Latest News

യുകെയിൽ കോവിഡ്​ മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്​സിൻ വിദഗ്​ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡി​െൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ്​ മൂന്നാം തരംഗത്തിലേക്ക്​ നയിക്കുയെന്ന് ഫിൻ വാക്​സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചു.

യുകെയിൽ ഡെൽറ്റ വകഭേദം വാക്​സിനുകളും തമ്മിലുള്ള പോരാട്ടമാണ്​ ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്​. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ്​ ഉണ്ടാവുന്നില്ലെന്നത്​ ആശ്വാസകരമാണ്​. എത്രയും വേഗം പ്രായമായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകുകയാണ്​ വേണ്ടത്​. അത്​ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന്​ ഫിൻ പറഞ്ഞു.

പ്രായമായവരെ വാക്​സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിൽ ഇതുവരെ 540 പേർക്ക്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർധന മൂന്നാം തരംഗ സൂചനയല്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിനോളജി പ്രൊഫസർ ബ്രണ്ടൻ റെൻ പറയുന്നു.

മുതിർന്ന ജനസംഖ്യയുടെ 81% ത്തിലധികം പേരും ആദ്യത്തെ കൊറോണ വാക്സിൻ ഡോസും 59% രണ്ട് ഡോസുകളും ലഭിച്ചവരാണ്. അതിനാൽ ജാഗ്രത അനിവാര്യമാണെങ്കിലും മൂന്നാം തരംഗ സാധ്യത വിരളമാണെന്ന് റെൻ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ്റെ പുരോഗതി പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജൂൺ 19 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും റെൻ പറഞ്ഞു.

എന്നിരുന്നാലും ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന പുതിയ വൈറസുകളുടെ ആവിർഭാവം യുകെയെ സംബന്ധിച്ചിടത്തോളം “അപകടകരമായ ഒരു ശൈത്യകാലം” എന്ന ഭീഷണി മുന്നോട്ടു വക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പു കാലം കഴിയുന്നതുവരെ കൂടുതൽ ലോക്ക്ഡൗണുകൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്. കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട്​ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്താനുള്ള തീരുമാനത്തിൽ നിന്ന്​ പ്രധാനമന്ത്രി ബോറിസ്​​ ജോൺസൺ കഴിഞ്ഞ ആഴ്ച പിന്നോക്കം പോയിരുന്നു.

ഉണ്ണി യേശുവിനെ മാറോട് ചേർത്തുപിടിച്ചു, സംരക്ഷിച്ച ഒരു പിതാവ്. ജെറുസലേം ദൈവാലയത്തിൽ വെച്ചു കാണാതെ പോയ ബാലനായ യേശുവിനെ ഓർത്തു വിങ്ങിപൊട്ടിയ ഒരു പിതാവ്, ആശാരി പണി പഠിപ്പിച്ചു കൊടുക്കുന്ന ഒരു മരപ്പണികാരനായ പിതാവ്. ജോസഫ്, മറിയത്തെ, ഭാര്യയാക്കാൻ, സംശയിക്കേണ്ട, നീ നീതിമാൻ ആണ്, എന്ന് അരുളിചെയ്ത, മാലാഖയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട്, മറിയത്തെ, ഭാര്യയായി ചേർത്തുപിടിച്ചു സംരക്ഷിച്ച ജോസഫ് എന്ന ഭർത്താവ്.

ഇന്ന്, പിതാക്കൻമാരുടെ ദിവസം. അപ്പാ, അച്ചാ, ഡാഡ്, പപ്പാ, എന്നിങ്ങനെ വിവിധ പേരുകളാൽ വിളിക്കപ്പെടുന്ന Father’sന്റെ day. ഒരു കുടുംബത്തിന്റെ നാഥൻ. മക്കളുടെ പിതാവ്. ഭാര്യയുടെ പ്രിയപ്പെട്ട ഭർത്താവ്.

കുടുംബത്തെ പോറ്റാൻ, രാവേറെ പണിയെടുക്കുന്ന അപ്പൻ. അവരുടെ വിയർപ്പ് കൊണ്ട് അന്നം കഴിക്കുന്ന, ഒരു തലമുറയിലെ കുറേ ജീവനുകൾ. കുടുംബത്തിൽ, അപ്പനുള്ള, സ്ഥാനം, ആധുനിക ലോകത്തിൽ, മാററം വരുന്നുണ്ടോ, എന്ന് ചിന്തിക്കാം.

അമ്മയോടൊപ്പം, അപ്പനും മക്കൾക്കു പ്രിയപ്പെട്ടവർ ആയിരിക്കണം. വർഷങ്ങൾ ഒറ്റയ്ക്ക് കുടുംബത്തിന് വേണ്ടി ജോലി ചെയ്യുന്ന പ്രവാസികൾ ആയവരെ, ഒരിക്കലും, തള്ളിക്കളയല്ലേ. അവരെ ചേർത്തുപിടിച്ചു സംരക്ഷിക്കാം.

ലോകം മുഴുവൻ ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോൾ, ജോസഫ് എന്ന നീതിമാനായ പിതാവിനെ കൂടി ഓർമ്മിക്കാം. എല്ലാ പിതാക്കൻമാർക്കും ആശംസകൾ, പ്രാർത്ഥനകൾ.

മരുഭൂമിയിലൂടെ നടന്നുപോകുന്നതിനിടെ കുടിക്കാൻ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അഞ്ച് വയസുകാരി മരിച്ചു. രാജസ്ഥാനിലെ മരുഭൂമിയോട് ചേർന്നുള്ള ഗ്രാമത്തിൽ താമസിക്കുന്ന അഞ്ജലി എന്ന പെൺകുട്ടിയാണ് വെള്ളം കിട്ടാതെ മരിച്ചത്.

പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് അതിതീവ്ര നിർജലീകരണമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. കുട്ടിക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖി ആശുപത്രിയിൽ ചികിത്സയിലാണ്.

റായ്പൂരിലെ സിരോഹിയിലാണ് അഞ്ജലിയും മുത്തശ്ശിയും താമസിച്ചിരുന്നത്. ജൂൺ 5ന് ബന്ധുവീട്ടിലേക്ക് പോകാൻ നടത്തിയ യാത്രക്കിടെയാണ് അഞ്ജലിക്ക് ജീവൻ നഷ്ടമായത്.റോഡ് മാർഗം 19 കിലോമീറ്റർ ദൂരമുള്ള ദുലിയയിലേക്കായിരുന്നു ഇവർക്ക് പോകേണ്ടിയിരുന്നത്. എന്നാൽ സാധാരണ പോകാറുള്ള 9 കിലോമീറ്റർ മാത്രം ദൂരമുള്ള എളുപ്പമാർഗത്തിലൂടെ പോകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കെല്ലാം പോകുന്ന വഴിയാണ് ഇതെന്നും എന്നാൽ ഇപ്രാവശ്യം അഞ്ജലി കുപ്പിവെള്ളമെടുക്കാൻ മറന്നുപോയെന്ന് മുത്തശ്ശി പറഞ്ഞു. ജൂൺ ആറിന് വൈകീട്ടോടെ ആട്ടിടയനായ നാഗ്ജി രാം എന്നയാളാണ് അഞ്ജലിയെയും സുഖിയെയും വഴിയരികിൽ തളർന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അഞ്ജലി അപ്പോഴേക്കും മരിച്ചിരുന്നു.

മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. രാമനാഥപുരം സ്വദേശിയായ മണികണ്ഠന്‍ അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി കൂടിയായിരുന്നു.

ബംഗളൂരുവില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം നീണ്ട ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍, പോലീസ് കേസെടുത്തതോടെ മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു. മദ്രാസ് ഹൈക്കോടകി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മണികണ്ഠന്‍ അറസ്റ്റിലായത്.

മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് സെക്ടറല്‍ മജിസ്രേട്ട് പിഴ നല്‍കുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വയോധിയ്ക്ക് പിഴ നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. പിഴ ഇടാക്കി എന്ന തരത്തില്‍ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം എഴുതി നല്‍കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

മൂത്തേടം സ്വദ്ദേശി അത്തിമണ്ണില്‍ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ആരോപണം. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് നിഷ്‌കളങ്കതയോടെ മറുപടി പറയുന്ന വയോധികയോട് പേരും വീട്ടും പേരും ചോദിച്ച് മനസ്സിലാക്കി ഒരു രസീത് നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്ടറല്‍ മജിസ്രേട്ടിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഇയര്‍ന്നത്. ‘

അമ്മ മകളുടെയും മകന്റെയും വീടുകളിലേക്ക് പോകാറുണ്ടെന്നും അവരെ തടയാറില്ലെന്നും നല്ലതുപോലെ മക്കള്‍ നോക്കുന്നുമുണ്ടെന്നും വീഡിയോ വൈറലായത് വലിയ വിഷമമുള്ളതായും മകളുടെ ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ സ്വഭാവമാണ് ഉമ്മക്ക് എന്നും മക്കള്‍ പറയുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കരാര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഹംസയാണ് വീഡിയോ തന്റെ മൊബൈലില്‍ പകര്‍ത്തിയത്. ഉമ്മയെ കണ്ടപ്പോള്‍ തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ വീഡിയോ പ്രചരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.

ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.

വീട്ടിൽ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായതായും, ഇനി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.

യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ്, പിന്നീട് വീഡിയോ കോൺഫറൻസിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജീവിത വഴിയില്‍ വേര്‍പിരിഞ്ഞ രണ്ടു താരങ്ങള്‍ ഒന്നിച്ച വാര്‍ത്തയാണ് ശ്രദ്ധിക്കപ്പെടുകയാണ്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്‍ രഞ്ജിത്തും നടി പ്രിയ രാമനുമാണ് ആ ദമ്പതികൾ‍. ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും ഇപ്പോള്‍ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ വിവാഹമോചിതരായ ഇരുവരും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തില്‍ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമായത്.

‘ആരാധകരുടെ സ്‌നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’.-പ്രിയ രാമനെ ചേര്‍ത്തു നിര്‍ത്തി രഞ്ജിത്തിന്റെ വാക്കുകള്‍. മറ്റൊരു വിഡിയോയില്‍ തന്റെ ഭര്‍ത്താവാണ് രഞ്ജിത്തെന്നും പ്രിയ പറയുന്നുണ്ട്.

1999 ല്‍ നേസം പുതുസ് എന്ന സിനിമയ്ക്കിടെയാണ് രഞ്ജിത്തും പ്രിയാരാമനും അടുപ്പത്തിലാകുന്നത്. വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

ഓൺലൈൻ ഗെയിമിന്റെ തത്സമയ സ്ട്രീമിങ്ങിനിടെ സ്ത്രീകളോടും കുട്ടികളോടും അശ്ലീലം പറയുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മദന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പബ്ജി മദൻ എന്നറിപ്പെടുന്ന മദൻകുമാറിന്റെ ഈ മരവിപ്പിച്ച അക്കൗണ്ടുകളിൽ നാലു കോടിയോളം രൂപ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിൽ ഒരു അക്കൗണ്ട് മദന്റെ പേരിലും മറ്റേത് ഭാര്യ കൃതികയുടെ പേരിലുമാണെന്ന് പൊലീസ് അറിയിച്ചു.

നിലവിൽ കേസുമായി ബന്ധപ്പെട്ട് മദന്റെ പിതാവും റോഡ് കോൺട്രാക്ടറുമായ മാണിക്കത്തെ ചോദ്യം ചെയ്ത് വരികയാണ്. വെള്ളിയാഴ്ചയാണ് പ്രതിമാസം 10 ലക്ഷത്തോളം രൂപ യുട്യൂബിൽനിന്നു സമ്പാദിച്ചിരുന്ന മദനെ പൊലീസ് അറസ്റ്റു ചെയ്തത്. വിഡിയോ ഗെയിമിൽ ഒപ്പം ചേരുന്ന സഹകളിക്കാരോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അതിന്റെ വിഡിയോ തത്സമയം (ലൈവ് സ്ട്രീമിങ്) പ്രദർശിപ്പിക്കുകയും ചെയ്ത സേലം സ്വദേശി മദൻ കുമാറിനെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്. ചെന്നൈ സിറ്റി ക്രൈം വിങ്ങിന്റെ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.

ചെന്നൈയിൽ 3 വീടുകളടക്കം കോടികളുടെ ആസ്തിയുള്ള ഇയാളുടെ ഭാര്യ കൃതിക ഇതേ കേസിൽ നേരത്തേ പിടിയിലായിരുന്നു. നിരോധിത വിഡിയോ ഗെയിമായ പബ്ജി കളിക്കാനുള്ള സൂത്രവിദ്യകൾ പങ്കുവയ്ക്കാനെന്ന രീതിയിൽ ആരംഭിച്ച ചാനൽ, അശ്ലീല വഴിയിലേക്കു തിരിഞ്ഞതോടെയാണു വരിക്കാർ 8 ലക്ഷത്തോളമായതും വരുമാനം ലക്ഷങ്ങളിലേക്കു കുതിച്ചുയർന്നതും. കൃതികയും അശ്ലീല സംഭാഷണങ്ങൾ നടത്തിയിരുന്നു. പണം വാങ്ങി മദനെ പിന്തുണച്ചു വിഡിയോകൾ പോസ്റ്റ് ചെയ്ത സുഹൃത്തുക്കളെയും പ്രതിചേർത്തേക്കും.
സേലത്തെ കോളജിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദം നേടിയ മദൻ അച്ഛൻ മാണിക്കം ചെന്നൈയിൽ റസ്റ്റ്റന്റ് തുടങ്ങിയതിനാൽ അംബാട്ടൂർ എന്ന സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. അതിനിടെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൃതികയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

പബ്ജി ഗെയിമിന്റെ കടുത്ത ആരാധകനായ ഇയാൾ 2019ലാണ് ഇതുമായി ബന്ധപ്പെട്ട് ടോക്സിക് മദൻ18+ എന്ന യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. തുടർന്ന് പബിജി മദൻ ഗേൾ ഫാൻ, റിച്ചി ഗെയിമിങ് ഓൺ യുട്യൂബ് എന്നിവയും തുടങ്ങി. തുടക്കത്തിൽ പിതാവിനൊപ്പം ഹോട്ടൽ ബിസിനസ് നടത്തിയെങ്കിലും അത് തകർന്നതോടെയാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. കേന്ദ്ര സർക്കാർ പബ്ജി നിരോധിച്ചെങ്കിലും വിപിഎൻ നമ്പർ ഉപയോഗിച്ച് മദന്റെ യുട്യൂബ് ചാനൽ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു.

ഈ ചാനലുകളിൽ പലതിലും അസഭ്യ ഉള്ളടക്കങ്ങൾ നിറഞ്ഞ വിഡിയോകളായിരുന്നു. ഈ വിഡിയോകൾ മദന് നിരവധി ആരാധകരെയും ഫോളവേഴ്സിനെയും സമ്മാനിച്ചു. റിയൽ എസ്റ്റേറ്റിലും മറ്റു നിക്ഷേപങ്ങളിലും പണമിറക്കിയ മദനും സംഘവും ആഡംബര കാറുകളും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി. പിടിയിലായതിനു പിന്നാലെ തനിക്കു തെറ്റു പറ്റിയതായും മാപ്പാക്കണമെന്നും ഇയാൾ പൊലീസിനോടു കരഞ്ഞ് അപേക്ഷിച്ചു.

കേസെടുത്തതിനു പിന്നാലെ, തന്നെ നിയമത്തിന് ഒന്നും ചെയ്യാനാവില്ലെന്നു മദൻ വെല്ലുവിളിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ സഹോദരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് ധർമപുരിയിലെ ഒളിയിടത്തെക്കുറിച്ചു വിവരം ലഭിച്ചത്. അറസ്റ്റിനു പിന്നാലെ മദന്റെ വീട്ടിൽ പൊലീസ് സംഘം റെയ്‌ഡ് നടത്തി. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കംപ്യൂട്ടറും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

പബ്ജി നിരോധിച്ചതോടെ ‘മനോവിഷമത്തിലായ’ മദന് അനധികൃതമായി ഗെയിം കളിച്ചു യൂട്യൂബിൽ പങ്കുവയ്ക്കാൻ ഉപദേശം നൽകിയത് ഭാര്യ കൃതികയാണെന്നാണു വിവരം. നേരത്തേ അറസ്റ്റിലായ ഇവർ ജയിലിലാണ്. 8 മാസമുള്ള കുഞ്ഞും ഒപ്പമുണ്ട്.
കൃതികയുടെ പേരിലുള്ള യൂട്യൂബ് ചാനലുകളുടെ വരിക്കാരിൽ 30 ശതമാനവും 18 വയസ്സിൽ താഴെയുള്ളവരാണ്. ടോക്സിക് മദൻ 18 പ്ലസ്, ലൈവ് സ്ട്രീം മദൻ, മദൻ പബ്ജി 18 പ്ലസ് തുടങ്ങിയ 4 ചാനലുകളിലാണു വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നത്. പ്രത്യേക സാങ്കേതികവിദ്യ (വിപിഎൻ) ഉപയോഗിച്ചായിരുന്നു അനധികൃത ലൈവ് സ്ട്രീമിങ്. അശ്ലീല ഉള്ളടക്കമുള്ള വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ചാനലുകളുടെ അഡ്മിൻ കൃതികയാണെന്നാണ് പൊലീസ് പറയുന്നത്.

വിവാദ പ്രകൃതി ചികിത്സകൻ ചേര്‍ത്തല മോഹനന്‍ വൈദ്യന്‍ (65) നിര്യാതനായി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക്​ മാറ്റി.

ശ്വാസം മുട്ടൽ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. വൈദ്യശാസ്​ത്ര സംബന്ധമായ നിരവധി പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഇദ്ദേഹം, കോവിഡ് 19നു വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.

സംസ്​ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക്​​ വൈദ്യർ ചികിത്സ നടത്തിയിരുന്നു. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിലെ കോവിഡ്​ ചികിത്സയുടെ പേരിലാണ്​ കഴിഞ്ഞ വർഷം അറസ്റ്റ്ിലായത്​. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്‍റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന്​ കേസെടുത്തത്​.

മാരരോഗങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടെന്നും അർബുദം എന്നത് വെറും പൊള്ളയായ രോഗമാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെട്ടിരുന്നു. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സാരീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ”വീട്ടുമുറ്റത്ത് നിൽക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാൻസർ. എന്നാൽ ആധുനിക ചികിത്സാ രീതി ക്യാൻസറിനെ മാരക രോഗമായി ചിത്രീകരിച്ച് മനുഷ്യ ശരീരത്തിനു ഏറെ ദോഷകരമായ കീമോതെറാപ്പി പോലുള്ള ചികിത്സയിലൂടെ സൂക്ഷ്മകണങ്ങൾ പ്രവഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ കീമോ ചെയ്യുന്നതാണ് ക്യാൻസർ രോഗത്തിനു അടിമയാക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘എന്റെ കുഞ്ഞുവിനെ ഇല്ലാതാക്കിയ അവനെ എനിക്കൊന്നു കാണണം’ ദൃശ്യയുടെ അച്ഛമ്മയായ രുഗ്മിണിയമ്മയുടെ നെഞ്ചുപൊട്ടിയുള്ള അപേക്ഷയായിരുന്നു ഇത്. ഈ ആഗ്രഹത്തിന് മുന്‍പില്‍ ആദ്യം അന്വേഷണ സംഘം പതറിയെങ്കിലും പിന്നീട് അച്ഛമ്മയുടെ അപേക്ഷ പോലെ പ്രതിയെ കണ്‍മുന്‍പില്‍ കൊണ്ടുവന്ന് നിര്‍ത്തി.

ദൃശ്യയെ പിതാവ് ബാലചന്ദ്രന്റെ അമ്മ വിളിക്കുന്നത് കുഞ്ഞുവെന്നാണ്. കൂഴന്തറ ചെമ്മാട്ടില്‍ വീട്ടില്‍ തെളിവെടുപ്പിനിടെയായിരുന്നു രുഗ്മിണിയമ്മ അപേക്ഷിച്ചത്. തുടര്‍ന്ന് ബാലചന്ദ്രനും ബന്ധുക്കളും ഇതേ കാര്യം ആവശ്യപ്പെട്ടു. പിതാവിനും അടുത്ത ബന്ധുക്കള്‍ക്കും മുഖത്തെ മാസ്‌ക് നീക്കി പ്രതിയെ കാട്ടിക്കൊടുത്തു. ദൃശ്യയുടെ അച്ഛമ്മയും പിതാവും ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കണ്ടപ്പോഴും വളരെ നിസ്സംഗനായിരുന്നു പ്രതി.

കൃത്യം ചെയ്ത രീതിയും വീട്ടിലെത്തിയതുമെല്ലാം പ്രതി പൊലീസ് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സുഗമമാക്കാന്‍ സഹകരിക്കണമെന്ന് പോലീസ് ബന്ധുക്കളോടും കൂടിനിന്ന നാട്ടുകാരോടും ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. അറുപതോളം പോലീസുകാരടങ്ങിയ സംഘത്തെയാണ് ഇവിടെ നിയോഗിച്ചിരുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍, പഞ്ചായത്തംഗം ശ്രീനിവാസ് കിഴക്കത്ത് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. അതേസമയം, കുത്തേറ്റ് ദൃശ്യയുടെ അനിയത്തി ദേവശ്രീ(13) ആശുപത്രി വിട്ടു. ദൃശ്യയെ പ്രതി കത്തികൊണ്ടു കുത്തുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് ദേവശ്രീക്ക് കുത്തേറ്റത്.

Copyright © . All rights reserved
➤