തുടർച്ചയായി സ്ത്രീകൾക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷയുടെ ആവശ്യകതയെപറ്റി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ് ശാരദകുട്ടി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വീടുകളിലേക്ക് തുരങ്കം നിർമിക്കാൻ ആലോചന. പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സെൻട്രൽ വിസ്ത പദ്ധതിയിൽ മാറ്റം വരുത്തുന്നത്.
ഇതിന് പുറമെ എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. പുതിയ പദ്ധതി രൂപരേഖ പ്രകാരം പ്രധാനമന്ത്രിയുടെ വീടും ഓഫീസും സൗത്ത് ബ്ലോകിന്റെ ഭാഗത്താണ് വരിക. നോർത്ത് ബ്ലോക് ഭാഗത്താണ് ഉപരാഷ്ട്രപതിയുടെ വസതി. നിലവിൽ ശ്രംശക്തി ഭവൻ നിലനിൽക്കുന്ന സ്ഥലത്താണ് നിർദിഷ്ട എംപി ചേംബർ.
സുരക്ഷക്ക് പുറമെ പുതിയ പാർലമെന്റ് സമുച്ചയം പൊതുജന സൗഹൃദമാക്കുക എന്ന ലക്ഷ്യവും തുരങ്കനിർമാണത്തിന് പിന്നിലുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. വിശിഷ്ട വ്യക്തികൾക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിർമാണം.
ഈ ടണൽ ഒറ്റവരിപ്പാതയായിരിക്കും. ഗോൾഫ് വാഹനങ്ങളാകും യാത്രയ്ക്കായി ഉപയോഗിക്കുക.രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്നു കിലോമീറ്റർ നവീകരിക്കാനുള്ള പദ്ധതിയാണ് സെൻട്രൽ വിസ്ത. ഈ പദ്ധതിയ്ക്ക് കീഴിലാണ് പുതിയ പാർലമെന്റ് സമുച്ചയവും സെൻട്രൽ സെക്രട്ടറിയേറ്റും വരിക.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെയും നടി താപ്സി പന്നുവിന്റെയും വസതികളിൽ നടന്ന പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി ഉദ്യോഗസ്ഥര്‍. രണ്ടാം ദിവസവും നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അനുരാഗ് കശ്യപുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മുൻ ബിസിനസ്സ് പങ്കാളികൾ, താപ്സി പന്നു, രണ്ട് ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ ക്വാൻ എന്റർടൈൻമെന്റ്, എക്‌സൈഡ് എന്റർടൈൻമെന്റ് എന്നിവ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 168 നികുതി ഉദ്യോഗസ്ഥർ മുംബൈയിലും പൂനെയിലും 28 സ്ഥലങ്ങളിൽ പരിശോധന നടത്തി. 650 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം.
പ്രൊഡക്ഷൻ ഹൗസിന്റെ ഷെയർ ട്രാൻസാക്ഷനുകളുടെ കൃത്രിമത്വവും വിലയിരുത്തലും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായും 350 കോടി രൂപയുടെ നികുതിയിളവ് കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
“യഥാർത്ഥ ബോക്സ് ഓഫീസ് കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനം വരുമാനം വൻതോതിൽ മറച്ചുവച്ചതിന്റെ തെളിവുകൾ കണ്ടെത്തി. ഏകദേശം 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ചലച്ചിത്ര സംവിധായകർക്കും ഓഹരി ഉടമകൾക്കുമിടയിൽ പ്രൊഡക്ഷൻ ഹൌസിന്റെ ഓഹരി ഇടപാടുകളിൽ കൃത്രിമത്വം നടന്നതായി തെളിവുകൾ കണ്ടെത്തി. ഏകദേശം 350 കോടി രൂപയുടെ നികുതിയിളവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു,” സെൻട്രൽ ബോർഡിന്റെ വക്താവ് സുരഭി അലുവാലിയ ഡയറക്റ്റ് ടാക്സ് (സിബിഡിടി), പ്രസ്താവനയിൽ പറഞ്ഞു.
പ്രമുഖ നടി അഞ്ച് കോടി രൂപയുടെ ക്യാഷ് രസീത് ലഭിച്ചതിന്റെ തെളിവുകൾ കണ്ടെടുത്തു. വിശദമായ അന്വേഷണം വിശദമാക്കുന്നു. വാര്‍ത്തകുറിപ്പിൽ താപ്സി പന്നുവിന്റെ പേര് വെളിപ്പെുടത്താതെ വകുപ്പ് പറഞ്ഞു.
ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും നടി താപ്സി പാനുവിന്റെയും കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഫാന്റം ഫിലിംസിന്റെ പങ്കാളികളുടെ വസതികളിലും മറ്റുമായി ആദായ നികുതി പരിശോധന ആരംഭിച്ചത്. ടാലന്റ് ഏജന്‍സി, അനുരാഗ് കശ്യപിന്റെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ്, നിര്‍മ്മാതാവ് മധു മണ്‍ടേനയുടെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.
പൗരത്വ നിയമഭേദഗതി, കർഷക പ്രക്ഷോഭം തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അനുരാഗ് കശ്യപും താപ്സി പന്നുവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പലതവണ അനുരാഗ് കശ്യപ് പേരെടുത്ത് വിമർശിച്ചിട്ടുണ്ട്. കര്‍ഷക സമരത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കറും അക്ഷയ് കുമാറും അടക്കമുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയപ്പോള്‍ ഈ വിമർശനത്തിനെതിരായുള്ള താപ്സിയുടെ ട്വീറ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പറക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റിനെയും ക്രൂവിനെയും പൂച്ച ആക്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.
എന്നാൽ പൂച്ച എങ്ങനെ വിമാനത്തിനുള്ളിൽ കടന്നു എന്ന കാര്യത്തിൽ ടാര്‍കോ ഏവിയേഷന് ഇതുവരെ വ്യക്തതയില്ല. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൂച്ചയെ പിടികൂടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പൂച്ച കോക്ക്പിറ്റിലൂടെ ഓടുകയായിരുന്നു. ഇതോടെ പൈലറ്റും ആശങ്കയിലായി. പിന്നാലെയാണ് അടിയന്തര ലാൻഡിങിന് അനുമതി തേടിയത്.
ഉത്തർപ്രദേശിൽ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ. ഹർദോയ് ജില്ലയിലെ പൻഡേതര ഗ്രാമത്തിലാണ് സംഭവം.
സർവേഷ് കുമാർ എന്നയാളാണ് മകളെ കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വന്നത്.
മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതിനെ തുടർന്നാണ് കൊലപാതകം. വെട്ടിയെടുത്ത തലയുമായി പിതാവ് സ്റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങൾ രണ്ടു പൊലീസുകാർ വിഡിയോയിൽ പകർത്തി.
തുടർന്ന് ഇയാളുടെ പേരും സ്ഥലവും പൊലീസുകാർ ചോദിക്കുന്നതും ആരെയാണ് കൊലപ്പെടുത്തിയത് എന്നുള്ള ചോദ്യത്തിന് മകളെയാണെന്നും ഇയാൾ പറയുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ഒരു സ്വതന്ത്രരാജ്യം എന്ന പദവിയില്‍ നിന്നും ഭാഗികമായി സ്വതന്ത്രമായ രാജ്യം എന്നതിലേക്ക് ഇന്ത്യ കൂപ്പുകുത്തിയതായി ഫ്രീഡം ഹൗസ് 2021 റിപ്പോര്‍ട്ട്.
2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.
മുസ്ലീങ്ങളെ ബലിയാടുകളാക്കിയുള്ള മോദി ഭരണം ഏകാധിപത്യപ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഫ്രീഡം ഹൗസ്.
സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.
ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് പിന്തുണ അറിയിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ബംഗാളിൽ ഞങ്ങൾ മത്സരിക്കില്ലെന്നും പാർട്ടിയുടെ പിന്തുണ ദീദിക്ക് കൊടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പിൽ തീർച്ചയായും മമത വിജയിക്കണമെന്നാണ് ശിവസേന ആഗ്രഹിക്കുന്നത്.
പണം, കൈക്കരുത്ത്, മാധ്യമങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് മമതാ ബാനർജിയെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
ദീദിയാണ് ശരിയായ ‘ബംഗാൾ പുലി’യെന്ന് സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എം.പി ശശി തരൂർ. തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം വി മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ് എന്ന് ശശി തരൂർ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോദിയുടെ താടി വളരുന്നത് പോലെ താഴോട്ടാണ് വളരുന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം ശശി തരൂർ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചുകൊണ്ട്, തരൂരിന്റെ അസുഖം വേഗം ഭേദമാകട്ടെ എന്നും അദ്ദേഹത്തിന്റെ ചികിത്സക്കായി ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആശുപത്രിയിൽ വിളിച്ചുപറയാമെന്നും വി.മുരളീധരൻ പരിഹസിച്ചു. ഇതിന് മറുപടി ആയാണ് സംഘികൾക്ക് തമാശ ആസ്വദിക്കാൻ അറിയില്ലെന്ന് ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല.
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ 49-ാം ജന്മദിനമാണ് ഇന്ന്. സഹോദരതുല്യനായ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. “ജന്മദിനാശംസകൾ ബിഗ് ബ്രദർ. സിനിമകൾക്ക്, സ്വപ്നങ്ങൾക്ക്, സിനിമയെ കുറിച്ചു സംസാരിക്കുന്ന ഒരിക്കലും അവസാനിക്കാത്ത രാത്രികൾക്ക്.. നിങ്ങളുടെ ഏറ്റവും മികച്ച വർഷം ഇതാവട്ടെ,” എന്നാണ് പൃഥ്വി ആശംസിക്കുന്നത്.
“ബിഗ് ബ്രദറും ചങ്ങാതിയും ഏറെ നാളായുള്ള മ്യൂസിക് പാർട്ണറുമായ ആൾക്ക് ജന്മദിനാശംസകൾ. ഒരുപാട് നല്ല മുഹൂർത്തങ്ങൾക്കും തമാശകൾക്കും ഒന്നിച്ചുള്ള സിനിമകൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മികച്ചൊരു വർഷമാവട്ടെ മുരളീ,” എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്.
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മുരളി ഗോപി. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായ ‘ലൂസിഫറി’ലും ഈ മൂവർ സംഘം ഒന്നിച്ച് കൈകോർത്തിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിലും പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളും പുരോഗമിക്കുകയാണ്.
പത്രപ്രവർത്തനരംഗത്തു നിന്നുമാണ് മുരളി ഗോപി സിനിമയിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത “രസികൻ ” എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു മുരളി ഗോപിയുടെ തുടക്കം. ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. രസികൻ, ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ എന്നിങ്ങനെ ആറോളം ചിത്രങ്ങൾക്കാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ലൂസിഫർ എന്നിങ്ങനെ മുരളിഗോപിയുടെ നാലു ചിത്രങ്ങളിലും ഇന്ദ്രജിത്ത് സ്ഥിരസാന്നിധ്യമായിരുന്നു.
View this post on Instagram
View this post on Instagram
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കോവിഡിന്റെ സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കർശനമായി പാലിക്കുകയും വേണം.
സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.