ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ്‌ പുതുതായി നിർമിച്ച വീടിന്‌ കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച്‌ ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.

കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.

ഇതനുസരിച്ച്‌ വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്‌, എം റെജി, എ ജെ തോമസ്‌ എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ്‌ കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ്‌ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.