മലയാളത്തിന്റെ മെഗാതരം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള താല്‍പര്യം തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു മനസ് തുറന്നത്.

മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നാണ് ജോയ് മാത്യു പറഞ്ഞത്. താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറയുന്നു.

‘ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കഥയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയ്യറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.’

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞതായി ജോയ് മാത്യു പറയുന്നു.

കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. പക്ഷെ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു.