സ്വർണക്കടത്ത് കേസില്‍ എന്‍.ഐ.എ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി. റമീസ് എന്നിവരുൾപ്പെടെ മുപ്പത്തഞ്ചോളം പേരെ പ്രതികളാക്കിയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍.ഐ.എ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ പ്രതിയല്ല. കസ്റ്റംസ് കരുതല്‍ തടങ്കലിലാക്കിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയാണ് കുറ്റപത്രം. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും പറയുമ്പോഴും ഇക്കാര്യത്തില്‍ എന്‍.ഐ.എ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. രാധാകൃഷ്ണ പിള്ളയാണ് കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ പ്രതിയായ സരിത്തിനെ അറസ്റ്റ് ചെയ്ത് ആറു മാസം തികയുന്നതിനു മുന്‍പാണ് എന്‍.ഐ.എ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തഞ്ചോളം പ്രതികളിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. അതേസമയം 12 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ അടക്കമുളളവരാണ് ജാമ്യം ലഭിച്ച് പുറത്തുള്ളത്. സന്ദീപ് നായര്‍ക്ക് പുറമേ നാല് പേര്‍ കൂടി മാപ്പുസാക്ഷിയായെന്നാണ് സൂചന.
കേസില്‍ യു.എ.പി.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങൾ കോടതിക്കു മുന്നിലെത്തും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോഴും വിദേശത്താണ്.
കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം എന്ന് റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തില്‍ നിന്ന് ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാത്ത അവസ്ഥയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്.
പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാണ് കുഞ്ഞിന്റെ സംസ്‌കാരം
താജ് മഹൽ സമുച്ചയത്തിൽ കാവിക്കൊടി വീശിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. വലതുപക്ഷ സംഘടനയിലെ അംഗങ്ങളായ ഗൗരവ് താക്കൂർ, സോനു ഭാഗൽ, വിശേഷ് കുമാർ, റിഷി ലാവണ്യ എന്നിവരെയാണു സിഐഎസ്എഫ് പിടികൂടി പൊലീസിനു കൈമാറിയത്.
കാവിക്കൊടി ഒളിപ്പിച്ച് താജ്‍മഹലിൽ കയറിയ സംഘം അകത്തുവച്ച് വീശുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവർക്കെതിരെ താജ്ഗഞ്ച് പൊലീസ് കേസെടുത്തു.
#Agra : एक बार फिर ताजमहल पर लहराया भगवा। #TajMahal pic.twitter.com/PiZw6UyeCc
— भारत समाचार (@bstvlive) January 4, 2021
മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.
പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.
ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.
ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.
View this post on Instagram
കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.
ലണ്ടൻ ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ ബ്രിട്ടനിൽ മലയാളികളെ ദു:ഖത്തിലാഴ്ത്തി ഒരു മരണംകൂടി. വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡിൽ താമസിക്കുന്ന കോട്ടയം സ്വദേശി ജോൺ വർഗീസ് (75) ആണ് മരിച്ചത്. കോട്ടയം പെരുമ്പായിക്കാട് തോപ്പിൽ കുടുംബാഗമാണ് ബേബിച്ചൻ എന്നറിയപ്പെടുന്ന ജോൺ വർഗീസ്. ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മരിയയും കോവിഡ് ബാധിച്ച് ചികിൽസയിലാണ്. മക്കൾ ജിയോ (അമേരിക്ക), അല്ലി (യുകെ) സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടക്കും
ജോൺ വർഗീസിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്ന് പ്രേക്ഷകരോട് പറഞ്ഞ സൗരവ് ഗാംഗുലിക്ക് തന്നെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു.
ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചത്. സൗരവ് ഗാംഗുലിയായിരുന്നു ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്റെ പരസ്യത്തില്‍ അഭിനയിച്ചിരുന്നത്. ഈ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്നായിരുന്നു പരസ്യം.
ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിനെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരസ്യം പിന്‍വലിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. ആരോഗ്യനില വീണ്ടുടുത്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന് വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ് ഒറ്റപ്ലാക്കല്‍ (14) ശവസംസ്‌കാര ചടങ്ങുകള്‍ 8.1.2021 ന് നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട് വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന് വേര്‍പിരിയുകയാണുണ്ടായത്.
കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ് ജേക്കബ് രാജി വിനോദ് ദമ്പതികളുടെ മകളാണ് അന്തരിച്ച ജൂലിയാ വിനോദ്. ദിവ്യ, റോണിയ, സാറ, ഡാലിയ എന്നിവര്‍ സഹോദരങ്ങളാണ്. കേരളത്തില്‍ കോട്ടയം, ചിങ്ങവനം സെന്റ്‌ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവക അംഗമാണ് വിനോദും കുടുംബവും. രാജി വിനോദ് കോട്ടയം കിടങ്ങൂർ കുമ്പുക്കൽ കുടുംബാംഗമാണ്
ജനുവരി 8-ാം തീയതി 11.30 ന് യു.കെ.യിലെ ലെസ്‌റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച് ദേവാലയത്തിന്റെ തന്നെ സമീപത്തുള്ള ഗില്‍റോസ് സെമിത്തേരിയില്‍ സംസ്‌കാരം
ക്രമീകരിച്ചിരിക്കുന്നു. കോവിഡ്, ലെസ്‌റ്റര്‍ ടിയര്‍ 4 നിബന്ധനകള്‍ നിലവില്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന മുന്‍കൂട്ടി തയ്യാറാക്കിയ മുപ്പത് പേര്‍ക്ക് മാത്രമേ പള്ളിയിലും ശുശ്രൂഷകളിലും സെമിത്തേരിയിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. മുന്‍കൂട്ടി തയാറാക്കിയ മുപ്പത് പേര്‍ അല്ലാതെ ആരും തന്നെ ദേവാലയത്തിലെ ശുശ്രൂഷകളിലോ സെമിത്തേരിയിലെ ചടങ്ങുകളിലോ എത്തിച്ചേരരുത് എന്ന് കുടുംബാംഗങ്ങള്‍ വ്യസനസമേതം അറിയിക്കുന്നു.
ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്‌നാനായ പത്രത്തിലൂടെ തത്സമയം സംപ്രേഷണം ക്രമീകരിച്ചിട്ടുണ്ട്. തത്സമയം കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ
കാണുന്ന ലിങ്ക് ഉപയോഗിക്കുക.
യൂട്യൂബ് ലിങ്ക്
ഫെയ്‌സ്ബുക്ക് ലിങ്ക്
https://www.facebook.com/911082815640098/posts/3655625161185836/?d=n
ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളായ മോണ്‍സിഞ്ഞോര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍. ശുശ്രൂഷകള്‍ നടക്കുന്ന മദര്‍ ഓഫ് ഗോഡ്, സെന്ററ അല്‍ഫോന്‍സാ സീറോമലബാര്‍ മിഷന്‍ വികാരിയുമായ മോണ്‍സിത്തോര്‍ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍, യു.കെ.യിലെ ജൂലിയയുടെ ഇടവകദേവാലയമായ സെയിന്റ് ജൂഡ് ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ മാത്യു കണ്ണാലയില്‍ എന്നിവര്‍ നേതൃത്വം കൊടുക്കും.
മൃതസംസ്‌കാര ശുശ്രൂഷകളുടെ ഒരുക്കങ്ങളുമായി സഹകരിക്കുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി, മദര്‍ ഓഫ് ഗോഡ് ദേവാലയ കമ്മറ്റി,സെയിന്റ് ജൂഡ് ക്‌നാനായ മിഷന്‍, ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍. ലെസ്‌റ്റര്‍ ക്‌നാനായ വനിതാവേദി (വുമണ്‍സ് ഫോറം), ലെസ്‌റ്റര്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവരോടുള്ള നന്ദി വിനോദും കുടുംബവും അറിയിക്കുകയുണ്ടായി.
2001 ജനുവരി ആറ്, കേരളം നടുങ്ങിയ ആലുവ കൂട്ടക്കൊല നടന്ന ദിവസം. സംഭവം നടന്ന് 20 വര്‍ഷമായെങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത കൊടുംക്രൂരത. ആറ് പേരാണ് ആലുവയിലെ വീട്ടില്‍ ആ ശനിയാഴ്ച ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ആന്റണിക്ക് വധശിക്ഷ ലഭിച്ചെങ്കിലും രണ്ട് വര്‍ഷം മുമ്പ് ശിക്ഷ ജീവപര്യന്തമായി കുറച്ചു.
കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എം.എ ആന്റണി മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിനെയും കുടുംബത്തെയും നിഷ്‌ക്കരുണം ഇല്ലാതാക്കിയപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പകച്ചു. അഗസ്റ്റിന്റെ വീട്ടില്‍ എപ്പോഴും കയറിയിറങ്ങുന്ന ആന്റണി ഇങ്ങനെചെയ്യുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതി ആന്റണി തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തതോടെ കേരളം ഞെട്ടിയ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിയാന്‍ തുടങ്ങി.
ആലുവ സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ആന്റണിയുടെ കൊലക്കത്തിക്കിരയായത്.
2001 ജനുവരി ആറിന് രാത്രിയോടെയാണ് ആന്റണി പൈപ്പ് ലൈന്‍ റോഡിലെ അഗസ്റ്റിന്റെ വസതിയിലെത്തുന്നത്. അഗസ്റ്റിന്റെ കുടുംബവുമായി ആന്റണിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി വിദേശത്തേക്ക് പോകാന്‍ സഹായിക്കാമെന്നേറ്റത്. എന്നാല്‍ പണം ആവശ്യം വന്നപ്പോള്‍ നല്‍കില്ലെന്നായിരുന്നു കൊച്ചുറാണിയുടെ മറുപടി. ജനുവരി ആറിന് രാത്രിയും ഇതേ ആവശ്യവുമായാണ് ആന്റണി ഇവരുടെ വീട്ടിലെത്തിയത്. ആദ്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് അഗസ്റ്റിനും ഭാര്യയും മക്കളും സെക്കന്‍ഡ് ഷോ സിനിമ കാണാനായി തിയേറ്ററില്‍ പോയി. ഇതിനിടെ ആന്റണി കൊച്ചുറാണിയോട് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് കൊച്ചുറാണി ആവര്‍ത്തിച്ചതോടെ ആന്റണിയുടെ ഭാവംമാറി. വീട്ടിലെ വാക്കെത്തിയെടുത്ത് കൊച്ചുറാണിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവ് ക്ലാര തൊമ്മിയും കൊലക്കത്തിക്കിരയായി.
രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലെത്തിയ അഗസ്റ്റിനും ഭാര്യയും മക്കളും കണ്ടത് കൊച്ചുറാണിയുടെയും ക്ലാരയുടെയും ചോരയില്‍ കുളിച്ച മൃതദേഹങ്ങള്‍. പക്ഷേ, വീടിനുള്ളില്‍ പതുങ്ങിയിരുന്ന ആന്റണി അവരെയും വെറുതെവിട്ടില്ല. നാലുപേരെയും ഒന്നൊന്നായി വെട്ടിനുറുക്കി. ആറുപേരും കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുംബൈ വഴി ദമാമിലുമെത്തി.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതി ആന്റണി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ആന്റണി തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചതോടെ ഇയാളെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് ഫെബ്രുവരി 18-ന് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടും കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. സി.ബി.ഐയും വിശദമായ അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. വിചാരണകോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മാറ്റമുണ്ടായില്ല. എല്ലാ കോടതികളും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് 2010-ല്‍ ദയാഹര്‍ജി നല്‍കിയെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ ആദ്യംനല്‍കിയ പുന:പരിശോധന ഹര്‍ജിയും പിന്നീട് തള്ളിയതോടെ ആന്റണിക്ക് തൂക്കുമരം ഉറപ്പായി.
മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ശിക്ഷ നടപ്പിലാക്കാനായി ആരാച്ചാര്‍മാരെ കണ്ടെത്തുകയും ഇവരെ പരിശീലനത്തിനായി തമിഴ്നാട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ 2014-ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ നിര്‍ണായക ഉത്തരവ് ആലുവ കൂട്ടക്കൊലക്കേസിലും വഴിത്തിരിവായി. വധശിക്ഷയ്ക്കെതിരായ പുന:പരിശോധന ഹര്‍ജി തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. ഇതോടെ 2014-ലെ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മകളും ചില അഭിഭാഷകരും വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2016-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. തുടര്‍ന്ന് പുന:പരിശോധന ഹര്‍ജിയില്‍ വാദം തുടരുകയും ജസ്റ്റിസ് മദന്‍ ബി. ലാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് 2018-ല്‍ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയുമായിരുന്നു.
കൂട്ടക്കൊലയ്ക്കു ശേഷം പൈപ്പ് ലൈന്‍ റോഡിലെ വലിയ വീട്ടില്‍ ആരും താമസിക്കാനെത്തിയില്ല. വര്‍ഷങ്ങളോളം വീടും സ്ഥലവും അനാഥമായി കിടന്നിരുന്നു. പ്രദേശം കാടു പിടിച്ചതോടെ രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുന്നവര്‍ പോലും ഏറെ ഭയന്നു.
സാമ്പത്തികമായി ഏറെ മുന്നിട്ടുനിന്ന കുടുംബമായിരുന്നു അഗസ്റ്റിന്റേത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സാന്റോ കോംപ്ലക്‌സില്‍ ഒരു ഹാര്‍ഡ്വെയര്‍ കടയും നടത്തിയിരുന്നു.
അഗസ്റ്റിന്റെ വീടും സ്വത്തുക്കളും സംബന്ധിച്ച് തര്‍ക്കവും ഉണ്ടായിരുന്നു. ഭാര്യ ബേബിയുടെ ബന്ധുക്കളും സ്വത്തിനു വേണ്ടി വാദം ഉന്നയിച്ചു. ഒടുവില്‍ കോടതിയില്‍ കേസാവുകയും അഗസ്റ്റിന്റെ സഹോദരങ്ങള്‍ക്ക് സ്വത്ത് നല്‍കാന്‍ വിധിയുണ്ടാവുകയും ചെയ്തു.
പൈപ്പ് ലൈന്‍ റോഡിലെ വീട് ഇതിനോടകം തന്നെ ഇടിഞ്ഞ് ഉപയോഗശൂന്യമായി മാറിയിരുന്നു. വീടിരുന്ന സ്ഥലം, ചുണങ്ങുംവേലിയിലെ ഒരേക്കര്‍ റബ്ബര്‍ തോട്ടം, സാന്റോ കോംപ്ലക്‌സിലെ കടമുറിയിലെ ഹാര്‍ഡ്വെയര്‍ സാധനങ്ങള്‍ എന്നിവ സഹോദരങ്ങള്‍ക്ക് ലഭിച്ചു. കൂട്ടക്കൊല നടന്ന സ്ഥലം മുറിച്ച് മറ്റൊരാള്‍ക്ക് വിറ്റു. ഏതാനും വര്‍ഷം മുന്പ് ഇവിടെ പുതിയൊരു വീട് ഉയരുകയും ചെയ്തു. കടമുറിയിലെ സാധനങ്ങള്‍ മാറ്റിയതോടെ ഉടമ ഇലക്ട്രോണിക്സ് കട നടത്താന്‍ മറ്റൊരാള്‍ക്ക് മുറി വാടകയ്ക്ക് നല്‍കി.
അതേസമയം സംഭവത്തിനു ശേഷം ആന്റണിയുടെ ഭാര്യയും മക്കളും ആലുവയില്‍നിന്ന് പോയി. ഇവര്‍ ഇപ്പോള്‍ കേരളത്തിനു പുറത്താണ്.
കൊച്ചി : വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വീട്ടുമുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് കഞ്ചാവ് നട്ടിരുന്നത്. രണ്ട് മാസത്തോളം പ്രായം വരും ചെടിയ്ക്ക് . ജില്ലാ നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ഡി.വൈ.എസ്.പി എം.ആര്‍ മധു ബാബു, കുന്നത്ത് നാട് എസ്.എച്ച്.ഒ വി.ടി ഷാജന്‍, എസ്.ഐ എബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.