കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നാൽ രക്ഷിതാക്കളിൽ നിന്നു കടുത്ത പിഴ ഈടാക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ളവർക്കും പൊതുസ്ഥലങ്ങളിൽ വിലക്ക് കടുപ്പിക്കുന്നത്. പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാൽ 2,000 രൂപ പിഴയടയ്‌ക്കണം.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരികയാണെങ്കിൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ, ചികിത്സാ ആവശ്യങ്ങൾക്ക് വരുന്നതിനു തടസ്സമില്ല. ആളുകൾ കൂടുതൽ എത്താൻ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകിയിരുന്നു. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.