Latest News

മലയാളസിനിമയിലെ കുടുംബനായകൻ എന്നാണ് ജയറാമിനെ അറിയപ്പെടുന്നത്. ഇന്ന് ജയറാമിന്റെ 56–ാം പിറന്നാളാണ്. ഇപ്പോഴിതാ ജയറാമിന്റെ ആദ്യത്തെ അഭിമുഖത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ജയറാം 1988–ൽ നടന്ന ഗൾഫ് ഷോയ്ക്കിടെ നൽകിയ അഭിമുഖമാണിത്. എ.വി.എം ഉണ്ണിയാണ് ഈ അഭിമുഖം ചെയ്തിരിക്കുന്നത്.
ജയറാം എന്നല്ലേ പേര് എന്ന് ചോദിച്ചാണ് അഭിമുഖം തുടങ്ങുന്നത്. ചെറുപ്പം മുതല്‍ മിമിക്രി ചെയ്ത് കാണിക്കുമായിരുന്നു.

4,5 വയസ്സുള്ളപ്പോൾ തൊട്ട് വീട്ടിലുള്ളവരെ ഒക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അതായിരുന്നു തുടക്കം. പിന്നീട് കലാഭവനിൽ എത്തിപ്പെട്ടു. പ്രമുഖർക്കൊപ്പം വേദികൾ പങ്കിട്ടു. ഇതിനുമുമ്പ് സിനിമയിലൊന്നും പ്രവർത്തിച്ചിട്ടില്ല. കലാകാരന്റെ അവസാന ലക്ഷ്യം സിനിമയായിരിക്കുമല്ലോ എന്നാണ് ജയറാം പറയുന്നത്..

സിനിമയിൽ ചാൻസ് ലഭിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ. അതേക്കുറിച്ച് പറയാമോ എന്ന് ചോദിക്കുമ്പോൾ ഇന്ന് ചാൻസ് തരാമെന്ന് പറയും. നാളെ ഏത് ജയറാമെന്ന് പറയും. അതുകൊണ്ട് ചാൻസ് കിട്ടിയെന്നുള്ള കാര്യം പറഞ്ഞ് നടക്കുന്നത് ശരിയല്ല എന്നാണ് ജയറാമിന്റെ മറുപടി.

ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിങ് 70 ശതമാനം പിന്നിട്ടു. 5 ജില്ലകളിലുമായി ഇതുവരെ 70.76% പോളിങ്. കോട്ടയം – 69.17, എറണാകുളം- 70.96, തൃശൂർ – 69.73, പാലക്കാട്- 71.96, വയനാട് – 73.98 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 54.75, തൃശൂർ കോർപ്പറേഷനിൽ 58.02 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികൾ. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്.

യുഡിഎഫിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടെന്നും വടക്കൻ ജില്ലകളിൽ കോൺഗ്രസ് വട്ടപ്പൂജ്യമായിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ചരിത്ര വിജയം നേടുമെന്നും യുഡിഎഫും ബിജെപിയും ഒലിച്ചു പോകുമെന്നും മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവകാശപ്പെട്ടു. വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. കെ.എം.മാണിയെ ചതിച്ചവർക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നു കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി പ്രതികരിച്ചു.

മന്ത്രി എ.സി.മൊയ്തീന് വടക്കാഞ്ചേരി കല്ലംപാറ ബൂത്തിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് 5 മിനിറ്റ് മുൻപ് വോട്ടുചെയ്യാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു നൽകിയെന്നാരോപിച്ചു കോൺഗ്രസ് ബൂത്ത് ഏജന്റ് പരാതി നൽകി. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടർ ബൂത്തിനു മുൻപിൽ കുഴഞ്ഞു വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി വരിനിലം കോളനിയിൽ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണു മരിച്ചത്. തൃശിലേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ബിന്ദു, സിന്ധു.

പ്രിയ താരത്തിന്റെ ചേതനയറ്റ മുഖം കണ്ട് വിങ്ങിപ്പൊട്ടുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ–സീരിയൽ ലോകം. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനശാസ്ത്രത്തിൽ ബിരുദധാരിയാണ്.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകൾ മരണത്തിനു തൊട്ടു മുമ്പു വരെ സമൂഹമാധ്യമങ്ങളിൽ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനിൽ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എറണാകുളം: മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ, അപ്പോൾ വരും നിർദേശം, മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ കൈകളിലേക്ക് ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ, കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീര താപനില സാധാരണ അവസ്ഥയിൽ ആണോ , സാനിറ്റേഷൻ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസർ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും. കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തും.

കളമശേരി സ്റ്റാർട്ട്‌അപ്പ്‌ വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് സായാ ബോട്ടിന്റെ നിർമാണത്തിന് പിന്നിൽ. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി ഇ ഒ ജയകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണ കൂടത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സായാ ബോട്ടിന്റെ സേവനം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈ മാസം 22ന് സി.ബി.ഐ കോടതി വിധി പറയും. വൈദികരായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍.

അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ബുധനാഴ്ച പൂര്‍ത്തിയായത്. നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാദര്‍ കോട്ടൂര്‍ വാദിച്ചത്. അഭയ കൊല്ലപ്പെട്ടതാണെങ്കിലും താന്‍ നിരപരാധിയാണെന്നും പ്രതികള്‍ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസില്‍ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച മറുപടി പറഞ്ഞു.

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 2008ല്‍ സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. രമയുടേയും പ്രിന്‍സിപ്പാള്‍ ഡോ. ലളിതാംബിക കരുണാകരന്റേയും മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രധാന തെളിവായി ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്റെ മറുപടിക്കു ശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രേമോദി ശിലാസ്ഥാപനം നടത്തി. ഭരണഘടനയുടെ മാതൃകയിലാണ് ശിലാ ഫലകം. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌കരിച്ചു. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപനം നടത്താന്‍ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആത്മനിര്‍ഭന്‍ ഭാരതത്തിലേക്കുളള ചുവടുവെയ്‌പെന്ന്‌ പ്രധാനമന്ത്രി.ഇന്ത്യയുടെ ജനാധിപത്യത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പുതിയ കാലത്തിലേക്കുളള ചുവടുവെപ്പാണ് നാം നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 971 കോടി ചെലവിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. നിലവിലെ മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതി കൂടുതലാണ് പുതിയ കെട്ടിടത്തിന്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ ചേംബറിന്റെ വലുപ്പം 3,015 ചതുരശ്ര മീറ്ററാണ്. 888 അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭാ ചേംബറില്‍ 384 അംഗങ്ങള്‍ക്ക് ഇരിക്കാം. നിലവില്‍ ലോക്സഭയില്‍ 543 പേര്‍ക്കും രാജ്യസഭയില്‍ 246 അംഗങ്ങള്‍ക്കുമാണ് ഇരിപ്പിടമുളളത്. പുതിയ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളുണ്ടാകില്ല.

സംയുക്ത സമ്മേളനങ്ങള്‍ ലോക്സഭാ ചേംബറില്‍ നടക്കും. ഇരിപ്പിടങ്ങള്‍ നിലവിലേതിനെക്കാള്‍ വലുപ്പമുളളവയാണ്. എം.പിമാര്‍ക്കുളള ഓഫീസുകളും നിര്‍മിക്കും. വായു, ശബ്ദമലനീകരണങ്ങള്‍ നിയന്ത്രിക്കാനുളള സൗകര്യവും, ഭൂകമ്പങ്ങളെ അതിജീവിക്കാനുളള സംവിധാനങ്ങളും പുതിയ മന്ദിരത്തിലുണ്ടാകും. 2000 പേര്‍ നേരിട്ടും 9000 പേര്‍ പരോക്ഷമായും നിര്‍മാണത്തില്‍ പാങ്കാളികളാകും.

ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നവീകരിക്കുന്ന സെല്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. നിലവിലെ പാര്‍ലമെന്റിന്റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എം.പിമാരുടെ എണ്ണം കൂടാന്‍ ഇടയുളളതും ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന്റെ ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യാ രജിട്രേഷനും പശ്ചിമബംഗാളില്‍ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു.

‘ബംഗാളിനെ ഗുജറാത്താക്കാനുള്ള ബിജെപിയുടെ ശ്രമം ഇവിടെ അനുവദിക്കില്ല. ബംഗാളില്‍നിന്നും ആളുകളെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവിടെ ഞാന്‍ എന്‍ആര്‍സിയോ എന്‍പിആറോ നടപ്പിലാക്കില്ല. ഇവിടെ ആര് താമസിക്കണം എന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുക’ മമത പറഞ്ഞു.

ഹിന്ദു അഭയാര്‍ത്ഥികള്‍ നിരവധിയായുള്ള പര്‍ഗാണ ലോക്സഭാ മണ്ഡലത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്നും മമത ബാനര്‍ജി ആരോപിച്ചു.

മതുവ വിഭാഗങ്ങളും ഹിന്ദു അഭയാര്‍ത്ഥികളും കൂടുതലുള്ള കേന്ദ്രങ്ങളില്‍ ബിജെപി കേന്ദ്രങ്ങള്‍ തയ്യാറാക്കി അവരെ തൃണമൂലില്‍നിന്നും ബിജെപിയിലേക്ക് മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃണമൂലിന് വലിയ പിന്തുണയുള്ള പ്രദേശമാണ് ഇത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ ദേശീയ നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനം നടത്തുന്നതിനെയും മമത അടിച്ചാക്ഷേപിച്ചു. ‘പുറത്തുനിന്നുള്ള ചില തെരുവുതെമ്മാടികള്‍ ബംഗാളിലേക്ക് വരുന്നുണ്ട്. അവരാണ് ഇവിടെ ആര്‍എസ്എസിനെ കൊണ്ടുവരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി പണം വാഗ്ദാനം ചെയ്യുകയാണ്. എനിക്കെതിരെയാണ് നിങ്ങള്‍ക്ക് പോരടിക്കേണ്ടതെങ്കില്‍, രാഷ്ട്രീയപരമായി പോരാടൂ’, മമത വെല്ലുവിളിച്ചു.

കര്‍ഷകരെ അവരുടെ മണ്ണില്‍നിന്നും വലിച്ചെറിഞ്ഞ് കോര്‍പറേറ്റുകളെ സ്ഥാപിക്കാനായാണ് കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകളെന്നും മമത പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് എടുത്തുമാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു. കര്‍ഷക പ്രക്ഷോഭം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്.

രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

വാഹനങ്ങളോടുള്ള മമ്മൂക്കയുടെ പ്രിയം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ 369 എന്ന നമ്പറിനോടുള്ള മമ്മൂക്കയുടെ പ്രിയവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ കാരവാനും അതേ നമ്പർ തന്നെ സ്വന്തമായിരിക്കുന്നത്. കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. ഡാർക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന് നൽകിയിരിക്കുന്ന നിറം.

എന്നാൽ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നടന്‍ മമ്മൂട്ടിയുടെയും പേരില്ല. ഇതുമൂലം മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.

വോട്ടെടുപ്പ് ദിവസമായ ബുധനാഴ്ച പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.

അതേസമയം, എന്തുകൊണ്ടാണ് ഈ പ്രാവശ്യം മമ്മൂട്ടിയുടെ പേര് പട്ടികയില്‍ ഇല്ലാതെ ആയതെന്ന് വ്യക്തമല്ല. വോട്ടു ചെയ്യാന്‍ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചതായി റിപ്പോര്‍ട്ട്

നേരത്തെ പനമ്പള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലേക്ക് മമ്മൂട്ടി താമസം മാറ്റിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പേരും വോട്ടര്‍ പട്ടികയിലുണ്ടായിരുന്നില്ല. നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള വോട്ടര്‍പട്ടിക വേറെയും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍പട്ടിക വേറെയുമാണ്. ഇതാണ് പലരുടെയും പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാതെ ആയതെന്നാണ് സൂചന.

 

രാജ്യത്തെ ഞെട്ടിച്ച് ജാർഖണ്ഡിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. 35കാരിയായ യുവതിയെയാണ് 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മാർക്കറ്റിൽനിന്ന് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവതിയെയും ഭർത്താവിനേയും സംഘം ആക്രമിക്കുകയായിരുന്നു.

പതിനേഴ് പേരടങ്ങുന്ന സംഘം ദമ്പതിമാരെ തടഞ്ഞുവെയ്ക്കുകയും ഭർത്താവിനെ കീഴ്‌പ്പെടുത്തിയ ശേഷം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും സംഘത്തിലെ എല്ലാവരും ബലാത്സംഗം ചെയ്‌തെന്നും അഞ്ച് മക്കളുടെ മാതാവ് കൂടിയായ യുവതിയുടെ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ കേസെടുത്തതായും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

കേസിൽ 16 പേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുറ്റക്കാരെ വെറുതെവിടില്ലെന്നും ഡിഐജി സുദർശൻ മണ്ഡലും പ്രതികരിച്ചു. യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ജംഗിൾരാജ് ആണെന്നും ബിജെപി ആരോപിച്ചു.

ഷിബു മാത്യൂ
തോത്താ പുള്‍ക്രാ. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം രണ്ടാമത് വാര്‍ഷിക സമ്മേളനം ഡിസംബര്‍ ആറിന് സൂം മീറ്റിംഗിലൂടെ നടന്നു.

Jolly Mathew
(President – Women’s Forum)

രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ സ്ത്രീകളും തങ്ങളുടെ ദൗത്യം തിരിച്ചറിയണമെന്നും മറിയത്തിലൂടെ ലഭിച്ച വിശുദ്ധി കര്‍മ്മ മണ്ഡലങ്ങളില്‍ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്വം രൂപതയുടെ വിമന്‍സ് ഫോറം ഏറ്റെടുക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ഫാന്‍സ്വാ പത്തില്‍ ആമുഖ സന്ദേശം നല്‍കി. വിമന്‍സ് ഫോറം ആനിമേറ്ററും ചെയര്‍മാനുമായ ഫാ. ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സി. കുസുമം SH എന്നിവര്‍ പ്രസംഗിച്ചു. സി ആന്‍മരിയാ മുഖ്യ പ്രഭാഷണം നടത്തി.

സോണിയാ ജോണി സ്വാഗതവും ഷൈനി സാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മിനി ജോണി, റൂബി ജോബി എന്നിവരുടെ സംഗീതാലാപനം സമ്മേളനം കൂടുതല്‍ ഊര്‍ജ്ജസ്വലതയുള്ളതാക്കി. ഡോ. മിനി നെല്‍സണ്‍ മാന്‍ ഓഫ് സെറിമണിയായി. ഓമന ലിജോയുടെ നന്ദി പ്രകാശനത്തോടെ തോത്താ പുള്‍ക്ര രണ്ടാമത് വാര്‍ഷിക സമ്മേളനത്തിന് തിരശ്ശീല വീണു.

തോത്ത പുള്‍ക്ര വാര്‍ഷിക സമ്മേളനത്തിലെ പ്രധാന വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

http://www.facebook.com/csmegb/live

RECENT POSTS
Copyright © . All rights reserved