Latest News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

തിരു.: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചൊവ്വ മുതൽ ഞായർ വരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും. വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർ വരെ ഏർപ്പെടുത്താനാണ് നീക്കം. ആവശ്യമുള്ള കടകൾ മാത്രം ഈ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കും. ഡോർ ഡെലിവറി സംവിധാനം കടകൾ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കും.
അതേസമയം, ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും. ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ച ശേഷം, കൂടുതൽ കടുത്ത നടപടികൾ ആവശ്യമുണ്ടെങ്കിൽ അതിലേക്ക് പോകും. സർക്കാർ ഓഫീസുകൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീരിയൽ ഷൂട്ടിങ് തൽക്കാലം നിർത്തി വെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ടു മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. സാധ്യമെങ്കിൽ കൈയുറയും ഉപയോഗിക്കണം. സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതിന് കച്ചവടക്കാർ മുൻഗണന നൽകണം. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്സ് ആപ്പിലോ നൽകിയാൽ അവ വീടുകളിൽ എത്തിച്ചു നൽകുന്നതിന് ഡെലിവറി ബോയ്സിനെ നിയോഗിക്കണം. ഇക്കര്യത്തിൽ മാർക്കറ്റ് കമ്മിറ്റികളുടെ സേവനം പ്രയോജനപ്പെടുത്തണം.
കോവിഡ് രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും ഓക്സിജൻ വാർ റൂമുകൾ ഉടൻ ആരംഭിക്കും. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ നിലവിലുള്ള സമിതിക്ക് പുറമെയാണിത്. പോലീസ്, ആരോഗ്യ വകുപ്പ്, ഗതാഗത വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാവും കോവിഡ് വാർ റൂമുകൾ. ഓരോ ജില്ലയിലെയും ഓക്സിജൻ ലഭ്യതയുടെ കണക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശേഖരിക്കും. ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ആഭ്യന്തര – ആരോഗ്യ സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയിൽ വ്യവസായ സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്തും.
വിവിധ സ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് തടസ്സമുണ്ടാകാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ പോലീസ് ഇടപെടും. ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടു പോകുന്ന വാഹനങ്ങളുടെ മുന്നിലും പിന്നിലും ഓക്സിജൻ എമർജൻസി എന്ന സ്റ്റിക്കർ പതിക്കണം. ഇത്തരം സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പോലീസ് വേഗം കടത്തി വിടണം. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കൊണ്ടു പോകുന്ന വാഹനങ്ങളിലും സ്റ്റിക്കർ പതിക്കണമെന്നും നിർദ്ദേശമുണ്ട്

മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കമ്മീഷന്റെ ‘വോട്ടർ ഹെൽപ്‌ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇതിനുപുറമേ, മാധ്യമങ്ങൾ ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ ‘ട്രെൻറ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐ.പി.ആർ.ഡി സജ്ജീകരിച്ച മീഡിയാ സെൻറർ വഴിയും ഫലം അറിയാം.
വോട്ടെണ്ണൽ സമയത്ത് വോട്ടെണ്ണൽ പുരോഗതി സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടാകാതിരിക്കാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 8 എം.പി.ബി.എസ് ഡെഡിക്കേറ്റഡ് ലീസ്ഡ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനദാതാക്കളുടെ ബാക്കപ്പ് ലീസ്ഡ് ലൈനുകളും സജ്ജമാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ ജനറേറ്റർ, യു.പി.എസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മുളന്തുരുത്തി: ”അക്രമി വണ്ടിയിലുണ്ടെന്ന് അവൾക്കറിയില്ലായിരുന്നു. മുളന്തുരുത്തിയിൽനിന്ന് തീവണ്ടിയെടുക്കുമ്പോൾ വണ്ടിയിലാരുമില്ലെന്നാണ് അവൾ വിചാരിച്ചത്. പെട്ടെന്നാണ് ഭിക്ഷക്കാരനെപ്പോലൊരാൾ കാബിനിലേക്കു കയറിയതും വാതിലടച്ചതും. വണ്ടിയിൽ ആരുമില്ലെന്ന് സഹോദരിയോട് ഫോണിൽ പറഞ്ഞ് ഉടനെ തന്നെ ഒരാളുണ്ട്, ഞാൻ ഫോൺ വെയ്ക്കുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു” – ഇത് പറയുമ്പോൾ ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽനിന്നു ചാടി രക്ഷപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ശബ്ദത്തിലെ വിറയൽ മാറിയിട്ടില്ല.

യുവതിയും ഭർത്താവും അടങ്ങുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നു. ക്വാറന്റീൻ കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. രോഗം ഭേദമായി വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുക്കുമ്പോഴാണ് തീവണ്ടിയിലെ അക്രമിയുടെ രൂപത്തിൽ ദുരിതം തിരിച്ചെത്തിയത്.

ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. ചെങ്ങന്നൂരിൽ ജോലിനോക്കുന്ന യുവതി രാവിലെ രണ്ടു വയസ്സുള്ള മകനോട് യാത്ര പറഞ്ഞ് ഭർത്താവിന്റെ ബൈക്കിലാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയത്.

അക്രമത്തിനിരയായതിനെ തുടർന്ന് തീവണ്ടിയിൽനിന്നു ചാടിയ യുവതിക്ക് രക്ഷകരായത് ഒലിപ്പുറം തൃക്കേമ്യാലിൽ ശ്യാമളയും മകൾ ശ്രീജയുമാണ്. ഈ ഭാഗത്തുകൂടി തീവണ്ടി വേഗം കുറച്ചു പോകണമെന്ന് മുന്നറിയിപ്പുണ്ട്. അതനുസരിച്ച് വണ്ടിക്ക് വേഗം കുറച്ചതാണ് ചാടിയ യുവതിക്ക് തുണയായത്.

ശ്യാമളയും ശ്രീജയും കൂടി ആടിന് മരുന്നു വാങ്ങാൻ അരയൻകാവിലേക്ക് പോകും വഴിയാണ് തീവണ്ടിയിൽനിന്നു വീണുകിടക്കുന്ന യുവതിയെ കണ്ടത്. കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ട്രാക്കിനു സമീപം യുവതി ഇരിക്കുന്നതു കണ്ടെങ്കിലും അമ്മയും മകളും അതു കാര്യമാക്കാതെ നടന്നുനീങ്ങി. മകൾ ശ്രീജ പിന്തിരിഞ്ഞു നോക്കിയപ്പോൾ യുവതി അവരെ കൈകാട്ടി വിളിച്ചു. ഒന്നു നോക്കാമെന്നു പറഞ്ഞ് ശ്രീജ യുവതിയുടെ അടുത്തേക്കു പോയി. അടുത്തുചെന്ന് കാര്യം തിരക്കിയ ശ്രീജയോട് തന്നെ തീവണ്ടിയിൽ വെച്ച് ഒരാൾ ആക്രമിച്ചെന്നും തള്ളി താഴെയിട്ടെന്നുമാണ് യുവതി പറഞ്ഞത്.

ശ്യാമള ഉടനെ സഹോദരൻ സുരേന്ദ്രനെ വിളിച്ചു വരുത്തി. പിന്നീട് സുരേന്ദ്രൻ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിനെയും സമീപവാസികളെയും വിവരമറിയിച്ചു. ഭർത്താവിന്റെ നമ്പർ യുവതി നൽകിയതോടെ ആ നമ്പറിൽ വിളിച്ചും വിവരം പറഞ്ഞു. തുടർന്ന് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിറവത്ത് ഉദ്യോഗസ്ഥനായ ഭർത്താവ് പോകാനുള്ള തിരക്കിൽ യുവതിയെ സ്റ്റേഷനിലെത്തിച്ച് ബൈക്കിൽ തന്നെ മടങ്ങി. ഓഫീസിലേക്കു പോകാൻ ഒമ്പതരയോടെ തയ്യാറായി നിൽക്കുമ്പോഴാണ് ആരോ ഫോണിലേക്ക് വിളിച്ച് ഭാര്യ തീവണ്ടിയിൽനിന്നു വീണെന്നു പറയുന്നത്. പെട്ടെന്ന് ബൈക്കിൽ അപകട സ്ഥലത്തേക്ക് പാഞ്ഞു.

കൈപ്പട്ടൂരിനടുത്ത് കൂവയ്ക്കാപ്പിള്ളി കോളനിക്കും ഒലിപ്പുറം ലക്ഷംവീടിനുമിടയ്ക്കുള്ള അപകട സ്ഥലത്തെത്തുമ്പോഴേയ്ക്കും ആംബുലൻസും എത്തി.

ഉടൻ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ‘അവളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഐ.സി.യു.വിലാണിപ്പോഴും’-വാക്കുകളിൽ ആശങ്ക ഒഴിയുന്നില്ല.

കോട്ടയം: കറുകച്ചാൽ ചമ്പക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. കൊച്ചുകണ്ടം ബംഗ്ലാകുന്ന് സ്വദേശി രാഹുലി(35)ന്റെ മരണമാണ് നാല് ദിവസത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ രാഹുലിന്റെ സുഹൃത്തുക്കളായ സുനീഷ്, വിഷ്ണു എന്നിവരെ കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിന്റെ വിവാഹത്തിന് സംഭാവന നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തർക്കത്തിനൊടുവിൽ സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേടായ കാർ നന്നാക്കുന്നതിനിടെ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് മരിച്ചെന്നായിരുന്നു ആദ്യനിഗമനം. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് പരിശോധനയിലും അസ്വാഭാവികത തോന്നിയില്ല. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയതോടെ തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും പോലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം നെടുംകുന്നത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. അന്ന് രാത്രി 9.30-ന് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് രാഹുലിനെ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും ആരും സംസാരിച്ചില്ലെന്നായിരുന്നു വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഈ മൊഴികൾ അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച് നല്‍കിത്തീര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഇതിനായി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുവാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശ പ്രവര്‍ത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂ.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഉണ്ടാക്കുമെന്നതിനാല്‍ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തില്‍ എത്താന്‍ പാടുള്ളൂ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഇപ്പോള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്‌സിന്‍ ഏപ്രില്‍ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം. ഇപ്പോള്‍ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.

കോട്ടയം: തിരഞ്ഞെടുപ്പുഫലം വരാന്‍ മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കെ കേരള കോണ്‍ഗ്രസുകളില്‍ കൂട്ടലും കിഴിക്കലും. തുടര്‍ഭരണവും ഭരണം പിടിക്കലുമാണ് മുന്നണികളുടെ ചര്‍ച്ചാവിഷയമെങ്കില്‍ ഇരു കേരള കോണ്‍ഗ്രസിലും നിലനില്‍പ്പാണ് ആഭ്യന്തരചര്‍ച്ചകളുടെ അജന്‍ഡ. ഫലം മോശമായാല്‍ ഇരുപാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുള്ളില്‍ വിലയിടിയും.

ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും പ്രധാനമാണ്. പാര്‍ട്ടി ഇടതുപാളയത്തില്‍ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കണം. ഇതിന് കോട്ടയത്ത് അഞ്ചില്‍ നാലെങ്കിലും നേടണം. ഇടുക്കിയില്‍ ഒന്നെങ്കിലും നിലനിര്‍ത്തണം. കോട്ടയത്ത് സി.പി.എം. മൂന്നിടത്തേക്ക് ഒതുങ്ങി കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്ത് സീറ്റ് നല്‍കി. ഇത് സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുഖ്യകക്ഷിയായ സി.പി.എം. സീറ്റില്‍ സ്വയം പിന്നില്‍ നില്‍ക്കുന്നു എന്നത് കേരള കോണ്‍ഗ്രസിന് ലഭിച്ച അംഗീകാരമാണ്. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി വേണ്ടെന്നുവെച്ച് അവര്‍ 12 ഇടത്ത് മത്സരിച്ചു. പത്തിടത്തുവരെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോട്ടയത്ത് രണ്ടില്‍നിന്ന് ഒന്നിലേക്ക് ചുരുങ്ങിയ സി.പി.ഐ. നല്ല രീതിയില്‍ സഹകരിച്ചെന്ന് കേരള കോണ്‍ഗ്രസും സി.പി.ഐ.യും അവലോകനങ്ങളില്‍ വിലയിരുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനും മുന്നണിക്കും തോല്‍വിയുണ്ടായാല്‍ സംസ്ഥാനതലത്തില്‍ തന്നെ സി.പി.ഐ. വിമര്‍ശനവുമായി രംഗത്തുവരാനും സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസിനെ അമിതമായി പിന്തുണച്ചെന്ന പഴി സി.പി.എമ്മിന്, പ്രത്യേകിച്ച് കോട്ടയം ജില്ലാകമ്മിറ്റി കേള്‍ക്കേണ്ടിവരും.

പി.സി.തോമസുമായി ലയിച്ച ജോസഫ് വിഭാഗത്തിന് പത്തില്‍ ഒന്‍പതുസീറ്റില്‍ വരെ വിജയപ്രതീക്ഷയുണ്ട്. ജോസ് കെ.മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാന്‍ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഏറ്റുമാനൂരിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പാര്‍ട്ടി വിടുകയും ചെയ്തു.

പുനഃസംഘടനയോടെ ഫ്രാന്‍സിസ് ജോര്‍ജ് ഉയര്‍ത്തിയ പ്രതിഷേധം, തോല്‍വി ഉണ്ടായാല്‍ ശക്തമാകും. പാര്‍ട്ടിക്കുള്ളില്‍ മോന്‍സ് ജോസഫ് വലിയ സ്ഥാനങ്ങള്‍ നേടിയെന്നാണ് ഫ്രാന്‍സിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയില്‍ ഫ്രാന്‍സിസ് വിജയിച്ചില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ വന്നേക്കാം. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി പല ചേരികള്‍ ശക്തിപ്പെട്ടേക്കാം.

മലപ്പുറം ∙ ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ.

കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, റീജനൽ ഫിലിം സെൻസർ ബോർഡ്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ബിനോയ് എം. ജെ.

അസ്ഥിത്വവാദം(Existentialism) വെറുമൊരു തത്വചിന്ത അല്ല മറിച്ച് അത് നമ്മുടെ തന്നെ തത്വചിന്ത വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുന്ന ചിന്താപദ്ധതിയാണ്. സാധാരണയായി കൗമാരപ്രായം ആകുമ്പോഴേക്കും ഒരു കുട്ടി സ്വന്തം തത്വചിന്ത ഉപേക്ഷിക്കുകയും സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്. ഇതിനെ സാമൂഹ്യവൽക്കരണം(socialisation) എന്ന് വിളിക്കുന്നു . ഇത് സാധ്യമാകുന്നത് അനുകരണത്തിലൂടെയും ആണ് . ഇപ്രകാരം സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും ഏതാണ്ട് ഒരേ മനോഭാവവും ഒരേ ഇഷ്ടാനിഷ്ടങ്ങളും ഒരേ ചിന്താരീതികളും ആണുള്ളത്. വ്യത്യസ്തനായ ഒരാളെ സമൂഹം തിരസ്കരിക്കുന്നു. ഇതിനെ സാമൂഹിക ബഹിഷ്കരണം (social boycott) എന്ന് വിളിക്കുന്നു . ഇപ്രകാരം സമൂഹം വ്യക്തികളെ അതിന്റെ അടിമകളാക്കി കൊണ്ടുപോകുന്നു .

ഈ അടിമത്തത്തിൽ നിന്ന് മോചനം നേടുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു . സമൂഹത്തിന്റെ വെറും അടിമ ആകാതെ അതിന്റെ യജമാനൻ ആവാനുള്ള മാർഗ്ഗം അസ്ഥിത്വവാദം നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും സ്വന്തം തത്വചിന്ത ഉപേക്ഷിച്ച് സമൂഹത്തിൻറെ തത്വചിന്ത സ്വീകരിക്കരുതെന്ന് അസ്ഥിത്വവാദം നമ്മോട് ആവശ്യപ്പെടുന്നു . സ്വന്തം രീതികൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ രീതികൾ സ്വീകരിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള സത്ത അടിച്ചമർത്തപ്പെടുന്നു. ഇതിൽനിന്ന് ടെൻഷൻ അഥവാ സ്ട്രസ് ഉത്ഭവിക്കുന്നു. സ്ട്രസ് ഇല്ലാത്തവർ ആധുനിക ലോകത്തിൽ വളരെ വിരളമാണ്.

അനുകരണത്തിലൂടെ സമൂഹത്തിന്റെ പിന്നാലെ പോവുമ്പോൾ നമുക്ക് അറിഞ്ഞു കൂടാത്ത എന്തിനെയോ ആണ് നാം പിന്തുടരുന്നത്. ഇവിടെ അജ്ഞത നമ്മുടെ മുഖമുദ്രയാകുന്നു .അഥവാ എന്തെങ്കിലും നാമറിയുന്നുണ്ടെങ്കിൽ ,അവ ആരിൽനിന്നൊക്കെയോ കടം വാങ്ങിയത് ആയിരിക്കും . നമ്മുടേതായ വിജ്ഞാനം അടിച്ചമർത്തപ്പെടുന്നു . നമ്മുടെ സർഗ്ഗശേഷി നിഷ്ക്രിയമാകുന്നു. എന്നാൽ സ്വന്തം സത്തയെ അടിച്ചമർത്താതെ അതിനെ സർവ്വാത്മനാ സ്വീകരിക്കുന്നയാൾ ഉള്ളിലുള്ള പ്രതിഭയെ വളർത്തിക്കൊണ്ടു വരുന്നു. അത് കാലാകാലങ്ങളിൽ പുഷ്പിച്ച് ഉത്തമമായ ആശയങ്ങളെ സമൂഹത്തിന് സമ്മാനിക്കുന്നു. സമൂഹത്തിന്റെ പുറകെ ഓടുന്നവർ അല്ല സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകുന്നത് മറിച്ച് വേണമെങ്കിൽ സമൂഹത്തെ ഒരല്പം മാറ്റിനിർത്തിക്കൊണ്ട് സ്വന്തം സത്തയെ കണ്ടെത്തുന്നവരാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകുന്നത് എന്നറിഞ്ഞുകൊള്ളുവിൻ. ഇത്തരക്കാരെയാണ് പ്രതിഭാശാലികൾ എന്ന് വിളിക്കുന്നത്. അസ്ഥിത്വവാദം ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും നമ്മെ നയിക്കേണ്ട തത്വചിന്തയാണ് .മനുഷ്യ ജന്മത്തിന്റെ മൂലൃം മനസ്സിലാക്കിക്കൊണ്ട് അതിനെ അതിൻറെ ഉത്തുംഗശൃംഗങ്ങളിലേക്ക് കയറ്റി കൊണ്ടുപോകുവാൻ അസ്ഥിത്വവാദം നമ്മെ സഹായിക്കുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി.

സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പിവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്രം ഉത്തരവിറക്കിയത്.

ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം. ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിന് പിന്നാലെയാണ് കേന്ദ്രം പുതിയ നിയമം കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനകം തന്നെ ഡല്‍ഹി സര്‍ക്കാരിനുമേല്‍ ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള നിയമം പ്രാബല്യത്തിലാക്കാനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കെജ്‌രിവാളും കേന്ദ്രസര്‍ക്കാരും തമ്മിള്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി ബില്‍ പ്രാബല്യത്തില്‍ വന്നതെന്നും ശ്രദ്ധേയമാണ്.

RECENT POSTS
Copyright © . All rights reserved