Latest News

ചക്കപ്പഴം എന്ന ഹാസ്യ പരമ്പര ഏറെ ശ്രദ്ധേയമാവുകയാണ്. ലോക്ഡൗണ്‍ സമയത്ത് എത്തിയ പരമ്പര കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറി. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണിത്. ശ്രീകുമാര്‍, റാഫി, ശ്രുതി രജനികാന്ത്, സബിറ്റ, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പരമ്പരയില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ശ്രുതി സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ-

വീട്ടില്‍ വിവാഹ ആലോചനകളൊക്കെ നടക്കുന്നുണ്ട് ഇപ്പോള്‍. മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പരസ്പര ധാരണയോടെ തങ്ങള്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 5 വര്‍ഷത്തെ പ്രണയമായിരുന്നു അത്. താന്‍ അഭിനയിക്കുന്നതില്‍ കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയാണ് നല്‍കുന്നത്. മികച്ച അവസരത്തിനായി താന്‍ കാത്തിരുന്നതിനെക്കുറിച്ചൊക്കെ അവര്‍ക്കും അറിയാവുന്നതാണ്.

അപ്പൂപ്പന്‍ അച്ഛന് രജനീകാന്തെന്ന പേരിട്ടത് വളരെ മുന്‍പേയാണ്. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് തന്റെ പേര് എല്ലാവര്‍ക്കും കൗതുകമായിരുന്നു. പാടാത്ത പൈങ്കിളിയിലേക്ക് വന്നതോടെ പൈങ്കു, പൈങ്കിളി എന്നൊക്കെയാണ് കൂട്ടുകാര്‍ വിളിക്കുന്നത്.

തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. പ്ലസ് ടു കഴിഞ്ഞ സമയത്ത് കുറേ ഓഡീഷനുകളിലൊക്കെ പോയിരുന്നു. ഇടയ്ക്ക് ജൂനിയര്‍ ആര്‍ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷത്തെ കഷ്ടപ്പാടിന് ശേഷമായാണ് കുഞ്ഞെല്‍ദോയില്‍ മികച്ച കഥാപാത്രത്തെ ലഭിച്ചത്. മോഡലിംഗില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകുകയായിരുന്നു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്കും അവസരം ലഭിച്ചത്.

ഭർത്താവിനെ പിടിച്ചുകെട്ടി കൂട്ടിലടച്ച് നദിയിൽ ഒഴുക്കി ഭാര്യ. നദിയിൽ മുങ്ങിത്താണ ഭർത്താവിനെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിൽ നിന്നാണ് ഈ പ്രതികാര വാർത്ത. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ചൈനയിൽ വൈറലാണ്.

കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ മുള കൊണ്ട് തയാറാക്കിയ കൂട്ടിലേക്ക് കയ്യും കാലും കെട്ടിയ ഭർത്താവിനെ ഇരുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുപേർ ഭാര്യയെ സഹായിക്കാനും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലാണ് ഭാര്യ വഞ്ചിച്ച ഭർത്താവിനോട് പക വീട്ടിയത്.

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിന് ശേഷം ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയാറാകാൻ ‍പ്രസിഡന്റ് ജിൻ‌പിങ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 43 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ തീരുമാനത്തോട് ചൈന ശക്തമായി പ്രതികരിച്ചു എന്നാണ് അറിയുന്നത്.
ദേശീയ സുരക്ഷയുടെ മറവിൽ ആപ്പ് നിരോധനം മനപൂർവം ഏർപ്പെടുത്തിയതാണ് എന്നാണ് ചൈനയുടെ വാദം. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്കെതിരെ ഏത് നിമിഷവും യുദ്ധത്തിനിറങ്ങാൻ പരിശീലനവും യുദ്ധ തയാറെടുപ്പും ശക്തിപ്പെടുത്തണമെന്നാണ് പ്രസിഡന്റ് ജിൻപിങ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സൈനിക കമ്മീഷന്റെ ഒരു യോഗത്തിലാണ് ജിൻപിങ് യുദ്ധത്തിന് സജ്ജമാകാനാകും ജാഗ്രതരായിരിക്കാനും സൈനികരോട് ഉത്തരവിട്ടത്. പരിശീലനത്തിലൂടെ സൈനികരുടെ യഥാർഥ പോരാട്ട ശേഷി മെച്ചപ്പെടുത്താനും പുതിയ പോരാട്ട സേനകളുടെ പരിശീലനം ത്വരിതപ്പെടുത്താനും പരിശീലന ശേഷി കൂടുതൽ സ്വതന്ത്രമാക്കാനും വികസിപ്പിക്കാനും ജിൻപിങ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയുടെ ആപ് നിരോധനത്തെത്തുടർന്ന് ചൈനീസ് കമ്പനികൾക്ക് വലിയ നഷ്ടം സംഭവിച്ചു. ബൈറ്റ്ഡാൻസ് പോലുള്ള ഒരു കമ്പനിക്ക് പോലും 600 കോടി ഡോളർ നഷ്ടമാണ് സംഭവിച്ചത്. കൂടാതെ, നിരവധി ചൈനീസ് കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ പ്രാദേശിക ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഇത് ചൈനീസ് ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കം കാരണമാണ്. ആലിബാബയുടെ അനുബന്ധ സ്ഥാപനമായ യുസി വെബ് ഇതിനകം തന്നെ രാജ്യത്ത് സേവനം നിർത്തലാക്കി. ഈ കമ്പനിയുടെ ഗുരുഗ്രാം, മുംബൈ ഓഫിസുകളിൽ ജോലി വെട്ടിക്കുറച്ചിട്ടുണ്ട്.

നടി മീര മിഥുനെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. നടിയുടെ കാറപകടവുമായി ബന്ധപ്പെട്ട് മീര മിഥുൻ നടത്തിയ ചില പ്രസ്താവനകളാണ് പ്രശ്നങ്ങൾക്കു കാരണം.അപകടം ഖുശ്ബു വ്യാജമായി സൃഷ്ടിച്ചതാണെന്ന് ആരോപിച്ച് ചിലർ രം​ഗത്തെത്തിയിരുന്നു. അതിലൊരാളാണ് നടിയും മോഡലുമായ മീര മിഥുൻ. ഇതാണ് ഖുശ്ബുവിനെ ചൊടിപ്പിച്ചത്. മീരയുടെ പേരെടുത്ത് പറയാതെയായിരുന്നു ഖുശ്ബുവിന്റെ ആക്രമണം.

ഒരു വ്യക്തി, ഒരു ന‌ടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തമായി തീർന്ന അവർ മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നാടകം കളിക്കുകയാണ്. ഇപ്പോൾ എന്റെ ശ്രദ്ധ നേടാൻ പ്രയത്നിക്കുന്നു. എന്തു ചെയ്യും. ഖുശ്ബു കുറിച്ചു.

‘ഞാനൊരു ദുരന്തമായിരുന്നെങ്കില്‍ ഒരാളും എന്നെക്കുറിച്ച് ഒന്നും പറയില്ല. നിങ്ങളെ ഉണ്ടാക്കിയെടുത്ത മാഫിയ, അതെ കോളിവുഡിനറിയാം ഞാന്‍ ദുരന്തമാണോ സൃഷ്ടികര്‍ത്താവാണോ എന്ന്. കൂടാതെ എനിക്കുള്ള ടി.ആര്‍.പി. ഒരു തെളിവ് കൂടിയാണ്. അതുകൊണ്ട് നിങ്ങളുടെ വാദം തെറ്റാണ്. എനിക്ക് നിങ്ങളുടെ ശ്രദ്ധ വേണ്ട.’ മീര മറുപടിയായി പറഞ്ഞു.

‘ഞാൻ സത്യം ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും പറയും. ഇവി‌‌ടെയുള്ള എല്ലാവരുടെയും കപടമുഖം ഞാൻ പുറത്ത് കൊണ്ടുവരും. സത്യത്തിൽ നിങ്ങളാൽ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാൻ ഇവിടെ ചെയ്യുന്നത്. ഞാൻ നാടകം കളിക്കാറില്ല. സത്യം കയപ്പേറിയതാണ്’ മീര മറ്റൊരു ട്വീറ്റില്‍ കുറിച്ചു..

ബ്യൂണസ് ഐറിസ്: കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടാരത്തില്‍ നടക്കും. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമാണ് കാസ റൊസാഡ.

എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ അറിയിച്ചു. മാറഡോണയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30-ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ആദ്യവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

സാന്‍ ഫെറാന്‍ഡോ ആശുപത്രിയില്‍ വൈകീട്ട് 7.30 മുതല്‍ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍. തുടര്‍ന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി കാസ റൊസാഡയിലേക്ക് മാറ്റി. വഴിയിലുടനീളം നിരവധിയാളുകളാണ് മാറഡോണയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് ചുറ്റുംകൂടിയത്. ഇതിനാല്‍ തന്നെ രാത്രി 1.30-ഓടെയാണ് മാറഡോണയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി സര്‍ക്കാര്‍ വസതിയില്‍ എത്തിക്കാനായത്.

ഫുട്‌ബോള്‍ ഇതിഹാസത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സര്‍ക്കാര്‍ വസതിയിലേക്ക് ജനപ്രവാഹമാണ്.

ന്യൂഡല്‍ഹി ∙ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം ചേര്‍ത്തുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദിനെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയരുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരുടെ സുപ്രധാന ഉത്തരവ്.

സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന സുലേഖയുടെ കുടുംബത്തിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണു കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കുടുംബത്തിന്റെ പരാതി തള്ളിയ കോടതി സുലേഖയെ ബബ്്‌ലുവിനൊപ്പം താമസിക്കാന്‍ അനുവദിച്ചു. സുലേഖയുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

വീടുവിട്ട സമയത്ത് സുലേഖയ്ക്കു പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് അവരെ പൊലീസ് സുരക്ഷയില്‍ ബബ്്‌ലുവിന്റെ വീട്ടിലെത്തിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. നിയമം കയ്യിലെടുക്കാനോ ദമ്പതിമാരെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കി. സുലേഖ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബബ്്‌ലുവിനൊപ്പം താമസിക്കുന്നതെന്നും കോടതി പറഞ്ഞു.

2000-ത്തിലാണ് സുലേഖ ജനിച്ചത്. ബബ്‌ലുവിനെ വിവാഹം കഴിച്ചതായി അവര്‍ പറഞ്ഞുവെന്നും കോടതി വ്യക്തമാക്കി. ഏതു സമയത്തും ബന്ധപ്പെടാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ദമ്പതിമാര്‍ക്കു നല്‍കാനും നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ സുലേഖയെ കാണാനില്ലെന്നും ബബ്്‌ലുവാണു പിന്നിലെന്നും ചൂണ്ടിക്കാട്ടി സഹോദരിയാണു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അനുവദിച്ചിട്ടുള്ള വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതികള്‍ക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി..

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ച് തകര്‍ന്നിരിക്കുകയാണ് . ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായിയാണ് മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത്.

മറഡോണയുടെ വലിയ ആരാധകനായ ബോബി ചെമ്മണ്ണൂര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണ്. 10 വര്‍ഷത്തിലേറെയായുള്ള സൗഹൃദമാണ് മറഡോണയുമായുള്ളത്. മറഡോണയുമായുള്ള നല്ല കുറേ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ലോകത്ത് നുണ പറയാന്‍ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂര്‍ ഓര്‍ക്കുന്നു.

‘പണ്ടുമുതല്‍ക്കേ മറഡോണയുടെ ഒരു ആരാധകനായിരുന്നു ഞാന്‍. മറഡോണ കേരളത്തില്‍ വന്നതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി. ഞാന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ഒരു ദിവസത്തോളം ഒപ്പമുണ്ടായിരുന്നു.

അന്ന് എനിക്ക് മനസിലായ ഒരു കാര്യമുണ്ട്. ലോകത്തില്‍ നുണ പറയാത്ത ഒരാളുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയാണ്. സത്യസന്ധനാണ്. പെട്ടെന്ന് ദേഷ്യപ്പെടും. എന്നാല്‍ കുറച്ച് കഴിഞ്ഞ് വന്ന് കെട്ടിപ്പിടിക്കും. കുട്ടികളുടെ സ്വഭാവമാണ്. ഞാന്‍ എപ്പോഴും ഉപയോഗിക്കുന്ന ‘ഗുഡ് ലക്ക്’ എന്ന അടയാളം മറഡോണ പഠിപ്പിച്ചതാണ്. അതിനൊപ്പം ‘ഫ്രം മൈ ഹാര്‍ട്ട്’ എന്ന് ഞാന്‍ കൂട്ടിചേര്‍ത്തു.’- ബോബി പറയുന്നു.

