വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന മണവാട്ടിയെ കാർ തടഞ്ഞ് നിർത്തി കാമുകൻ സ്വന്തമാക്കി. തൃശൂർ ചെറുതുരുത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചെറുതുരുത്തി പുതുശ്ശേരിക്കാരിയായ വധു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ചെറുതുരുത്തി തലശേരിയിലെ പ്രവാസിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാമുകനും കൂട്ടുകാരും ചേർന്ന് ചെറുതുരുത്തിയിൽ വച്ച് വിവാഹ സംഘത്തിന്റെ കാർ തടഞ്ഞു.
കാമുകനെ കണ്ടതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മണവാട്ടി കാമുകനൊപ്പം പോകാൻ ഒരുങ്ങി. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വധു അയൽക്കാരനായ യൂബർ ഡ്രൈവറുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നു. എന്നാൽ, ഇവരുടെ ബന്ധം അംഗീകരിക്കാൻ പെൺവീട്ടുകാർ തയ്യാറായില്ല. മറ്റൊരു വിവാഹം തീരുമാനിക്കുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ വച്ചു നടന്ന ചർച്ചയിൽ വധു കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചു. പെൺകുട്ടിയെ സ്വീകരിക്കാൻ ഭർത്താവും തയ്യാറായില്ല. വിവാഹത്തിന് വേണ്ടി മാത്രമാണ് ഇയാൾ കൊറോണ സമയത്ത് നാട്ടിലെത്തിയത്. പെൺവീട്ടുകാർ നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വരന് നൽകി. പെൺകുട്ടി കാമുകനോടൊപ്പം പോയി. ഇരുവരെയും സ്വീകരിക്കാൻ കാമുകന്റെ മാതാപിതാക്കളും സ്റ്റേഷനിൽ എത്തിയിരുന്നു.
ന്യൂഡൽഹി∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യ സ്ഥിതി മോശമായത്.
ട്രബിൾ ഷൂട്ടർ, ക്രൈസിസ് മാനേജർ. മാധ്യമങ്ങൾ ചാർത്തി കൊടുത്ത വിശേഷണങ്ങൾക്കപ്പുറമാണ് അഹമ്മദ് പട്ടേൽ. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേൽ യുപിഎ സർക്കാർ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.
പകൽ മുഴുവൻ സർക്കാർ കാര്യം, രാത്രി സംഘടനാകാര്യം. രാജീവ്ഗാന്ധിയുടെ ഈ ശൈലി അടിമുടി പകർത്തിയ നേതാവായിരുന്നു പട്ടേൽ. തനിക്കു മുമ്പിലെത്തുന്ന പ്രശ്നങ്ങളും തര്‍ക്കങ്ങളും സോണിയാഗാന്ധി മദര്‍തെരേസ ക്രസന്റിലെ 23–ാം വസതിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പതിവ്. അവിടെ പരിഹാരം. തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കില്ല പട്ടേല്‍. കാതുകൂർപ്പിച്ച് രണ്ട് ഭാഗവും കേട്ട് മുറിവുകൾക്ക് സ്വയം ഉണങ്ങാൻ സമയം നല്‍കും.
ഏത് ചുമതലയും ബഹളങ്ങളില്ലാതെ ഭംഗിയായി നിര്‍വഹിക്കും. നെഹ്‍റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മാരകം നിര്‍മിക്കുന്നത് ഇഴഞ്ഞുനീങ്ങിയപ്പോള്‍ രാജീവ് ഗാന്ധി പട്ടേലിനെ ചുമതലേല്‍പ്പിച്ചു. ക്രിക്കറ്റ് ഏകദിന മല്‍സരങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ഒറ്റവര്‍ഷം കൊണ്ടു ഡല്‍ഹിയിലെ ജവഹര്‍ഭവന്‍ നിര്‍മിച്ചു.
ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ ജനതാ തരംഗത്തിനിടയിലും 28–ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഗുജറാത്ത് വിട്ട് തട്ടകം ഡല്‍ഹിയാക്കി. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. അതോടെ പാര്‍ലമെന്റിലേക്കുള്ള വഴി രാജ്യസഭയിലൂടെയാക്കി. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല. രാഹുൽ യുഗത്തിൽ ഒതുക്കപ്പെട്ടെങ്കിലും രാജസ്ഥാനിൽ അടക്കം പ്രതിസന്ധി ഉണ്ടായപ്പോൾ ഹൈക്കമാൻഡ് ആശ്രയിച്ചത് ആ പഴയ പട്ടേലിനെ തന്നെ. ആ വിജയമന്ത്രം പട്ടേൽ ആർക്കും ഓതി കൊടുത്തിട്ടില്ലെങ്കിൽ വരും നാളുകളിൽ ഈ വലിയ വിടവ് കോൺഗ്രസ് നന്നായി തിരിച്ചറിയും.
തിരുവല്ല:നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് ജീവനക്കാരിക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.
എന്നാൽ ജീവനക്കാരി കയറ്റി വിട്ട ആ അന്ധനെ തേടുകയായിരുന്നു ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സൗഹൃദ വേദി പ്രവർത്തകർ. ഒടുവിൽ തൊട്ടടുത്ത ദിവസം അന്ധനായ ജോസിൻ്റെ (62) വീട്ടിൽ അവർ എത്തി.
തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്. തിരുവല്ല മുൻസിപാലിറ്റി 2006 ൽ ആണ് 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്. ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു. വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലായിരുന്നു. സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇപ്പോൾ ഇവരുടെ താമസം. ജോസിൻ്റെ ഭാര്യ സിസിൽ ജോസ് ആസ്മ രോഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. ക്ഷേമ പെൻഷൻ ആയി ലഭിക്കുന്ന തുക മരുന്നിന് പോലും തികയുന്നില്ല. ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ 10 വർഷമായി പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിക്കപെട്ട ജോസിൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ജൂലൈ മാസത്തിൽ തന്നെ നിർമ്മാണ പ്രവർത്തതനങ്ങൾ തുടങ്ങിയെങ്കിലും ഇതിനിടയിൽ ജോസ് കോവിഡ് ബാധിതനാകുകയും ചെയ്തു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാാനാണ്.
കഴിഞ്ഞ 4 മാസം കൊണ്ട് രണ്ട് മുറി, അടുക്കള, ഹാൾ, സിറ്റ് ഔട്ട് , ബാത്ത് റൂം എന്നിവ അടങ്ങിയ വീടിൻ്റെ പെയിൻ്റിംങ്ങ് ജോലികൾ ഉൾപ്പെടെ മനോഹരമായി പൂർത്തിയാക്കി.വെള്ളപൊക്ക സമയങ്ങളിൽ വീടിനുള്ളിൽ വെള്ളം കയറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഏകദേശം 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വീടിൻ്റെ മുകൾ ഭാഗത്ത് റൂഫിംങ്ങ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നതായി സിബി സാം തോട്ടത്തിൽ ,റോജിൻ പൈനുംമൂട്,വിൻസൻ പൊയ്യാലുമാലിൽ,പി.ഡി സുരേഷ് ,ഷാജി ആലുവിള, സിയാദ് മജീദ് എന്നിവർ പറഞ്ഞു.മഹേഷ് മനോഹരൻ ,ബിജു ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് നിർമ്മാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നിർവഹിച്ചത്.
പണികൾ നടക്കുമ്പോൾ തന്നെ വാർത്തകൾ വായിച്ചറിഞ്ഞ് ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ളവർ സുവിശേഷകനായ ജോസിൻ്റെ വീട്ടിലേക്ക് ഫോൺ, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ് ,ഡൈനിങ്ങ് ടേബിൾ,ഡിന്നർ സെറ്റ്, ഫാനുകൾ ,ട്യൂബ് ലൈറ്റ് ,എൽ.ഇ.ഡി ബൾബുകൾ, ടെലിവിഷൻ,സോഫാ സെറ്റ് ,മറ്റ് ഫർണീച്ചറുകൾ തുടങ്ങിയവ എത്തിച്ചു കൊടുത്തിരുന്നു. ഡിസംബർ ആദ്യവാരത്തിൽ താക്കോൽ ദാനം നടത്തുവാനാണ് ഉദ്യേശിക്കുന്നതെന്ന് ഡോ: ജോൺസൺ വി. ഇടിക്കുള പറഞ്ഞു.
നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവർക്ക് വലിയ ആശ്വാസമാകും.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഹൈക്കോടതി മാറ്റി നൽകാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടർക്ക് ചേർന്നതായില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഇതുകൊണ്ടുള്ള നഷ്ടം ഇരയ്ക്കാണ്. എന്നാൽ ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയോ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയോ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു. ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസുകളിൽ നേരത്തെ വിശദീകരിച്ചിട്ടുള്ളതു പോലെ ഒരു പ്രോസിക്യൂട്ടറുടെ ജോലി കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് ശിക്ഷ നേടിക്കൊടുക്കുക പ്രോസിക്യൂട്ടറുടെ ജോലിയല്ല. സ്പെഷൽ പ്രോസിക്യൂട്ടർ വിചാരിച്ചതു പോലെ ഒരു വിധി ഹൈക്കോടതിയിൽനിന്നു വന്നില്ല, മാറ്റണം എന്ന് പറഞ്ഞിട്ട് മാറ്റിയില്ല. ആ കാരണം കൊണ്ട് പ്രതിഷേധമെന്ന പോലെ രാജിവച്ച് പോകുക എന്നത് പ്രതിബദ്ധതയുള്ള പ്രോസിക്യൂട്ടർക്ക് ചേർന്നതല്ല. സ്വന്തം താൽപര്യമല്ല അവിടെ നോക്കണ്ടത്, സമൂഹത്തിന്റെ താൽപര്യമാണ്. അങ്ങനെയുള്ള ഒരാൾ ഇതു ചെയ്യില്ല.
ഇത്രയും നാൾ ഇദ്ദേഹം പഠിച്ച്, നിശ്ചിത രീതിയിൽ കേസ് നടത്തിക്കൊണ്ടുപോയിട്ട് ഇനി വേറൊരാൾ വരുമ്പോൾ തുടർന്നു വന്ന രീതിയായിരിക്കില്ല അദ്ദേഹത്തിന്റേത്. വളരെ വ്യത്യാസമുണ്ടാകും. സമൂഹത്തോടും ഇരയോടും അൽപമെങ്കിലും താൽപര്യം ഉണ്ടായിരുന്നെങ്കിൽ രാജിവച്ച് പോകാൻ പാടില്ലായിരുന്നു. കേസ് കളഞ്ഞിട്ടു പോകുകയെന്നത് ചെയ്യാൻ പാടുള്ളതല്ല. മനസിലാക്കിയതുവച്ച് ഈ ആളുടെ ജൂനിയർ ആയിരുന്നു വനിതാ ജഡ്ജി. ജൂനിയർ അദ്ദേഹം വിചാരിച്ചതു പോലെ പ്രവർത്തിച്ചില്ല എന്നതിന്റെ പരിഭവം ഉണ്ടാകാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമാണ്. ഈഗോയാണ് ഇത്.
ഇരയാക്കപ്പെട്ടവർക്കും പ്രതികൾക്കുമാണ് ഈ കേസിൽ താൽപര്യമുള്ളത്. ഇവിടെ നിഷ്പക്ഷമായിനിന്ന് നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കുകയായിരുന്നു പ്രോസിക്യൂട്ടർ ചെയ്യേണ്ടിയിരുന്നത്. കോടതിയിൽ പ്രോസിക്യൂഷന് സഹായകരമായ തെളിവുകൾ സംഘടിപ്പിച്ച് കൊടുക്കണം. അതാണ് പ്രോസിക്യൂട്ടറുടെ ജോലി, തെളിവുണ്ടാക്കി കൊടുക്കുകയല്ല. ഏതെങ്കിലും രീതിയിൽ തെളിവു നിർമിച്ചോ കള്ളത്തെളിവുണ്ടാക്കുകയൊ കൊടുക്കുകയൊന്നും പ്രോസിക്യൂഷന്റെ ജോലിയല്ല.
പക്ഷപാതപരമല്ലാത്ത സമീപനം ഉണ്ടാകണം. ഇരയ്ക്ക് നീതി കിട്ടത്തക്കവിധമുള്ള എല്ലാ തെളിവുകളും സ്വരുക്കൂട്ടി കൊടുക്കുകയാണ് വേണ്ടത്. അദ്ദേഹം ഇത് വ്യക്തിപരമായി എടുക്കാൻ പാടില്ലായിരുന്നു. എന്തായാലും കേസിലെ വളരെ കാതലായ സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞതാണ്. കോടതിയിൽ ജഡ്ജി എന്തെങ്കിലും ചോദിച്ചു എന്നതാണു കുറ്റമെങ്കിൽ ജഡ്ജിമാർ ചോദ്യങ്ങൾ ചോദിക്കണം എന്നാണ് നിയമം. മൗനമായി ഒരിക്കലും ജഡ്ജി ഇരിക്കാൻ പാടില്ല. ട്രയലിൽ സജീവമായി ഇടപെടണം എന്നാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കെ.ടി. തോമസിന്റെ 1996ലെ വിധിന്യായത്തിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അതിനു മുൻപു സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ന്യായാധിപൻ മന്ദബുദ്ധിയെപോലെ ഇരിക്കുകയല്ല വേണ്ടത്. ആക്ടീവായി ഇടപെടാതിരുന്നാൽ നടപടിക്രമങ്ങൾക്ക് ദോഷമുണ്ടാകും. അങ്ങനെ ചോദ്യം ചോദിച്ചാൽ പ്രോസിക്യൂഷനും പ്രതിഭാഗവും പ്രകോപിതരാകാൻ പാടില്ല. അഭിഭാഷകരും പ്രകോപിതരാകാൻ പാടില്ല. എല്ലാവരും കൂടി ചേർന്ന് വേണം മുന്നോട്ട് കൊണ്ടു പോകാൻ. അങ്ങനെ കൊണ്ടു പോകണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ അതിനെ ധിക്കരിച്ചതു പോലെയായിട്ടുണ്ട് രാജി.
സുപ്രീം കോടതി കേസിന് സമയപരിധി നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്. അതിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രോസിക്യൂട്ടർ ഇങ്ങനെ ചെയ്തത് ശരിയല്ല. നീതിന്യായ വ്യവസ്ഥയ്ക്ക് ഭൂഷണവുമല്ല. കേസിൽ ഒരു സ്പെഷൽ പ്രോസിക്യൂട്ടർ തന്നെ വേണമെന്ന് നിർബന്ധമില്ല. വേറെ പ്രോസിക്യൂട്ടറില്ലെങ്കിൽ പ്രധാന പ്രോസിക്യൂട്ടർ പോയി കേസ് നടത്തിക്കൊടുക്കണം എന്നാണ്. വേറെ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ സർക്കാർ വേറെ സ്പെഷൽ പ്രോസിക്യൂട്ടറെ കണ്ടെത്തേണ്ടതില്ല. അല്ല, ഇനി ഇരയ്ക്ക് പ്രത്യേക പ്രോസിക്യൂട്ടർ വേണം എന്ന അപേക്ഷയുണ്ടെങ്കിൽ സർക്കാരിന് വച്ചുകൊടുക്കാം.
അതു പക്ഷെ വഴിയിൽ കളഞ്ഞിട്ട് പോകുന്നവരാകരുത്. ഇവിടെ ഒരു സർക്കാർ പ്രോസിക്യൂട്ടറായിരുന്നെങ്കിൽ ഇങ്ങനെ കളഞ്ഞിട്ടു പോകില്ലായിരുന്നു. ഇവർക്ക് വേറെ കേസില്ലാത്തതിനാലാണ് ഇട്ടിട്ടു പോകുന്നത്. ഇവിടുത്തെ സീനിയർ പ്രോസിക്യൂട്ടർമാർ ആരെങ്കിലും പോയി കേസ് നടത്തണം എന്നാണ് നിയമം. എന്തായാലും അതിന്റെ പേരിൽ നടപടികൾ അനന്തമായി നീണ്ടു പോകില്ല.
കേസ് പഠിച്ചെടുക്കാൻ ഒരു സമയം വേണ്ടി വരും. ആർക്കായാലും പരമാവധി ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം. സാധാരണ നിലയിൽ മൂന്നു നാലു ദിവസം മതിയാകും. നീതി നടത്താൻ അവർ ഇറങ്ങണം. ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയൊ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയൊ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു എന്ന് ഓർപ്പിച്ചതേ ഉള്ളൂ എന്നും കെമാൽ പാഷ പറഞ്ഞു.
മധുര∙ നഗരത്തിലെ ആശുപത്രിയിൽ ഒരു വർഷത്തോളം സേവനം ചെയ്തിരുന്ന ഡോക്ടർ. തെരുവിൽ ഒരുപറ്റം യാചകർക്കൊപ്പം ഭിക്ഷയെടുക്കുന്നുവെന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഞങ്ങളുടെ കണ്ണുകൾ കാണുന്നത് സത്യം തന്നെയാണോ എന്ന് ഞങ്ങൾ ആദ്യം സംശയിച്ചു. അടുത്തു ചെന്ന് രേഖകൾ ആവശ്യപ്പെട്ടു. ഡോക്ടര്‍ ആണെന്ന് അറിഞ്ഞതോടെ മധുര മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ച് സംസാരിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും തെരുവിൽ അലയേണ്ടി വരുകയും ചെയ്ത യുവ ട്രാൻസ്ജെൻഡർ ഡോക്ടറുടെ കഥ പറയുകയാണ് ഇൻസ്പെക്ടർ ജി. കവിത.
ആൺകുട്ടിയായാണ് അവർ ജനിച്ചത്. 2018 ൽ ഉയർന്ന മാർക്കോടെ മധുര മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കി. നഗരത്തിലെ ഒരു ആശുപത്രിയിൽ ഒരു വർഷത്തോളം ജോലി ചെയ്തതിനു ശേഷമാണ് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറാൻ ആഗ്രഹിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയമായതും.
ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനു ശേഷം ഡോക്ടർക്കു ജോലി നഷ്ടപ്പെട്ടു. താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെട്ടു. ഗത്യന്തരമില്ലാതെ നഗരത്തിലെ ഒരു ട്രാൻസ്ജെൻഡറിനൊപ്പം താമസം ആരംഭിച്ചു. ജീവിക്കാൻ മറ്റുവഴികളില്ലാതെ ആയപ്പോൾ ഭിക്ഷാടനത്തിലേക്കു തിരിയുകയായിരുന്നുവെന്നും ഇൻസ്പെക്ടർ. ജി. കവിത പറയുന്നു.
മെഡിക്കൽ കോളജിലെ ഡോക്ടറുടെ സഹപാഠിയിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസ് മനസ്സിലാക്കിയത്. 20 ദിവസമായി ഡോക്ടറെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. തെരുവിൽ ഭിക്ഷാടകർ കൂടുന്നുവെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് ഡോക്ടറെ കണ്ടെത്താൻ സഹായിച്ചത്.
മികവുള്ള ഒരു വിദ്യാർഥിയെന്ന നിലയിൽ എല്ലാ സഹായവും നൽകാൻ ഒരുക്കമായിരുന്നുവെന്നും എന്നാൽ ഹൗസ് സർജൻസി കഴിഞ്ഞതിനു ശേഷം ഡോക്ടറെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്നും മധുര മെഡിക്കൽ കോളജിലെ ഡീൻ ഡോക്ടർ ജെ സങ്കുമണി ദേശീയ മാധ്യമത്തോടു പറഞ്ഞു. പൊലീസും ഒരു മെഡിക്കൽ ലാബ് ഉടമസ്ഥനും കൂടി മധുരയിൽ ഡോക്ടർക്കായി ഒരു ക്ലിനിക് സജ്ജമാക്കിയിട്ടുണ്ട്. സ്റ്റെതസ്കോപ്, കോട്ട് തുടങ്ങിയ വാങ്ങി നൽകുകയും ചെയ്തു.
ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനാൽ ഡോക്ടറുടെ കുടുംബം സ്വീകരിക്കാൻ വൈമനസ്യം കാണിച്ചതായും ജി. കവിത പറയുന്നു. മാധ്യമങ്ങളിലൂടെ ഈ വാർത്ത പുറത്തു വന്നതോടെ നിരവധി പേരാണ് ഡോക്ടറെ സഹായിക്കാൻ മുന്നോട്ടു വന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിച്ചത് ഡോക്ടറെ അസ്വസ്ഥയാക്കിയെന്നും ജി. കവിത പറയുന്നു.
ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ വധുവിനെ കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന് മനസിലായത്.
വിഐപി ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി.
കോവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി കർഷകൻ. വണ്ടൻമേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ വയനാട്ടിൽ എത്തിച്ച് പുൽപള്ളി കക്കുഴി വൈശാഖുമായുള്ള വിവാഹം നടത്തിയത്. വധുവിനൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടു.
ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹത്തിൽ പങ്കെടുത്തു. മേയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു. തമിഴ് സിനിമയിലെ ഹാസ്യതാരമായിരുന്നു തവസി (60) . കോമഡി, നെഗറ്റീവ് റോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം.
മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെട്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മാത്രമല്ല, സൂപ്പര്‍താരം രജനീകാന്തും നടന്‍ ശിവകാര്‍ത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. 2013-ല്‍ ശിവകാര്‍ത്തികേയന്‍ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊവിഡ് വാക്‌സിന് എത്തിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരിയാണ് അറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം തിങ്കളാഴ്ച 231 പുതിയ കൊവിഡ് കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 355489 ആയി. നിലവില്‍ 5877 ആക്ടീവ് കേസുകളാണ് ഉള്ളത്. 16 പേര്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 5796 ആയി.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം. പ്രതിഭാഗത്തെ അനുകൂലിച്ചാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കുമെന്ന വാഗ്ദാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സണ്‍ പോലീസില്‍ പരാതി നല്‍കി. പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിനു പരാതി നൽകിയത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂലമാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്നു ജെൻസൺ പറയുന്നു. എന്നാൽ, പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു പീച്ചി പൊലീസ് അറിയിച്ചു.ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിക്കാരന്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജിവച്ചു. അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്‍റെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച വിചാരണ പുനരാരംഭിച്ചപ്പോള്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ച കാര്യം കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലുള്ള ജഡ്ജിയുടെ അടുത്തുനിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി. പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു.