കോവിഡിന്റെ ജനിതക വകഭേദം രാജ്യത്ത് എത്തിയെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്19 സ്ഥിരീകരിച്ചതോടെയാണ് സംശയമുയർന്നിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവർക്ക് ബാധിച്ചതെന്ന് അറിയാൻ വിദഗ്ധ പരിശോധനകൾ നടക്കുകയാണ്. സ്രവ സാംപിളുകൾ ഉടൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉൾപ്പെടെയുള്ള വിദഗ്ധ ലാബുകളിലേക്കാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ അയച്ചിട്ടുള്ളത്.
യുകെയിൽ നിന്നെത്തിയ എട്ട് പേർ അമൃത്സറിലും അഞ്ച് പേർ ന്യൂഡൽഹിയിലും രണ്ടുപേർ കൊൽക്കത്തയിലും ഒരാൾ ചെന്നൈയിലുമാണ് പരിശോധനയിൽ കോവിഡ് ബാധിതരായി കണ്ടെത്തിയത്. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പത്തെ ദിവസങ്ങളിലായി നിരവധി പേരാണ് ഇന്ത്യയിലേക്ക് എത്തിയത്.
അതേസമയം, ഭയപ്പെടാൻ ഒന്നുമില്ലെന്നും ഇന്ത്യയിൽ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ തന്നെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്.
കഴിഞ്ഞ നാല് ആഴ്ചക്കിടെ യുകെയിൽ നിന്ന് രാജ്യത്തെത്തിയവരെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇവരോട് കർശനമായി ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യുകെ സൗത്താംപ്ടണിൽ നിന്നും ജെഎൽഎൻ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജെയ്സൻ ബത്തേരി നിർമ്മിച്ച “മഞ്ഞണിഞ്ഞ രാവ് ” സംഗീത ആൽബം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്ത ആൽബത്തിന് ആശംസകളുമായി മലയാളത്തിന്റെ പ്രിയകവി ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയോടൊപ്പം സംഗീത – സിനിമാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു.
അനുഗ്രഹീത കവി ശ്രീ പാപ്പച്ചൻ കടമക്കുടി രചിച്ച ഹൃദ്യവും ആകർഷകവുമായ ഗാനങ്ങൾക്ക് ശ്രീ. മൊഹ്സിൻ കുരിക്കൾ, ശ്രീ.ഷാജുവേദി എന്നീ സംഗീത സംവിധായകർ നല്കിയ ഇമ്പമാർന്ന ഈണങ്ങൾക്ക് സ്വരം നല്കിയ പുതുഗായകരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്തുന്നു. ദ റിബൽ ചലഞ്ച് യൂട്യൂബ് ചാനലിലെ സിംഗ് വിത്ത് റിബൽ പരിപാടിയിലൂടെ കഴിവു തെളിയിച്ച പന്ത്രണ്ട് നവഗായകരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ റാഹിബ് കുരിക്കളും ചിത്ര സംയോജനം ഷെഫീഖ് മഞ്ചേരിയും നിർവഹിച്ചു. പോസ്റ്റർ മാത്രാടൻ ഡിസൈനിംഗ്സ് കണ്ണൂർ.
മഞ്ഞണിഞ്ഞ രാവ് – ഇതാ സഹൃദയർക്കു മുന്നിൽ.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
1992 മാർച്ച് 27 കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ഉഴവൂർ അരീക്കര കുന്നേൽ തോമസ് ലീലാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ അഭയ കോട്ടയം പയസ് ടെൻത് കോൺവെൻറ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് കൃത്യം 28 വർഷവും എട്ടുമാസവും 26 ദിവസവും പിന്നിടുമ്പോൾ കേസിലെ ദുരൂഹത അവസാനിച്ചോ? ഇത്രമാത്രം വഴിത്തിരിവുകളെ നേരിട്ട ഒരു കേസ് അപൂർവ്വമായിരിക്കും.
