ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ്. ആദായ നികുതി കമ്മിഷണർക്കു വിവരമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ യജമാനൻമാർക്കു വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണു കേന്ദ്ര ഏജൻസികൾ. കിഫ്ബിയുടെ സൽപ്പേര് നശിപ്പിക്കാനാണു റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതെന്നു കരുതുന്നില്ല. ഈസ്റ്റർ അവധിക്കു മുൻപ് ഇഡിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ വിവരങ്ങള്‍ പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരിൽ നിന്നും ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച് രേഖകളാണ് കിഫ്ബിയിൽ നിന്നും ശേഖരിച്ചത്.
ദക്ഷിണ ഈജിപ്തിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച സൊഹാഗ് പ്രവിശ്യയിലെ തഹ്ത ജില്ലയിലായിരുന്നു അപകടം.
ഒരേ ലൈനിൽ വന്ന ട്രെയിനുകളാണ് ഇടിച്ചത്. മുന്നിൽപോയ ട്രെയിനിൽ ഒരാൾ അപായ ചങ്ങല വലിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു. ട്രെയിൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെവന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.ഇടിയുടെ ആഘാതത്തിൽ മൂന്ന് ബോഗികൾ പാളം തെറ്റിമറിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ ആചരിച്ചു. തിരുനാൾ കുർബാനയോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിൽ കുടുംബ കൂട്ടായ് മ വർഷം ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഇടവക തല ഉദ്ഘാടനം മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലിയും ഫാമിലി കമ്മീഷൻ പ്രതിനിധികളും, മിഷനിലെ ഏറ്റവും വലിയ കുടുംബവും ചേർന്ന് സംയുക്തമായി നിർവഹിച്ചു. കുടുംബകൂട്ടായ്മ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ സെൻറ് ജോസഫ് ദിനമായ മാർച്ച് 19ന് നിർവ്വഹിച്ചിരുന്നു. രൂപതാ അദ്ധ്യക്ഷനോടൊപ്പം ഉദ്ഘാടനവേളയിൽ രൂപതയിലെ എല്ലാ കുടുംബങ്ങളും തിരിതെളിച്ച് കുടുംബകൂട്ടായ്മ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ടത് വേറിട്ട അനുഭവമായി. ജൂൺ 26നാണ് കുടുംബകൂട്ടായ്മ വർഷത്തിന്റെ സമാപനം.
ഫാ. എബിൻ നീരുവേലിൽ വി.സി തിരുനാൾ സന്ദേശം നൽകി. ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവാണ് വി. ഔസേപ്പെന്ന് ഫാ. എബിൻ ചൂണ്ടിക്കാട്ടി . നല്ല മാതാപിതാക്കൾ ആകാനും നമ്മുടെ കുട്ടികളെ മനസ്സിലാക്കാനും ബാല്യത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നന്നായിരിക്കുമെന്ന് ഫാ. എബിൻ തന്റെ സന്ദേശത്തിൽ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു
പ്രെസ്റ്റൺ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെ സുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയപ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളി സമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രൂപതാകേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷൻ അറിയിച്ചു.
ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേർക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്രയമായി നിലകൊണ്ട ശ്രീ ഹരിദാസ് ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം കലാ സാംസ്കാരിക രംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖാർത്തരായ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അഞ്ച് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ബുധനാഴ്ച വടക്ക്, വടക്കുകിഴക്കൻ തീരത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന് പതിവായി പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലങ്കൻ നാവികസേന അറിയിച്ചു.
പ്രാദേശിക മത്സ്യബന്ധന സമൂഹത്തെയും മത്സ്യവിഭവങ്ങളുടെ ലഭ്യതയേയും പരിഗണിച്ചാണ് ശ്രീലങ്കൻ സമുദ്രത്തിൽ വിദേശ മത്സ്യത്തൊഴിലാളികളെ നിരോധിച്ചിരിക്കുന്നതെന്നും നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
ട്രംപിന്റെ ഇഷ്ട വിമാനം കട്ടപ്പുറത്ത്! ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപിലാണ് ഇപ്പോൾ വിമാനമുള്ളത്. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിംഗ് 757 വിമാനം വാങ്ങിയത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി.
കിടപ്പുമുറി, ഭക്ഷണശാല, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ വിമാനം പരിഷ്കരിച്ചു. ഇരിപ്പിടങ്ങളിലെ ഹെഡ്റെസ്റ്റിൽ 24 കാരറ്റ് സ്വര്‍ണത്തില്‍ കുടുംബ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ്.
തിയറ്ററുകളിൽ വൻ വിജയമായിരുന്ന ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലങ്ങളും വ്യത്യസ്ത രൂപങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. മെയ് 13ന് മാലിക് തീയേറ്ററുകളിലെത്തും.
ഫഹദിനും നിമിഷയ്ക്കും പുറമേ ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട് ചന്തു നാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. മഹേഷ് നാരായണൻ തന്നെയാണ് മാലിക്കിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിർവഹിക്കുന്നു.
27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളി ശക്തമായ മഴയിലും കാറ്റിലും മധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞു വീണ് കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മരം ഒടിഞ്ഞു വീണത്. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. ഇതിൽ അരുൺ എന്ന യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരിക്ക് നിസാരമാണ്.
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടികൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്ഥാന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു.
2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. ഇന്ത്യയും പാകിസ്ഥാനും കളിക്കാനിറങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമെല്ലാം കളിക്കളത്തിലും പ്രതിഫലിക്കാറുണ്ട്. അത്രമേല്‍ ആവേശമാണ് ഇന്ത്യ-പാക് പോര് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഈ വര്‍ഷത്തെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ മാസമാണ് ഇന്ത്യന്‍ ടീമിന് പരമ്പരകളില്ലാത്തത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജൂലൈ മാസമാകും ഇന്ത്യ-പാക് പോരാട്ടത്തിന് സാദ്ധ്യത.