Latest News

വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന യുവ ശാസ്ത്ര പുരസ്‌കാരമാണ് മലപ്പുറം മേലാറ്റൂര്‍ സ്വദേശി അജിത് പരമേശ്വരന്‍ സ്വന്തമാക്കിയത്.

രണ്ട് തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകള്‍ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്.

അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017 ലെ ഫിസിക്സ് നൊബല്‍ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്. സ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.

പുരസ്‌കാരത്തിന് ഗുരുനാഥന്മാര്‍ക്കും തന്റെ വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്. 45 വയസില്‍ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

പാകിസ്താന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിന ആശംസകള്‍ നേര്‍ന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഡിസംബര്‍ 29ന് ട്വിറ്ററിലൂടെ സഖ്‌ലൈന്‍ മുഷ്താഖിന് സച്ചിന്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നു. സഖ്‌ലൈന്‍ മുഷ്താഖിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആശംസ അറിയിച്ചത്. പിന്നാലെയാണ് സച്ചിന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്.

വിദ്വേഷം വമിപ്പിക്കുന്ന നിരവധി കമന്റുകളാണ് സച്ചിന്റെ ട്വീറ്റിന് താഴെ എത്തിയത്. അതേസമയം തന്റെ ജന്മദിനം സ്‌പെഷ്യല്‍ ആക്കിയതിന് ഇതിഹാസത്തിനോട് നന്ദിയുണ്ടെന്ന് സഖ്‌ലൈന്‍ സചിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു.

1995 മുതല്‍ 2004 വരെ പാകിസ്താനായി കളത്തിലിറങ്ങിയ സഖ്‌ലൈന്‍ മുഷ്താവ് 169 ഏകദിനങ്ങളില്‍ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളില്‍ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്. നേരേത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

പാലക്കാട് തന്നെ നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.

പോലീസിൽ പരാതി നൽകിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു പോലീസ്. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്‌യുടെയും സുറുമിയുടെയും വിവാഹം.

വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ പോകുമ്പോൾ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവൻന്മാർ ഉൾപ്പെടെ ആറിലധികംപേർ ചേർന്നാണ് അക്ഷയ്‌യെ ആക്രമിച്ചത്.

മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരിൽ നിന്ന് അൽഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മങ്കര പോലീസിൽ പരാതി നൽകിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.

മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവൻ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസിൽ നിന്നും വേണ്ടതെന്ന് അക്ഷയ് ആവർത്തിക്കുകയാണ്. പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു. അതേസമയം, പാലക്കാട് തേങ്കുറുശ്ശിയിൽ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.

ലണ്ടൻ : രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ, ബ്രിട്ടനിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി. ഇന്നുച്ചയ്ക്ക് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.

ഇതിനോടകം തന്നെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് തൽകാലം വിമാനസർവീസ് പുനഃരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയിൽ മൂന്നുദിവസം ഉൾപ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സർവീസുകളാണ് വൈറസിന്റെ വകഭേദം മൂലം മുടങ്ങിപ്പോയത്.

വിമാന സർവീസുകൾ അപ്രതീക്ഷിതമായി മുടങ്ങിയതോടെ ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും യാത്രാമാർഗമില്ലാതെ വിഷമിക്കുകയാണ്.

വര്‍ക്കല: വര്‍ക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്നാണ് അമ്മ പോലീസിനോടും പറഞ്ഞത്. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മലയാളകര കണ്ട എക്കാലത്തെയും മികച്ച കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. വില്ലന്റെ വേഷത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് സിനിമ ലോകം വരെ കീഴടക്കിയ നടൻ. ഏത് കഥാപാത്രം വേണമെങ്കിൽ പുഷ്പം പോലെ ചെയ്യാൻ കഴിവുള്ള നടനാണ് ലാലേട്ടൻ. എന്നാൽ മലയാള മാത്രമല്ല തമിഴ് അടക്കം നിരവധി അന്യഭാക്ഷകളിൽ താരം അരങേറിട്ടുണ്ട്. ഒരു നടൻ മാത്രമല്ല നിർമതവ്, ഗായികൻ തുടങ്ങി നിരവധി മേഖലയിൽ കഴിവുള്ള ഒരു മനുഷ്യൻ.

മോഹൻലാൽ ആദ്യമായി സംവിധായകൻ്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്.എന്നാൽ വ‍ർഷങ്ങൾക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ട്.സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിൻ്റെ പേര്.കരിമ്പില്‍ ഫിലിംസിൻ്റെ ബാനറിൽ മോഹൻദാസ് നിര്‍മ്മിച്ച ചിത്രം കെ.എ ദേവരാജനാണ് സംവിധാനം ചെയ്തത്.മലയാള മനോരമ ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലാലിൻ്റെ തർപ്പണം എന്ന കഥയാണ് സ്വപ്നമാളികയായത്.

ലാലിൻ്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.മോഹൻലാല്‍ നായകനായ ഈ ചിത്രത്തില്‍ ഇസ്റയേൽ നടിയായ ഐറിൻ നായികയായി.ഇവരെ കൂടാതെ ഇന്നസെൻ്റ്, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, സാജു കൊടിയൻ, അഭിലാഷ്, സുകുമാരി, ഊർമ്മിള ഉണ്ണി, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങി നിരവധി നടീനടന്മാര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അപർണ്ണയുടെ വരികൾക്ക് ജയ് കിഷന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകൾ അന്ന് റിലീസ് ആയിരുന്നു.വാരണാസിയിൽ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം,നിർമ്മാതാവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പിന്നീട് മുടങ്ങി.കുറച്ച് നാളുകർക്ക് ശേഷം ഒറ്റപ്പാലത്ത് വച്ച് ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂളും പൂർത്തിയാക്കി.നിർമ്മാതാവിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തിരക്കഥയിൽ ചില വലിയ മാറ്റങ്ങൾ വരുത്തിയാണ് ഒറ്റപ്പാലത്തെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.

അപ്പു നായർ എന്ന ഡോക്ടർ തൻ്റെ അച്ഛൻ്റെ അസ്ഥി ഒഴുകുന്നതിനായി വാരണാസിയിൽ വരുമ്പോൾ അവിടെ വച്ച് തൻ്റെ ഭർത്താവിൻ്റെ ചടങ്ങുകൾ ചെയ്യാൻ വരുന്ന ഡോക്ടറായ രാധ കാർമെൽ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിൻ്റെ കഥ.ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ നായകനും തിരക്കഥകൃത്തും സംവിധായകനും തമ്മിൽ ഒറ്റപ്പാലത്തെ ഷെഡ്യൂളിന് ശേഷമുണ്ടായ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിൽ ഇപ്പോഴും കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്.

മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രം എന്ന പേരിലാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ 2007 ൽ തുടങ്ങിയത്.2008-ല്‍ പുറത്തുവരും എന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ സിനിമ ഇതുവരെയും റിലീസ് ആയിട്ടില്ല.ചിത്രത്തിൻ്റെ ട്രെയിലറും, വാർത്തകളും യൂറ്റുബിൽ ലഭ്യമാണ്.ട്രെയിലറിൽ മോഹൻലാലിന് വേണ്ടി മറ്റാരേ ആണ് ശബ്ദം നൽകിയിരിക്കുന്നത്.തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിൻ്റെ പേരിൽ മോഹന്‍ലാലും സുരേഷ്‌ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു എന്നൊക്കെ 2008ൽ ചിത്രത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു.

2008ൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് സ്വപ്നമാളിക. ഈ കുറിപ്പ് പങ്കുവെച്ചത് അനന്തൻ വിജയനാണ്. വെളിച്ചം കാണാതെ പോയ സിനിമ എന്ന ക്യാപ്ഷൻ നൽകിയാണ് അനന്തൻ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്. ആരാധകാർക്ക് ഇടയിലുള്ള ഒരു ചോദ്യമാണ് എന്തുകൊണ്ട് സിനിമ പൂർത്തീകരിച്ചിട്ടും ഇതുവരെ ബിഗ്‌സ്‌ക്രീനിലേക്ക് വരാത്തത് എന്നാണ്.

ക്രിക്കറ്റിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മലയാളി പേസര്‍ താരം എസ്. ശ്രീശാന്ത്. ഇപ്പോഴിതാ ചില ഐ.പി.എല്‍ ടീമുകളില്‍ നിന്ന് ക്ഷണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അതിന് മുമ്പായി താന്‍ ഫിറ്റാണെന്നും മികച്ച പ്രകടനം നടത്താന്‍ പ്രാപ്തനാണെന്നും തെളിയിക്കേണ്ടതുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

എന്നാല്‍ ഏതൊക്കെ ടീമുകളാണ് ശ്രീശാന്തിനെ സമീപിച്ചതെന്നത് വ്യക്തമല്ല. ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കുന്നുണ്ട്. ‘വാങ്കഡെയിലായിരിക്കും ഞങ്ങളുടെ ആദ്യ മത്സരം. അവിടെ തന്നെയാണ് ഞാന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ജീവിതം കൃത്യം ഒരു ചക്രം പോലെ കറങ്ങി തിരികെയെത്തുകയാണ്,’ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങാനായാല്‍ 2021-ലെ ഐ.പി.എല്‍ താരലേലത്തിലേക്ക് ശ്രീശാന്തിനെ പരിഗണിക്കച്ചേക്കാം. 2021 ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഐ.പി.എല്ലിലേക്കെത്താനൊരുങ്ങുന്ന അഹമ്മദാബാദ് ടീമില്‍ നിന്ന് ശ്രീശാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.

2013 ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.

കൊച്ചിയില്‍ ഫ്ലാറ്റ് സമുച്ചത്തിന്റെ ആറാംനിലയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നിതിനിടെ വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടുടമയായ ഇംത്യാസ് അഹമ്മദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ മൊഴിയെടുത്തശേഷം വിട്ടയച്ചു.

അന്യായമായി തടവില്‍ പാര്‍പ്പിച്ചതും, ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിക്കുമാണ് വീട്ടുടമ അഡ്വക്കേറ്റ് ഇംത്യാസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റില്‍നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഷെഡിന് മുകളില്‍ വീണാണ് സേലം സ്വദേശിനി കുമാരിക്ക് പരുക്കേറ്റത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അന്നുമുതല്‍ ഒളിവിലായിരുന്ന ഇംത്യാസ് അഹമ്മദിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയിലാണ് വീട്ടുടമയ്ക്കെതിരെ കേസെടുത്തത്. മുറിയില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ പുറത്തിറങ്ങി രക്ഷപെടാനാണ് കുമാരി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.

ആരോഗ്യപരമായ വിഷമതകളെ തുടർന്ന് സൂപ്പർതാരം രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തീരുമാനം ഉപേക്ഷിച്ചു. ഉടനെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നും രാഷ്ട്രീയത്തിലേക്ക് രജനി അരങ്ങേറുമെന്നും പ്രതീക്ഷിച്ചവർക്ക് വലിയ തിരിച്ചടിയായാണ് രജനികാന്തിന്റെ പിന്മാറം.

അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ രജനി ആരാധകരോട് മാപ്പും ചോദിച്ചു. നേരത്തെ ആരാധകരുടെ കൂട്ടായ്മയുടെ യോഗത്തിൽ രജനി ഉടൻ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതോടെ, ഈ മാസം അവസാനം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. പക്ഷെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് താരം തീരുമാനത്തിൽ നിന്ന് പിൻമാറിയത്. തന്റെ ട്വിറ്ററിൽ തമിഴിൽ എഴുതിയ കത്തിൽ രജനി ആരാധകരോട് മാപ്പ് പറഞ്ഞു.

”അതീവ നിരാശയോടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം ഞാൻ അറിയിക്കുന്നത്. ഈ തീരുമാനം നിങ്ങളോട് പറയാൻ ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയു. ഇത് എന്റെ ആരാധകരെ നിരാശപ്പെടുത്തുമെന്ന് അറിയാം. പക്ഷെ ദയവ് ചെയ്ത് നിങ്ങൾ എനിക്ക് മാപ്പ് തരൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും ഞാൻ ജനസേവനത്തിൽ നിന്ന് പിൻമാറില്ല.”- രജനി ട്വിറ്ററിൽ കുറിച്ചതിങ്ങനെ.

അണ്ണാത്തെ ചിത്രത്തിന്റെ ഷൂട്ടിങിനിടെ കടുത്ത രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസമാണ് രജനി ആശുപത്രി വിട്ടത്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നത്.

ജനങ്ങളെ സേവിക്കുന്ന പാർട്ടി എന്നർത്ഥം വരുന്ന മക്കൾ സേവൈ കച്ചി എന്ന പേരിലാണ് രജനീകാന്ത് പാർട്ടി രൂപീകരിക്കുകയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം പാർട്ടി രജിസ്റ്റർ ചെയ്തതെങ്കിലും മക്കൾ സേവൈ കച്ചി എന്ന പേരിൽ പൊതുരംഗത്ത് സജീവമാകാനാണ് താരം നീക്കം നടത്തിയിരുന്നത്.

ഡിസംബർ മാസം 31ന് തന്നെ രാഷ്ട്രീയപാർട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് രജനീകാന്ത് അറിയിച്ചിരുന്നു. 2021 മുതൽ പാർട്ടിപ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ക്രിസ്മസ് ദിനത്തിലായിരുന്നു രക്ത സമ്മർദ്ദത്തിലെ വ്യതിയാനം മൂലം രജനികാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും എന്‍സിപിയും താനും നിലവില്‍ എല്‍ഡിഎഫില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്നാണ് പിജെ ജോസഫ് പറഞ്ഞത്. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചേക്കുമെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക തലത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പന്‍ ക്യാമ്പും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുത്തതിന് പകരമായി എല്‍ഡിഎഫില്‍ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

Copyright © . All rights reserved