ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നുമായിരുന്നു മീനു പറഞ്ഞിരുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നും മീനു ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകയാണ് ഇപ്പോള്‍. ഫ്‌ളാറ്റി ലെ അന്തേവാസിയായ വീട്ടമ്മയാണ് മീനു മുനീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യന്‍ എന്ന മിനു മുനീറിന്റെ പരാതിയില്‍ ഫളാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തു വീഴുന്നുണ്ട്. ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മീനുവിന്റെ പരാതി.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല. ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മീനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട മീനു ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പാതിരാവിൽ പർദ ധരിച്ച് ഓമശ്ശേരി ടൗണിലൂടെ സ്കൂട്ടറിൽ കുതിച്ച ‘യാത്രക്കാരി’ കണ്ടുനിന്നവരിൽ സംശയമുളവാക്കി.
ഈ സമയത്ത് സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യാൻ സാധ്യത കുറവായതിനാൽ, പർദ ധരിച്ച യാത്രികയോട് വിവരമന്വേഷിക്കാമെന്ന ധാരണയിലെത്തിയവരെ കണ്ടപ്പോൾ, ആൾ വണ്ടി ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
തുടർന്ന് വണ്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഓമശ്ശേരിയിലെ ഹോട്ടൽ ജീവനക്കാരനായ ബാലകൃഷ്ണനാണ് പർദ ധാരിണിയെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ യാത്രാ ഉദ്ദേശ്യം വ്യക്തമല്ല. കൊടുവള്ളി പൊലീസ് ചോദ്യം ചെയ്തുവരുന്നു.
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ബിഗ്‌ബോസിലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു. ബിഗ്‌ബോസിൽ കരയുന്ന കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്’മഞ്ജു വ്യക്തമാക്കിയത്. നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു.
ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ.
അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി, ബിഗ്‌ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് മഞ്ജു പറയുന്നു. എന്നെ കുറേനാളായി അലട്ടികൊണ്ടിരുന്ന കടങ്ങൾ എല്ലാം തീർക്കാൻ ബിഗ്‌ബോസിൽ കൂടി എനിക്ക് സാധിച്ചു, ഇപ്പോൾ ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിലാണ്, ഉടൻ തന്നെ അതും പൂർത്തിയാകും എന്ന് മഞ്ജു പറയുന്നു.
അഭയ കേസ് പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ മഠത്തിലെത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ
ജോർജ്ജ് ജോസഫ് പറയുന്നു. പതിനൊന്ന് വർഷം വൈദിക പഠനം നടത്തിയ ഒരാൾക്ക് കൊലപാതകം നടത്താൻ സാധിക്കില്ലെന്നാണ് മുൻ എസ്പിയുടെ അവകാശവാദം.
“ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വർഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവർ വൈദികരാകുന്നത്. എല്ലാ പള്ളികൾക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളിൽ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാൽ, അല്ലെങ്കിൽ അപകടം ഉണ്ടായാൽ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദർ സുപ്പീരിയറെ വിവരം അറിയിക്കും. മദർ സുപ്പീരിയർ അവരുടെ സഭയുടെ മദർ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടർന്ന് കന്യാസ്ത്രീമാർ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസിൽ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറിൽ അവിടെ വന്നത് അങ്ങനെയാണ്.”
“സാധാരണഗതിയിൽ ഇത്തരമൊരു കേസ് വന്നാൽ മഠത്തിൽ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികർ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിൾ അവിടെ ചെന്നത്. ആ മഠക്കാർക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,” ജോർജ്ജ് ജോസഫ് പറയുന്നു.
താൻ പറയുന്നത് യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ജോർജ്ജ് ജോസഫ് പറയുന്നു. സഭയെ ന്യായീകരിച്ചുകൊണ്ടുള്ള ജോർജ്ജ് ജോസഫിന്റെ വീഡിയോയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കുന്നതിനായുള്ള ശ്രമം മാത്രമാണിതെന്നാണ് ടിബിൻ ബേബി എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
ഓക്സ്ഫോർഡ്: ഡിസംബർ ഒന്നാം തിയതി ജീവൻ നഷ്ടപ്പെട്ട യുകെ മലയാളി നഴ്‌സായ ഓക്സ്ഫോർഡുകാരുടെ പ്രിയപ്പെട്ട ഗീത എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആലീസ് എബ്രഹാമിന് യുകെ മലയാളികളുടെ യാത്രാമൊഴി.
പരേതയായ ആലീസിന്റെ സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഉച്ച തിരിഞ്ഞു 2 .15ന് ഓക്സ്ഫോർഡ് കോ ഓപ്പറേറ്റീവ് ഫ്യൂണറൽ ഡയറക്ടേസ്‌സിന്റെ ഓഫീസിൽ ആരംഭിക്കുകയായിരുന്നു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള അവരമൊരുക്കി.
തുടർന്ന് മൃതദേഹവുമായി ഓസ്ക്സ്ഫോർഡിനടുത്തുള്ള ഹെഡിങ്ങ്ടൺ ക്രെമറ്റോറിയത്തിലേക്ക് യാത്രയായി. ക്രെമറ്റോറിയത്തിലെ ചാപ്പലിൽ മൂന്ന് മണിയോടെ പ്രാർത്ഥനകൾ ആരംഭിച്ചു. യുകെയിൽ കോവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു.
സീറോ മലബാർ ഓക്‌സ്‌ഫോർഡ് മിഷൻ ഇൻചാർജ് ആയ റവ.ഫാ. ലിജോ പായിക്കാട്ട് ചാപ്പലിലെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ആലീസിന്റെ ഭർത്താവായ ടോമി, വിഷമ ഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു. ആത്മസഖിയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖം കടിച്ചമർത്തിയെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
പാലാ സ്വദേശിനിയും തുരുത്തിയിൽ കുടുംബാംഗവുമായ ആലീസ് കഴിഞ്ഞ നാല് വർഷത്തോളമായി ഓക്‌സ്‌ഫോഡിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അമേരിക്കയിൽ ആണ് ജോലി ചെയുന്നത്. ഗൾഫ്, അമേരിക്ക എന്നിവടങ്ങളിൽ ജോലി ചെയ്ത ശേഷം ആണ് ബെൽഫാസ്റ്റിൽ ആലീസ് എത്തുന്നത്. തുടർന്ന് ഓക്‌സ്‌ഫോഡിലും.
ഡിസംബർ ഒന്നാം തിയതിയാണ് ആലീസ് മരിക്കുന്നത്. സുഖമില്ലാതിരുന്ന ആലീസ് ഡോക്ടറുടെ ഫോൺ വിളി കാത്തിരിക്കുകയായിരുന്നു. ടോയ്‌ലെറ്റിൽ പോയ ആലീസ് അവിടെ കുഴഞ്ഞു വീഴുകയും, വിളി കേട്ട് ഓടിയെത്തിയ കൂടെ താമസിച്ചിരുന്ന കൂട്ടുകാർക്ക് ടോയ്‌ലറ്റ് ലോക്ക് ആയിരുന്നതിനാൽ തുറക്കാൻ സാധിക്കാതെ വരുകയും ചെയ്‌തു. തുടർന്ന് പോലീസും ആംബുലൻസും എത്തി ഡോർ പൊളിച്ച് ആലീസിനെ പുറത്തെടുത്ത് അടിയന്തര ശുശ്രുഷകൾ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാൻ സാധിക്കാതെ വരുകയായിരുന്നു.

[ot-video][/ot-video]
വീടിനുള്ളിൽ നിന്നും വൻതോതിൽ കഞ്ചാവും ചാരായവും പിടിച്ച കേസിൽ യുവതി അറസ്റ്റിൽ. മാവേലിക്കര തഴക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന നിമ്മിയാണ് അറസ്റ്റിലായത്. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തത്.
മാവേലിക്കരയില്‍ വാടകവീട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ നിമ്മിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ലിജു ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും കുട്ടികളെയും മുൻനിർത്തിയാണ്. വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തു നിമ്മിയും 2 കുട്ടികളുമാണു താമസിച്ചിരുന്നത്.
ലിജു സ്ഥിരമായെത്തി ഇവിടെ താമസിച്ചിരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നെങ്കിലും ഭാര്യാ ഭർത്താക്കന്മാർ ആണെന്നാണ് കരുതിയിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ആവശ്യക്കാരെ കണ്ടെത്തുന്നത് ലിജുവായിരുന്നു. സാധനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിരുന്നത് നിമ്മിയും. സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്നൊഴിവാകാനാണു കാരിയറായി നിമ്മിയെ ഉപയോഗിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നതെന്നാണു വിവരം.
രഹസ്യ വിവരത്തെത്തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായാണ് 29 കിലോ കഞ്ചാവ്, നാലര ലീറ്റർ ചാരായം, 30 ലീറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്നു വാറ്റുപകരണങ്ങൾ എന്നിവയാണു പിടിച്ചെടുത്തത്.
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും. നാല് അജന്‍ഡകളില്‍ രണ്ടെണ്ണത്തില്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതിഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ധാരണയായി. വയല്‍ അവശിഷ്ടം കത്തിക്കുന്നതിനുളള പിഴ ഒഴിവാക്കണമെന്ന ആവശ്യത്തിലും ധാരണ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, താങ്ങുവിലയ്ക്ക് നിയമനിര്‍മാണം എന്നീ ആവശ്യങ്ങളിലാണ് ഇനി ചര്‍ച്ച. മന്ത്രിമാരായ നരേന്ദ്ര സിങ്ങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
കോവിഡിനെ പ്രതിസന്ധിയിലായ സിനിമാമേഖല പുനരുജ്ജീവിപ്പിക്കണമെന്ന് ഉണ്ണി മുകുന്ദന്‍. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിക്കണമെന്നും തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
”സിനിമയും ഒരു തൊഴിലാണ്
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു”.
വീട്ടുജോലിക്കാരൻ വളർത്തുനായയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി ബോളിവുഡ് നടി അയേഷ ജുൽക മൃഗസംരക്ഷണ പ്രവർത്തകയും സൊസൈറ്റി ഫോർ ആനിമൽ സേഫ്റ്റിയുടെ വൈസ് പ്രസിഡന്റും കൂടിയാണ് നടി. ലോണാവാലയിലെ തെരുവിൽ നിന്നാണ് അയേഷ നായയെ എടുത്തു വളർത്തിയത്. റോക്കി എന്നായിരുന്നു പേര്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നായ ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നതെന്നും മുങ്ങി മരിക്കാനുള്ള സാധ്യതകൾ കുറവാണെന്നും കണ്ടെത്തിയിരുന്നു. ലോണാവാല പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റപത്രം തയ്യാക്കി. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക പറയുന്നു. ഇക്കാര്യം അന്വേഷിച്ച് ഫോറൻസിക് വകുപ്പിനെ സമീപിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. എന്നാൽ, ഫോറൻസിക് വകുപ്പ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കൂട്ട മതപരിവർത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിവാഹത്തിനുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശ് സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
“എന്തിനാണ് മതപരിവർത്തനം നടത്തുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൂട്ട പരിവർത്തനങ്ങൾ അവസാനിപ്പിക്കണം. എനിക്കറിയാവുന്നിടത്തോളം, മുസ്‌ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിനുള്ള പരിവർത്തനത്തെ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,” വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“മതപരിവർത്തനം ബലമായി നടക്കുന്നുണ്ടെന്ന് പല കേസുകളിലും കണ്ടു. സ്വാഭാവിക വിവാഹവും വിവാഹത്തിനുള്ള നിർബന്ധിത പരിവർത്തനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ നിയമങ്ങൾ ഉണ്ടാക്കിയ സർക്കാരുകൾ ഇതെല്ലാം പരിഗണിച്ചതായി ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണരേഖയിലെ സ്ഥിതി, പുതിയ കാർഷിക നിയമങ്ങൾ, അതിനെതിരായ പ്രതിഷേധം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിരോധമന്ത്രി അഭിമുഖത്തിൽ ചർച്ച ചെയ്തു.
കർഷകരെ “അന്നദാതാക്കൾ” എന്നും “സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്” എന്നും വിശേഷിപ്പിച്ച സിങ് “നക്സലുകൾ” അല്ലെങ്കിൽ “ഖാലിസ്ഥാനികൾ” തുടങ്ങിയ പരാമർശങ്ങളെ ശക്തമായി എതിർത്തു. കർഷകർക്കെതിരെ ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മുടെ കർഷകരോട് നാം അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. കർഷകരോടുള്ള ആദരവോടും ബഹുമാനത്തോടും തല കുനിക്കുന്നു. അവരാണ് നമ്മുടെ ‘അന്നദാതാക്കൾ’. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.”
കൃഷിക്കാരുടെ താൽപ്പര്യത്തിനുവേണ്ടിയാണ് കാർഷിക നിയമങ്ങൾ ഉണ്ടാക്കിയതെന്നും പ്രതിഷേധിച്ച കർഷകർ രണ്ടുവർഷത്തേക്ക് അവ നടപ്പാക്കുന്നത് അംഗീകരിക്കണമെന്നും സർക്കാരുമായി യുക്തിസഹമായ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന് സിംഗ് പറഞ്ഞു.
“ചില ശക്തികൾ കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചു. നിരവധി കർഷകരുമായി ഞങ്ങൾ സംസാരിച്ചു. കൃഷിക്കാരോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന യുക്തിക്ക് നിരക്കുന്ന നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ച നടത്തണം. മാത്രമല്ല, യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം മാത്രം പ്രതീക്ഷിച്ചാവരുത് ചർച്ച. പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തും. ഞാൻ നിയമവ്യവസ്ഥകൾ കണ്ടിരുന്നു. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് എനിക്കറിയാം. കർഷകർ കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഈ നിയമങ്ങൾ നടപ്പാക്കുന്നത് ഒരു പരീക്ഷണമായി കാണണം. ആവശ്യമുണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ ഞങ്ങൾ തയ്യാറാകും. ചില ഉപവാക്യങ്ങളിൽ ഭേദഗതി വരുത്താൻ വിദഗ്ധരുമായും സർക്കാരുമായും സംസാരിക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പൂർണ്ണമായും വഴങ്ങും,” രാജ്നാഥ് സിങ് പറഞ്ഞു.