അഭയകേസിലെ തുടക്കത്തിൽ റാന്നി സ്വദേശികളായ രണ്ട് യുവാക്കൾ സംശയത്തിലായിരുന്നു. ഇവർ രണ്ടുപേരും തിരുവല്ലയിലെ ഒരു ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയത് അന്ന് വാർത്തയായിരുന്നു. എന്തിനാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്? ഒരാളെ കേസുമായി ബന്ധമില്ലെന്ന് കണ്ട് അന്വേഷണസംഘം വിട്ടയച്ചിരുന്നു. എന്നാൽ ഇവരിൽ ഒരാൾ വർഷങ്ങളായി എവിടെയാണെന്ന് ആർക്കും അറിയില്ല. അഭയകേസിലെ ദുരൂഹതയുടെ ആഴംകൂട്ടി അപ്രത്യക്ഷനായ രണ്ടാമന് എന്തുസംഭവിച്ചു? രണ്ടു പേരും നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോഴും അതിൽ ഒരാളുടെ തിരോധാനം ഇന്നും ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.
28 വർഷങ്ങൾക്ക് ശേഷം ഇന്ന് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷിക്കപ്പെടുമ്പോഴും കേസിൻെറ നാൾവഴികൾ അവസാനിക്കുന്നില്ല എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോടതി പ്രതി ചേർക്കാത്ത ഫാ. തോമസ് പുതൃക്കയിലിനെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി കഴിഞ്ഞു. വിധിയെ ചോദ്യം ചെയ്ത് പ്രതികളും മേൽക്കോടതിയെ സമീപിക്കുമെന്ന് തീർച്ചയാണ് . നീണ്ട കാലയളവിൽ 48 സാക്ഷികളിൽ 8 പേർ കൂറുമാറിയിരുന്നു. പ്രതി ഭാഗത്തുനിന്നും ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല എന്ന പ്രത്യേകതയും അഭയാ കേസിൽ ഉണ്ട്. കോടതി മുറികളിലും മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയ്ക്കും വളരെയേറെ ചർച്ച ചെയ്യപ്പെട്ട അഭയ കേസിലെ നാൾവഴികൾ ഇവിടെ അവസാനിക്കുന്നില്ല.
ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി വോട്ട് ചോദിച്ച് വീട്ടിലെത്തിയപ്പോള്‍ തനിക്ക് കമ്മല്‍ വേണമെന്ന് തിരിച്ച് ആവശ്യപ്പെട്ട വിലാസിനിക്ക് പുതുപുത്തന്‍ സ്വര്‍ണ്ണ കമ്മല്‍ സമ്മാനിച്ച് സിപിഎം സ്ഥാനാര്‍ത്ഥി എംഎ ഷഹീന്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുരുക്കുംപുഴ ഡിവിഷനിലാണ് സംഭവം.
മുരുക്കുംപുഴ ഡിവിഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി മംഗലപുരം ഷാനവാസ് ബംഗ്ലാവില്‍ എംഎ ഷഹീന്‍ വീട്ടില്‍ വോട്ട് ചോദിച്ച് എത്തിയപ്പോഴാണ് തോന്നയ്ക്കല്‍ പുതുവല്‍പുത്തന്‍വീട്ടിലെ വിലാസിനിയമ്മ ( 62 ) തിരിച്ച് കമ്മല്‍ ആവശ്യപ്പെട്ടത്. ‘പിന്നെന്താ തെരഞ്ഞെടുപ്പു കഴിഞ്ഞോട്ടെ’ എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ മറുപടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. 600 വോട്ട് ഭൂരിപക്ഷത്തില്‍ ഷഹീന്‍ ജയിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹം വിലാസിനിയെ മറന്നില്ല. രണ്ടു ഗ്രാം സ്വര്‍ണക്കമ്മലുമായി ഷഹീന്‍ വിലാസിനിയുടെ വീട്ടിലെത്തി. അടുപ്പക്കാര്‍ കമ്മല്‍ കാതിലണിയിച്ചപ്പോള്‍ സന്തോഷവും നാണവും കൊണ്ട് വിലാസിനിയമ്മയുടെ മുഖം സ്വര്‍ണ്ണത്തില്‍ തിളങ്ങി.
സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററില്‍ ആണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. തലച്ചോറിന് ആഘാതമുണ്ടെന്നും കുടുംബം വ്യക്തമാക്കി. നിര്‍മ്മാതാവ് വിജയ് ബാബുവും മരണ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസ് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.
2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്.
ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് ആത്മീയ നേതാവിന് ദാരുണാന്ത്യം. ചവറ പന്മന പോരൂക്കര മുസ്ലിം ജുമുഅ മസ്ജിദിനു മുന്നില്‍ വെച്ചാണ് മിനി ബസും കാറും കൂട്ടിയിടിച്ചത്. തെക്കന്‍ കേരളത്തിലെ ആത്മീയ നേതാവും പ്രമുഖ പണ്ഡിതനുമായ തിരുവനന്തപുരം കണിയാപുരം ആണ്ടൂര്‍കോണം മഹ്മൂദ് കോയ തങ്ങള്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് 3.345ന് ആയിരുന്നു അപകടം. ഇദ്ദേഹത്തോടൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന മകന്‍ ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലിം, മിനി ബസ് ഡ്രൈവര്‍ ചവറ സ്വദേശി വിജയകുമാര്‍, യാത്രക്കാരായ അനുശ്രി, ലത, ലളിത എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
സാരമായി പരുക്കേറ്റ മഹ്മൂദ് കോയ തങ്ങളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആണ്ടൂര്‍കോണം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുമൈസ. മക്കള്‍: മിദ്ലാജ് കോയ തങ്ങള്‍, ഷുഹുബുദ്ദീന്‍ കോയ തങ്ങള്‍. മരുമക്കള്‍: ഹയാത്ത്.
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സി.ബി.ഐ. കോടതിയില്‍ എത്തിയിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷയോയ ജീവപര്യന്തമോ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്നാം പ്രതിയായ സെഫി ഇരയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തില്‍ പങ്കാളിയായതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ലെന്നും കോടതി പരാമര്‍ശം നടത്തി.
കാന്‍സര്‍ രോഗിയായതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ആവര്‍ത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങള്‍ ആരായുകയും ചെയ്തു. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കെ. സനില്‍കുമാര്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്.
കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ കണ്ടെത്തിയത്.
കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണംനടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.
സാഹചര്യത്തെളിവുകളും ബ്രെയിന്‍ മാപ്പിങ്, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികള്‍ക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാന്‍ സി.ബി.ഐ.ക്കു സഹായകമായി. ചൊവ്വാഴ്ച രാവിലെ മൂന്നാമതായാണ് അഭയാകേസ് കോടതി പരിഗണിച്ചത്. സി. ബി.ഐ.ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി.
തിരുവനന്തപുരം ∙ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുൻനിരയിൽത്തന്നെ അവരുണ്ടായിരുന്നു. സൈലന്റ്‌വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങൾ. വനനശീകരണത്തിനെതിരെ ശബ്ദമയുർത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികൾക്ക് അമ്മയുമായി. അവർക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും അഭയകേന്ദ്രമാണ്.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.
കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഭർത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധൻ നായർ. ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് അസി. ഡയറക്‌ടറായിരുന്നു അദ്ദേഹം. മകൾ: ലക്ഷ്മി.
ജയലക്ഷ്മി
സ്ത്രീശരീരത്തിന്റെ അംശം കണ്ടാലുടഞ്ഞുവീഴുന്ന സാമ്രാജ്യങ്ങൾ ഉടഞ്ഞുവീഴട്ടെ
നിങ്ങളുടെ സദാചാരപുസ്‌തകതാളുകൾ കത്തിച്ചു ഞാനൊരു വിളക്ക് കൊളുത്തി
നിനക്കു വേണ്ടിയതു ചിതയായി കത്തും
അതിലേക്കിറങ്ങി മോചിതരാകുക
അതിന്റെ അഗ്നിപരീക്ഷ കടക്കാത്തവർ ശബ്ദിക്കരുത്
ഇതെന്റെ ലോകം
ഇതെന്റെ ദേഹം
ഇവിടെയെന്റെ സ്വരം മാത്രം
…………………………………..
നാണവും മാനവും പെണ്ണിന് നൽകി
നഷ്ടസ്വർഗങ്ങളുടെ വാതിൽക്കലെ കാവൽക്കാരേ
ഒന്നകത്തു കയറി നോക്കൂ
അതിനുള്ളിൽ നിന്റെ അമ്മയില്ല,
മകളും സോദരിയും തോഴിയുമില്ല
ഭാര്യയും ബോസും ടീച്ചറും കൊലീഗും ആരുമില്ല
ചിതലുതീനും കുറെ ഓലപ്പാട്ടങ്ങൾ
ഞങ്ങളുടെ സാന്നിധ്യമില്ലാതെ യജ്ഞപൂർത്തിക്കൊരുക്കിയ സുവർണവിഗ്രഹങ്ങൾ ഉടഞ്ഞുപോയിരിക്കുന്നു
……………………………….
.
എത്രയെത്ര സിനിമകൾ സൃഷ്ടിച്ചു ?
എത്രയെത്ര കഥകൾ? എത്ര പ്രവചനങ്ങൾ?
സ്ത്രീയുടെ ദൈവമായി, വിമോചകനായി, രക്ഷകർത്താവായി, ഹീറോയായി
സ്ത്രീയെ വരച്ചവരയ്ക്കുനിർത്താനുള്ള ശ്രമത്തിൽ വരച്ചു വരച്ചു വരച്ചു കൈകുഴഞ്ഞു വീണിരിക്കുന്ന മഹാനെത്ര പേർ !
അവളുടെ അഹങ്കാരം ശമിപ്പിച്ചു
അടക്കവും ഒതുക്കവും പഠിപ്പിച്ചു,
വിനീതയാക്കി,
ശാലീനയാക്കി,
നല്ലവളാക്കി.
ഒരു കോമഡിയിൽ ചോദിച്ചതു പോലെ ഞങ്ങളിത്രയും പീഡിപ്പിച്ചിട്ടും നിങ്ങൾ നന്നാകാത്തതെന്ത്?
നന്നായി നന്നായി നിങ്ങളെ പെറ്റുവളർത്തിയവർ തളർന്നുവീണിരിക്കുന്നു
അവരുടെ രോദനം മുദ്രാവാക്യമാക്കി ഞങ്ങളിതാ
………………. ..
വെറുതെയിരിക്കുമ്പോൾ മുടങ്ങാതോടുന്ന ശ്വാസത്തിലേക്കു ശ്രദ്ധ പോയി
അതോതി നീ നിന്റേതാണ്
നീ നിന്റേതാണ്
നീ നിന്റേതാണ്
ഞങ്ങൾ മനഃപാഠമാക്കിയ പാഠങ്ങൾ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ വിളിച്ചുണർത്തി ചിരിക്കും
ഉറക്കെ
ഉറക്കെ
ഉറക്കെ
പിന്നെ ഞങ്ങൾ ലോകം കണ്ടു
കഥകളിലൂടെ ഇന്റർനെറ്റിൻ മായാജാലങ്ങളിലൂടെ
കാലുകൾ ചിറകുകളെക്കാൾ ദൂരമെത്തിക്കുന്ന കാലത്ത്
ഞങ്ങൾ അവളെ കണ്ടു
സാരിയിൽ കുണുങ്ങിയും
പർദ്ദയിൽ ഒളിച്ചും
ഷോർട്സിൽ ഓടിയും
സ്വിമിങ്സ്യൂട്ടിൽ നീന്തിയും
ദുപ്പട്ടയിൽ ഒതുങ്ങിയും
ഡ്രെസ്സുകളിൽ ആടിയും
പാന്റ്സിൽ വിളങ്ങിയും
അങ്ങനെയങ്ങനെ അവൾക്കൊരു നൂറ് വേഷങ്ങൾ
അവളുടെ കണ്ണിൽ ഇതേ തീവ്രത
അവളുടെ കൈകളിലിതേ കരുത്ത്
അവളുടെ മുടി കെട്ടഴിഞ്ഞു
ഗതിതേടും ജീവനെപ്പോലെ പറക്കുന്നു
അല്ല…
കാറ്റ് നെഞ്ചോടേറ്റു ഇലകളായിരം പേർ
വേരുകളുടെ ബലത്തിൽ ഉലഞ്ഞുലഞ്ഞാടും പോലെ
…………………………
ഉടഞ്ഞുവീഴുന്ന പളുങ്ങുകൊട്ടാരങ്ങളെ നോക്കി
വാവിട്ടു കരഞ്ഞിട്ട് കാര്യമില്ല
കത്തികാട്ടീട്ടും ആസിഡൊഴിച്ചിട്ടും
പീഡനഭീഷണിമുഴക്കീട്ടും
പൂട്ടിയിട്ടിട്ടും മണ്ണെണ്ണ കൊളുത്തിയിട്ടും
കെട്ടിത്തൂക്കിയിട്ടും കെട്ടിച്ചുവിട്ടിട്ടും
അടിച്ചൊടിച്ചിട്ടും സ്‌ലട്ഷെയിം ചെയ്തിട്ടും
ചീത്തവിളിച്ചിട്ടും ചൂരലടിച്ചിട്ടും
ഒന്നുമൊന്നും കാര്യമില്ല
അവളെ ഉണർത്താനുള്ള പന്തവുമേന്തി
കാലമൊരപ്സരയായി നൃത്തം വയ്ക്കുന്നു
മേലെ… മേലെ… മേലെ…
ഞങ്ങളതുകണ്ടു താഴെ താഴെ താഴെ….
……………………………….
ആത്മാവു സ്വതന്ത്രമായാൽ പോരേ?
ശരീരമെന്തായാലെന്ത് ?
ശരീരം ശവകുടീരങ്ങളാകുന്നിടത്തു
ആത്മാവിരക്കുന്നതാരു കേൾക്കാൻ?
മറയ്ക്കാനാകാത്ത മറവി ബാധിച്ചു
ഇതേ ഓരോരുത്തരുമോടുന്നിവിടെ
ഞാൻ പുരുഷൻ നീ സ്ത്രീ
നീ ഭേദിക്കാത്ത ലക്ഷ്മണരേഖകൾ നിന്നെ തടവിലാക്കും
നീ ഭേദിക്കുന്നത് ഈ പ്രപഞ്ചതാളം തെറ്റുന്നതിന് കാരണമായി ഉത്ഘോഷിക്കപ്പെടും
ഇന്നിപ്പോൾ പ്രപഞ്ചങ്ങൾ താളം തെറ്റിയോടുന്നു
അവരവൾക്ക് കാരണമായിരമായിരം കൊടുത്തുകൊണ്ടേയിരിക്കുന്നു …
ജയലക്ഷ്മി
ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശിനിയാണ്. ഡൽഹിയിൽ സന്നദ്ധ സേവനരംഗത്ത് പ്രവർത്തിക്കുന്ന ജയലക്ഷ്മി മികച്ച ഒരു കഥക് നർത്തകിയും അധ്യാപികയുമാണ്. സ്റ്റുഡന്റ് ആക്റ്റിവിസത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.