Latest News

പുതുപ്പള്ളിയിൽ പന്ത്രണ്ടാം അങ്കത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കായി വോട്ടുതേടി രമേശ് പിഷാരടി. ജനമനസുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടിക്ക് പ്രചാരണത്തിന് പോസ്റ്റർ പോലും ആവശ്യമില്ലെന്നാണ് പിഷാരടിയുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിൻ്റെ പേരിൽ കോൺഗ്രസിൽ ഉടലെടുത്ത തർക്കങ്ങൾ പാർട്ടിയിലെ ജനാധിപത്യത്തിൻ്റെ തെളിവാണെന്നാണ് പിഷാരടിയുടെ പക്ഷം.

പത്രിക സമർപ്പണത്തിന് പിന്നാലെ പ്രചാരണ രംഗത്തും കളം നിറയുകയാണ് ഉമ്മൻചാണ്ടി. പാമ്പാടിയിൽ നടന്ന മണ്ഡലം കൺവെൻഷനിലാണ് രമേശ് പിഷാരടി ഉമ്മൻചാണ്ടിയോടൊപ്പം പങ്കെടുത്തത്.ഉമ്മൻചാണ്ടിക്ക് പുറമെ കോൺഗ്രസ് പാർട്ടിയെ കുറിച്ചും പിഷാരടിക്ക് ചിലത് പറയാനുണ്ട്.

നേമത്ത് മത്സരിക്കാൻ തീരുമാനിച്ച ഉമ്മൻചാണ്ടിയെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുതുപ്പള്ളിക്കാരുടെ വൈകാരിക ഇടപെടലാണെന്ന് യോഗത്തിൽ മുല്ലപ്പള്ളി വെളിപ്പെടുത്തി.പുതുപ്പള്ളിക്കാർക്ക് മുന്നിൽ ഒരിക്കൽകൂടി ഉമ്മൻചാണ്ടിയുടെ വോട്ടഭ്യർഥന.

വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.

സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.

രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.

തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു.

ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു.റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം.

ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.

 

സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.

അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.

സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.

പുലർച്ചെ വിളിച്ചിട്ടും ഉണരാത്തതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ സംഗീതസംവിധായകൻ മനു രമേശിന്റെ ഭാര്യ ഡോ. ഉമ ദേവി(35)ക്ക് ദാരുണാന്ത്യം. അനുഭവപ്പെട്ട ശക്തമായ തലവേദന അനുഭവപ്പെട്ടിരുന്ന ഉമയെ ആശുപത്രിയിലേയ്ക്കു എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം കവരുകയായിരുന്നു.

മരണശേഷം കോവിഡ് പരിശോധന നടത്തിയിരുന്നു. ഫലം നെഗറ്റീവ് ആണ്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. എറണാകുളം പേരണ്ടൂരിൽ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഈ ദമ്പതികൾക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്.

ഉമ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റും ലഭിത്തിരുന്നു. ഇതിന്റെ സന്തോഷം മായും മുമ്പെയാണ് മരണം ഉമയെ കവർന്നെടുത്തത്.

മലയാളത്തിലെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ മകനും ഉമയുടെ ഭർത്താവുമായ മനു രമേശ്. ‘ഗുലുമാൽ ദ് എസ്‌കേപ്’, ‘പ്ലസ് ടു’, ‘അയാൾ ഞാനല്ല’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ് മനു രമേശ് ശ്രദ്ധിക്കപ്പെട്ടത്.

കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.

ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.

കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ അല്ല മത്സരിക്കുക എന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. മണ്ഡലത്തിലെ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ തന്നെ സ്ഥാനാർഥിയാക്കൂ എന്നും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.

മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് തവനൂരിൽ ജനവിധി തേടുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായ യുഡിഎഫിന് കിട്ടിയത് 51,115 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.

കൊച്ചി: പിസി തോമസിന്‍റെ കേരള കോൺഗ്രസും ജോസഫ് ഗ്രൂപ്പും ലയിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് എന്‍ഡിഎ വിടാന്‍ പിസി തോമസ് വിഭാഗം തീരുമാനിച്ചത്. മാന്യമായ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചില്ലെന്ന് പി സി തോമസ് പറഞ്ഞു. ജോസഫ് ഗ്രൂപ്പ് തന്‍റെ പാര്‍ട്ടിയില്‍ ലയിച്ച് കേരള കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുമെന്ന് പിസി തോമസ് അറിയിച്ചു. മുവാറ്റുപുഴയിൽ ജോസഫ് വിഭാഗം ജനറല്‍ സെക്രട്ടറി ടി യു കുരുവിളയും പി സി തോമസും ക‍ഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് ലയന തീരുമാനം.

പി സി തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ കേരള കോണ്‍ഗ്രസ് എന്ന പേരും ചിഹ്നവും ലഭിക്കുമെന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ നേട്ടം. നിലവില്‍ കസേര ആണ് പി സി തോമസ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. സൈക്കിള്‍ ചിഹ്നം ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലഭിച്ചാല്‍ ഒരേ ചിഹ്നത്തില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ ക‍ഴിയുമെന്നും പി സി തോമസ് പറഞ്ഞു.
പുതിയ കേരള കോണ്‍ഗ്രസിന് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന സ്ഥാനം ഉണ്ടാകില്ലെന്ന് പി സി തോമസ് പറഞ്ഞു.

ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയിലാകും സ്ഥാനങ്ങള്‍. പി ജെ ജോസഫ് തന്നെയാകും ചെയര്‍മാന്‍. താന്‍ ഡെപ്യൂട്ടി ചെയര്‍മാനാകും. വൈസ് പ്രസിഡന്‍റായി മോന്‍സ് ജോസഫ് ആയിരിക്കും പാര്‍ട്ടിയിലെ മൂന്നാമന്‍. വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തിയില്‍ നടക്കുന്ന മോന്‍സ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി സി തോമസ് പങ്കെടുക്കും. ഇവിടെ വച്ച് ലയനം സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാകുമെന്നും പി സി തോമസ് പറഞ്ഞു.

ബർമിംഗ്ഹാമിനടുത്ത് വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16-03-2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു.

നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്ത് ജോലി ചെയ്‌തു. ഹെഡ് നഴ്സ് ആയി റിട്ടയർ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വർഷമായി യുകെയിൽ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

വാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷനിലെ നിറസാന്നിധ്യമായിരുന്നു ഏവരും മമ്മി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന അന്നമ്മ തോമസ്. ഗ്ളാക്സിൻ ഏക മകനാണ്. മരുമകൾ ഷൈനി. കൊച്ചു മക്കൾ സിമ്രാൻ, ഗ്ലാഡിസ്, ഇമ്മാനുവൽ.

സംസ്ക്കാരം പിന്നീട് യുകെയിൽ വച്ചു നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അന്നമ്മ തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനം കൊണ്ട് നിറഞ്ഞത് ആണ്. ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍ . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം മനസ്സുതുറന്നത്.

‘ഈയടുത്ത് മാസ്‌കും തൊപ്പിയും വെച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.

ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കൈയില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’, കുഞ്ചാക്കോ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved