ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി ആർ. രഞ്ചുവാണ് മരിച്ചത്. 29 വയസായിരുന്നു.
കഴിഞ്ഞ മാസം 17നാണ് രഞ്ചുവിന് രോഗം സഥിരീകരിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് മുമ്പ് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലെ നഴ്സായിരുന്നു രഞ്ചു. ആശുപത്രിയിൽ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ രഞ്ചുവിന് രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച് 26 ദിവസത്തിന് ശേഷമാണ് രഞ്ചുവിന്‍റെ മരണം.
കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം. രഞ്ചുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.
അത്രയും ദിവസം ലാല്‍ ഷൂട്ടിങ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ അഭിമുഖത്തില്‍ പറയുന്നു.
ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.
ഒരുപക്ഷേ ആദ്യ ദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.
ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തുകൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.
ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന് സംഘർഷം അവസാനിക്കും എന്നാണ് കരുതുന്നത് എന്നും ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
”നെതന്യാഹുവുമായി സംസാരിച്ചു. അധികം വൈകാതെ ഇതെല്ലാം അവസാനിക്കും എന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ തങ്ങളുടെ പ്രദേശത്തേക്ക് നൂറുകണക്കിന് മിസൈലുകൾ വരുമ്പോൾ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്”- ബൈഡൻ പറഞ്ഞു.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു. 2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണണം.
ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു.
ഉത്തർപ്രദേശിൽനിന്ന് ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ റാണിഘട്ടിലെ ഗംഗാ അതിർത്തിയിൽ ബിഹാര്‍ വല സ്ഥാപിച്ചു. ഇതുവരെ 71 മൃതദേഹങ്ങൾ നദിയിൽ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാർ അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് നദിയിൽ വല കെട്ടിയതെന്ന് ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
“ബിഹാർ–യുപി അതിർത്തിയിൽ റാണിഗഢ് ഭാഗത്ത് നദിയിൽ വലിയ വല കെട്ടിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങൾ അതിൽ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കേണ്ടത് അവരാണ്.”– ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.പിയിലെ ഗാസിപൂരിൽ നിന്നുമാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. അതേസമയം, യു.പിയിലെ ബലിയയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നത് വിശദീകരിക്കാൻ പട്‌നാ ഹൈക്കോടതി ബിഹാർ സർക്കാരിന് നിർദേശം നൽകി.
പുഴയിലേക്ക് ശവശരീരങ്ങൾ വലിച്ചെറിയുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശ്-ബീഹാർ അതിർത്തിയിലെ ഒരു പാലത്തിൽ വച്ച് ആംബുലൻസ് ഡ്രൈവർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ബിജെപി എംപി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് വകഭേദങ്ങൾക്ക് പരിഹാരങ്ങൾ തേടുന്നുവെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇന്ത്യയിലെ കോവിഡ് വകഭേദങ്ങൾ യുകെയിൽ ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
നമ്മൾ ജാഗ്രത പാലിക്കണം. കാരണം വൈറസിന്റെ ഭീഷണി തുടരുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ മാരകമായ അപകടങ്ങൾ ഉണ്ടാക്കാം. ഇന്ത്യയിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കകൾ വർധിപ്പിക്കുന്നതാണെന്നും ബോറിസ് ജോണ്സണ് കൂട്ടിച്ചേർത്തു.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതിന് പിന്നാലെ മരണസംഖ്യയും ഏറുന്നു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. തിങ്കളാഴ്ചമുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 13 കുട്ടികളടക്കം 56 പലസ്തീനികളുടെ ജീവൻ പൊലിഞ്ഞു. തിങ്കളാഴ്ചമാത്രം 11 പേർ മരിച്ചു. 2014നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ആയിരത്തോളം റോക്കറ്റുകൾ പാലസ്തീനിൽനിന്ന് ഇസ്രായേലിലേക്ക്‌തൊടുത്തതായി റിപ്പോർട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും സംഘർഷം ഉടലെടുത്തിട്ടുണ്ട്.
ഇസ്രായേൽ പട്ടണങ്ങളായ ടെൽ അവീവും തെക്കൻനഗരമായ ബീർഷെബയും ലക്ഷ്യമിട്ട് പാലസ്തീൻ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകൾ പതിച്ച് ആറു ഇസ്രായേലികളും കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
ബുധനാഴ്ചമാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ ഇസ്രയേൽ നടത്തി. ഗാസയിൽ വൻകെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഇസ്രായേൽ മുന്നറിയിപ്പിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് നേരത്തേതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ആക്രമണസാധ്യതയുള്ള ഇടങ്ങളിൽനിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോയി.
ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു മറ്റ് ആക്രമണങ്ങൾ. അതിർത്തിയോടുചേർന്ന ഇസ്രായേൽ നഗരങ്ങളിലും ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്.
കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ മൂന്നാറിലെ വൈദികസമ്മേളനം രണ്ട് വൈദികരുടെ ജീവൻ കൂടി കവർന്നു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ(39), സിഎസ്‌ഐ ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ്(59) എന്നിവരാണു മരിച്ചത്.
ബിനോകുമാർ നാലുവർഷംമുമ്പാണ് അമ്പലക്കാല പള്ളിയിൽ സഭാ ശുശ്രൂഷകനായത്. ഇതിനുമുമ്പ് കള്ളിക്കാട് സഭയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കൾ: അൻസ്, അസ്‌ന.
ആറയൂർ സ്വദേശിയായ ദേവപ്രസാദ് സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്‌ട്രേറ്റീവ് അംഗം കൂടിയാണ്. ഭാര്യ: ക്രിസ്തുരാജം, (റിട്ട ഗവ. നഴ്‌സ്). മക്കൾ: ഡാനിഷ്, അജീഷ്.
ഒരുമാസം മുമ്പാണ് സിഎസ്‌ഐ സഭയുടെ ധ്യാനയോഗം മൂന്നാറിൽ നടന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ പങ്കെടുത്ത വൈദികരിൽ നിരവധി വൈദികർക്ക് കോവിഡ് രോഗബാധയുണ്ടായി. പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ രോഗബാധ രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐംസിഎംആര്‍).
നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഐ.സി.എം.ആർ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു..
റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗവ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലുള്ള രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ഭേദമായാലും രോഗത്തെ തുടര്‍ന്ന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇതില്‍ പുതുതായി കണ്ടു വരുന്ന ഒന്നാണ് ഫംഗല്‍ ബാധ. മ്യൂകോര്‍മൈകോസിസ് എന്ന് അറിയപ്പെടുന്ന ഫംഗല്‍ ബാധയാണ് ഇപ്പോള്‍ കോവിഡ് മുക്തരായ രോഗികളില്‍ കാണപ്പെടുന്നത്. ബ്ലാക് ഫംഗസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
ഈ ഫംഗല്‍ ബാധ നിസാരമായ ഒന്നല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ഈ രോഗം ബാധിച്ച 2000 ഓളം പേര്‍ ചികിത്സയില്‍ ഉണ്ടെന്നതാണ് കണക്കുകള്‍. മൂക്കില്‍ തടസമുണ്ടാകുക, കണ്ണ്, കവിള്‍ എന്നിവിടങ്ങളില്‍ വരുന്ന നീര്, തലവേദന, ശരീര വേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ലക്ഷണമാണ്.
കാഴ്ച നഷ്ടം മുതല്‍ മരണം വരെ ഈ ഫംഗല്‍ ബാധ മൂലം സംഭവിച്ചേക്കാം. ഈ ഫംഗസ് തലച്ചോറിനെ ബാധിച്ചാല്‍ രോഗിയുടെ നില വളരെ ഗുരുതരമാകും. ഇത് മരണത്തിലേക്ക് നയിക്കും എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍മം കറുത്ത നിറമായി മാറുന്നത് ഈ ഫംഗല്‍ ബാധയുടെ പ്രധാന ലക്ഷണമാണ്.
പ്രതിരോധ ശേഷി കുറന്നതോടെയാണ് ഈ ഫംഗല്‍ ബാധ പിടിപെടുന്നത്. ലക്ഷണങ്ങള്‍ ഒന്നും തള്ളിക്കളയാതെ ഉടന്‍ തന്നെ ചികിത്സ നേടുക എന്നതാണ് പ്രധാനം. ഈ ഫംഗല്‍ ബാധ തലച്ചോറിനെ ബാധിക്കുന്നതിനാല്‍ പാരലൈസിസ്, ന്യൂമോണിയ, ചുഴലി തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം.
കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിൻ പ്രകാരം വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ മുന്നിയിപ്പ് നൽകിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
ഓറഞ്ച് അലർട്ട്
മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
യെല്ലോ അലർട്ട്
മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മെയ് 14 : തിരുവനന്തപുരം, മലപ്പുറം
മെയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