സഭയുടെ കാനോനികമായ എല്ലാ അനുഷ്ഠാനങ്ങളും ശുശ്രൂഷകളും ചിട്ടയായി നടത്തുന്നതിന് ഈ ഇടവക എന്നും മുൻപിൽ തന്നെയാണ്. ഈ ദേവാലയ കൂദാശ കർമ്മത്തിലേക്ക് എല്ലാവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

REV.FR.MATHEWS KURIAKOS (VICAR 07832999325)
SECRETARY ROBIN THOMAS (07841385777)
TREASURER BINOJ VARGHESE (07708327018)
CONVENER SUKU DANIEL (07952916136)
JOINT CONVENER ANILRAJU (07877332931)
PUBLICITY CONVENER
JITHOSH JOHN (07908174434)

ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അതിനിടെ, മുന്‍ഗണനാ മാനദണ്ഡം മറികടന്നാണ് ഈ തീരുമാനം എടുത്തതെന്ന ആരോപണം ശക്തമായി. അര്‍ഹരായി നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷെറിനെ പരിഗണിച്ചത് നീതികരിക്കാൻ കഴിയില്ലെന്നാണ് വിമർശനം.

എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം.

ഷെറിന്‍ മാനസാന്തരപ്പെട്ടെന്നും ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാര്‍ശ ചെയ്തതെന്നുമാണ് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശകസമിതി അംഗം എം.വി.സരളയുടെ പ്രതികരണം. ഉപദേശകസമിതി പ്രത്യേക പരിഗണനയൊന്നും ഷെറിന് നല്‍കിയിട്ടില്ല. മോചിപ്പിക്കുന്നതില്‍ പ്രശ്നമില്ലെന്ന് പൊലീസും കണ്ടെത്തിയെന്നും എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണരുതെന്നും എം.വി.സരള പറഞ്ഞു.

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടെന്ന് ജ്യോതികുമാര്‍ ചാമക്കാല.

മനോരമ ന്യൂസ് കൗണ്ടര്‍പോയന്റിലാണ് ചാമക്കാലയുടെ ആരോപണം. കെ ബി ഗണേശ് കുമാറിന്റെ ഓഫീസ് ഇടപെട്ടാണ് അവരെ സഹായിച്ചത്. അതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാമക്കാല പറഞ്ഞു. ഗണേഷിന്റെ അനുയായി കോട്ടാത്തല പ്രദീപും ഇടപെട്ടു. പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നും ജ്യോതികുമാര്‍ പറഞ്ഞു.

ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ. ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചു

സംസ്ഥാനത്തെ ജയിലുകളിലെ ജീവപര്യന്തം തടവുകാരായ വനിതകളില്‍ ഏറ്റവും കൂടുതല്‍ പരോള്‍ ലഭിച്ചവരില്‍ ഒരാള്‍ ഷെറിനാണ്. പലപ്പോഴായി ഒരു വര്‍ഷത്തിലേറെ സമയം ഇവര്‍ പരോളിലായിരുന്നു. ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലായിരുന്നു ഷെറിന്‍. പിന്നീട് തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കും പിന്നാലെ അട്ടക്കുളങ്ങരയിലേക്കു മാറ്റി. 2 വര്‍ഷം മുന്‍പ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് ഷെറിനെ മാറ്റിയിരുന്നു.

പ്രമാദമായ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നില്‍ ഇടതു മുന്നണി നേതാവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനം ടിവിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പോസ്റ്റാണ് വൈറലായത്. ആരാണെന്ന പേര് വിളിപ്പെടുത്താതെയാണ് ചിലതെല്ലാം അനില്‍ നമ്പ്യാര്‍ കുറിച്ചത്. പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു. (ഇദ്ദേഹത്തിന്റെ പേര് തല്‍ക്കാലം രഹസ്യമാക്കി വെക്കുന്നു). ഈ ‘മാന്യന്‍’ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്.ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയോടെ ദ്രുതവേഗം മന്ത്രിസഭയ്ക്ക് മുന്നിലെത്തിയതും അനുകൂല തീരുമാനം എടുപ്പിച്ചതും ഈ നേതാവാണെന്നതില്‍ സംശയമില്ല-അനില്‍ നമ്പ്യാര്‍ കുറിക്കുന്നു.

ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയില്‍ ജിന്‍സന്‍ – നിഷ ദമ്പതികളുടെ മകന്‍ ജിജോമോന്‍ ജിന്‍സണ്‍ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം.

എംസി റോഡില്‍ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയില്‍ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം.

കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന വാന്‍ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജിജോമോന്റെ സഹോദരിമാര്‍: ദിയ, ജീന

RECENT POSTS
Copyright © . All rights reserved