Latest News

ഈ ധീരതയ്ക്ക്, അർപ്പണബോധത്തിന് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ്. റെയിൽവേ മന്ത്രി ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.

അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി.

ഈ ‌സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാം. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുചാടിയ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്. വിഡിയോ കാണാം.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്.

അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

ചെറിയാന്‍ ഫിലിപ്പിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുതിരുത്തി വന്നാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്വീകരിക്കുമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിച്ചു.

രാജ്യസഭാ സ്ഥാനാര്‍ഥികളായി ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി.ശിവദാസനെയും സിപിഎം പ്രഖ്യാപിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം.

“മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനകത്തെ വിമതനായി വേഷം കെട്ടിച്ച ചെറിയാനെ സിപിഎം വീണ്ടും വഞ്ചിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം രണ്ടു വട്ടം ചെറിയാനെ ചതിച്ചു. സിപിഎമ്മില്‍ ചെറിയാന്റെ സ്ഥാനം തുടലിലിട്ട കുരങ്ങനെ പോലെയാണ്.”

സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടായിരുന്നുവെന്നും വീക്ഷണം ആരോപിക്കുന്നു.

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി വി സ്‌കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ മുന്‍നിര ബ്രാന്റുകളിലൊന്നാണ് പോപ്പി.

ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്.ഫൈ ഫോള്‍ഡ് കുടകള്‍ തുടങ്ങി ഓരോ വര്‍ഷവും പുതുമയുള്ള ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് പോപ്പി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.

സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും പോപ്പിയെ കൂടുതല്‍ ജനപ്രിയമാക്കി.

കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് തുടങ്ങിയിട്ട് നാളുകളായി. നിരവധി പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, കൂടാതെ വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾ എന്ത് കഴിക്കണം തുടങ്ങി ധാരാളം ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകിയിരിക്കുകയാണ് ഹാർവാർഡ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ.ഉമ നായിഡു.

നിങ്ങൾ വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.

ഗ്രീൻ വെജിറ്റബിൾസ്

ഇതു നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടായിരിക്കണം. സ്പിനച്ച്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ വളരെ ഉയർന്നതാണെന്ന് അവർ പറഞ്ഞു.

സ്റ്റ്യൂ അല്ലെങ്കിൽ സൂപ്പ്

ശക്തമായ രോഗപ്രതിരോധം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ കുടൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്, നിങ്ങളുടെ കുടലിന് ഭക്ഷണം നൽകേണ്ടത് പ്രധാനമാണ്. പച്ചക്കറികൾ, ആന്റി ഇൻഫ്ലാമേറ്ററി സുഗന്ധവ്യഞ്ജനങ്ങൾ, ഫൈബർ എന്നിവ ആവശ്യമാണ്.

ഉളളിയും വെളുത്തുളളിയും

ഇവ രണ്ടും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും മികച്ചതാണ്. ഇവയിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിലെ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) വളർത്തും.

മഞ്ഞൾ

ആന്റി സ്ട്രെസ് ഭക്ഷണമായ മഞ്ഞൾ രോഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലൂബെറീസ്

ആന്റിഓക്‌സിഡന്റ് നിറയെ അടങ്ങിയ ബ്ലൂബെറികൾ സെറോട്ടോണിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 

 

View this post on Instagram

 

A post shared by Uma Naidoo, MD (@drumanaidoo)

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകുന്നതിനിടയിലാണ് കോവിഡ് ഇൻഷുറൻസ് നിർത്തിവെയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം.

മാർച്ച് 24 വരെ മാത്രമേ കോവിഡ് ഇൻഷുറൻസ് ലഭ്യമാകൂ. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.

പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷറുൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെ തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ ശിപാർശയോടെയാണ് ഇൻഷുറൻസിനായുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നത്.

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.

എന്നാൽ വാക്സിൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സിൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. വാക്സൻി ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കോവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.

ഏറെ സംഘര്‍ഷഭരിതമായ ഒരു തരത്തിലുള്ള പ്രിവിലേജുകളില്ലാത്ത നായക വേഷമാണ് കുഞ്ചാക്കോ ബോബന്‍ ‘നായാട്ട്’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.

സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കുടുംബമഹിമയും പേരും കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുമ്പും കുഞ്ചാക്കോ ബോബന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍മ്മാണം കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ഉണ്ടായിരുന്നു.

അതേസമയം, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. നിഴല്‍ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസായ മറ്റൊരു ചിത്രം.

സനു മോഹൻ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മിഷണർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തി. ആദ്യഘട്ടത്തിൽ സനുവിനെ കണ്ടെത്താനായിരുന്നു ശ്രമം. ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്.

പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാം.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല.

ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

നിലവിൽ സനുവിനെ മാത്രമാണു സംശയിക്കുന്നത്. മൂന്നാമതൊരാളെ സംശയിക്കുന്നില്ല. ഫ്ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉൾപ്പെടെ ചോദ്യം ചെയ്തു. ഇതിൽനിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.

കെഎസ്ആർടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടർക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജിൽ വി റോഷ്‌നി(45)ക്കാണ് ആക്രമണ്തതിൽ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചർ ബസിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്‌നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാർ തടഞ്ഞുവെച്ച് ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

ആറ്റിങ്ങലിൽ നിന്നാണ് റോഷ്‌നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസിൽ ഓംപ്രകാശ് കയറിയത്. ഇയാൾ ബസിന്റെ പിൻഭാഗത്തായി ലഗേജ് വെച്ച് മുന്നിൽ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടർ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

പിന്നീട് ചിന്നക്കടയിലെത്തി ഇയാൾ ലഗേജുമായി ഇറങ്ങാൻ നോക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ബസിൽ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടർ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാൻഡിലേക്ക് വിടുകയായിരുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രളയകാലത്ത് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകളേയും പ്രായമായവരേയും വള്ളത്തിൽ കയറ്റി ഹീറോ പരിവേഷം ലഭിച്ച സന്നദ്ധപ്രവർത്തകൻ ജെയ്‌സലിന് എതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസെടുത്തു. യുവാവിനും യുവതിക്കുമെതിരെ സദാചാര ഗുണ്ടായിസം നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ജെയ്‌സലും മറ്റൊരാളും പ്രതികളാണെന്നും ഇവർ ഒളിവിൽ പോയിരിക്കുകയാണെന്നും താനൂർ സിഐ ജീവൻ ജോർജ് പറഞ്ഞതായി  റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ കാറിലെത്തിയ യുവാവിനെയും യുവതിയെയും ജെയ്‌സലും സുഹൃത്തും ഭീഷണിപ്പെടുത്തിയത്. ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ജെയ്‌സൽ ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവ് സുഹൃത്തിന്റെ ഗൂഗിൾ പേ വഴി ജെയ്‌സലിന് 5000 രൂപ നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു.

ഇതിനുശേഷം ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 2018ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടെയാണ് ജെയ്‌സൽ വലിയ വാർത്താപ്രാധാന്യം നേടിയത്. പ്രളയത്തിൽ കുടുങ്ങിയവരെ വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്താനായി സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന് വലിയതോതിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മത്സയ്‌ത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വീട് പുനഃനിർമ്മിക്കാനും മറ്റുമായി ധാരാളം സഹായങ്ങളും ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ലഭിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved