Latest News

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ അഗ്നിപർവതം പൊട്ടി വൻ ലാവ പ്രവാഹം.15 പേര്‍ മരിച്ചതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായുമാണ് റിപോര്‍ട്ട്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകളെ മുക്കി ലാവ പരന്നതോടെ, രാത്രിയിൽ ആയിരങ്ങളാണു പലായനം ചെയ്തത്. ലാവ പ്രവാഹം 20 ലക്ഷം ജനസംഖ്യയുള്ള ഗോമ നഗരത്തിനു സമീപമെത്തി നിന്നത് ആശ്വാസമായി. നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെയാണു അഗ്നിപർവതം.

അഗ്നിപർവതമായ മൗണ്ട് നിരഗോംഗോ പൊട്ടിയാണ് ഓറഞ്ച് നിറത്തിലുള്ള ലാവ താഴ്‌വാരങ്ങളിലേക്കു ഒഴുകാൻ തുടങ്ങിയത്. കയ്യിൽ കിട്ടിയതുമെടുത്ത് ആയിരങ്ങൾ ഓടി. ആയിരക്കണക്കിനു ഗോമ നഗരവാസികളെയും ഒഴിപ്പിച്ചു. പുലർച്ചയായപ്പോഴേക്കും ഗോമ നഗരത്തിനു സമീപം ലാവ ഉറഞ്ഞു. ആകാശമാകെ കറുത്തപുക മൂടിനിന്നു. ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്കാണ് പലായനം ചെയ്തത്. എണ്ണായിരം പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി.

റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്.

തിരുവനന്തപുരം ∙ യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതല്‍ മേയ് 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. എറണാകുളം–പട്ന, തിരുവനന്തപുരം–സില്‍ചാര്‍ എന്നിവയും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം കൂടുതൽ തീവ്രമായി. ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഇതിന്‍റെ സ്വാധീനത്തിൽ ബുധനാഴ്ച വരെ കേരളത്തിൽ പരക്കെ മഴ കിട്ടും.

കടൽക്ഷോഭവും കാറ്റും കണക്കിലെടുത്ത് കിഴക്കൻ തീരത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതും രാജ്യത്തിന്റെ തന്നെ സമ്പത്തായ യുവവൈമാനികരും വ്യോമസേനയിലെ കരുത്തുറ്റ പോരാളികളും പതിവായിരിക്കുകയാണ്. വർഷങ്ങളായി അപകടങ്ങൾ സൃഷ്ടിച്ചിട്ടും മിഗ് വിമാനങ്ങളെ സർക്കാർ പിൻവലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.

കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേനയുടെ മിഗ്21 വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ വലിയ രോഷമാണ് ഉയരുന്നത്. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മിഗ് വിമാനം അപകടത്തിൽപ്പെട്ട് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സ്‌ക്വാഡ്രൺ ലീഡർ അഭിനവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.

മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവും കർഷകനുമായ സതേന്ദ്ര ചൗധരി സർക്കാരിനോട് കൈകൂപ്പി അപേക്ഷിക്കുകയാണ് ഇനിയെങ്കിലും കാലഹരണപ്പെട്ട ഈ വിമാനങ്ങൾ പിൻവലിക്കണമെന്ന്.

പഞ്ചാബിലെ മൊഗാ മേഖലയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തിൽപ്പെട്ടത്. ‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, കാലഹരണപ്പെട്ട വിമാനങ്ങൾ സർക്കാർ പിൻവലിക്കണം. മറ്റുള്ളവരുടെ ജീവൻകൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിർത്താൻ ഞാൻ സർക്കാരിനോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു’-കോപത്തോടെയും കണ്ണീരോടെയും കർഷകനായ സതേന്ദ്ര ചൗധരി പ്രതികരിക്കുന്നു.

അഭിനവിന്റെ അമ്മയും സഹോദരിയും ഭാര്യ സോണിക ചൗധരിയും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയാണ് അപകടവാർത്ത തേടിയെത്തിയത്. 2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയിൽ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് കാരണം അതിന് സാധിച്ചില്ല. ഇതിനിടെ കുടുംബത്തെ തേട് മരണവാർത്ത എത്തിയത് ഇവർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.

കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് തകർന്നുവീണത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങൾ മാത്രം തകരുന്നത് എന്തുകൊണ്ടൈന്നും അഭിനവിന്റെ ബന്ധുവും കർണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിക്കുന്നു.

സുരക്ഷിതമല്ലാത്ത ദൈർഘ്യമേറിയ കോവിഡ് ഡ്യൂട്ടി കാരണം സ്വന്തം കുടുംബത്തെ തന്നെ നഷ്ടപ്പെട്ട് തീരാ കണ്ണീരിലാണ് സിനി എന്ന നഴ്‌സ്. പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ നഴ്‌സായിരുന്ന സിനിക്ക് നഷ്ടമായത് യാതൊരു അസുഖങ്ങളുമില്ലാതിരുന്ന ഭർത്താവിനേയും ഭർത്താവിന്റെ മാതാപിതാക്കളേയുമാണ്.

പാലുകുടിക്കുന്ന കൈക്കുഞ്ഞുള്ളതിനാൽ തന്നെ നഴ്‌സായിരുന്ന സിനിക്ക് വാക്‌സിൻ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോവിഡ് വാർഡുകൾ ആശുപത്രിയിൽ ആരംഭിച്ചപ്പോൾ തന്നെ ഒഴിവാക്കണമെന്ന് സിനി മാനേജ്‌മെന്റിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിയെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ആശുപത്രി ക്രൂരത കാണിച്ചത്. സുരക്ഷിതമല്ലാത്ത പിപിഇ കിറ്റ് ധരിച്ചും മാസ്‌കണിഞ്ഞും ഡ്യൂട്ടിയെടുക്കേണ്ടി വന്ന സിനിയിൽ നിന്നും കോവിഡ് കുടുംബത്തെ ഒന്നാകെ ബാധിക്കുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളൊഴികെ കുടുംബത്തെ കോവിഡ് കവർന്നെടുക്കുകയുമായിരുന്നു.

ജോലിക്ക് പോവാൻ പോലുമാകാതെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഈ നഴ്‌സ്. സ്വകാര്യആശുപത്രികളിൽ സുരക്ഷിതമല്ലാതെ ജോലി എടുക്കുന്ന അനേകം നഴ്‌സുമാരാണ് സിനിയുടെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇവർ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎൻഎയും ജാസ്മിൻ ഷായും.

വിഷയത്തെ കുറിച്ച് ജാസ്മിൻ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്:

പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിന്റെ ആർത്തി വരുത്തിവച്ച വൻദുരന്തം നോക്കൂ.. മനുഷ്യനായി പിറന്ന ആരുടേയും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഇങ്ങനെ ഒരു ദുരന്തം ഇനി നമ്മുടെ ആരുടേയും ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ… എല്ലാം നേരിടാനും സഹിക്കാനും ധൈര്യപൂർവ്വം മുന്നോട്ട് പോകാനുമുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ…
ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ….നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ അവിടത്തെ സ്റ്റാഫ് നഴ്‌സുമാരോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരത കണ്ണ് തുറന്ന് ഒന്ന് കാണൂ… മറ്റുള്ളവരെയും ഇത് അറിയിക്കൂ… ഇങ്ങനെ ചവിട്ടിത്തേയ്ക്കപ്പെടേണ്ടവരാണോ നഴ്‌സുമാർ!!
വായിച്ചാൽ ആരും വിശ്വസിക്കില്ല. പക്ഷേ 100% സത്യമാണ്. എല്ലാവരും വായിക്കുക. ഷെയർ ചെയ്യുകയും വേണം. സാൻജോ എന്ന പ്രൈവറ്റ് ആശുപത്രിയുടെ ലാഭക്കൊതി കാരണം ഒരു കുടുംബം ഇല്ലാതായ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന, ഞെട്ടിക്കുന്ന വാർത്ത… അതും ഈ കൊച്ചുകേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് നിന്നും.
ഇതിൽ പറയുന്ന സിനി എന്ന യുവതിക്ക് വെറും 31 വയസ്സ് മാത്രമാണ് പ്രായം. അവളുടെ ഇളയ കുഞ്ഞിന് ഒരു വയസ്സ് അങ്ങ് ആയിട്ടേയുള്ളൂ. പെരുമ്പാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സാൻജോ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു സിനി. ഭർത്താവ് ഉല്ലാസ് 36 വയസ്സ്, പെരുമ്പാവൂർ ടൗണിൽ ഒരു ടയർ റീട്രെഡ് ഷോപ്പ് നടത്തുന്നു. ഒരു വയസ്സും 5 വയസ്സും പ്രായമുള്ള 2 പിഞ്ചുകുഞ്ഞുങ്ങൾ. രണ്ടും പെൺകുട്ടികൾ. കൂടെ ഉല്ലാസിന്റെ അപ്പച്ചനും അമ്മച്ചിയും ഉണ്ട്. 60 പിന്നിട്ടവരാണെങ്കിലും കണ്ടാൽ അത്ര പ്രായം തോന്നാത്ത നല്ല ആരോഗ്യമുള്ള അപ്പച്ചനും അമ്മച്ചിയും. സിനി ഡ്യൂട്ടിക്കും ഉല്ലാസ് ഷോപ്പിലേക്കും പോയിക്കഴിഞ്ഞാൽ അപ്പച്ചനും അമ്മച്ചിയുമാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.
ടൗണിൽ KSRTC സ്റ്റാൻഡിന് അടുത്തായിട്ടാണ് വീട്. സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിൽ വളരെ സന്തോഷകരമായി ജീവിച്ചുപോയിരുന്ന ഒരു കുടുംബം. സിനി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ കോവിഡ് വാർഡ് തുടങ്ങിയതോടെയാണ് സിനിയുടെയും കുടുംബത്തിന്റെയും കഷ്ടകാലം ആരംഭിക്കുന്നത്. പാൽ കുടിക്കുന്ന കുഞ്ഞ് ഉള്ളതിനാൽ കൂടെയുള്ളവരെല്ലാം കോവിഡ് വാക്‌സിൻ എടുത്തപ്പോഴും സിനിക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് വാർഡിൽ പോസ്റ്റിംഗ് ഇട്ടവരുടെ കൂട്ടത്തിൽ സിനിയും ഉണ്ടായിരുന്നു. താൻ വാക്‌സിൻ എടുത്തിട്ടില്ല എന്നും തനിക്ക് ചെറിയ കുഞ്ഞുള്ളതാണ് എന്നും തന്നെ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യരുത് എന്നും സിനി അധികാരികളുടെ കാല് പിടിച്ച് അപേക്ഷിച്ചതാണ്. പക്ഷേ ആരുടേയും മനസ്സലിഞ്ഞില്ല. അങ്ങനെ സിനി കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതയായി.
രോഗികളിൽ നിന്ന് പണം പിടുങ്ങാനായി തട്ടിക്കൂട്ടി കോവിഡ് വാർഡുകൾ ഉണ്ടാക്കുന്ന പല ഇടത്തരം പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും ഡോണിംഗ് & ഡോഫിംഗ് സൗകര്യങ്ങളും PPE കിറ്റ്, N95 മാസ്‌ക്, ഗ്ലോവ്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്രത്തോളമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എത്ര മണിക്കൂറാണ് തുടർച്ചയായി കോവിഡ് ഡ്യൂട്ടി എന്നതും ഞാൻ പറയേണ്ട കാര്യമില്ല. എന്തായാലും കോവിഡ് വാർഡിൽ ഡ്യൂട്ടി ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ സിനിക്ക് പനി തുടങ്ങി. വീട്ടിൽ ഭർത്താവിനും അപ്പച്ചനും അമ്മച്ചിക്കും എല്ലാം പനി. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവരും പോസിറ്റീവ്.
അമ്മച്ചിയേയും അപ്പച്ചനെയും ഭർത്താവിനെയും വിവിധ ഹോസ്പിറ്റലുകളിലേക്ക് മാറ്റി. മെയ് 12 ന് അമ്മച്ചി മരിച്ചു. മെയ് 18 ന് അപ്പച്ചനും മരിച്ചു. മെയ് 20 ന് സിനിയുടെ ഭർത്താവ് ഉല്ലാസും മരിച്ചു. 36 വയസ്സുകാരനായ സിനിയുടെ ഭർത്താവിന് മറ്റ് യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്നു! ഇനി സിനിക്കും കുഞ്ഞുങ്ങൾക്കും ആരാണുള്ളത്. വരുമാനമാർഗ്ഗവും അടഞ്ഞു. സിനി എന്തെങ്കിലും ജോലിക്ക് പോകാം എന്നു വച്ചാൽ തന്നെ അഞ്ചു വയസ്സും 1 വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെ ആരെ ഏൽപ്പിച്ച് പോകും! സിനിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്. വീട്ടിൽ ചെന്ന വളരെ അടുത്ത ബന്ധുക്കളോടും നേരിൽ ചെല്ലാൻ വയ്യാത്തതിനാൽ ഫോണിൽ വിളിക്കുന്നവരോടും സിനി ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്.. എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ ഇനിയെങ്ങനെ ഭക്ഷണം കൊടുക്കും, അവരെ ഇനി ആര് നോക്കും!
മുളകീറുന്ന പോലെ കരഞ്ഞുകൊണ്ട് സിനി ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല! എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കളും കൂടെ കരയുന്നു. ഈ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമുക്കും നാളെ ഇങ്ങനെ സംഭവിക്കാൻ പാടില്ല എന്നുണ്ടോ? ഇതിനൊക്കെ എന്താണ് ഒരു പരിഹാരം? ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ…. എല്ലാം താങ്ങാനുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ.എല്ലാ ദുരന്തങ്ങളും മറികടന്ന് എല്ലാ സങ്കടങ്ങളിൽ നിന്നും കര കയറുവാൻ എത്രയും വേഗം സിനിയ്ക്ക് കഴിയട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.. നമുക്കാർക്കും ഇങ്ങനെ ഒരു പരീക്ഷണം ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ…
ഈ വിവരം അറിഞ്ഞിട്ട് എന്നെ പല ഭാഗങ്ങളിൽ നിന്നും പരിചയമുള്ള നഴ്‌സുമാർ വിളിച്ചിരുന്നു. പലരും താങ്ങാൻ കഴിയുന്നതിലും വലിയ മാനസിക സമ്മർദ്ദത്തിലാണ്. നമുക്ക് വല്ലതും പറ്റിയാൽ സഹിക്കാം, എന്നാൽ നമ്മൾ മുഖാന്തിരം നമ്മുടെ ഉറ്റവർക്ക് കോവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടാൽ നമ്മൾ അത് എങ്ങിനെ സഹിക്കും? ജീവൻ ബാക്കി ഉള്ളിടത്തോളം കാലം നമ്മുടെ ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും മൊത്തം നമ്മളെ കുറ്റപ്പെടുത്തില്ലേ? ജോലിക്ക് പോകാൻ പോലും തോന്നുന്നില്ല, വീട്ടിലുള്ളവരുമായി കൂടി ആലോചിച്ചിട്ട് ജോലിക്ക് പോകുന്നത് നിർത്താൻ പോകുന്നു എന്നൊക്കെയാണ് പലരും പങ്കുവച്ച വിഷമങ്ങൾ. ഈ വാർത്ത കണ്ടിട്ട് ഇങ്ങനെ പറയുന്നവരെ നമുക്ക് എങ്ങിനെ കുറ്റപ്പെടുത്താൻ കഴിയും??
അതുകൊണ്ട് ഇനി ഇങ്ങനെ ആവർത്തിച്ചു കൂടാ.. അതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കോവിഡ് വാർഡുകൾ ഉള്ള എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും സാമൂഹ്യഅകലം പാലിക്കാൻ മതിയായ സൗകര്യമുള്ള ഡോണിംഗ്, ഡോഫിംഗ് മുറികൾ ഉണ്ടോ എന്നും വാർഡുകളിൽ ആവശ്യത്തിന് വെന്റിലേഷൻ ഉണ്ടോ എന്നും കൃത്യമായ, ഗുണനിലവാരമുള്ള PPE ആവശ്യത്തിന് നൽകുന്നുണ്ടോ എന്നും പരിശോധിക്കണം. എറണാകുളം പട്ടണത്തിലുള്ള NABH അക്രെഡിറ്റേഷൻ ഒക്കെയുള്ള പ്രശസ്തമായ സർക്കാർ ആശുപത്രിയിൽ പോലും ഡോണിംഗ്, ഡോഫിംഗ് സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതൊക്കെ പരിശോധിക്കപ്പെടണം.
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയാലും ഗർഭിണികളെയോ മുലയൂട്ടുന്ന അമ്മമാരെയോ Immunocompromised ആയിട്ടുള്ള ഗുരുതരരോഗങ്ങൾ ഉള്ളവരെയോ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്ന ഉത്തരവ് വേണം. അത് ലംഘിക്കുന്നവരെ യാതൊരു ഇളവും നൽകാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.
അതല്ലെങ്കിൽ ഇപ്പോൾത്തന്നെ രൂക്ഷമായ കേരളത്തിലെ നഴ്‌സുമാരുടെ ക്ഷാമം ഇനിയും വളരെ രൂക്ഷമാകും. അത് ഈ നാടിന് താങ്ങാൻ പറ്റിയെന്ന് വരില്ല. സ്വന്തം ഉറ്റവരുടെ സുരക്ഷിതത്വം പേടിച്ച് ഒരാൾ ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചാൽ പിന്നെ എസ്മയല്ല, എന്തൊക്കെ ഉമ്മാക്കി കാട്ടിയാലും അയാളെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ ദിവസം 1100 രൂപയും ഭക്ഷണവും താമസസൗകര്യവും നൽകാം എന്ന് ഓഫർ ചെയ്തിട്ട് പോലും കോവിഡ് ഡ്യൂട്ടി ചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്നതോർക്കണം.
Courtsey: Sudheer KH

രാജ്യത്തിന് അടുത്ത ഭീഷണിയായി പിടിമുറുക്കിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് രോഗം ബാധിച്ച് കേരളത്തിൽ നാല് മരണം. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന നാലുപേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ആലുവ സ്വദേശിനി കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹീം (50), എച്ച്എംടി കോളനി ഉല്ലാസ് ഭവനിൽ ചന്തു (77) എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികൾ. മറ്റ് രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

എറണാകുളം ജില്ലയിൽ ആറ് മ്യൂകോർമൈക്കോസിസ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് പറവൂർ സ്വദേശി (58) കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ കണ്ണ് നീക്കം ചെയ്തിരുന്നു.

തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ പഠിച്ച് വളർന്ന് മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് അഭിരാമി. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രീതി നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടോപ് ടെൻ എന്ന ടെലിവിഷൻ പരിപാടിലൂടെ മിനിസ്‌ക്രിനിൽ എത്തിയ താരം 1999 ൽ പുറത്തിറങ്ങിയ സുരേഷ്‌ഗോപി നായകനായ പത്രം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് സിനിമയിലെത്തുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിരാമി അഭിനയ ജീവിതം ആരംഭിച്ചത്. ശ്രീകുമാരൻ തമ്പി സംവിധാനം നിർവഹിച്ച അക്ഷയപാത്രം എന്ന പരമ്പരയിൽ അഭിനയിച്ചതോടെയാണ് താരം കൊടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്.

ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം ശ്രദ്ധ, മില്ലേനിയം സ്റ്റാർസ്, മേലേവര്യത്തെ മാലാഖകുട്ടികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയ മികവ് തെളിച്ചു. മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി പ്രമുഖ താരങ്ങക്കൊപ്പം മലയാളത്തിലും അർജുൻ, പ്രഭു, ശരത് കുമാർ, കമലഹാസൻ തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്കൊപ്പവും അഭിരാമി അഭിനയിച്ചു.

എഴുത്തുകാരനായ പവന്റെ മകനും ബിസിനസുകാരനുമായ രാഹുൽ പവനെ വിവാഹം ചെയ്ത താരം അമേരിക്കയിൽ സെറ്റിലാവുകയും യോഗ ട്രെയിനർ ആയി ജോലി ചെയ്യുകയുമാണിപ്പോൾ. എന്നാൽ അതിനിടയിൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മേഡ് ഫോർ ഈച് അദർ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകയായും താരം പ്രവർത്തിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ആസിഫലി ചിത്രമായ ഇത് താൻ ടാ പോലീസ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും വിവാഹ ശേഷം തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും മനസുതുറക്കുകയാണ് താരം. വിവാഹം കഴിഞ്ഞു പുതിയ കുടുംബവുമായി പൊരുത്തപ്പെടുമ്പോൾ നമ്മളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും വയസ്സാകുമ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മുടെ കയ്യിൽ അല്ലെന്നും ശരീരം മെലിയുന്നതും മുടി കൊഴിയുന്നതുമെല്ലാം തനിക്കും ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

എന്നും ഒരേ രീതിയിൽ പോവുന്നത് ശരിയല്ലല്ലോ എന്നും തൻ്റെ പഴയകാല ഷൂട്ടിങ്ങ് കഥകളെ കുറിച്ചും താരം പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞു രാത്രിയിൽ വീട്ടിൽ തിരിച്ചെത്തുകയും പുലർച്ചെ വീണ്ടും പോകുന്നതും തുടങ്ങിയ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ജീവിതത്തിൽ സംവിക്കുന്നത്. അതിനാൽ തന്നെ വീണ്ടു അഭിനയലോകത്തേക്ക് തിരിച്ചെത്താൻ ഈ അനുഭവങ്ങൾ പ്രേരിപ്പിക്കുകയാണെന്നും അഭിരാമി പറയുന്നു.

സംവിധായകൻ അലി അക്ബർ സോഷ്യൽ മീഡിയയിൽ മുൻപ് പങ്കുവച്ച ഒരു കുറിപ്പ് വീണ്ടും ചർച്ചയാകുകയാണ്. താൻ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നും
30വര്‍ഷമായി ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള്‍ മുസ്ലിം ആയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

30 വര്‍ഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള്‍ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ് അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാന്‍ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടില്‍ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവന്‍ കയറി വന്നാല്‍ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതില്‍ എനിക്കെതിര്‍പ്പുമില്ല’

ഈശ്വരന്‍ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളില്‍ രൂപങ്ങളില്‍ വിളിച്ചോളൂ എന്നു പറഞ്ഞ ധര്‍മ്മ സന്തതിയാണ് ഞാന്‍, നിങ്ങള്‍ എന്റെ പരേതനായ അമ്മായി അപ്പനെ,അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്നേഹമുള്ള ക്രിസ്ത്യാനികള്‍ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധര്‍മ്മത്തില്‍ ചലിക്കുന്ന ഹിന്ദുവാകൂ’

‘ഒരു തര്‍ക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധര്‍മ്മ ഭൂവില്‍ അതിനുള്ള ഇടമുണ്ട് ഓരോരുത്തരും അവനവന്‍ ആയിരുന്നാല്‍ മതി, അന്യന്റെ വിശ്വാസത്തില്‍ കോലിട്ടിളക്കാതിരുന്നാല്‍ മതി, മതത്തിന്റെ പേരില്‍ ഭരണത്തില്‍ കൈയിട്ട് വരാതിരുന്നാല്‍ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാല്‍ മതി,. രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തര്‍ക്കിച്ചിട്ടുമുണ്ട് ഇനിയും തര്‍ക്കിക്കുകയുമാവാം..

വിശുദ്ധ ഖുര്‍ആന്‍ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റില്‍ മലവിസര്‍ജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാന്‍ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തില്‍ നല്ല ക്രിസ്ത്യന്‍ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്.ഇവരാരും തന്നെ അലിഅക്ബറിനെ അവരാക്കാന്‍ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാന്‍ ഞാനും ശ്രമിച്ചിട്ടില്ല.

‘എല്ലാം ഉള്‍ക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തില്‍ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്.. ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസല്‍മാനും, ഹൈന്ദവനും..പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം”ഒരു ധര്‍മ്മത്തിന്റെ കീഴില്‍ ഒരു കൊടിയുടെ കീഴില്‍ ഒരു നിയമത്തിന്റെ കീഴില്‍.ഇതൊക്കെ പറയുന്നതിന്റെ പേരില്‍ മൂര്‍ച്ച കൂട്ടപ്പെടുന്ന ആയുധങ്ങള്‍ക്ക് എന്റെ ചിന്തയെ മുറിക്കാനാവില്ല എന്നുത്തമ വിശ്വാസവമുണ്ട്. ആര്‍ക്കു മുറിവേറ്റാലും പ്രതികരിക്കയും ചെയ്യും

വാഹനം കേടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വീട്ടിലെത്തിച്ചതിന് യുവാവിനെയും മാതാവിനെയും യുവതിയുെട ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തും കോഴിക്കോട് ചോയിക്കുളം സ്വദേശിയുമായ ദിഖില്‍കുമാറിനും മാതാവ് ബേബിക്കുമാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ട്രാവലറും അടിച്ചുതകര്‍ത്തതിനൊപ്പം യുവതിയുടെ ഇരുചക്രവാഹനവും കടത്തിക്കൊണ്ടുപോയി. എലത്തൂര്‍ പൊലീസ് തുടര്‍നടപടിയെടുക്കാന്‍ വൈകുന്നുവെന്നാണ് ആക്ഷേപം.

കഴിഞ്ഞ പതിനെട്ടിന് കോഴിക്കോട്ടെ ആശുപത്രിയിലെ ജോലികഴിഞ്ഞ് യുവതി തലശ്ശേരിയിലേക്ക് മടങ്ങുന്നതിനിെട പൂളാടിക്കുന്നിന് സമീപം വാഹനം കേടായി. ദിഖില്‍കുമാറെത്തി യുവതിയെ സ്വന്തം വാഹനത്തില്‍ തലശ്ശേരിയിലെ വീട്ടിലെത്തിച്ചു. യുവതിയുടെ കേടായ വാഹനം ദിഖിലിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ വൈരാഗ്യമാണ് പിറ്റേന്ന് രാത്രിയിലെ ആക്രമണത്തിനിടയാക്കിയത്.

സുഹൃത്തിന് കോവിഡായതിനാല്‍ ദിഖില്‍ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാതാവ് ബേബി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി. അക്രമികള്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബേബിക്ക് അടിയേറ്റത്.

ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കാമെന്നാണ് എലത്തൂര്‍ പൊലീസ് ദിഖിലിനെ അറിയിച്ചിട്ടുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പൊലീസ് ബോധപൂര്‍വം സമയം നല്‍കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ വൈകില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ വിശദീകരണം.

ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.

പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.

ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അന്ന് ബിബിസി ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് മേധാവിയായിരുന്ന ടോണി ഹാള്‍ ബ്രിട്ടന്‍ നാഷണല്‍ ഗാലറി ബോര്‍ഡ് ചെയര്‍മാന്‍ പദവി രാജിവെച്ചു. അഭിമുഖത്തിനായി ഡയാനയുടെ വിശ്വാസം സമ്പാദിക്കാന്‍ ബിബിസി ലേഖകന്‍ വ്യാജരേഖകള്‍ ചമച്ചുവെന്ന ആരോപണമാണ് കാല്‍നൂറ്റാണ്ടിനുശേഷം ബിബിസി അന്വേഷണ കമ്മീഷന്‍ ശരിവെച്ചിരിക്കുന്നത്. കുറ്റം മൂടിവെയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ബിബിസിയുടെ തലപ്പത്തുള്ളവര്‍ കൂട്ടുനിന്നതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബിബിസി കഴിഞ്ഞദിവസം മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ, ലേഖകന്‍ മാര്‍ട്ടിന്‍ ബഷീര്‍ കുറ്റസമ്മതം നടത്തി ഖേദം പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ടോണി ഹാളിന്റെ രാജി.