കേരളത്തിലെത്തിയ മറഡോണ മലയാളികളുടെ സ്‌നേഹവും ആതിഥേയത്വവുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു. അസുഖമെല്ലാം ഭേദമായി കേരളത്തിലേക്ക് വീണ്ടും വരണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഡീഗോ മറ്റൊരു ലോകത്തേക്ക് മടങ്ങിയത്.

ഫുട്ബാള്‍ ലോകത്ത് മറഡോണയെ പോലെ മറ്റൊരാള്‍ ഇല്ല. അദ്ദേഹത്തിന്റെ കളിമിടുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഞ്ചോ ആറോ എതിര്‍കളിക്കാര്‍ മുമ്പിലുണ്ടായാല്‍ പോലും പന്തുമായി കുതിച്ച് അദ്ദേഹം ഗോളിലെത്തും. അസാമാന്യ വേഗതയും ശൈലിയുമാണ് മറഡോണയുടേത്. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല എന്ന് ബോബി പറയുന്നു.

അദ്ദേഹത്തെ കുറിച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. ഒരു ദിവസം ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മറഡോണ ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. 1994ലെ ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയാതെ പോയതിനെ കുറിച്ചും ഫുട്ബാള്‍ ലോകത്തെ ലോബികളെ കുറിച്ചുമായിരുന്നു പറഞ്ഞത്.

‘ബോബീ, അതൊരു ചതിയായിരുന്നു. കാല്‍നഖത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഞാന്‍ അന്ന് ചികിത്സ തേടിയിരുന്നു. എനിക്ക് അന്ന് മരുന്ന് തന്നയാള്‍ അതിനൊപ്പം നിരോധിച്ച മരുന്ന് കൂടി കലര്‍ത്തിയാണ് നല്‍കിയത്. ഞാന്‍ നിഷ്‌കളങ്കനാണ്’ എന്ന് പറഞ്ഞ് കരഞ്ഞു.

അദ്ദേഹത്തിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. മരുന്ന് നല്‍കിയ ആളുടെ പേര് പറഞ്ഞുവെങ്കിലും വിവാദം വേണ്ടെന്ന് കരുതി ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. അത് ഫുട്ബാള്‍ ലോബിയുടെ ചതിയായിരുന്നു. അന്ന് അദ്ദേഹം കൊച്ചുകുഞ്ഞിനെ പോലെ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പരിഭാഷകന്‍ പോലും അന്ന് കരഞ്ഞു. ലോകം ഈ രഹസ്യം അറിയില്ലെന്നും ബോബ് കൂട്ടിച്ചേര്‍ത്തു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തിയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

‘ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് മറഡോണ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍’ (വിത്ഡ്രോവല്‍ സിന്‍ഡ്രം) പ്രകടിപ്പിച്ചിരുന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.

 

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കട്ടിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ബോളിവുഡിലെ സിനിമാ മാഫിയയ്‌ക്കെതിരേ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല എന്നും സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.

‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്‌ക്കെതിരേ താന്‍ നടത്തിയ വിമര്‍ശനങ്ങളും വിചാരണകളും ഒടുവില്‍ ഫലം നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’ എന്നാണ് കങ്കണ ട്വീറ്ററില്‍ കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കട്ടിന് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് എന്‍ട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷം ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാരച്ചടങ്ങ് നടക്കുക.

 

മലയാളികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ (17) എന്നിവരാണ് കടലില്‍ മുങ്ങിമരിച്ചത്.

ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബീച്ചില്‍ എത്തിയതായിരുന്നു ഇസ്മയില്‍. മകളോടൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു.

ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മായിലും അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് ഇസ്മയിലിനേയും അമലിനെയും രക്ഷിച്ച് കരയ്ക്ക് കയറ്റി. ഷാര്‍ജ അല്ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വസ്ഥതയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ നല്കി പിന്നീട് അവരെ ഇസ്മായിലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.

14 വര്ഷമായി ദുബായ് റോഡ്‌സ് ആന്ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്.ടി.എ.) അതോറിറ്റിയില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇസ്മായില്‍. കാസിമിന്റെയും പരേതയായ നബീസയുടെയും മകനാണ്. സാബിറ, മുബാറഖ് (ദുബായ് ആര്‍.ടി.എ.), കാമില എന്നിവരാണ് സഹോദരങ്ങള്‍.

Copyright © . All rights reserved