തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
‘അസുരൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജീനികാന്ത് ചിത്രം ‘കാല’, പുതുപേട്ടായി, വെന്നില കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, നീയ 2, ഐറാ എന്നീ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നിതീഷ് വീര.
നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്.
വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥൻ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.
സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.
18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാപരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഘടകകക്ഷികളെ പരിഗണിച്ചപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തില്‍ സിപിഎമ്മിനു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണു സിപിഎമ്മിനു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.ജയരാജ് ചീഫ് വിപ്പുമായേക്കും. എന്‍സിപിയില്‍നിന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടര വര്‍ഷം മന്ത്രിയാകുന്ന ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. ഇവര്‍ക്കു പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ബി.ഗണേശ് കുമാര്‍ എന്നിവര്‍ അടുത്ത രണ്ടര വര്‍ഷം മന്ത്രിയാകും. ജനതാദള്‍ എസിനു ലഭിച്ച മന്ത്രിസ്ഥാനം കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും തമ്മില്‍ രണ്ടര വര്‍ഷം എന്ന നിലയില്‍ വീതം വയ്ക്കാനാണു സാധ്യത.
2020 ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടി മിസ് മെക്സിക്കോ ആൻഡ്രിയ മെസ. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ചൂടിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയെ പ്രതിനിധീകരിച്ച അഡ്‌ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി. അഡ്‌ലിൻ മിസ് ഡിവ യൂണിവേഴ്സ് 2020 ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ 73 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിൽ 26 കാരിയായ മെസയോട് നിങ്ങൾ രാജ്യത്തിന്റെ നേതാവായിരുന്നെങ്കിൽ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ചോദിച്ചത്.
കോവിഡ് പോലുള്ള ഈ വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായൊരു മാർഗ്ഗമില്ലെന്ന് ഞാൻ വിശ്വസിക്കുന്നതായി മെസ പറഞ്ഞു. എന്നിരുന്നാലും, തുടക്കത്തിൽതന്നെ ലോക്ക്ഡൗൺ ഞാൻ ഏർപ്പെടുത്തുമായിരുന്നെന്ന് കരുതുന്നു, കാരണം ഞങ്ങൾക്ക് വളരെയധികം ജീവൻ നഷ്ടപ്പെട്ടു, അത് താങ്ങാൻ കഴിയില്ല. നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും മെസ പറഞ്ഞു.
സോഫ്റ്റ്‌വെയർ എൻജിനീയറാണ് മെസ. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ആക്ടിവിസ്റ്റുമാണ്. കൂടാതെ മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൻ എന്ന സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നു.
View this post on Instagram
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.
സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം തിരിച്ചറിഞ്ഞിട്ടുകൂടി വാണിജ്യതാത്പര്യങ്ങൾ കൊണ്ട് നിസ്സംഗത കാട്ടുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ആരോപണം ശക്തമായി. ഇന്ത്യയിൽ നിന്നും പകർന്നതെന്നു കരുതുന്ന രണ്ടാം തരംഗം ബ്രിട്ടനേയും വിഷമിപ്പിക്കുകയാണിപ്പോൾ.
ലോക്ക്ഡൗണിനുശേഷം നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുമ്പോൾ ബ്രിട്ടനിൽ പടരുന്ന ഇരട്ട ജനിതകവ്യത്യാസം വന്ന വൈറസ് (B.1.617) ഇന്ത്യയിൽ നിന്നും ലഭിച്ചതാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് പറയുന്നു. മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈയവസരത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്ന ഇൻഡ്യാ സന്ദർശന പദ്ധതി വിവാദമായത്. ഏപ്രിൽ 25 ന് ബോറിസ് ഇന്ത്യയിലെത്താനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. പോസിറ്റീവ് കേസുകളിൽ 771 എണ്ണം ഈയിനത്തിൽ പെട്ടതാണെന്ന് ഇന്ത്യയിലെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുകയും ചെയ്തതിന് ശേഷമാണിത്. പ്രതിദിനം ഒന്നരലക്ഷത്തിലധികം
റിപ്പോർട്ട്എ ചെയ്തുകൊണ്ടിരുന്ന സമയത്തും ഉയർന്ന ശാസ്ത്രീയ മാനദണ്ഡങ്ങൾ പിന്തുടരുന്ന ബ്രിട്ടൻ സന്ദർശനം പുനഃപരിശോധിച്ചില്ല. പുതിയ ഇനത്തിൽപ്പെട്ട 103 കേസുകൾ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്തതിനുശേഷം സമ്മർദ്ദത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയത്.
പകർച്ചവ്യാധി നിയന്ത്രണകാലത്ത് റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ സമയം അതിക്രമിച്ചിട്ടുപോലും ഇന്ത്യയെ പെടുത്താതിരുന്നതും സമ്മർദ്ദത്തിനു ശേഷം മാത്രം സന്ദർശനം റദ്ദാക്കിയതും നിരുത്തരവാദപരമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കുപരി വാണിജ്യതാത്പര്യങ്ങൾ മാത്രം പരിഗണിച്ചതുകൊണ്ടാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.
ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭം ധരിക്കാന്‍ ഡാന്‍സ് എങ്ങനെ സഹായകമായെന്നാണ് ഉത്തര കുറിപ്പില്‍ പറയുന്നത്.
‘ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല, പക്ഷെ നൃത്തത്തിന് പല ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളേയും പരിഹരിക്കാനാകും. പിസിഒഡി, പഎംഎസ് തുടങ്ങി സ്ത്രീകള്‍ നേരിടുന്ന പലതും. എനിക്കറിയുന്ന പല നര്‍ത്തകരുടേതും നോര്‍മല്‍ ഡെലിവറിയായിരുന്നു. അതിന്റെ ക്ലാസിക് ഉദാഹരണമാണ് എന്റെ അമ്മ.
ഇന്നത്തെ അത്ര ഉന്നതമായ മെഡിക്കല്‍ സംവിധാനമൊന്നുമില്ലാതിരുന്ന, മൂന്ന് പതിറ്റാണ്ട് മുമ്പ് യാതൊരു വേദനയുമില്ലാത്തൊരു നോര്‍മല്‍ പ്രസവം ആയിരുന്നു അമ്മയുടേത്. എന്ന് ഉത്തര പറയുന്നു. ഡെലിവറി സമയത്ത് യാതൊരു വേദനയും അനുഭവിച്ചിട്ടില്ലെന്ന് അമ്മ ഇന്നും പറയും. നമ്മളില്‍ പലര്‍ക്കും അത് വിശ്വസിക്കാനാകില്ല.
കുറച്ച് മാസങ്ങള്‍ തന്നെ നൃത്തം പരിശീലിക്കാന്‍ തുടങ്ങിയതോടെ ആര്‍ത്തവ പ്രശ്നങ്ങള്‍ മാറിയെന്ന് എന്റെ പല വിദ്യാര്‍ത്ഥിനികളും പറഞ്ഞിട്ടുണ്ട്. ആര്‍ത്തവ സമയത്തെ വേദന കുറഞ്ഞുവെന്നും മെഡിക്കേഷന്‍ നിര്‍ത്തിയെന്നും ചിലര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഗര്‍ഭിണിയാവുകയും പരിശീലനം നിര്‍ത്തുകയും ചെയ്ത ഒരുപാട് വിദ്യാര്‍ത്ഥിനികളുണ്ട്.
നീ ഡാന്‍സ് ക്ലാസാണോ ഫെര്‍ട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നതെന്ന് ചില സുഹൃത്തുക്കള്‍ പരിഹസിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്. എട്ട് വര്‍ഷമായി കുട്ടികളുണ്ടാകാതിരുന്ന, നാല് വര്‍ഷം ചികിത്സ നടത്തിയതിന് ശേഷം ഗര്‍ഭിണിയാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞ, എന്റെ ഒരു വിദ്യാര്‍ത്ഥിനി ഗര്‍ഭം ധരിച്ചിരിക്കുന്നു.
എന്റെ ക്ലാസില്‍ ചേര്‍ന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍. ഇത് ശരിക്കും മാജിക് ആണ്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കി ഭരതനാട്യം സഹായിക്കും. ഇതില്‍പരം സന്തോഷമില്ല. ഡാന്‍സിന് വലിയ അര്‍ത്ഥങ്ങളുണ്ടെന്ന് തോന്നുന്നു. വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്. എന്നു പറഞ്ഞാണ് ഉത്തര കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്.
നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിൽ നിന്ന് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ബാങ്ക് ജീവനക്കാരനായ പ്രതി വിജീഷ് വർഗീസിനെ പോലീസ് പിടികൂടി. ബംഗളുരുവിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് വെളിപ്പെട്ടതോടെ ഇയാൾ ഭാര്യയേയും രണ്ട് കുട്ടികളേയും കൂടെകൂട്ടി ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ബംഗളുരുവിലെ വസതിയിലെത്തി പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയിൽ എത്തിച്ചേരും.
ബാങ്കിലെ ക്ലാർക്ക് കം കാഷ്യറായി കനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് ജോലി ചെയ്തിരുന്നത്. ഈ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്.
ഒടുവിൽ ക്രമക്കേട് കണ്ടെത്തിയതോടെ, ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പ്രതി ആവണീശ്വരത്ത് നിന്ന് മുങ്ങിയത്. കാറിൽ പുറപ്പെട്ട് എറണാകുളത്തെത്തിയ ഇയാൾ കാർ അവിടെ ഉപേക്ഷിച്ചു. തുടർന്ന് ഒരു വാടകവീടെടുത്ത് കൊച്ചിയിൽ താമസിക്കാൻ പദ്ധതിയിട്ടുവെങ്കിലും അവസാന നിമിഷം ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു.
മൂന്നുദിവസം മുമ്പാണ് പത്തനംതിട്ടയിൽ നിന്ന് പോലീസ് സംഘം ബംഗളുരുവിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് വൈകുന്നേരത്തോടെ വിജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക നിഗമനം.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. നാടകീയമായി ആയിരുന്നു ഇക്കാര്യം വെളിപ്പെട്ടതും. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഇക്കാര്യം ജീവനക്കാരൻ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു. ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു.
തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി വെളിപ്പെട്ടത്. ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ, കോടികൾ നഷ്ടമായെന്ന് വ്യക്തമായി. ബാങ്കിലെ മറ്റ് ജീവനക്കാർക്കും തട്ടിപ്പ് കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തിയ അധികൃതർ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
ഒറ്റമുറി വീട്ടില്‍ ക്വാറന്റീനിലിരിക്കാന്‍ ഇടമില്ല, കോവിഡ് പോസിറ്റീവായ 18 കാരന്‍ ക്വാറന്റീനീലിരുന്നത് മരത്തിന് മുകളില്‍.
തെലങ്കാനയിലെ നലഗൊണ്ട ജില്ലയില്‍ നിന്നാണ് കോവിഡിന്റെ ദുരന്തചിത്രം വരുന്നത്. ഗോത്രവര്‍ഗ്ഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലെ 18 കാരനായ ശിവനാണ് ഈ ദുരവസ്ഥ.
ഹൈദരാബാദില്‍ ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ശിവന്‍. ഒരു മാസം മുമ്പ് നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശിവന്‍ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെ മെയ് 4 ന് ശിവന്‍ കോവിഡ് പോസിറ്റീവുമായി. മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനങ്ങളില്ലെന്ന് പറഞ്ഞ ആരോഗ്യവകുപ്പ് ശിവനോട് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു.
ഒറ്റമുറി ഉള്ള വീട്ടില്‍ ക്വാറന്റീനില്‍ പോകാന്‍ ഇടമില്ല. അഞ്ച് പേര്‍ക്ക് തന്നെ ഒരുമിച്ചുറങ്ങാനുള്ള സൗകര്യം വീട്ടിലില്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ ആലോചനകളാണ് ശിവനെ വീടിന് സമീപം ഉള്ള മരം ‘കോവിഡ് വാര്‍ഡ്’ ആക്കാന്‍ പ്രേരിപ്പിച്ചത്.
മുളകള്‍ കൊണ്ടാണ് മരമുകളില്‍ ശിവന്‍ കോവിഡ് വാര്‍ഡൊരുക്കിയത്. മഴയും ചൂടും തണുപ്പുമൊക്കെ സഹിച്ച് കഴിഞ്ഞ 11 ദിവസവും ശിവന്‍ അവിടെയാണ് താമസിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രോഗത്തെ ഭയക്കുന്ന ഗ്രാമവാസികള്‍ ആരും മിണ്ടാന്‍ പോലും തയാറായില്ല. ആരും വീടുകളില്‍ നിന്ന് പുറത്തു പോലും വന്നില്ല ശിവന്‍ പറഞ്ഞു.
മരമുകളിലേക്ക് ഭക്ഷണവും മറ്റും എത്തിക്കാന്‍ ഒരു കയറും ബക്കറ്റും കെട്ടിയിട്ടുണ്ട്. അത് വഴി അമ്മയും സഹോദരങ്ങളും ഭക്ഷണവും മറ്റും മുകളിലെത്തിക്കും. വീട്ടില്‍ ഒരു ശുചിമുറി മാത്രമാണുള്ളത്. അതുപയോഗിച്ചാല്‍ രോഗം മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ശിവന്‍ ഒഴിഞ്ഞ പറമ്പുകളിലേക്കും വയലുകളിലേക്കും പോകും. പകല്‍ ഏറുമാടത്തില്‍ കിടന്ന് ഉറങ്ങുകയോ മൊബൈല്‍ സമയം ചെലവഴിച്ചും ദിവസം തളളി നീക്കും.