കൊച്ചി∙ ശ്വാസതടസ്സത്തെ തുടർന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി അദ്ദേഹം ചികിത്സയിലാണ്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തിങ്കളാഴ്ച ആശുപത്രി വിടുമെന്നുമാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപിയുടെ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേമത്തേയ്ക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.
ഡോ. ഐഷ വി
അമ്മിണി പശു പ്രായപൂർത്തിയായപ്പോൾ കൃത്യസമയത്തു തന്നെ പുത്തൻ കുളത്തുള്ള സർക്കാർ വക മൃഗാശുപത്രിയിൽ കൊണ്ടുപോയി യഥാസമയം കൃത്രിമ ബീജ സങ്കലനം നടത്തി വന്നു. അമ്മിണി പശുവിന് ഒരു പുത്രി ജനിച്ചപ്പോൾ മാത്രം വീട്ടിൽ വളർത്താനായി നിർത്തി. അവളുടെ പുത്രന്മാരെയെല്ലാം കറവ വറ്റുന്നതോടുകൂടി വിൽക്കുകയായിരുന്നു പതിവ്. കോഴി, പശു, താറാവ് എന്നിവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ പെൺകുഞ്ഞുങ്ങൾ ആകാനാണ് മനുഷ്യൻ ആഗ്രഹിക്കുക എന്നാൽ മനുഷ്യന്റെ കാര്യമാകുമ്പോൾ നേരെ തിരിച്ചും. ഒരു പക്ഷേ അക്കാലത്ത് കൊടുക്കേണ്ടിയിരുന്ന
സ്ത്രീധനമാകാം ജനങ്ങളെ ഇങ്ങനെ ചിന്തിപ്പിക്കാൻ കാരണം. അങ്ങനെ അമ്മിണിയുടെ മൂന്നാൺ മക്കളേയും വിറ്റിട്ട് അശ്വതിയെ മാത്രം നിലനിർത്തി. പശുവിന്റെ പ്രസവമെടുക്കുന്ന ജോലി അച്ഛനും അമ്മയും കൂടി ചെയ്തു. പശുവിനെ കറക്കാൻ വരുന്നയാൾ വെളുപ്പാൻ കാലത്തും ഉച്ചയ്ക്ക് ശേഷവും പരുവിനെ കറന്നു. ആദ്യ കാലത്ത് വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള പാൽ അയൽപക്കക്കാർ വീട്ടിലെത്തി വാങ്ങുകയായിരുന്നു പതിവ്. അങ്ങനെ ഒത്തിരി നാൾ കഴിഞ്ഞാണ് കേരളത്തിൽ മിൽമ(1980 -ൽ) ആരംഭിക്കുന്നത്. അങ്ങനെ ശ്രീ വർഗ്ഗീസ് കുര്യൻ ആനന്ദിൽ തുടങ്ങി വച്ച ധവള വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലും എത്തി.
അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനായിരുന്നു ചിറക്കരയിൽ ക്ഷീരകർഷരുടെ സഹകരണ സംഘം ആരംഭിക്കുന്നതിൽ മുൻ കൈ എടുത്തത്. രഘുമാമനും കുന്നു വിളയിലെ പ്രസാദും കൂടി ക്ഷീര കർഷകരുടെ വീടുകൾ കയറി ഇറങ്ങി സഹകരണ സംഘത്തിലേയ്ക്ക് ആളെ ചേർത്തു. കൊച്ചു സോമന്റെ കടയിൽ സഹകരണ സംഘത്തിന്റെ ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കർഷകർക്ക് ഗുജറാത്തിലെ ആനന്ദിൽ പരിശീലനം ലഭിച്ചു. രഘുമാമനും അവിടെ പോയിരുന്നു. പോയി വന്നപ്പോൾ വിവരങ്ങൾ ഞങ്ങളുമായി പങ്കു വച്ചു. അതിലൊന്ന് ധവള വിപ്ലവത്തിന്റെ ആരംഭത്തോടു കൂടി ആനന്ദിൽ ധാരാളം പേർ പശുവിനെ വളർത്താൻ തുടങ്ങി എന്നതായിരുന്നു. കൊച്ചു വീടുകളിൽ തൊഴുത്തുപണിയാൻ കാശില്ലെങ്കിൽ അവിടത്തെ ആളുകൾ വീടിന്റെ ഒരു ഭിത്തിയോട് ചേർന്ന് താത്കാലിക ഷെഡുണ്ടാക്കി കന്നുകാലികളെ പരിപാലിച്ചു പോന്നു. കേരളത്തിൽ മിൽമ വന്നതോടു കൂടി വൈവിധ്യമാർന്ന പാലുൽപന്നങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞു. പാൽ കൊടുക്കാൻ സൊസൈറ്റിയുള്ളത് കൊണ്ട് പലരും ഒന്നിലധികം പരുക്കളെ ഒരേ സമയം വളർത്താൻ ധൈര്യം കാട്ടി. ഞങ്ങളുടെ വീട്ടിൽ നിന്നും സൊസൈറ്റിയിലേയ്ക്ക് പാൽ എത്തിയ്ക്കുന്ന ചുമതല അമ്മയ്ക്കായിരുന്നു. പാൽ വണ്ടി വരുന്നതിന് മുമ്പ് പാൽ അവിടെയെത്തിയ്ക്കുക എന്നത് അമ്മയെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. കാലക്രമേണ ധാരാളം സൊസൈറ്റികൾ രൂപപ്പെട്ടു. നേരിട്ടും അല്ലാതെയുമുള്ള ധാരാളം തൊഴിലവസരങ്ങൾ ഇതിലൂടെയുണ്ടായി.
കല്യാണം അടിയന്തിരം തുടങ്ങി വിപുലമായ ആവശ്യങ്ങൾക്ക് പാൽ സൊസൈറ്റി വരുന്നതിന് മുമ്പ് ചിറക്കര നാട്ടിൽ ഒരു സ്രോതസ്സിൽ നിന്നും വലിയ അളവിൽ പാൽ ലഭ്യമായിരുന്നില്ല. മയ്യനാട് പ്രദേശത്ത് ഫാമുള്ള ഒരാളുടെ പക്കൽ നിന്നും ആവശ്യമായ പാൽ തലേന്നേ തന്നെ ഒരാൾ അവിടെയെത്തി നാട്ടിൽ എത്തിയ്ക്കുകയായിരുന്നു പതിവ്. പാൽ സൊസൈറ്റി വന്നതോടു കൂടി നാട് മാറി എന്ന് തന്നെ പറയാം. ബികോം കഴിഞ്ഞ പലർക്കും പല സൊസൈറ്റികളിൽ സെക്രട്ടറിയായി ജോലി ലഭിച്ചു.
ഞങ്ങളുടെ വീട്ടിൽ അമ്മിണിയുടെ മകൾ അശ്വതിയും പല തവണ പ്രസവിച്ചു. ചക്കി മാത്രമായിരുന്നു അവളുടെ മകൾ . ഓരോ പശു കുട്ടിയ്ക്കും പേരിടുകയും അത് നീട്ടി വിളിയ്ക്കുകയും ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. മറുവിളി കേൾക്കുക അവരുടെ പതിവും അങ്ങനെ അശ്വതിയുടെ മകൾ ചക്കിയേയും ഞങ്ങൾ വളർത്തി. ഇടക്കാലത്ത് ചക്കിയ്ക്ക് കറവയില്ലാതെ നിന്നപ്പോൾ ഞങ്ങൾക്ക് ശുദ്ധമായ പാൽ തന്ന് വളർത്തണമെന്ന് അമ്മയ്ക്ക് ആഗ്രഹം തോന്നി. ഒരു ചെറിയ സ്റ്റീൽ ചരുവം നിറയെ പാൽ കുടിയ്ക്കുക എന്റെയും അനുജന്റെയും പതിവായിരുന്നു. അനുജത്തി അങ്ങനെ പാൽ കുടിച്ചിരുന്നില്ല. ഞങ്ങളുടെ പതിവ് തെറ്റാതിരിയ്ക്കാൻ അമ്മ കറവയുള്ള പശുവിനെ വാങ്ങാൻ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഞാനും അമ്മയും കൂടി ഒരു ദിവസം പാണിയിലെ വനജാക്ഷി അപ്പച്ചിയുടെ വീട്ടിൽ പോയി തിരികെ വന്ന വഴി തങ്കപ്പൻ എന്ന ഒരു പരിചയക്കാരനെ കാണുകയുണ്ടായി. അമ്മ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ തന്നെ ഞങ്ങളെ അവിടെ അടുത്തുള്ള ഒരു വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി . അപ്പോൾ തന്നെ പശുവിന്റെ വിലയുറപ്പിച്ചു. പിറ്റേന്ന് ശ്രീ തങ്കപ്പൻ പശുവിനെ വീട്ടിലെത്തിച്ചു. അമ്മ ഒരു വള പരവൂർ എസ് എൻ വി ബാങ്കിൽ പണയം വച്ച് പശുവിന്റെ വില നൽകി. ഈ പശുവിന് ഞങ്ങൾ മുത്തുവെന്ന് പേരിട്ടു. മുത്തുവിന്റെ മകൻ കുട്ടൻ. മുത്തുവിന് എന്നോടെന്നും ശത്രുതയായിരുന്നു. അതിനൊരു കാരണമുണ്ട്. ഞാൻ ചെടികൾക്ക് ഹോസിട്ട് വെള്ളമടിച്ചപ്പോൾ അവളുടെ മകന്റെ ദേഹത്ത് വീണു. പിന്നീട് ഞാൻ അടുത്തു ചെന്നാൽ അവൾ എന്നെ കുത്താനായി ഓടിയ്ക്കുമായിരുന്നു. ഞാൻ അവളെ അനുനയിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും വിജയിച്ചില്ല.
പലപ്പോഴും കെട്ടഴിഞ്ഞ് പോയി എനിയ്ക്കിട്ട് പണി തന്നിരുന്നത് ചക്കിയായിരുന്നു. ചക്കിയുടെ പിറകേ വീട്ടിൽ നിന്ന വേഷത്തിൽ വളരെ ദൂരം എനിക്ക് ഓടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ചിറക്കരത്താഴം ജങ്ഷൻ വരെയാകും ആ ഓട്ടം. ഞങ്ങളുടെ വീട്ടിലെ പശുപരിപാലനം അമ്മയ്ക്ക് ഹെർണിയയുടെ ശസ്ത്രക്രിയ കഴിയുന്നതുവരെ തുടർന്നു.
ആയിത്തി തൊള്ളായിരത്തി എൺപതുകളുടെ പകുതിയിൽ കേരളത്തിലെ ക്ഷീര കർഷകശ്രീ അവാർഡ് ലഭിച്ചത് തൈയ്യിലെ സോമൻ വല്യച്ഛനായിരുന്നു. ഗോബർ ഗ്യാസ് പാചകത്തിനും വിളക്ക് കത്തിയ്ക്കാനും ഉപയോഗിച്ചിരുന്നു. അവിടത്തെ ഡയറി ഫാമിന്റെ പേരാണ് ഗോകുലം ഡയറി ഫാം. ഇപ്പോഴും ഞങ്ങളുടെ നാട്ടിലെ ഗോ പരിപാലനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ആധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിയ്ക്കുന്ന പ്രശസ്തമായ ജെ കെ ഡയറി ഫാം. മൂന്നൂറോളം പശുക്കളെ പരിപാലിക്കുന്നുണ്ടിവിടെ.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോൺ കുറിഞ്ഞിരപ്പള്ളി
ജോർജുകുട്ടി പറഞ്ഞിരുന്നതുപോലെ വെള്ളിയാഴ്ച വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസിന് നാട്ടിലേക്ക് പോകും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ജോർജ് കുട്ടിക്ക് യാതൊരു അനക്കവുമില്ല.ഒരേ ഇരിപ്പാണ് എന്ത് സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.
ഒരിക്കലും അടങ്ങിയിരിക്കാത്ത ജോർജ് കുട്ടി ദുഃഖിച്ചിരിക്കുന്നത് ഞങ്ങൾ ആർക്കും ഇഷ്ടമല്ല.
ഇടയ്ക്ക് ഹൗസ് ഓണറുടെ മകൾ ജോർജ് കുട്ടിയുടെ ഇരിപ്പ് കണ്ടുചോദിക്കുകയും ചെയ്തു,”എന്ന അങ്കിൾ പൈത്യകാരൻ മാതിരി……..?”
ജോർജ് കുട്ടിയുടെ ദുഃഖം ഞങ്ങൾ എല്ലാവരുടെയും ദുഃഖമാണ്. വാടക ഞാനാണ് കൊടുക്കുന്നതെങ്കിലും ഹൗസ് ഓണർക്കും കുടുംബത്തിനും ജോർജ് കുട്ടിയോടാണ് കൂടുതൽ താല്പര്യം.
നാലുമണി ആയപ്പോഴേക്കും അവൈലബിൾ ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ഭാരവാഹികൾ എല്ലാവരും ജോർജ് കുട്ടിക്ക് യാത്ര അയപ്പ് കൊടുക്കാനായി ഞങ്ങളുടെ വീട്ടിലേക്ക് വന്നു. പക്ഷെ യാത്രപോകണ്ടവന് അനക്കമില്ല.
ഞാൻ ചോദിച്ചു,”ജോർജ് കുട്ടി ഇന്ന് വൈകുന്നേരത്തെ ട്രെയിന് നാട്ടിൽപോകുന്നു എന്നല്ലേ പറഞ്ഞത് ?” ജോർജ് കുട്ടി ദയനീയമായി എന്നെ നോക്കി.” ശവത്തിൽ കുത്താതെടൊ.”
“അതെന്താ വല്യപ്പച്ചൻ ഇലക്ഷന് നിൽക്കുന്നില്ലേ?”
“അല്പം പ്രശ്നം ആയി.”
” എന്തുപറ്റി?”ചോദ്യം അവൈലബിൾ ഭാരവാഹികൾ എല്ലാവർക്കും വേണ്ടി പ്രസിഡണ്ട് ചോദിച്ചു.
” തൊണ്ണൂറ്റി ആറ് വയസ്സുള്ള മറ്റൊരു യുവജന വിഭാഗം സെക്രട്ടറിക്ക് മത്സരിക്കണമെന്ന്. അതിന് എൻറെ വല്യപ്പച്ചൻ വഴിമാറി കൊടുക്കണം പോലും”.
“തൊണ്ണൂറ്റി ആറ് വയസ്സുള്ള യുവാവ്?”
“അതെ. അദ്ദേഹത്തിന് ദേശീയപതാകയിൽ പൊതിഞ്ഞു പോകണം പോലും”
ഇനി ഒരു ഇലക്ഷൻ കൂടി കഴിയാൻ അദ്ദേഹം കാത്തിരിക്കേണ്ടിവരില്ല. ഏതായാലും അധികം താമസമില്ലാതെ ഫ്യൂസ് ആകും എന്നാണ് പറയപ്പെടുന്നത്. ഇത്രയും കാലം രാജ്യസേവനം നടത്തി പ്രശസ്തനായ ഒരാൾ ദേശീയപതാകയിൽ പൊതിഞ്ഞു പോയില്ലെങ്കിൽ വലിയ നാണക്കേടല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.”
ഏതെല്ലാം തരത്തിലാണ് ഈ നേതാക്കന്മർ ജനസേവനം ചെയ്യുന്നത്.?
“ഓ ഞാൻ പഠിച്ച പ്രസംഗം എല്ലാം മാറ്റി നമ്മുടെ അസോസിയേഷൻ പരിപാടികൾക്ക് ഉപയോഗിക്കാം.”ജോർജ് കുട്ടി പറഞ്ഞു.
“ജോർജ് കുട്ടിയുടെ വല്യപ്പച്ചൻ കാണിച്ച അബദ്ധത്തിന് ഞങ്ങൾ അനുഭവിക്കാനോ?”ട്രഷറർ കോൺട്രാക്ടർ രാജൻ ചോദിച്ചു.
“താനെന്തിനാ ശവത്തിനിട്ടു കുത്തിയത്? ജോർജ് കുട്ടി പറഞ്ഞല്ലോ താൻ ശവത്തിനിട്ടു കുത്തിയെന്ന്. ആരുടെ ശവമാണ്?”ജോർജ് വർഗീസ്സ്.
“ഇത്രയും വിവരമില്ലാത്തവനെ ഞാൻ എങ്ങിനെ ഓണം പരിപാടിയിൽ അനൗൺസറാക്കും?”ജോർജ് കുട്ടി ചോദിച്ചു.
ഞങ്ങൾ ഇങ്ങനെ കാര്യങ്ങൾ ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഞങ്ങളുടെ സുഹൃത്ത് പോലീസുകാരൻ അപ്പണ്ണ വീട്ടിലേക്ക് വന്നു.”ജോർജ്ജുകുട്ടി നിൻറെ തോക്ക് ഒന്ന് വേണമല്ലോ.അല്ലെങ്കിൽ നീയും ഞങ്ങളുടെ കൂടെ വാ. ഞങ്ങൾ ഏതാനും പേർ ഹോസ്കോട്ടയിൽ മുയലിനെ വെടിവെക്കാൻ പോകുന്നുണ്ട് ഇഷ്ടമുണ്ടെങ്കിൽ നിനക്കും വരാം”.
“അയ്യോ ,എൻ്റെ എയർ ഗൺ ഉപയോഗിച്ച് വെടിവച്ചാൽ മുയലിനെ കിട്ടുമെന്ന് തോന്നുന്നില്ല.”
“അതിന് ആരാ തൻ്റെ തോക്കുപയോഗിച്ച് മുയലിനെ വെടി വയ്ക്കാൻ പോകുന്നത്.?പോലീസ് തോക്ക് ഉപയോഗിച്ച് വെടി വയ്ക്കും..തൻ്റെ എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത് എന്നുപറയും. അത്ര തന്നെ.”
“സബ് ഇൻസ്‌പെക്ടർ അറിഞ്ഞാൽ കുഴപ്പം ആകില്ലേ?”
“എഡോ ഇത് സബ് ഇൻസ്‌പെക്ടറുടെ ഐഡിയ ആണ്.”
“ഈ ഹോസ്കോട്ട എന്ന് പറയുന്ന സ്ഥലം എവിടെയാ?”അച്ചായനാണ് സംശയം.
“അത് പുതിയ എയർ പോർട്ടിലേക്ക് പോകുന്ന വഴിയാ.”
“ഇപ്പോൾ മുയലുകളൊക്കെ എയർപോർട്ടിനടുത്തേയ്ക്ക് താമസം മാറ്റിയോ?”
അപ്പണ്ണ എല്ലാവരെയും ഒന്ന് ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു”,ഇവന്മാരെ ഒന്നും കൂട്ടണ്ട.ജോർജ് കുട്ടി മാത്രം മതി.”
പെട്ടന്ന് സെൽവരാജൻ പറഞ്ഞു,”ഞാൻ വരുന്നില്ല. എയർ പോർട്ടിൽ പോകുവല്ലേ, ജോർജ് കുട്ടി ഡീസൻറ് ആയി പോകണം. സൂട്ട് ധരിക്കണം.അല്ലെങ്കിൽ മുയലുകൾ താൻ ഒരു അലവലാതി ആണെന്ന് വിചാരിക്കും.”
അതുവരെ ഒന്നും മിണ്ടാതിരുന്ന കാഥികൻ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,”എൻ്റെ അടുത്ത കഥയ്ക്ക് ,മുയലുകൾ കഥ പറയുന്നു,എന്ന് പേരുകൊടുത്താലോ എന്നാലോചിക്കുകയാണ് ഞാൻ.”
പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ പറഞ്ഞു,”ഇതേതാ ഈ അലവലാതി? മുയലുകൾ കഥ പറയുന്നു പോലും. താൻ മുയൽ എന്ന വാക്ക് ഉപയോഗിച്ചുപോകരുത്..”
“സാർ സാർ…പോലീസുകാരുടെ കള്ള വെടി …എന്നായാലോ?”
ജോർജ് കുട്ടി അകത്തുപോയി തൻ്റെ ബൈബിൾ എടുത്തുകൊണ്ടവന്നു. കിട്ടിയ ഭാഗം തുറന്ന് വായന ആരംഭിച്ചു,”ഞാൻ സത്യം സത്യമായി നിങ്ങളോട് പറയുന്നു …..”ജോർജ് കുട്ടി പുസ്തകത്തിൽ നിന്നും മുഖമുയർത്തി എല്ലാവരെയും നോക്കി.
സദസ്സ് ശൂന്യം.
(തുടരും)
നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിൽ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുള്ളി മടപേട്ടക്കാടാണ് സംഭവം. കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ വി.ജെ.ലാലിയും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മൽസരിക്കും. തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി.ജോസഫാണ് സ്ഥാനാർഥി. ജോസഫ് എം.പുതുശേരിക്കും സാജന്‍ ഫ്രാന്‍സിസിനും ജോണി നെല്ലൂരിനും സീറ്റില്ല. ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്, കുട്ടനാട്– ജേക്കബ് ഏബ്രഹാം, കോതമംഗലം – ഷിബു തെക്കുംപുറം, തൊടുപുഴ – പി.ജെ.ജോസഫ്, കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഏറ്റുമാനൂരിൽ അഡ്വ. പ്രൻസ് ലൂക്കോസ് എന്നിവരാണ് സ്ഥാനാർഥികൾ. തിരുവല്ലയില്‍ പറഞ്ഞുപറ്റിച്ചെന്ന് വിക്ടര്‍ ടി.തോമസ് പറഞ്ഞു. രാഷ്ട്രീയ ധാർമികത കാട്ടിയില്ല, കേരളാ കോൺഗ്രസിൽ നിന്നതു കൊണ്ട് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ– അദ്ദേഹം പറഞ്ഞു.
നോബി ജെയിംസ്
2 കിലോ ലാംബ് (ചെറിയ ആട് ) ചെറുതാക്കി കഴുകി കുക്കറിൽ ഇടുക അതിലേക്ക്
150ഗ്രാം ഇഞ്ചി
150 ഗ്രാം വെളുത്തുള്ളി
8 പച്ച മുളക് ഇവ ഇടിച്ചു ഇടുക ഒപ്പം 3 ടീസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾ സ്പൂൺ വീട്ടിൽ ഉണ്ടാക്കിയ ഗരം മസാല
4 ടീസ്പൂൺ മല്ലിപൊടി
2 സവോള
3 തക്കാളി പിന്നെ ആവശ്യത്തിന് ഉപ്പും ഇട്ടു തിരുമി കുക്കറിൽ 6 ചീറ്റിച്ചു ഓഫ് ചെയ്തു വയ്ക്കുക
1 കപ്പ് ബസ്മതി അതായത്
(1 1/2 kg ബസ്മതി അരി ഉപ്പിട്ട് )നന്നായി നാല് അഞ്ചു പ്രാവശ്യം കഴുകി അര മണിക്കൂർ കുതിർത്ത് വയ്ക്കുക
ഈ സമയത്തു 4 സവോള അരിഞ്ഞു വറുത്തെടുക്കാം
ഒപ്പം മുട്ട ആവശ്യം ഉള്ളവർക്ക് അതും പുഴുങ്ങി വെക്കാം.
ആവശ്യത്തിന് പുതിന ഇല
ആവശ്യത്തിന് മല്ലിയില ഇവ അരിഞ്ഞു വെയ്ക്കാം.
പിന്നീട് ലാംബ് തുറന്നു അതിലേയ്ക്ക് മല്ലി ഇല, പുതിന ഇല വറുത്തുവച്ച ഉള്ളിയുടെ മുക്കാൽ ഭാഗവും ഇട്ടു ഇളക്കി വെക്കാം .
പിന്നീട് അരി ഊറ്റി പാൻ ചൂടാക്കി അല്പം ഗീ ഒഴിച്ച് അതിൽ ഊറ്റി വച്ച അരി ഇട്ടു ഫ്രൈ ആയി വരുമ്പോൾ 1 ടീസ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി 1 1/4 കപ്പ് വെള്ളവും ഒഴിച്ചു തിളച്ച് അരിയും വെള്ളവും ലെവൽ ആകുമ്പോൾ അടച്ചു തീ കുറച്ചു 10 മിനിട്ടു മൂടിവെക്കുക.
ഈ സമയം ഒരു ചെറിയ കപ്പിൽ അല്പം മഞ്ഞ കളർ 2 ടീസ്പൂൺ റോസ് വാട്ടർ 1 ടീസ്പൂൺ പൈനാപ്പിൾ എസ്സൻസ് ഒപ്പം ഒരല്പം പാലും ചേർത്ത് മിക്സ് ചെയ്തു വെക്കാം.
ഹോട്ടലുകളിൽ ചെയ്യുന്നത് പോലെ ദം ചെയ്യണമെങ്കിൽ ഒരല്പം പൊടി വെള്ളം ഒഴിച്ചു കുഴച്ചു വെക്കാം.
ഇനി വീഡിയോയിൽ കാണുന്നതുപോലെ ലെയർ ലെയർ ആയി ചോറും ലാമ്പും ഇടുക. അതിനു മുകളിൽ വറുത്ത ഉള്ളി കശുവണ്ടി മല്ലിയില പിന്നെ വറുത്ത മുട്ടയും മിക്സ് ചെയ്തു വച്ച എസ്സൻസും തളിച്ച് കുഴച്ചു വച്ച മാവ് വച്ചു മൂടി ഉറപ്പിച്ചു കുറഞ്ഞ തീയിൽ 15 മിനിട്ടു ദം ചെയ്താൽ ഹോട്ടലിലെ അതേ രുചിയിൽ ബിരിയാണി റെഡി.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കൊറോണയെന്ന കുഞ്ഞൻ വൈറസിനു മുൻപിൽ മാനവ ജനതയൊന്നാകെ പകച്ചു നിന്നപ്പോൾ , മഹാമാരിയുടെ ഒന്നാം വരവിലും രണ്ടാം വരവിലും ലോക ജനതയൊട്ടാകെ നിസംഗതയോടെ നിശ്ചലമായ സാഹചര്യത്തിൽ, അഹോരാത്രം കഷ്ടപ്പെട്ട ലോകമെമ്പാടുമുള്ള അവശ്യ സേവന ദാതാക്കൾ, പ്രതിരോധ നടപടികളുടെ നേത്രത്വ നിരയിലുണ്ടായിരുന്നവർ, പരിണിത പ്രഞ്ജരായ ശാസ്ത്ര ലോകം, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ ഇവരെയൊക്കെ നന്ദിയോടെ ഓർമ്മിക്കാനും , അനുമോദിക്കാനുമായി അവലംബിക്കുന്ന അനതിസാധാരണമായ പല രീതികളും ഈ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നാം കണ്ടു. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിൽ സുപരിചിതനായി അറിയപ്പെടുന്ന കലാകാരനും, ചിത്രകാരനുമായ ബോബി ജോസഫ് കാംബസ്ലാംങിന്റെ കരവിരുതിൽ വിരിഞ്ഞത് അത്യപൂർവ്വമായ മറ്റൊരു കലാസൃഷ്ടിയാണ്.
ചക്രവാള സീമയിൽ തെളിയുന്ന മാരിവില്ലിൻ്റെ ഏഴഴകിൽ അൽഭുതത്തോടെ നോക്കി നിൽക്കാത്തവരായി ആരുണ്ട് ? ആ വർണ്ണ വിസ്മയം മനസ്സിൽ കോരിയിടുന്ന വികാരങ്ങൾക്കതിരില്ല. മനുഷ്യനിർമ്മിതമായ ഒരു മഴവില്ലിനെ ഒഴുകുന്ന ജലാശയത്തിൽ സൃഷ്ടിക്കുന്നതിനേപറ്റി നമ്മൾ ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല. എന്നാൽ അതും സാധ്യമാണെന്നു തെളിയിക്കുകയാണ് ഗ്ലാസ്ഗോ മലയാളി ബോബി ജോസഫ്.
ഗ്ലാസ് ഗോ കോളേജ് ഓഫ് ആർട്ടിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബോബി തൻ്റെ പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊജക്റ്റ് സമർപ്പിക്കുന്നത് . മാനവ സമൂഹത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്ന് സൃഷ്ടിച്ച കോവിഡ് എന്ന മഹാമാരിക്കു ശേഷം പ്രത്യാശയുടെ പൊൻകിരണങ്ങൾ കണ്ടുണരുന്ന മാനവ സമൂഹത്തിൻ്റെ പുതു പുത്തൻ പ്രതീക്ഷകളെ പ്രതീകാത്മമായി ചിത്രീകരിക്കുകയാണ് ബോബി .
ഒന്നിനുമാവാതില്ലാതെ നാളെയിലേക്ക് നിർവികാരതയോടെ നോക്കി നിൽക്കുന്ന മനുഷ്യൻ, പെയ്തൊഴിയുന്ന ഒരു മഹാമാരിക്കു ശേഷം തെളിയുന്ന മഴവില്ലിനേപ്പോലെ പുത്തൻ പ്രതീക്ഷകളിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നതിനെ തൻ്റെ കലാവിഷ്കാരത്തിലൂടെ ചിത്രീകരിക്കുകയായിരുന്നു ബോബി .
ഗ്ലാസ്‌ഗോയുടെ ഹൃദയ ഭാഗത്തുകൂടി ഒഴുകുന്ന, യുകെയിലെ തന്നെ ഏറ്റവും വലിയ പ്രധാന നദികളിലൊന്നായ ക്ലൈഡ് നദിയിലെ ജലാശയത്തിലാണ് ബോബി തന്റെ കലാവിരുതിലൂടെ പുത്തൻ പ്രതീക്ഷകളുടെ പ്രതീകാത്മകതയായ മാരിവിൽ വൃഷ്ടി വിരിയിച്ചത്. മാർച്ച് 10 ന് രാവിലെ 10 നും 11 നും ഇടയ്ക്ക് പ്രാദേശിക കൗൺസിലിന്റെ പ്രത്യേക അനുവാദത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, ഗ്ലാസ്ഗോ ആർട്സ് കോളേജ് പ്രതിനിധികൾ , ഏറെ വർഷങ്ങളായി ബോബിയുടെ കരവിരുതിന്റെ മായാജാലങ്ങൾക്ക് വേദിയായ കലാകേരളം സംഘടനയിലെ സുഹൃത്തുക്കൾ, തദ്ദേശിയരും, വിദേശികളും ആയ മറ്റ് അഭ്യുദയാകാംഷികൾ എന്നിങ്ങനെ ജീവിതശ്രേണിയിലെ ഒട്ടേറെ പ്രമുഖർ ഈ അവിസ്മരണീയ മുഹൂർത്തങ്ങളെ നീണ്ട കരഘോഷങ്ങളോടെ വരവേല്ക്കുകയും ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടുകയും ചെയ്തു.
ബോബി ജോസഫ് ഇടുക്കി കട്ടപ്പനയിൽ കൈപ്പയിൽ കുടുംബാംഗമാണ് കഴിഞ്ഞ 15 വർഷക്കാലമായി ഗ്ലാസ്ഗോയിലെ കാമ്പസ്ലാംഗിൽ താമസിക്കുന്നു. ഭാര്യ ലിഡിയ , മകൾ എലീസ്സ.
സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്തു വ്യാജ ചികിത്സ നടത്തി വന്നിരുന്ന വനിതയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല കൊല്ലായിൽ ഡീസന്റ് മുക്കിനു സമീപം ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്. ഡീസന്റ് മുക്കിൽ ചികിത്സ നടത്തവേയാണു പിടിയിലായത്. പൊലീസ് എത്തുന്ന സമയത്തും വിവിധ സ്ഥലങ്ങളിലെ നിരവധി പേർ ചികിത്സാ കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
പെരിങ്ങമ്മല സ്വദേശിയാണെങ്കിലും ഇവർ വർഷങ്ങളായി കാസർകോട് നീലേശ്വരം മടിക്കൈ എന്ന സ്ഥലത്താണു താമസം. മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോൾ ചികിത്സ നടത്തി വരുന്നതായും നേരത്തെ ഭർത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവർ ഇപ്പോൾ പിണങ്ങി ഒറ്റയ്ക്കാണു ചികിത്സ നടത്തി വരുന്നതെന്നും പൊലീസ് കണ്ടെത്തി. വൈദ്യ ഫിയ റാവുത്തർ തലശ്ശേരി എന്ന ഫെയ്സ്ബുക് അക്കൗണ്ട് മുഖേനയാണു ഇവർ ചികിത്സയ്ക്കു പ്രചാരണം നൽകുന്നത്.
മരുന്ന് നൽകാനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷൽ ആർട്സ് അക്കാദമിയുടെ കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണു പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള സോഫിയ സർജറി അടക്കം നടത്തിവന്നത്. ഇത്തരം ചികിത്സയ്ക്കായി അമിതമായി ഫീസും ഈടാക്കിയിരുന്നു. ഇവരിൽ നിന്ന് ഡോ. സോഫിമോൾ എന്ന തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു.
ഫെയ്സ് ബുക്കിലെ പരസ്യം കണ്ടു തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടർ എന്നു കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
ഇറ്റലിയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച മുതൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. സ്കൂളുകൾ, റസ്റ്ററന്റുകൾ, ഷോപ്പുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചിടുമെന്നാണ് വിവരം.
ഈസ്റ്റർ വാരാന്ത്യത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചു. വത്തിക്കാനിലെ വിശുദ്ധവാരച്ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. റോമിനും മിലാനും ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,50,000 പുതിയ കോവിഡ് കേസുകളാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. മരണനിരക്കും ഉയരുകയാണ്. അതേസമയം, യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിലും കോവിഡ് വ്യാപനം ശക്തമാകുകയാണ്.
സഭാ തര്‍ക്കത്തില്‍ പൂര്‍ണമായും നിതി ഉറപ്പാക്കുന്നതില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യാക്കോബായ സഭ ബിജെപിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭാ ശക്തി കേന്ദ്രങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് കയറ്റുന്നതില്‍ യാക്കോബായ സഭ നിര്‍ണായക ശക്തി ആയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി അതല്ല. എറണാകുളം ജില്ലയിലേതുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ സഭ, ഏറ്റവും ഒടുവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തുന്നത് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുകയാണ്.
തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യുഡിഎഫ് നെടുംകോട്ടകള്‍ എല്‍ഡിഎഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യുഡിഎഫ് തയാറാകാത്തതുമാണ് ഇപ്പോള്‍ മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിര്‍ണായക ശക്തിയായ യാക്കോബായ സഭയുടെ നിലപാട് ഇരുമുന്നണികള്‍ക്കും തലവേദനയാകുമെന്നത് ഉറപ്പാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. യാക്കോബായ സഭയുടെ സഹായത്തോടെ ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പില്‍ എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞത്. അതേസമയം സഭക്ക് പ്രധാനം രാഷ്ട്രീയം അല്ലെന്നും സഭ തന്നെയാണെന്നും ആര്‍ക്കാണ് സഭക്ക് നീതി തരാന്‍ സാധിക്കുക എന്നാണ് പരിശോധിക്കുന്നതെന്നുമാണ് നേതൃത്വം വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നവരെ സഭ പിന്തുണയ്ക്കുമെന്നത് തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് വിശ്വാസികളെ വൈകാതെ അറിയിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.
പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. ഈ ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പു ലഭിക്കാതെ തെഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാനകില്ലെന്ന് തന്നെയാകും അമിത്ഷായുമായുള്ള കൂടികാഴ്ചയില്‍ സഭാ നേതൃത്വം അറിയിക്കുക. ഉറപ്പുലഭിച്ചാല്‍ ബിജെപി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ഡോ. മോര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ബിജെപി അധ്യക്ഷനുമായുള്ള ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക മാനേജിങ് കമ്മറ്റിയോഗം ചേരാനിരിക്കേയാണു ബി.ജെ.പി. നേതൃത്വം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മറ്റു പ്രമുഖ കേന്ദ്രമന്ത്രിമാരെയും യാക്കോബായ പ്രതിനിധികള്‍ കാണുന്നുണ്ട്.