കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ രക്ഷിതാക്കളിൽ നിന്നു കടുത്ത പിഴ ഈടാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴയടയ്‌ക്കണം.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകിയിരുന്നു. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.
ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥാൻ ജേക്കബ് തോമസ്. തിരുവനന്തപുരം ജില്ലയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായാകും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തും. ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം.” ജേക്കബ് തോമസ് പറഞ്ഞു.
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണെന്ന് പറഞ്ഞ ജേക്കബ് തോമസ് രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേയെന്നും ചോദിച്ചു. വളരെയധികം പ്രതിബന്ധം ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും കൂട്ടിച്ചേർത്തു.
നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ന്യൂസിലൻഡ് ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. കോവിഡ്-19 മഹാമാരിയെ തുടർന്ന് ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയക്കുണ്ടായിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടിവയ്‌ക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. 71.7 ശരാശരിയോടെ 430 പോയിന്റ് ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പരയുടെ ഫലം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. 4-0, 3-0, 3-1, 2-0, 2-1 എന്നീ നിലകളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ.
ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ്. 70.0 ശരാശരിയിൽ 420 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഇവരുടെ എല്ലാ മത്സരങ്ങളും പൂർത്തിയായതിനാൽ നിലവിലെ അവസ്ഥയിൽ നിന്ന് പോയിന്റ് കുറയില്ല. അതുകൊണ്ടാണ് ഫൈനൽ ഉറപ്പിക്കാൻ കിവീസിന് സാധിച്ചത്.
അതേസമയം, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ മികച്ച വിജയം സ്വന്തമാക്കാൻ സാധിക്കണം. 4-0, 3-0, 3-1 എന്നീ നിലയിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 68.7 ശരാശരിയിൽ 412 പോയിന്റാണ് ഉള്ളത്.
അതേസമയം, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കണം. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര സമനിലയായാൽ ഓസ്ട്രേലിയയ്ക്ക് ഫൈനലിൽ കിവീസിനെതിരെ കളിക്കാൻ സാധിക്കും. ഇന്ത്യ രണ്ട് മത്സരത്തിൽ കൂടുതൽ തോൽക്കുകയോ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളിൽ എങ്കിലും ജയിക്കാൻ സാധിക്കാതെയും വന്നാലും ഓസീസിന് സാധ്യതയുണ്ട്.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് സ്റ്റാര്‍ റിഹാനയ്‌ക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
എന്താണ് നമ്മള്‍ ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്. അതേ കുറിച്ച് ആരും സംസാരിക്കാത്തത് കര്‍ഷകര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായതു കൊണ്ടാണെന്നാണ് ട്വീറ്റിന് മറുപടി കൊടുത്തത്.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തിയാണ് റിഹാന. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ അത് ട്വിറ്ററില്‍ ട്രെന്റിങ് ആയിരുന്നു.
നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ബോളിവുഡ് താരം തപ്‌സി പന്നു റിഹാനയുടെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ അസിസ്റ്റന്റ് ഫിലിം ഡയറക്ടർ ഋഷികേശ് പവാറിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ സംഘം കസ്റ്റഡിയിലെടുത്തു. സുശാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഋഷികേശ്.
ലഹരിമരുന്നു കേസിൽ നേരത്തേ അറസ്റ്റിലായവരിൽ നിന്നാണ് ഋഷികേശിനെക്കുറിച്ച് സൂചന ലഭിച്ചത്. 2020 ജൂലൈ 14ന് സബർബൻ ബാന്ദ്രയിലെ വസതിയിൽ സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.
അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.
തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിലക്ക്, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. അതേസമയം, വിലക്കുള്ള രാജ്യങ്ങളിലുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.
ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ പ്രവേശന വിലക്ക്.
ലോകത്തെ ഞെട്ടിച്ച സോച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ അടിച്ചുമാറ്റപ്പെട്ട ‘ടോയ്‍ലറ്റ് സീറ്റ്’ ലേലത്തിന്. പതിനായിരം ഡോളർ വരെ മൂല്യം ലഭിക്കുമെന്നാണ് കണക്കുക്കൂട്ടൽ.
ഹിറ്റ്ലറിന്റെ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിൽ നിന്നുമെൊരു യുഎസ് സൈനികനാണ് ഈ ഇരിപ്പിടം മോഷ്ടിച്ചതെന്ന് കരുതപ്പെടുന്നു. ബവേറിയൻ ആല്‍പ്സിനടുത്തായിരുന്നു ഹോളിഡേ ഹോം. അലക്സാണ്ടർ ഹിസ്റ്ററിക്കൽ ഓക്ഷൻസാണ് ലേലത്തിനായുളള സജ്ജീകരണങ്ങൾ നടത്തുന്നത്. ഫെബ്രുവരി എട്ടിനാണ് ലേലം.
മരത്തടികൊണ്ട് നിർമിച്ച സീറ്റിന്റെ മുകളിലെ അടപ്പ് മാറ്റിയാകും ലേലത്തിന് വയ്ക്കുക. മുന്നിൽ നിന്ന് പിന്നിലേക്ക് പത്തൊൻപത് ഇഞ്ചും നീളവും പതിനാറ് ഇഞ്ച് വ്യാപ്തിയുമാണ് സീറ്റിനുളളത്. സ്റ്റീൽ കൊണ്ടുളള ചില കൈപ്പണികളും സീറ്റിലുണ്ട്. സീറ്റിനു മുകളിലായി ഹിറ്റ്ലറുടെ മുഖമുളള വാർത്താക്കടലാസുമുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം. കയ്യിൽ കിട്ടിയതുപോലെ തന്നെ സീറ്റ് സൂക്ഷിച്ചുവച്ചിരിക്കയായിരുന്നു എന്നാണ് ഓക്ഷൻ കമ്പനി പറയുന്നത്.
അർബുദത്തിന് കീഴടങ്ങി അമ്മ മരിച്ചെന്ന സത്യം മകളോട് പറയാനാകാതെ ഒരു അച്ഛൻ. വെറും നാല് വയസ് മാത്രം പ്രായമുള്ള മകളെ വേദനിപ്പിക്കാൻ ആ അച്ഛന് ആകുന്നില്ല. ഈ സാഹചര്യത്തിൽ കടന്നുപോകുന്ന ഒരു അച്ഛന്റെ കുറിപ്പാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. കണ്ണുനനയാതെ കുറിപ്പ് വായിക്കാനാകില്ല.
ഉത്തർപ്രദേശിൽ ഒരു മാസം മുൻപു കാണാതായ മകളെത്തേടി അലയുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. ഗുഡിയ എന്നാണു സ്ത്രീയുടെ പേര്. മകളെ കണ്ടെത്തിത്തരാം എന്ന ഉറപ്പിൽ ചക്കേറി സ്റ്റേഷനിലെ പൊലീസുകാർ തന്നെക്കൊണ്ട് പൊലീസ് ജീപ്പിൽ ഇന്ധനം നിറപ്പിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. ഒരു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ കാണാതാകുന്നത്.
മകളെ ഒരാൾ തട്ടിയെടുത്തതാണെന്നാണ് അമ്മ ആരോപിക്കുന്നത്. സംശയമുള്ള വ്യക്തിയുടെ പേരും അവർ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തന്റെ മകളെ കണ്ടെത്താൻ പൊലീസ് ഇതുവരെ ശ്രമിച്ചില്ലെന്നാണ് അമ്മ പറയുന്നത്.
മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന അമ്മ അവസാന ആശ്രയം എന്ന നിലയിൽ കാൺപുർ എസ്പിയെ കണ്ടു പരാതി സമർപ്പിച്ചു. പൊലീസുകാർ ഇപ്പോൾ തന്റെ ചിലവിലാണ് ജീപ്പിൽ ഇന്ധനം നിറയ്ക്കുന്നതെന്നും അവർ ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മകളെ കണ്ടെത്താൻ പണം മുടക്കണമെന്നാണ് പൊലീസുകാർ പറയുന്നന്. ഇതുവരെ ഡീസലിനത്തിൽ മാത്രം 15,000 രൂപ തന്റെ കയ്യിൽ നിന്ന് ചിലവായെന്നാണ് അവർ പറയുന്നത്. ഇപ്പോൾ സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ സ്ത്രീയെ ഉദ്യോഗസ്ഥർ വിരട്ടിയോടിക്കുകയാണത്രേ.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി എസ്പി ബ്രജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്റ്റേഷനു മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന യുവതിയുടെ ദയനീയാവസ്ഥ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നതാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും തട്ടിയെടുക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ഒരു താൽപര്യവും കാണിക്കുന്നില്ല. സമാന സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസ് സംവിധാനത്തിലെ അഴിമതി കുറയുന്നില്ല. അമ്മമാരുടെ കണ്ണീര് തോരുന്നുമില്ല. ഭിന്നശേഷിക്കാരിയായ അമ്മ കരച്ചിലോടെ തന്റെ അന്വേഷണം കാൺപൂർ വരെ എത്തിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സംഭവം ശ്രദ്ധിക്കപ്പെട്ടതുതന്നെ. പൊതുവെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഗ്രാമങ്ങളിൽ തന്നെ ഒതുക്കപ്പെടുന്നു.