1995ലായിരുന്നു ഡയാന രാജകുമാരിയുടെ ഏറെ വിവാദമായ അഭിമുഖം ബിബിസി പുറത്തുവിട്ടത്. ഭര്‍ത്താവ് ചാള്‍സ് രാജകുമാരനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍, പ്രേമബന്ധങ്ങള്‍ തുടങ്ങിയവ ഡയാന തുറന്നു പറഞ്ഞിരുന്നു.

 കോവിഡ്‌ കൂടാതെ ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്, ഇംഗ്ലണ്ടിലെ മുന്‍രാജകുടുംബാംഗം ഡയാനയുടെ വിഖ്യാതമായ ബിബിസി അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995ന്റെ അവസാനത്തോടെ പ്രക്ഷേപണം ചെയ്യപ്പെട്ട അഭിമുഖത്തില്‍ അവര്‍ ചാള്‍സ് രാജകുമാരനുമായുള്ള തന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനു മറ്റൊരു ബന്ധമുണ്ടെന്നുും തന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ എലിസബത്ത്‌ രാജ്ഞി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും ഡയാന ആരോപിച്ചു. ഈ അഭിമുഖത്തെ തുടര്‍ന്ന്, അധികം വൈകാതെ തന്നെ, 1996ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. അടുത്ത വര്‍ഷം, 1997 ഓഗസ്റ്റ്‌ 31ന് ഡയാന പാരീസില്‍ ഒരു കാര്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നത്, ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്.

മാര്‍ട്ടിന്‍ ബഷീര്‍ എന്ന ബിബിസിയുടെ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഡയാന രാജകുമാരിയുമായുള്ള അഭിമുഖം നടത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി കാര്യമായ ബന്ധമോ, ഇത്തരത്തിലുള്ള ഒരു അഭിമുഖം നടത്തിയെടുക്കാന്‍ അവശ്യമായ വ്യക്തികളുമായി അടുപ്പമോ മാര്‍ട്ടിന്‍ ബഷീറിനുണ്ടോ എന്ന കാര്യത്തില്‍ അന്നു തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്തായാലും ബിബിസിയുടെ പ്രധാന പരിപാടികളില്‍ ഒന്നായ ‘പനോരമ’യിലാണ് ഡയാന അഭിമുഖം ചെയ്യപ്പെട്ടത്. 54 മിനിറ്റുള്ള അഭിമുഖം ടെലികാസ്റ്റ് ചെയ്യ്തത് 1995 നവംബര്‍ 20ന്. അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനെ ഉലച്ചു കളഞ്ഞു. ഡയാന പറഞ്ഞതില്‍ ചിലത്.

ചാള്‍സ് രാജകുമാരന് കൂട്ടുകാരി കമില്ല പാര്‍ക്കര്‍ ബൗള്‍സുമായി (ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ) അവിഹിത ബന്ധമുണ്ട്

താനും വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു

ദാമ്പത്യത്തില്‍ മൂന്നു പേരുണ്ട്

തനിക്ക് ബുലീമിയ രോഗമുണ്ട്‌, പലപ്പോഴും സ്വയം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്

ഇംഗ്ലണ്ടിന്റെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനും എന്ന ഉത്തരവാദിത്വവുമായി ചാള്‍സിനു പൊരുത്തപ്പെടാന്‍ സാധിക്കില്ല

ചാള്‍സ് രാജകുമാരന്റെ സ്റ്റാഫ്‌ തനിക്കെതിരെ ക്യാംപെയിൻ നടത്തുന്നു

ബ്രിട്ടനില്‍ മാത്രം ഇരുപത്തിമൂന്നു ദശലക്ഷം ആളുകളാണ് മാധ്യമ രംഗം കണ്ട ഏറ്റവും വലിയ ‘സ്കൂപ്പ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ അഭിമുഖം കണ്ടത്. ഇന്നും ലോകത്തെ ‘മോസ്റ്റ്‌ വാച്ച്ഡ്‌ പ്രോഗ്രാം’ ആയി തുടരുന്ന അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചു. തുടര്‍ന്ന് ഡിസംബര്‍ 20ന്, എലിസബത്ത് രാജ്ഞി മകന്‍ ചാള്‍സിനും ഭാര്യയ്ക്കും കത്തയച്ചതായി ബെക്കിങ്ഹാം കൊട്ടാരം അറിയിച്ചു. വേർപിരിയണം എന്ന ഉപദേശമായിരുന്നു കത്തില്‍. എലിസബത്ത് രാജ്ഞിയുടെ തീരുമാനം ബ്രിട്ടീഷ് സര്‍ക്കാര്‍ പിൻതാങ്ങുകയും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം 1996 ഓഗസ്റ്റ്‌ 28ന് ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വിശ്വാസപ്രമാണങ്ങള്‍ വിവാഹമോചനം അനുവദിക്കുന്നില്ല എന്നതും ചാള്‍സ് രാജകുമാരന്‍ ‘ക്രൗൺ അപ്പാരെന്റ്റ്’ (കിരീടാവകാശി) ആയതുമായിരുന്നു വിവാഹമോചനത്തിന് കുടുംബം ഉയര്‍ത്തിയ എതിര്‍പ്പ്. പക്ഷേ ഡയാനയുടെ ‘പബ്ലിക്’ വെളിപ്പെടുത്തല്‍ സാമ്പ്രദായിക നിയമങ്ങള്‍ മറികടക്കാന്‍ രാജ്ഞിയെ നിര്‍ബന്ധിതയാക്കി.

ഡയാനയുമായുള്ള അഭിമുഖം താരതമ്യേന ജൂനിയര്‍ ആയ മാര്‍ട്ടിന്‍ ബഷീര്‍ തരപ്പെടുത്തിയത് എങ്ങനെ എന്നതിനെക്കുറിച്ച് ആദ്യമേ തന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതിനു പിന്നില്‍ ചില ‘അണ്‍എത്തിക്കല്‍’ നടപടികള്‍ ഉണ്ടായിരുന്നുവെന്ന സൂചന ആദ്യം ലഭിക്കുന്നത് മാറ്റ് വീസ്ലര്‍ എന്ന ഗ്രാഫിക് ഡിസൈനറില്‍ നിന്നാണ്. അയാളെ ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ബഷീര്‍ ചില ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഡയാനയുടെയും സഹോദരന്റെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനായി ചില മാധ്യമങ്ങളും ഇന്റലിജന്‍സ് ഏജന്‍സികളും ചേര്‍ന്ന് ഇരുവരുടെയും പേര്‍സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ആയിരുന്നു അത്. ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സറിന്റെ വിശ്വാസം നേടിയെടുക്കനായാണ് മാര്‍ട്ടിന്‍ ബഷീര്‍ ഈ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചത്. ഇത്തരം ‘ഇന്നര്‍ ഇന്‍ഫര്‍മേഷന്‍’ തനിക്കുണ്ടെന്ന് വരുത്തിത്തീര്‍ത്ത ബഷീര്‍, പിന്നീടു പല തവണ ഏള്‍ സ്പെന്‍സറിനെ കാണുകയും അയാള്‍ വഴി സഹോദരി ഡയാനയിലേക്ക് എത്തുകയും ചെയ്തു.

അഭിമുഖം സംപ്രേക്ഷണം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബിബിസിയുടെ കറന്റ് അഫയെര്‍സ് മേധാവികളായ ടിം ഗാര്‍ഡാം, ടിം സൂട്ടര്‍ എന്നിവരെ സമീപിച്ച മാറ്റ് വീസ്ലര്‍, മാര്‍ട്ടിന്‍ ബഷീര്‍ തന്നെക്കൊണ്ട് ഉണ്ടാക്കിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ വ്യാജമായിരിക്കാമെന്നും ഡയാനയുമായുള്ള അഭിമുഖം ലഭിക്കാനായി അയാള്‍ അത് ഉപയോഗിച്ചിരിക്കാമെന്നും സംശയം പറയുന്നു. ഇതേ സംശയം താന്‍ മുന്‍പ് പനോരമയുടെ സീരീസ് എഡിറ്റര്‍ സ്റ്റീവ് ഹ്യൂലറ്റിനോട് പറഞ്ഞിരുന്നുവെന്നും അന്ന് അദ്ദേഹം അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്ന് ഉറപ്പു നല്‍കിയതായും വീസ്ലര്‍ പറയുന്നു. പ്രക്ഷേപണം ചെയ്ത അഭിമുഖത്തിന്റെ ഉള്ളടക്കം കണ്ടപ്പോള്‍ വീണ്ടും സംശയം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മാറ്റ് വീസ്ലര്‍ കറന്റ് അഫയെര്‍സ് മേധാവികളെ കണ്ടത്.

ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, മാര്‍ട്ടിന്‍ ബഷീര്‍ അത് നിഷേധിക്കുകയാണ് ഉണ്ടായത്. അത് താന്‍ ആരെയും കാണിച്ചിട്ടില്ലെന്നും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ മാത്രമാണ് കൈയ്യില്‍ കരുതിയതെന്നും മാര്‍ട്ടിന്‍ ബിബിസി നടത്തിയ ഇന്റെര്‍ണല്‍ എന്‍ക്വയറിയില്‍ പറഞ്ഞു. തുടര്‍ന്ന്, ഡിസംബര്‍ 22ന് ഡയാന രാജകുമാരിയുടെ കൈപ്പടയില്‍ എഴുതിയ ഒരു പ്രസ്താവനയിറങ്ങി. ‘മാര്‍ട്ടിന്‍ ബഷീര്‍ എന്നെ ഒരു പേപ്പറും കാണിച്ചിട്ടില്ല. എനിക്ക് അതുവരെ അറിയാത്ത പുതിയ ഇന്‍ഫര്‍മേഷന്‍ ഒന്നും തന്നിട്ടുമില്ല. ‘പനോരമ’യില്‍ ഒരു അഭിമുഖം നല്‍കാന്‍ ഞാന്‍ സമ്മതിച്ചത് ഒരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്റെയും പുറത്തല്ല. ആ വിഷയത്തില്‍ ഒരു പശ്ചാത്താപവുമില്ല.’

ലോകം അത് കണ്ടതോടെ ബിബിസി അന്വേഷണം അവസാനിപ്പിച്ചെങ്കിലും മാധ്യമലോകത്ത് ആ സംശയം ഉത്തരം കിട്ടാതെ നിലനിന്നു പോന്നു. മാര്‍ട്ടിന്‍ ബഷീര്‍ കുറച്ചു കാലം ബിബിസിയില്‍ തുടര്‍ന്നു. അതിനു ശേഷം മറ്റു പല മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്ത് 2016ല്‍ ബിബിസിയുടെ ‘റിലീജ്യന്‍ എഡിറ്റര്‍’ ആയി ചേര്‍ന്നു. ഇതിനിടെ 2007ല്‍ ചാനല്‍ 4 ഒരു ഡോക്യുമെന്ററിക്കായി മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖത്തിനോട് അനുബന്ധിച്ച് ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ രേഖകള്‍ ചോദിക്കുന്നു. ‘അതിപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഇല്ല,’ എന്ന് ബിബിസി ഉത്തരം നല്‍കുന്നു. 2020ല്‍ വീണ്ടും ചാനല്‍ 4 ഇതേ ആവശ്യം ഉന്നയിക്കുന്നു, അപ്പോള്‍ ബിബിസി പറയുന്നു, ‘നിങ്ങള്‍ക്ക് അന്ന് കിട്ടിയ ഉത്തരം തെറ്റാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.’

ബഷീര്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് കാട്ടി ഡയാനയുമായുള്ള അഭിമുഖം തരപ്പെടുത്തി എന്ന് ആരോപിച്ച് അവരുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ ബിബിസിക്ക് കത്തയച്ചതിനെ തുടര്‍ന്ന്, പനോരമ പരിപാടി ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ തികച്ച 2020 നവംബര്‍ 18ന്, ബിബിസി ഈ വിഷയത്തില്‍ ഒരു സ്വതന്ത്ര പുനര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സുപ്രീം കോടതി മുന്‍ജസ്റ്റിസ് ലോഡ് ഡൈസണെ ദൗത്യം ഏല്‍പ്പിച്ചു.

ആറു മാസങ്ങള്‍ക്കുള്ളില്‍, 2021 മേയ്‌ 14നു മാര്‍ട്ടിന്‍ ബഷീര്‍ ബിബിസിയില്‍ നിന്നും രാജിവച്ചു. കോവിഡ്‌ ബാധയെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജോലിയില്‍ നിന്നും വിട്ടു നിന്നത്. 2021 മേയ്‌ 20നു ഡൈസണ്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നു.

ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട്‌. ബിബിസി നടത്തിയ പ്രാഥമിക അന്വേഷണം തെറ്റായിരുന്നുവെന്നും അതിന്റെ ഭാഗമായി ഏള്‍ സ്പെന്സറിനോട് അവര്‍ സംസാരിക്കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയെടുത്തുവെന്ന് ബഷീര്‍ സമ്മതിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ വിശദീകരണത്തെ വേണ്ട സന്ദേഹത്തോടെയും മുന്‍കരുതലോടെയും (with necessary scepticism and caution) സമീപിക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും ഡൈസണ്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ബഷീറിനു അഭിമുഖം ലഭിച്ച രീതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി മറച്ചു വച്ചതായും റിപ്പോര്‍ട്ട്‌ പറയുന്നു. ഇതിനെക്കുറിച്ചുള്ള മറ്റു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ബിബിസി ഒഴിഞ്ഞു മാറിയതും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ‘ന്യായീകരണങ്ങള്‍ക്കപ്പുറത്ത്, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, സുതാര്യത എന്നിവ പാലിക്കുന്നതില്‍ ബിബിസി പരാജയപ്പെട്ടിരിക്കുന്നു,’ റിപ്പോര്‍ട്ട്‌ പറയുന്നു.

ഡയാനയുടെ മക്കളായ വില്യം, ഹാരി എന്നിവര്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രതികരണങ്ങളുമായി എത്തി. തന്റെ മാതാപിതാക്കളുടെ ബന്ധം കൂടുതല്‍ വഷളാക്കുന്നതില്‍ അഭിമുഖത്തിനു വലിയ പങ്കുണ്ടെന്നും അമ്മ ബിബിസിയാല്‍ ചതിക്കപ്പെട്ടുവെന്നും വില്യം പറഞ്ഞു. ‘അവസാന ദിനങ്ങളില്‍ അവര്‍ അനുഭവിച്ച ഭയം, പാരനോയ, ഒറ്റപ്പെടല്‍… ഇതിനെല്ലാം കാരണം ആ അഭിമുഖമാണ്. എല്ലാറ്റിനുപരി, ബിബിസി സത്യസന്ധമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍, താന്‍ ചതിക്കപ്പെട്ടുവെന്ന വിവരം അമ്മയ്ക്ക് മനസ്സിലാകുമായിരുന്നു. അതറിയാതെയാണ് അവര്‍ മരിച്ചത്,’ വികാരഭരിതമായ ഒരു വീഡിയോ സന്ദേശത്തില്‍ വില്യം വെളിപ്പെടുത്തി. ‘ചൂഷണത്തിലും അധാര്‍മികതയിലും ഊന്നിയ ഒരു സംസ്കാരത്തിന്റെ തരംഗങ്ങള്‍’ ആത്യന്തികമായി അമ്മയുടെ ജീവൻ അപഹരിച്ചതായി ഹാരി രാജകുമാരന്‍ പറഞ്ഞു.

മാധ്യമമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലോകത്തെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നായ ബിബിസിയുടെ മേല്‍ ഇത്തരം ഒരു കറ വീണത് ലോകമെമ്പാടും നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ‘ഈ വിഷയത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അന്ന് തന്നെ ശ്രമങ്ങള്‍ നടത്തേണ്ടതായിരുന്നു. അന്നറിഞ്ഞ വിഷയങ്ങളെക്കുറിച്ച് സുതാര്യത പുലര്‍ത്തുകയും ആവാമായിരുന്നു. എന്തായാലും രണ്ടു ദശാബ്ദക്കാലം തിരികെ പോയി അതൊന്നും തിരുത്താന്‍ ആവില്ല. നിരുപാധികം മാപ്പ്,’ ചാള്‍സ് രാജകുമാരന്‍, വില്യം, ഹാരി, ഏള്‍ സ്പെന്‍സര്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ബിബിസി പറയുന്നു. വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കിയത് താന്‍ കാണിച്ച ഒരു മണ്ടത്തരം ആയിരുന്നുവെന്ന് മാര്‍ട്ടിന്‍ ബഷീറും പറഞ്ഞു. എന്നാല്‍, ഡയാന അഭിമുഖം നല്‍കാന്‍ തീരുമാനിച്ചതിനു അതുമായി ഒരു ബന്ധവുമില്ലെന്നും മാര്‍ട്ടിന്‍ ബഷീര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved