Latest News

പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിരയായ കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29 ആയി.

ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റര്‍ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

13 -ാം വയസുമുതൽ അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി നൽകിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിൽ ആകെ 28 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കസ്റ്റഡിയിലുണ്ട്. അതിനിടെ 2024 ജനുവരിയിൽ ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തുടർ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പോലീസ് പറയുന്നുണ്ട്.

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്. മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദ് കൈവശം വെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലത്തിൽ രണ്ട് തവണ അട്ടിമറി വിജയം നേടി ചരിത്രംകുറിച്ച അൻവർ ഇതോടെ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തി.

പോലീസിനെതിരേ ആരോപണം ഉന്നയിച്ച് സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും യുദ്ധപ്രഖ്യാപനം തുടങ്ങിയ അന്‍വര്‍ 14 വര്‍ഷത്തിന് ശേഷമാണ് ഇടതുപക്ഷവുമായുള്ള ബന്ധം വേർപെടുത്തുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.

2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു.

എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ് പ്ര സിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എറണാകുളം അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപത വികാരിയായി സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. മുപ്പത്തിമൂന്നാമത് സിനഡിൻ്റെ ഒന്നാം സമ്മേളനത്തിലാണ് മാർ പാംപ്ലാനിയെ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് വേണ്ടിയുള്ള മേജർ ആര്‍ച്ച് ബിഷപ്പിൻ്റെ വികാരിയായി തിരഞ്ഞെടുത്തത്.

സിനഡിൻ്റെ ഈ തിരഞ്ഞെടുപ്പിന് മാർപാപ്പ അപ്പസ്തോലിക് ന്യൂൺഷ്യോ വഴി അംഗീകാരം നല്‌കി. തലശേരി അതിരൂപതയുടെ മെത്രാപോലീത്തയായ മാർ പാംപ്ലാനി നിലവിലുള്ള തൻ്റെ ഉത്തരവാദിത്വത്തിന് പുറമേയായിരിക്കും പുതിയ ദൗത്യം നിർവഹിക്കുന്നത്.

എറണാകുളം – അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്നുള്ള മാർ ബോസ്കോ പുത്തൂരിൻ്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. 2023 ഡിസംബർ ഏഴിന് നിയമിതനായ മാർ ബോസ്കോ പുത്തൂർ 2024 സെപ്റ്റംബറിലാണ് ആരോഗ്യകാരണങ്ങളാൽ തൻ്റെ രാജി സമർപ്പിച്ചത്. മെൽബൺ രൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിച്ച സാഹചര്യത്തിലായിരുന്നു എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ബോസ്കോ പുത്തൂർ നിയമിതനായത്.

സീരിയൽ സെറ്റിലെ ലൈംഗികാതിക്രമത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ജൂനിയർ ആ‌ർട്ടിസ്റ്റ് കോ‍ർഡിനേറ്ററായ യുവതി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം സെറ്റിൽ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു പരാതി.

ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷൻ കൺട്രോളറെ സീരിയലിൽ തിരിച്ചെടുത്തെന്നും യുവതി വെളിപ്പെടുത്തി. പ്രൊഡ്യൂസറായി ആസിഫ് എത്തിയപ്പോഴാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീം ഫാസിലിനെ അപൂർവ രാഗം സീരിയലിലൂടെ തിരിച്ചെടുത്തത്.

ഡിസംബർ എട്ടിന് അസീം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസർ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവർക്ക് പെൺകുട്ടികളെ നൽകണമെന്നായിരുന്നു ആവശ്യം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുന്ന കുട്ടികളെ വേണമെന്നായിരുന്നു ആവശ്യം. ആവശ്യം നിരസിച്ചാൽ സീരിയലിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പെൺകുട്ടികളെ നൽകാത്തതിന് പിന്നാലെ അപൂർവ്വരാഗം സീരിയലിൽ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.

രണ്ട് മാസം മുൻപാണ് സംഭവമുണ്ടായത്. ചിത്രാഞ്‌ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിൽവെച്ച് രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ടയില്‍ കായികതാരത്തെ അറുപതിലധികംപേര്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവം പുറത്തെത്തിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പാര്‍ക്കില്‍ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കവിയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാര്‍ക്കിലാണ് സംഭവം നടന്നതെന്നും കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത കാലയളവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ആറാഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം, ഭാവി, ഗര്‍ഭത്തിന്‍റെ കാലദൈര്‍ഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ഇത്. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

ഭ്രൂണത്തിന്റെ ഡി.എന്‍.എ. സാമ്പിള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിന് വേണ്ടിയാണിത്.

നോയിഡയില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയിൽ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ തപസ്സ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ നോയിഡയിലെ സ്വകാര്യസര്‍വകലാശാലയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.

ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്‌സിലുള്ള ഏഴാമത്തെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു തപസ്സ്. ഫ്‌ളാറ്റില്‍നിന്ന് വീണ് ഇയാള്‍ മരിച്ചെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്ന് ഔദ്യോഗികകമായി പരാതി ലഭിച്ചാല്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 തീയതി (ഞായറാഴ്ച), ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു.

സമയം: 7 പി.എം.(ഇന്ത്യ), 1.30 പി.എം.(യുകെ), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).

സൂം മീറ്റിംഗ് ഐഡി: 852 2396 7104, പാസ്‌കോഡ്: 239951.

വിഷയങ്ങളും പ്രഭാഷകരും; 1. കേരള ഹെൽത്ത് ടൂറിസം: ട്രെൻഡുകളും ഭാവിയും – ഡോ. കെ. എ. സജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ, 2. എസ്.കെ. ഹോസ്പിറ്റലിന്റെ ആരോഗ്യ ടൂറിസത്തിലേക്കുള്ള കാഴ്ചപ്പാട് – ഡോ. സന്ധ്യ കെ. എസ്., ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എസ്.കെ. ആശുപത്രി, തിരുവനന്തപുരം, 3. ഹെൽത്ത് ടൂറിസം: വികസനം, മാർക്കറ്റിംഗ്, പരിശീലനം – എഞ്ചിനീയർ നജീബ് കാസിം, ചെയർമാനും എംഡിയും, എച്ച്ക്യു എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഇന്റർനാഷണൽ, 4. കേരള ഹെൽത്ത് ടൂറിസം നിക്ഷേപ അവസരങ്ങൾ – ശ്രീ രവി രാജ് എൻ. എ., ഭാവ ഐഡിയേഷൻസ് ബിസിനസ് ഡയറക്ടർ, ജി.എം., ഇൻഡൽ മണി, 5. ആരോഗ്യ ടൂറിസത്തിൽ ഹോം ഹെൽത്ത്കെയറിന്റെ പങ്ക് – ശ്രീ ആലുവിള പ്രസാദ് കുമാർ, ജനറൽ മാനേജർ, മെഡിഹോം ഫാമിലി ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം, 6. ആധുനിക ആരോഗ്യ ടൂറിസത്തിന്റെ വ്യാപ്തി – ശ്രീ സൈഫുല്ല കെ. ഹസ്സൻ, ഡയറക്ടർ, കാലിൻ വെഞ്ചേഴ്‌സ് & നെസ്ലെ. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org.

വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755.

പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.

പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.

പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.

കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ആഹ്വാനം ചെയ്തു.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നു വരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.

ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച് ചര്‍ച്ച നടന്നത്. യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.

ഡിജോ ജോൺ

ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.

ഇഎംഎ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഎംഎ മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ക്രിസ്മസ് ന്യൂ ഇയറിന്റെ സന്ദേശവും അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള മൂന്ന് ഏരിയ തിരിച്ചു കരോൾ കോമ്പറ്റീഷൻ കാണികൾക്ക് ആവേശം പകർന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

Copyright © . All rights reserved