Latest News

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിദേശത്ത് നിന്ന് ചിലര്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് താരം അറിയിക്കുന്നത്. തന്റെ ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പ് വിവരം വിനീത് പങ്കുവെച്ചത്.

വിദേശത്ത് നിന്ന് താനാണെന്ന് പറഞ്ഞ് വ്യാജ നമ്പറിലൂടെ ചിലര്‍ ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കുന്നെന്നും അത്തരം സംശയാസ്പദമായ കോണ്‍ടാക്റ്റുകളോട് പ്രതികരിക്കുകയോ മറുപടി നല്‍കുകയോ ചെയ്യരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു.

ആക്ടര്‍ വിനീത് എന്ന് സേവ് ചെയ്ത ഒരു വാട്സ്ആപ്പ് കോണ്‍ടാക്റ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കുറിപ്പ്. യുഎസില്‍ നിന്നാണോ തട്ടിപ്പ് നടക്കുന്നതെന്ന് സംശയമുണ്ടെന്നും വിനീത് കമന്റില്‍ പറയുന്നുണ്ട്.

ടോം ജോസ് തടിയംപാട്

മാഞ്ചെസ്റ്റെർ ന്യൂടൗൺ ഹീത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി കരിംങ്കുന്നം സ്വദേശി ഷോയ് ചെറിയാന്റെ കടയിൽ മോഷ്ടിക്കാൻ കത്തിയും ,ഡ്രില്ലിങ് മിഷ്യനുമായി, എത്തിയ കള്ളനെ തന്റെ മനക്കരുത്തുകൊണ്ട് കുപ്പികൊണ്ട് എറിഞ്ഞ് ഓടിക്കുകയാണ് ഷോയ് ചെയ്തത് .

കഴിഞ്ഞ ബുധനാഴ്ച ക്യാഷ് മിഷ്യൻ ഇരിക്കുന്ന ക്യബിൻ പൊളിക്കാൻ കൊണ്ടുവന്ന ഡ്രില്ലിങ് മിഷ്യനുമായി തുറന്നു കിടന്ന ക്യബിനിൽ പ്രവേശിച്ച കള്ളൻ പണം എടുക്കാൻ ശ്രമിക്കുന്നത് പുറത്തു സാധനം അടുക്കിക്കൊണ്ടിരുന്ന ഷോയ് കാണുകയും അദ്ദേഹം ഓടിയെത്തിയപ്പോൾ ഡ്രില്ലിങ് മിഷ്യൻ കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി കാണിക്കുകയും ചെയ്യുകയുമായിരുന്നു . മനോനില കൈവിടാതെ ഷോയ് കുപ്പികൊണ്ട് കള്ളനുനേരെ എറിഞ്ഞു, പിന്നീട് കള്ളൻ ഷോയ്ക്കു നേരെ വന്നപ്പോൾ വെള്ളം നിറച്ച കുപ്പികൾ കൊണ്ട് എറിഞ്ഞു ഓടിക്കുകയായിരുന്നു പുറത്തിറങ്ങിയ കള്ളൻ കത്തിയുമായി വീണ്ടും വന്നെകിലും കടയുടെ വാതിലിൽ കുപ്പിയുമായി അടിച്ചുകൊല്ലുമെന്നു പറഞ്ഞു നിന്ന ഷോയിയെ കണ്ട് കള്ളൻ സൈക്കിളിൽ ഓടി മറയുകയും പുറകെ കുതിച്ചെത്തിയ പോലീസ് സംഘം പോലീസ് നായുടെ സഹായത്തോടെ കള്ളനെ പിടിക്കുകയും ചെയ്തു .

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ അടുത്ത സഹായിയുടെ വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്. പത്തനംതിട്ട തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. വിവിധ സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

കെപി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, ഗോസ്പല്‍ ഫോര്‍ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളില്‍നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2012ല്‍ കെപി യോഹന്നാനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .

വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്.  ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും  കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.

കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്‌സിംഗ് നടത്തിയത്  യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്‌ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.

അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .

                        

Singer : Kester                                                                 Music director : K X Rajesh

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.‍ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.

തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.

നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.

കുടുംബസമേതം പിറന്നാൾ ആഘോഷിച്ച സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഷൂട്ടിംഗ് തിരക്കിലാണ് അമ്മയുടെ പിറന്നാൾ ആശംസിക്കാറുള്ളത്. എന്നാൽ, ഇത്തവണ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. പിറന്നാൾ ആശംസകളിൽ വേറിട്ടുനിൽക്കുന്നത് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റേതാണ്. മല്ലികയും പ്രാർത്ഥനും നൃത്തം ചെയ്യുന്ന വീഡിയോയാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.

‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിക്കുന്നു. അതേസമയം, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ മക്കൾ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയത്. അന്ന് പ്രാർത്ഥനയ്ക്ക് വളരെ ഹൃദ്യമായൊരു ആശംസയാണ് മല്ലിക സുകുമാരൻ അറിയിച്ചത്. ‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരന്റെ വാക്കുകൾ.

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

 

 

View this post on Instagram

 

HAPPY BIRTHDAY TO THE COOLEST GRANDMOM EVER, you learn these tiktok dances faster than me, love u so much🥰♥️ @sukumaranmallika

A post shared by Prarthana (@prarthanaindrajith) on

ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.

പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി ശ്രീ. ജിജോ കുര്യാക്കോസ് അരയത്തിൻ്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് നാട്ടിൽ നിര്യാതയായി. കെ.എസ്.സി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബർജസ് ഹിൽ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകൻ, മുൻ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി, യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നാഷണൽ കമ്മറ്റി അംഗം തുടങ്ങിയ മേഖലയിൽ യു.കെ മലയാളികൾക്കിടയിൽ പ്രിയങ്കരനാണ് ശ്രീ. ജിജോ കുര്യാക്കോസ് അരയത്ത്.

ത്രേസ്യാമ്മ കുര്യാക്കോസിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ചെന്നൈ ∙ സഹോദരിയെയും ഭർത്താവിനെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 2 വർഷത്തിനു ശേഷം യുവതി അറസ്റ്റിൽ. മൈലാപൂരിലെ പൂ കച്ചവടക്കാരനായിരുന്ന ധർമലിംഗം (56), ഭാര്യ മീനാക്ഷി (50) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് മീനാക്ഷിയുടെ സഹോദരി ലത (40) അറസ്റ്റിലായത്. 2017ൽ രണ്ടു ദിവസത്തിന്റെ ഇടവേളയിലാണു ധർമലിംഗവും മീനാക്ഷിയും കൊല്ലപ്പെട്ടത്.

മക്കളില്ലാത്ത ദമ്പതികൾ തങ്ങളുടെ അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നതു ലതയെയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭർത്താവ്, മകൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകിയതു ലതയാണ്. 2017-ലാണു ദുരൂഹ സാഹചര്യത്തിൽ ധർമലിംഗവും ഭാര്യ മീനാക്ഷിയും കൊല്ലപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രണ്ടു പേരും പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു.

വിഷം അകത്തു ചെന്നതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൈഥിലിയും കുടുംബവും അറസ്റ്റിലായത്. മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു മൈഥിലി 17 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണു ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷിച്ച കേസ് സെയ്ദാപേട്ട് കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തിരുന്നു.

ഏറെ നാളായി മറ്റു നടപടികളൊന്നുമില്ലാതിരിക്കെയാണു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലതയെ അറസ്റ്റ് ചെയ്തത്. മരിച്ച മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു ഈയിടെ ലതയുടെ അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് ലത കുടുങ്ങിയത്.

കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാ‍ഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാ‍ഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ്‌ പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീ‍ഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved