പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ പ്രോസിക്യൂഷൻ കോടതിയിൽ. കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ സിബിഐ കോടതിയിൽ വാദിച്ചു.
സിസ്റ്റർ സെഫിയും താനും ഭാര്യാ-ഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്നും തന്റെ ളോഹക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാ. കോട്ടൂർ പറഞ്ഞതായി വാദിച്ച പ്രോസിക്യൂഷൻ തനിക്ക് തെറ്റുപറ്റിയെന്നു ഒന്നാം പ്രതിയായ ഫാദർ പറഞ്ഞെന്നും വിശദീകരിച്ചു.
ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിനുള്ള തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കന്യാചർമ്മം കൃത്രിമമായി വെച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ച തുടരും.
കോണ്‍ഗ്രസ് നേതാവും എംപിയുമായി ടിഎന്‍ പ്രതാപന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയെങ്കിലും ആര്.ടി-പി.സി.ആര് പരിശോധനയില്‍ പോസിറ്റീവായി. എംപിക്ക് രോഗം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറന്റീനിലായി. കഴിഞ്ഞ ദിവസങ്ങളില്‍ താനു മായി ഇടപഴകിയവര്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണമെന്ന് എം.പി ആവശ്യപ്പെട്ടു. ശനിയാഴ്ച മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിന് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 6028 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. 28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1997 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.സംസ്ഥാനത്തെ മൂന്ന് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊച്ചി: ബിനീഷ് കോടിയേരിയെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യം. അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
അമ്മ പ്രസിഡന്റ് മോഹൻലാൽ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം. കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ആവശ്യത്തെ എതിർത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയ സാഹചര്യമുണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ടു നീതി എന്ന തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അംഗങ്ങൾ ചുണ്ടിക്കാട്ടുന്നത്.
കൊച്ചി ∙ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാൻ താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. നടൻ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങളുടെ പേരിൽ രാജിക്കത്തു നൽകിയ നടി പാർവതി തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബിനീഷിനെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന ആവശ്യമുയർന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്.
നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ബിനീഷ് കോടിയേരിയെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. നടിമാരായ ഹണി റോസ്, രചന നാരായണൻ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാൽ എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ തുടങ്ങിയവർ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണു വാക്കുതർക്കത്തിലേക്കു കാര്യങ്ങൾ നീങ്ങിയത്. 2009 മുതൽ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.
നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നെന്നും രണ്ടു പേർക്കു രണ്ടു നീതി പാടില്ലെന്നും നടിമാർ ഉൾപ്പെടെയുള്ളവർ വാദിച്ചു. ആരോപണ വിധേയനെ സംഘടനയിൽ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് വ്യക്തമാക്കിയത്. ഇതിനെ മുകേഷും മറ്റും എതിർത്തതോടെയാണു വാക്പോരിലേക്കു കാര്യങ്ങൾ പോയത്. അംഗങ്ങളുടെ അഭിപ്രായങ്ങൾ കേട്ട മോഹൻലാൽ ഉൾപ്പെടെയുള്ളവർ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കാമെന്നും വിശദീകരണം ചോദിക്കാം എന്നുമുള്ള നിലപാടിൽ എത്തിച്ചേരുകയായിരുന്നു.
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന് ജോ ജോസഫ് (34)അന്തരിച്ചു. ഇന്നുച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭിന്നശേഷിക്കാരനായിരുന്ന ജോ ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട്.
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിനെതിരേ പി.ജെ. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നല്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
നേരത്തെ കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്.
ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ചിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
മേല്‍ക്കോടതിയെ സമീപിക്കുക എന്ന നിയമപരമായ മാര്‍ഗം മാത്രമാണ് പി.ജെ. ജോസഫിന് മുന്പിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലേക്ക് കടക്കുന്ന വേളയിലാണ് ജോസഫിന് പ്രതികൂലമായ വിധി വന്നിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ചിഹ്നത്തെ ചൊല്ലി ജോസ് കെ.മാണി വിഭാഗവും ജോസ് കെ. മാണി വിഭാഗവും കൊമ്പുകോര്‍ത്തത്.
ഹൈക്കോടതി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീല്‍ നല്‍കുമെന്നും സ്റ്റേ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ മുതിർന്നവരിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതായി തെളിഞ്ഞു. 56 മുതൽ 69 വരെ പ്രായമുള്ളവരിൽ മാത്രമല്ല, 70നു മുകളിലുള്ളവർക്കും വാക്സിൻ ഫലപ്രദമാണെന്നാണു സ്ഥിരീകരണം. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണഫലം ആഴ്ചകൾക്കുള്ളിൽ പുറത്തുവരുമെന്നാണു കരുതുന്നത്.
പ്രശസ്തമായ ലാൻസെറ്റ് മെഡിക്കൽ ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതനുസരിച്ച് മരുന്നുപരീക്ഷണത്തിന്റെ പ്രാഥമിക വിവരങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. പരീക്ഷണത്തിനായി നൽകിയ ഡോസ് പ്രായമായവരിലും രോഗപ്രതിരോധ പ്രതികരണം സൃഷ്ടിച്ചുവെന്നാണു കണ്ടെത്തൽ. ആരോഗ്യമുള്ള 560 സന്നദ്ധപ്രവർത്തകരിലാണ് ChAdOx1 nCoV-19 എന്ന പേരിലുള്ള മരുന്നുപരീക്ഷിച്ചത്. ഇതിൽ 240 പേർ 70 വയസിനു മുകളിലുള്ളവരായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസറിന്റെ വാക്സിന് ഒപ്പമെത്താൻ ആസ്ട്ര-ഓക്സ്ഫഡ് വാക്സിന് കഴിയുമോ എന്നതിനുള്ള അന്തിമപരിശോധനകളാണ് ഇനി ബാക്കിയുള്ളത്.
അടുത്തമാസത്തോടെ പ്രതിരോധ വാക്സിൻ വിതരണത്തിനെത്തിക്കാനാകുമെന്ന് കഴിഞ്ഞദിവസം ഫൈസർ പറഞ്ഞിരുന്നു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകരത്തിനുവേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ ഫൈസർ. മറ്റൊരു യുഎസ് കന്പനിയായ മോഡേണയുടെ വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.
കാഷ്മീരിലെ ജമ്മു നഗരത്തിനു സമീപം നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു.പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറി ട്രക്കിലെത്തിയ ഭീകരരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോത മേഖലയിലെ ബൻ ടോൾ പ്ലാസയിലായിരുന്നു ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം.
ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തവേ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടതിനെ ത്തുടർന്ന് സിആർപിഎഫ്, പോലീസ് സംഘങ്ങൾ വാഹനം പരിശോധിച്ചു. ഇതിനിടെ ട്രക്കിലുണ്ടായിരുന്ന ഭീകരർ വെടിവച്ചു. തുടർന്നു മൂന്നു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണു നാലു ഭീകരരെ വകവരുത്തിയത്. അരി കയറ്റി വന്ന ട്രക്കിന് ഇതിനിടെ തീപിടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. 11 എകെ റൈഫിളുകൾ, മൂന്നു കൈത്തോക്കുകൾ, 35 ഗ്രനേഡുകൾ, മരുന്നുകൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവയും സുരക്ഷാസേന കണ്ടെടുത്തു. കുൽദീപ് രാജ്, മുഹമ്മദ് ഇഷാഖ് മാലിക് എന്നീ പോലീസുകാർക്കാണു പരിക്ക്. ഇവരെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാജ്യത്തു വൻ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരാണു കൊല്ലപ്പെട്ടതെന്നു ജമ്മു ഐജി മുകേഷ് സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവർ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്നു പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഡെവലപ്മെന്റ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ഭീകരർ എത്തിയതെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു. നവംബർ 28 മുതൽ ഡിസംബർ 22 വരെയാണു തെരഞ്ഞെടുപ്പ്. ജനുവരി 31ന് ബൻ ടോൾ പ്ലാസയിൽ പോലീസിനു നേരെ വെടിയുതിർത്ത മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഇൻഡോർ: മധ്യപ്രദേശ് ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ആൾദൈവം കംപ്യൂട്ടർബാബ ജയിൽ മോചിതനായി. വ്യാഴാഴ്ച ഹേബിയസ് കോർപസ് പരാതി പരിഗണിക്കവെയായിരുന്നു കംപ്യൂട്ടർ ബാബയെന്ന നാംദേവ് ത്യാഗിയെ (54) മോചിപ്പിക്കാൻ ജസ്റ്റീസുമാരായ എസ്.സി. ശർമയും ശൈലേന്ദ്ര ശുക്ലയും അംഗമായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ഇൻഡോറിനു സമീപം ജംബൂർദി ഹപ്സി ഗ്രാമത്തിൽ രണ്ട് ഏക്കറോളം വരുന്ന സർക്കാർ ഭൂമി കൈയേറി ആശ്രമം നിർമിച്ചതിന് നവംബർ എട്ടിനാണ് കംപ്യൂട്ടർബാബയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. റൈഫിളും എയർപിസ്റ്റളും പോലീസ് പിടിച്ചെടുത്തിരുന്നു. കംപ്യൂട്ടർ ബാബയ്ക്ക് എതിരെ ഇൻഡോറിലെ രണ്ടു പോലീസ് സ്റ്റേഷനിലായി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കംപ്യൂട്ടർ ബാബയ്ക്കു കമൽനാഥ് കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നർമദ ട്രസ്റ്റ് ചെയർമാൻ സ്ഥാനവും സഹമന്ത്രി പദവിയും നല്‍കിയിരുന്നു. കമൽനാഥ് സർക്കാരിനു മുന്‍പുണ്ടായിരുന്ന ബിജെപി സർക്കാരും കംപ്യൂട്ടർ ബാബയ്ക്കു സഹമന്ത്രിപദവി നല്‍കിയിരുന്നു. 2018ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും അദ്ദേഹം ബിജെപി ബന്ധം ഉപേക്ഷിച്ചു.
നർമദ തീരത്ത് അനധികൃത മണൽഖനനം നടക്കുന്നുവെന്നാരോപിച്ചായിരുന്നു കംപ്യൂട്ടർ ബാബ ബിജെപി ബന്ധം അവസാനിപ്പിച്ചത്. കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു കൂറുമാറിയതിനെ ബാബ വിമർശിച്ചിരുന്നു. കോൺഗ്രസിനായി പ്രചാരണം നടത്തിയ അദ്ദേഹം വഞ്ചകർ എന്നായിരുന്നു വിമതരെ വിശേഷിപ്പിച്ചത്.
ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം അമേരിക്കൻ-സ്കോട്ടീഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റ്യുവർട്ടിന്. ‘ഷഗ്ഗി ബെയ്ൻ’ എന്ന ആദ്യ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ഫാഷൻ ഡിസൈനറായി അമേരിക്കയിലെത്തി എഴുത്തുകാരനായി വളർന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 50,000 പൗണ്ടാണു സമ്മാനത്തുക (ഏകദേശം 49 ലക്ഷം രൂപ). കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.