ഝാൻസി∙ മലയാളി കന്യാസ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതൻ സംഘടനാ പ്രസിഡന്റാണ് അർജാരിയ. ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറിയാണ് പർഗേഷ്.
മാർച്ച് 19 ഒഡിഷയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് മലയാളി ഉൾപ്പെടെ നാലു കന്യാസ്ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായത്. യുവതികളെ മതം മാറ്റാൻ കൊണ്ടുപോകുന്നു എന്നാരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തുടർന്ന് പൊലീസ് സന്ന്യാസിനിമാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സന്ന്യാസിനിമാരെ മോചിപ്പിച്ചത്.
യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്നലെ പെസഹ ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ, അപ്പം മുറിക്കൽ ശുശ്രൂഷകളും നടന്നു. ക്രിസ്തുവിന്റെ പീഡസഹനത്തിന്റെ ഓർമ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രത്യേക പ്രാർത്ഥനയും കുരിശിന്റെ വഴിയും നഗരി കാണിക്കൽ ചടങ്ങും നടക്കും.
ക്രിസ്തുവിന്റെ കുരിശുമരണത്തെ സ്മരിക്കുന്ന ദുഃഖവെള്ളി ആചരണത്തിന് വിശ്വാസികള്‍ ഒരുങ്ങി. മനുഷ്യരുടെ പാപങ്ങള്‍ക്കുള്ള പരിഹാരമായി ക്രിസ്തു മരണം വരിച്ചതിന്റെ അനുസ്മരണമാണ് ദുഃഖവെള്ളി. ക്രൈസ്തവര്‍ക്ക് ഒരേ സമയം വേദനയുടെയും പ്രതീക്ഷയുടെയും ദിനമാണിത്. ചെന്നൈ നഗരത്തിലും ക്രൈസ്തവര്‍ ദുഃഖവെള്ളി പ്രാര്‍ഥനാപൂര്‍വം ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ ആരാധന നടത്തുന്ന പള്ളികളിലും ദുഃഖവെള്ളി ശുശ്രൂഷകള്‍ നടക്കും.
പെസഹാദിനത്തോട് അനുബന്ധിച്ച ആരാധനയും കുര്‍ബാനയും വ്യാഴാഴ്ച നടന്നു. ക്രിസ്തു ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓര്‍മയിലാണ് പെസഹാ ആചരിക്കുന്നത്. വിവിധ ദേവാലയങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ ദുഃഖവെള്ളി ശുശ്രൂഷകള്‍ ആരംഭിക്കും. പ്രത്യേക പ്രാര്‍ഥനകള്‍, ആരാധനകള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. രാവിലെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം വരെ നീളും. കുരിശും വഹിച്ചുകൊണ്ടുള്ള കുരിശിന്റെ വഴി ചടങ്ങുകളും ശുശ്രൂഷകളുടെ അവസാനം നടക്കും.
കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ രക്തമുള്ള ഷൂവിന്റെ വില്‍പ്പന നടത്തിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവ് ആണ് ഇതിന് പിന്നില്‍. സാത്താന്‍ ഷൂ എന്ന പേരില്‍ ഇറക്കിയ 666 ജോഡി ഷൂ ഞൊടിയിടയിലാണ് വിറ്റത്.
അതേസമയം, തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വില്‍ക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാന്‍ഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ ഷൂ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ സാത്താന്‍ ഷൂ വിവാദങ്ങളില്‍ ഇടം നേടുകയും ചെയ്തു.
കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേര്‍ത്തിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ലൂക്ക് 10 : 18 എന്നും ഷൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10ാം അധ്യായത്തിലെ 18ാം വാക്യമായ ”അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു” എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റില്‍ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിന്‍ ആര്‍ട്ട് കലക്ടീവ് അറിയിക്കുന്നു.
വാഹനാപകടത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് തുണയായി തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ അടിയന്തര ഇടപെടല്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം കണ്ട കൃഷ്ണകുമാര്‍ പര്യടനം നിര്‍ത്തി ഓടിയെത്തി റോഡില്‍ വീണു കിടന്ന ദമ്പതികളെ പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കന്യാകുമാരിയില്‍ നിന്നും വലിയതുറയിലെ ബന്ധു വീട്ടിലെത്തിയ കുമാര്‍- റീന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുട്ടത്തറ ബൈപ്പാസിലായിരുന്നു ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വേഗത്തിലെത്തിയ മറ്റൊരു ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നും ദമ്പതികള്‍ വരുകയായിരുന്ന സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു.
എന്നാല്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലായി വന്നിരുന്ന കാറിലിടിച്ചാണ് ദമ്പതികള്‍ റോഡില്‍ വീണത്. ഉടന്‍ തന്നെ കൃഷ്ണകുമാര്‍ വാഹനത്തില്‍ നിന്നിറങ്ങി ഓടിച്ചെന്ന് അപകടത്തില്‍പ്പെട്ടവരെ നടുറോഡില്‍ നിന്നും വശത്തേക്ക് മാറ്റി കിടത്തി.
ഉടന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും അടുത്തെങ്ങും ആംബുലന്‍സ് ഉണ്ടായിരുന്നില്ല. വാഹന പര്യടനത്തിലുണ്ടായിരുന്ന വാഹനത്തില്‍ കൃഷ്ണകുമാറും പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനു ശേഷമാണ് പര്യടനം തുടര്‍ന്നത്.
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കുലര്‍. തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാഖ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
1240ഓളം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ളത്. ഇവിടങ്ങളിലെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
കൊടുവള്ളി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.
കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്. പ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ പ്രചാരണ ജാഥ നയിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കിനിടെ വാഹനത്തില്‍ നിന്ന് റസാഖ് താഴെ വീഴുകയായിരുന്നു.
മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
നടന്‍ കുഞ്ചാക്കോ ബോബന്‍, സൈജു കുറുപ്പ്, സംവിധായകന്‍ ജിസ് ജോയ് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍.
കുഞ്ചാക്കോ ബോബന്‍ നായകനായ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം പരാതി പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ഏപ്രില്‍ ഫൂള്‍ പ്രാങ്ക് എന്ന നിലയില്‍ ചെയ്തതാണെന്നും സംവിധായകന്‍ ജിസ് ജോയ് അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചു നേരത്തേക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.
മുന്‍പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ വാദം പറയാന്‍ 30 സെക്കന്‍ഡ് ചോദിക്കുന്ന വിഡിയോയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഒരു സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്.
ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. ഇത് തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരുന്നത്.
ഏപ്രില്‍ ഫൂള്‍! മോഹന്‍ കുമാര്‍ ഫാന്‍സിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നു.
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും എന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു’, രാഹുല്‍ ഈശ്വര്‍ കുറിച്ചു.
തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എംപി. കേന്ദ്ര തീരുമാനം വിദേശ മലയാളികളോട് കാണിക്കുന്ന കൊടുംചതിയാണ്. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോട് കേന്ദ്രം കാണിക്കുന്ന അനീതിയാണ്.
വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നികുതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതില്‍ നിന്നൊരു രഹസ്യ യ ടേണ്‍ ഇപ്പോള്‍ എടുത്തിരിക്കുകയാണെന്നും തരൂര്‍ വിമര്‍ശം ഉയര്‍ത്തി.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യം ഉയര്‍ത്തി. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്‌വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്.
ഏതായാലും ലണ്ടൻ മലയാളികൾക്ക് വിഷുവിന് കേരളത്തിലെ തനത് രുചിയറിയാം. പഴുപ്പിച്ചും ഉപ്പേരിയുണ്ടാക്കിയും നേന്ത്രൻ കഴിക്കാം. പായ്ക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കാണാം വാഴ നടാൻ നിലം ഒരുക്കുന്നതു മുതൽ വാഴത്തോട്ടത്തിൽ നിൽക്കുന്നതും കർഷകൻ വാഴ നനയ്ക്കുന്നതും പായ്ക്കിങും അങ്ങനെ കായ ലണ്ടനിലെത്തും വരെയുള്ള എല്ലാ ചരിത്രവും ഒപ്പം അതു വിളയിച്ച കർഷകന്റെ വിലാസവും. രാസവള കൃഷിയല്ല, ഒരു കൈക്കുഞ്ഞിനെ പരിപാലിക്കുന്ന പോലെ വളർത്തി വലുതാക്കിയ നേന്ത്രൻ.
ഈ മാസം ആദ്യവാരം ലണ്ടനിലേക്ക് പുറപ്പെട്ട കപ്പലിന് സൂയസ് കനാലിലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നില്ല. ഭീമൻ ചരക്കു കപ്പൽ സൂയസ് കനാലിലെ ഗതാഗതം തടപ്പെടുത്തിയതിനു മുൻപേതന്നെ കേരളത്തിൽനിന്നുള്ള നേന്ത്രനുമായി കപ്പൽ സൂയസ് കനാൽ താണ്ടിയിരുന്നു. ഒരുപക്ഷേ കനാൽ കടക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
വിഎഫ്പിസികെയും ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേർന്നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ലണ്ടനിലേക്കുള്ള കയറ്റുമതി. പടല തിരിച്ചു കാർട്ടനിൽ പായ്ക് ചെയ്ത്, മൈനസ് 13 ഡിഗ്രി താപനിലയിൽ കണ്ടെയ്നറിൽ കയറ്റിയ 10 ടൺ പച്ച നേന്ത്രക്കായ ഈ മാസം അഞ്ചിനായിരുന്നു പുറപ്പെട്ടത്. 25 ദിവസത്തെ യാത്രയിലാണ് കപ്പൽ ഗേറ്റ് വേ തുറമുഖത്തോട് അടുത്തത്. വരും ദിവസങ്ങളിൽ തുറമുഖത്ത് പ്രവേശിക്കുന്ന കപ്പലിൽനിന്ന് കയറ്റുമതി പങ്കാളി ചരക്കു സ്വീകരിച്ചു പഴുപ്പിക്കും. തെക്കൻ ലണ്ടനിലും സ്കോട്ട്ലൻഡിലും സൂപ്പർ മാർക്കറ്റുകളിൽ നേന്ത്രപ്പഴം പരിചയപ്പെടുത്തേണ്ട ചുമതല തിരുവനന്തപുരം സ്വദേശിയായ കയറ്റുമതി പാർട്ണർക്കാണ്. സാങ്കേതിക കാര്യങ്ങൾക്ക് വാഴ ഗവേഷണ കേന്ദ്രം പ്രതിനിധികളും ഉണ്ടാകും. ഇതിനകം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിട്ടുണ്ട്.
ഒരു വർഷം മുൻപുതന്നെ കർഷകരെ തിരഞ്ഞെടുത്തു കൃഷി രീതികളെക്കുറിച്ചു പഠിപ്പിച്ചു. 80–85% വിളഞ്ഞ കായ്കൾ ഫെബ്രുവരി 27നു വിളവെടുത്തു കറയും പാടും ചതവും ഇല്ലാതെ പടല തിരിച്ച് മൂവാറ്റുപുഴ നടുക്കര പായ്ക്ക് ഹൗസിൽ പായ്ക്ക് ചെയ്താണ് കയറ്റുമതിക്ക് തയാറാക്കിയത്.
ഇതൊരു പരീക്ഷണമാണ്. വിളവെടുത്ത കായ് 25 ദിവസം അതിശൈത്യത്തിൽ യാത്ര ചെയ്ത ശേഷം പഴുപ്പിക്കണം. പഴുത്താൽ നേന്ത്രന്റെ അതേരുചി, സ്വഭാവം, നിറം എല്ലാം കിട്ടുമോ എന്നു നോക്കണം. കിട്ടിയാൽ ലണ്ടനിലെന്നല്ല, യൂറോപ്പിൽ എവിടെക്കും നേന്ത്രക്കായ അയയ്ക്കാൻ വിഎഫ്പിസികെ തയാർ. യുഎഇയിലേക്കു കപ്പലിൽ നേന്ത്രക്കായ് അയച്ചതു വിജയമായിരുന്നു. അതിന് 12 ദിവസം മതി. വിമാനത്തിൽ കയറ്റുമതിക്ക് വലിയ ചെലവും അളവു കുറവുമാണ്. കപ്പലിൽ എത്രവേണമെങ്കിലും കയറ്റിവിടാം, ചെലവു കുറവുമാണ്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തില്‍നിന്ന് വാഴപ്പഴം ഉള്‍പ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. കേരളത്തിന്റെ കാര്‍ഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കും. തളിര്‍ എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യന്‍ രാജ്യങ്ങളിലെ ഊട്ടുമേശകളെ അലങ്കരിക്കും.
ദിലീപ് വി കെ
മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അപരിഷ്‌കൃതരുടെ മൂര്‍ത്തിയായ മാടനെ പരിഷ്‌കൃതനായ ബ്രാഹ്മണന് പിടിച്ചു കെട്ടിയേ തീരൂ. എന്നാല്‍ താന്‍ പിടിക്കാന്‍ ചെന്നവനെയും ചുമന്നുകൊണ്ട് അറ്റമില്ലാവഴികളിലൂടെയുള്ള യാത്ര ആസ്വദിക്കുകയാണ് തിരുമേനി ഇപ്പോഴും. നിയമവാഴ്ച്ചയുടെ പ്രതിരൂപങ്ങളാണ് എന്ന് പറയാവുന്ന പോലീസുകാരും, ചുരുളിയില്‍ ചെന്ന് ചെയ്യുന്നതു തങ്ങളുടെ വന്യവാസനകളെ കയറൂരിവിടുകയാണ്. കാടുകയറുമ്പോള്‍, ഓരോ മനുഷ്യനും തന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് മാറുന്നുവെന്നതാണ് തുടർന്നുള്ള കാഴ്ചയില്‍ തെളിയുന്നത്.
കുറ്റവാളിയെയും കുറ്റകൃത്യത്തെയും പിന്തുടര്‍ന്നാണ് ആന്റണിയും ഷാജീവനും (വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്) ചുരുളിയിലെത്തുന്നത്. തങ്കന്റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് യാത്ര. ദുര്‍ഘടമായ മലമ്പാതയും താണ്ടി ചുരുളാളം പറയുന്നവരുടെ മൂടല്‍ മഞ്ഞു പോലെ നിഗൂഢതകള്‍ തങ്ങി നില്‍ക്കുന്ന ചുരുളിയില്‍ അവരെത്തി ചേരുന്നു. വഴിയിലെ പൊളിഞ്ഞു വീഴാറായ മരപ്പാലം പുറംലോകവും ചുരുളിയും തമ്മിലുള്ള ഏക ബന്ധമാണ്. പരിഷ്‌കാരത്തിന്റെ ഭാണ്ഡങ്ങള്‍ ജീപ്പിറങ്ങി പാലം നടന്നു കയറുമ്പോള്‍ പുറത്തേക്കെറിയപ്പെടുന്ന കാഴ്ച പുറംലോകത്തിന്റെ കെട്ടുകാഴ്ചകൾക്കു ചുരുളിയിൽ സ്ഥാനമില്ല എന്ന് പറഞ്ഞുവെക്കുന്നു. ജീപ്പ് ആ പാലം കടന്നു പോകുന്ന കാഴ്ചപോലും വന്യമായ ഒരു ലോകത്തേക്കാണ് തങ്ങളുടെ യാത്രയെന്ന് പ്രേക്ഷകന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മെെലാടും പറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് ചുരുളിയിൽ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്റണിയും തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തെയാണ് അവിടെ കാണുന്നത്. അവർക്കൊപ്പം ചുരുളിയിലേക്ക് എത്തുന്നവർ ആരംഭത്തിൽ സാധാരണ മനുഷ്യരാണ്. എന്നാൽ ചുരുളിയിൽ എത്തുന്ന നിമിഷം മുതൽ അവർ ചുരുളി മലയാളത്തിൽ കേട്ടാലറയ്ക്കുന്ന തെറി പറയുന്നവരും, അക്രമാസക്തരുമായി മാറുന്നു. ഇവിടെയുണ്ടാകുന്ന ഭാവമാറ്റം ചുരുളിയുടെ ലോകത്തെപ്പറ്റിയുളള ഒരു മുന്നറിയിപ്പ് കൂടിയാണ്. ആ അരുവിക്കു കുറുകെയുള്ള മരപ്പാലം അവര്‍ക്കും നമുക്കും പരിചിതമായ ചുറ്റുപാടിന്റെ അവസാനമാണ്. ചുരുളിക്കാടുകളുടെ വന്യത യാത്രക്കാരെ ആവേശിക്കുന്ന നിമിഷത്തില്‍ ആന്റണിക്കൊപ്പം നമ്മളും ഞെട്ടുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ ശബ്ദങ്ങളും അപരിചിതത്വത്തിന്റെ അങ്കലാപ്പ് തരുന്നുണ്ട്. ചീവീടും രാപ്പക്ഷികളും ഇലയ്ക്കു മീതെ പെയ്യുന്ന മഴയും കൂവലുകളുടെ പ്രതിധ്വനികളുമൊക്കെ പകരുന്ന ഭയപ്പെടുത്തുന്ന വന്യത പക്ഷെ ചുരുളിക്കാരുടെ പെരുമാറ്റങ്ങള്‍ക്ക് വല്ലാത്തൊരു സാധൂകരണം നല്‍കുന്നുണ്ട്. ചുരുളിയിൽ എത്തുന്നവർ തങ്ങൾ ഇത്രയും കാലം ചുരുളിയിൽ തന്നെ ജീവിച്ചിരുന്നു എന്ന് കരുതി പോകുന്നവരാണ്. മാടന്റെയും നമ്പൂതിരിയുടെയും കഥയിൽ തുടങ്ങി അതേ കഥയിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും അന്വേഷിച്ചു ചെന്ന കുറ്റവാളികൾ തങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിക്കുള്ളിൽ ഒന്ന് തന്നെയാണ്. അവിടെ കാലം ആവർത്തിക്കപ്പെടുകയാണ്.
കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനോയ് തോമസിന്റെ കഥയാണ് ചിത്രത്തിനാധാരം. എസ്. ഹരീഷിന്റേതാണ് തിരക്കഥ. പെല്ലിശേരിയുടെ സിനിമകളിലെ ദൃശ്യ, ശബ്ദ ഭംഗികള്‍ പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. കാടിന്റെ കാഴ്ചകള്‍ക്ക് മധു നീലകണ്ഠന്റെ ക്യാമറയില്‍ അസാധാരണ സൗന്ദര്യമുണ്ടായിരുന്നു. സംഗീതമൊരുക്കിയ ശ്രീരാഗ് സജിയും എഡിറ്റര്‍ ദീപു ജോസഫും ആസ്വാദനത്തെ നിലവാരമുള്ളതാക്കുന്നുണ്ട്. അഭിനേതാക്കള്‍ ഓരോരുത്തരും അവരുടെ പങ്ക് ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാരേക്കാളും മികവുറ്റതായി തോന്നിയത് വിനയ് ഫോര്‍ട്ടിന്റെ പ്രകടനമാണ്. ഷാജിവന്റെ ഭയവും ആകുലതകളും പിന്നീട് അയാളില്‍ ഉണ്ടാവുന്ന ഭാവ മാറ്റങ്ങളും എത്ര കയ്യടക്കത്തോടെയാണ് അയാള്‍ കാഴ്ച വെച്ചത്. ശുദ്ധനായ പോലീസുകാരനില്‍ നിന്നുള്ള വളര്‍ച്ച വിനയ് ഫോര്‍ട്ട് മികവുറ്റതാക്കി.
ഒറ്റക്കാഴ്ചയില്‍ കുരുക്കഴിക്കാവുന്നതല്ല ഈ ചിത്രം. ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സിലെ പോലെ താൻ ഉദ്ദേശിച്ചത് എന്തെന്ന് ലിജോ പക്ഷെ ചുരുളിയിൽ പറഞ്ഞു വെക്കുന്നില്ല. അത് സിനിമയുടെ ചുഴിയിൽ അകപ്പെട്ടുപോയ പ്രേക്ഷകന് തീരുമാനിക്കാവുന്നതാണ്. കുറ്റവാളികളും കുറ്റാന്വേഷകരും തമ്മിലുള്ള അതിര് വരമ്പുകളുടെ നിസ്സാരത ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അധികാരവും അധികാരമില്ലായ്മയും അഴിയാത്ത ചുരുളുകളുമായി സമന്വയം പ്രാപിക്കുന്നതും പ്രേക്ഷകന്റെ മുൻപിലേയ്ക്കുള്ള സംവിധായകന്റെ ചോദ്യമായി പരിഗണിക്കാം.

ദിലീപ് വി കെ: കാസർഗോഡ് സ്വദേശി, തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ.