ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ അഗ്നിപർവതം പൊട്ടി വൻ ലാവ പ്രവാഹം.15 പേര്‍ മരിച്ചതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായുമാണ് റിപോര്‍ട്ട്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകളെ മുക്കി ലാവ പരന്നതോടെ, രാത്രിയിൽ ആയിരങ്ങളാണു പലായനം ചെയ്തത്. ലാവ പ്രവാഹം 20 ലക്ഷം ജനസംഖ്യയുള്ള ഗോമ നഗരത്തിനു സമീപമെത്തി നിന്നത് ആശ്വാസമായി. നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെയാണു അഗ്നിപർവതം.

അഗ്നിപർവതമായ മൗണ്ട് നിരഗോംഗോ പൊട്ടിയാണ് ഓറഞ്ച് നിറത്തിലുള്ള ലാവ താഴ്‌വാരങ്ങളിലേക്കു ഒഴുകാൻ തുടങ്ങിയത്. കയ്യിൽ കിട്ടിയതുമെടുത്ത് ആയിരങ്ങൾ ഓടി. ആയിരക്കണക്കിനു ഗോമ നഗരവാസികളെയും ഒഴിപ്പിച്ചു. പുലർച്ചയായപ്പോഴേക്കും ഗോമ നഗരത്തിനു സമീപം ലാവ ഉറഞ്ഞു. ആകാശമാകെ കറുത്തപുക മൂടിനിന്നു. ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്കാണ് പലായനം ചെയ്തത്. എണ്ണായിരം പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി.

റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്.