മുംബെെ: ജയ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പരിശോധനഫലം കൂടി ഇനി വരാനുണ്ട് എന്നും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട വീട്ടുജോലിക്കാരുടെയും കോവിഡ് ഫലം നെഗറ്റീവാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.
ജയ ബച്ചൻ, ഐശ്വര്യ റായ് എന്നിവരു ടെ ആന്റിജൻ പരിശോധനാഫലമാണ് വന്നത്. ആന്റിജൻ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവ് ആണ്. എന്നാൽ, ഇരുവരുടെയും സ്രവപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും ക്വാറന്റെെനിലാണ്. തങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ കോവിഡ് പരിശോധനാഫലം ഇന്നു ഉച്ചയോടെ ലഭിക്കുമെന്നാണ് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറയുന്നത്.
കോവിഡ് സ്ഥിരീകരിച്ച 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്. “എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു…ആശുപത്രിയിലേക്ക് മാറ്റി… ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു…കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു… കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!” അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു
തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചൻ രോഗ വിവരം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്. ‘ഇന്ന് എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,’ അഭിഷേക് ട്വീറ്റ് ചെയ്‌തു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്. മലപ്പുറത്തു നിന്ന് ഒരു പ്രമുഖനെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ഒരു വ്യവസായ പ്രമുഖനെയാണ് എൻഐഎ പിടികൂടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായി. മലപ്പുറത്തു നിന്ന് ആരെയാണ് പിടികൂടിയതെന്ന് കസ്റ്റംസോ എൻഐഎയോ വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി സരിത് ഇപ്പോൾ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലുണ്ട്. സരിത്തിനെ ചോദ്യം ചെയ്യാനാണ് ഇന്നലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. മലപ്പുറത്തു നിന്ന് പിടികൂടിയ ആളെ സരിത്തിനൊപ്പം ചാേദ്യം ചെയ്യുമെന്നാണ് സൂചന.
അതേസമയം, നയതന്ത്ര ബാഗേജ് വഴി അനധികൃതമായി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ഇന്നു കൊച്ചിയിലെത്തിക്കും. ഇന്നലെ രാത്രിയാണ് ഇരുവരെയും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍വച്ച് ഇരുവരെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. സ്വപ്‌നയെയും സന്ദീപിനെയും ഇന്നു കൊച്ചിയിലെത്തിക്കും. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൊച്ചിയിലെത്തിക്കണോ കൊച്ചിയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബെംഗളൂരുവിലെ എൻഐഎ ഓഫീസിൽ നിന്നുള്ള സ്വപ്‌നയുടെയും സന്ദീപിന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സ്വപ്‌ന. ഭർത്താവും മക്കളും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇവിടെനിന്നാണ് സ്വപ്‌നയെ എൻഐഎ പിടികൂടുന്നത്. രണ്ട് ദിവസം മുൻപാണ് സ്വപ്‌ന കൊച്ചിയിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്നത്. മെെസൂരിലെ മറ്റൊരു ഹോട്ടലിൽ നിന്നാണ് സന്ദീപ് നായരെ പിടികൂടുന്നത്. കേസിൽ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായർ നാലാം പ്രതിയാണ്. വെള്ളിയാഴ്‌ചയാണ് എൻഐഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്വർണക്കടത്ത് നടന്ന് ഏഴാം ദിവസമാണ് സ്വപ്‌ന പിടിയിലാകുന്നത്. പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കൊച്ചി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്‌നയെ കസ്റ്റഡിയിലെടുത്ത വാർത്ത പുറത്തുവന്നത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ നിന്ന് ഭീഷണി വന്നതായി അറിയപ്പെടുന്ന റേഡിയോ ജോക്കി (ആര്‍ ജെ) ആയ സുചിത്ര. തമിഴ്‌നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് സിഐഡിയില്‍ നിന്നാണ് വിളി വന്നത്. അരാജകത്വം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആര്‍ജെ സുചിത്ര പറയുന്നു. തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ ഗ്രാഫിക്‌സ് വിവരങ്ങളടക്കം പൊലീസ് പീഡനം വിശദീകരിച്ചുള്ള വീഡിയോ ആര്‍ ജെ സുചിത്ര പോസ്‌റ്റ് ചെയ്യുകയും ഇത് രാജ്യത്താകെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അടക്കമുള്ളവർ ആർ ജെ സുചിത്രയുടെ വീഡിയോ കണ്ടാണ് കസ്റ്റഡി കൊലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നിരുന്നു എന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ജയരാജ് എന്നയാളേയും (59) അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ മകന്‍ ബെന്നിക്‌സിനേയും (31) പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 10 പൊലീസുകാരാണ് കേസിൽ അറസ്റ്റിലായത്. തൂത്തുക്കുടി സാത്തൻകുളം പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന്റെ പൊലീസുകാർക്കെതിരായ മൊഴി നിർണായകയമായി. അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് നിങ്ങള്‍ പറയുന്നത് പോലെയൊന്നുമല്ല എന്ന് പറഞ്ഞാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത് – ആർജെയും ഗായികയും നടിയുമായ സുചിത്ര പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലെ അടിസ്ഥാനത്തിലുള്ള എഫ്‌ഐആറിലെ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന് സുചിത്ര എന്‍ഡിടിവിയോട് പറഞ്ഞു. യാതൊരു തെളിവുമില്ലാതെ ഭാവനയില്‍ നിന്നുള്ള കാര്യങ്ങള്‍ വച്ച് സുചിത്ര വ്യാജപ്രചാരണം നടത്തിയെന്നാണ് സിബി സിഐഡി സോഷ്യല്‍മീഡിയ പോസ്റ്റില്‍ ആരോപിച്ചത്. പൊലീസിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് വീഡിയോ എന്ന് ആരോപിക്കുന്നു. സുചിത്ര പറയുന്നതൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല എന്നാണ് തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി ജയകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
സമ്പര്‍ക്കത്തിലൂടെ രോഗപ്പകര്‍ച്ച. കോവിഡ് 19 രോഗവ്യാപനത്തില്‍ ആലപ്പുഴയിലെ സ്ഥിതി ഗുരുതരം. ഇന്നലെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 87 പേര്‍ക്ക്. അതില്‍ 47 കേസുകളം സമ്പര്‍ക്കത്തിലൂടെ കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച് ചികിത്സില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ആലപ്പുഴ ജില്ല. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതും ഉറവിടമില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നതുമാണ് ആലപ്പുഴ ജില്ലയെ ആശങ്കയിലാക്കുന്നത്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഗര്‍ഭിണിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് രോഗം പടര്‍ന്നതായിരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുമായും മുമ്പ് ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയുമായും സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഗര്‍ഭിണിയായ സ്ത്രീയ്ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്ന് ഇതേവരെ വ്യക്തമായിട്ടില്ല. മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടാവും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. താലൂക്ക് ആശുപത്രി അടച്ച് പൂട്ടാനായി നഗരസഭാ ചെയര്‍മാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചേര്‍ത്തല താലൂക്കിന് പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ചേര്‍ത്തല താലൂക്കില്‍ ഉറവിടം അറിയാത്ത ധാരാളം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്.
നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേല്‍, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്റര്‍ / കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ഇന്നലെ 47 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മൂന്നുപേര്‍. ഇവരുടെ ഭര്‍ത്താവിനോടൊപ്പം വള്ളത്തിലും ഹാര്‍ബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്നയിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകരായ 12 പേര്‍. കായംകുളത്തെ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒമ്പത് പേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗര്‍ഭിണിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ പട്ടികയിലുള്ള ഒരാള്‍ എന്നിങ്ങനെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍ നിരവധിയാണ്.
താമരക്കുളം പഞ്ചായത്തിലെ നൂറനാട് ഐടിബിപി ക്യാമ്പ്, കായംകുളം മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐടിബിടി ബറ്റാലിയനിലെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഐടിബിടി ബാരക്കിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കായംകുളം മാര്‍ക്കറ്റില്‍ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് മരിക്കുകയും ചെയ്തതോടെ ആ പ്രദശം മുഴുവന്‍ ഭീതിയിലാണ്. ഇയാളില്‍ നിന്ന് ചെറുകിട കട്ടവടക്കാരും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവരടക്കം പച്ചക്കറി വാങ്ങുകയും ചെയ്തിട്ടുള്ളതിനാല്‍ രോഗ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല.
ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാര കന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന്‌പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറ് പേര്‍ വരും. കായകുളം മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി കുറത്തിക്കാട് ഭാഗത്ത് മത്സ്യവില്‍പ്പന നടത്തുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേരുടേയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേരുടെ മൃദേഹങ്ങള്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച നിര്‍മ്മാണ തൊഴിലാളി ബാബുവിനും ചെന്നിത്തലില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരുടെയും ശവസംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും പോലീസുകാരും ഉള്‍പ്പെടെ നിരവധി പര്‍ നിരീക്ഷണത്തിലാണ്. മരിച്ച ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തല-തൃപ്പെരുംതുറ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി.
എന്നാല്‍ തീരദശത്തെ രോഗ വ്യാപനമാണ് ജില്ല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജില്ലയില്‍ പലയിടങ്ങളിലായി മത്സ്യബന്ധനം നടത്തുന്നവര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തീരദേശത്ത് രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. തീരപ്രദേശത്ത് രോഗവ്യാപനം ഉണ്ടായാല്‍ ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരും എന്നിരിക്കെ അത് തടയാനുള്ള നടപടികളാണ് ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളി മഖലയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ കടല്‍ത്തീര പ്രദശത്തും മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരുന്നു. പല പ്രദശങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉറവിടം കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ആളുകള്‍ ഒരുമിച്ച് മത്സ്യബന്ധനത്തിന് പോവുന്നതും പരസ്പരം സമ്പര്‍ക്കമുണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്തും മത്സ്യവിപണനത്തിനായി നിരവധി ആളുകള്‍ ഒന്നിച്ച് കൂടുന്നതിനാല്‍ രോഗ ബാധയ്ക്കും സാമൂഹ്യ വ്യാപനത്തിനും സാധ്യതയുള്ള സാഹചര്യം പരിഗണിച്ചുമാണ് ജില്ലാ ഭരണകൂടം ഇക്കാര്യം തരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്കോ ബന്ധുക്കള്‍ക്കോ ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. തീരനിവാസികള്‍ താമസിക്കുന്നയിടങ്ങളില്‍ പലപ്പോഴും സാമൂഹിക അകലം പാലിക്കുക ദുഷ്‌ക്കരമാണെന്നത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അധികൃതര്‍ പറയുന്നു. കടലാക്രമണമോ, വെള്ളം ഏറ്റമോ ഉണ്ടായാല്‍ നിരവധി പരെ മാറ്റിപ്പാര്‍പ്പിക്കണ്ടി വരുമെന്നതിനാല്‍ അത്തരം സാഹചര്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവക്കുന്നു.
സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റേയും നാലാം പ്രതി സന്ദീപ് നായരുടേയും അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി. ഇന്നലെ രാത്രി ബംഗളൂരുവിൽ നിന്നാണ് ഇരുവരേയും എൻഐഎ സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ചേക്കും. സ്വപ്നയുടേയും സന്ദീപിന്റേയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ബംഗളൂരു കോറമംഗല 7 ബ്ലോക്ക് അപ്പാർട്ട്മെന്റിലുണ്ടായിരുന്ന സ്വപ്ന സുരേഷിനെ ഇന്നലെ രാത്രി എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തലവൻ ഡി വൈ എസ് പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകീട്ട് ബംഗളൂരുവിലെത്തിയിരുന്നു. രാത്രി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
ബംഗളൂരുവില്‍ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരേയും ഇന്നലെ രാത്രിയാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണോ വിമാനമാര്‍ഗമാണോ ഇവരെ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല. കൊച്ചിയിലെത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും.
സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ പരിഗണനയിലിരിക്കെയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കിയതായി എൻഐഎ കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും എങ്ങനെ സംസ്ഥാനം വിടാൻ കഴിഞ്ഞു എന്നത് ദുരൂഹമായി തുടരുകയാണ്. ഇവർക്ക് പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വപ്‌ന ബംഗളൂരുവില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നുവെന്നും മകളുടെ ഫോണ്‍ ഓണായിരുന്നത് സ്വപ്നയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്‍ഐഎ സംഘം ഇത് നിഷേധിച്ചതായും കുടുംബം ഒപ്പമുണ്ടായിരുന്നില്ലെന്നുമുള്ള വിവരവും വരുന്നുണ്ട്. സന്ദീപ് നായരുടെ സഹോദരന്റെ ഫോണിലേയ്ക്ക് വന്ന രണ്ട് കോളുകള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ആരാണ് വിളിച്ചത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിന് അഭിഭാഷകനാണ് എന്നായിരുന്നു സഹോദരന്റെ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഈ നമ്പറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സന്ദീപിലേക്കെത്താന്‍ സഹായിച്ചത്.
ബംഗളൂരു: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ. ബംഗളൂരുവിൽനിന്നാണ് എൻഐഎ അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിനെ തുടർന്ന് ഇരുവരും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളൂരുവിലെ കോറമംഗലയിലെ ഹോട്ടലിൽ സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും മകളുമുണ്ടായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും ഞായറാഴ്ച രാവിലെ കൊച്ചിയിലെ എൻഐയെ അസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം. ഫോൺ ചോർത്തിയാണ് ഇവരെ എൻഐഎ കണ്ടെത്തിയത്. സ്വപ്നയുടെ മകളുടെ ഫോൺ ഉച്ചയ്ക്ക് ഓണായതാണ് നിർണായകമായത്.
ഇതിനിടെ സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാ പോലീസാണെന്നും ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളാണ് സന്ദീപും സ്വപ്നയും. കേസിൽ മുൻകൂർ ജാമ്യപേക്ഷയിൽ പ്രതികൾക്ക് അനുകൂലമായ വിധി വന്നാൽ പോലും എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം കസ്റ്റഡിയിലെടുക്കുന്നതിനു തടസം ഉണ്ടായിരുന്നില്ല.
കൊച്ചി : ടൂറിസ്‌റ്റ് വിസയില്‍ കൊച്ചിയിലെത്തിയ ബ്രിട്ടീഷ് വനിതയില്‍നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്കായി പോലീസ് തെരച്ചില്‍. ഡാന്‍ മേരി കെയ്‌ന്‍ (55) നല്‍കിയ പരാതിയിലാണ് അന്വേഷണം.
ടൂറിസ്‌റ്റ് വിസയില്‍ സ്‌ഥിരമായി കൊച്ചി സന്ദര്‍ശിക്കുന്ന വനിതയെ അവര്‍ താമസിക്കുന്ന ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്‌റ്റേയില്‍ ചെന്നു ഒരു സുഹൃത്ത് വഴി പരിചയപ്പെടുകയും ബന്ധം സ്‌ഥാപിക്കുകയും ചെയ്‌തശേഷമായിരുന്നു കബളിപ്പിക്കല്‍. ഹോം സ്‌റ്റേ ഉടമവഴിയാണ് ഇവര്‍ യൂറോപ്യന്‍ വനിതയുമായി അടുപ്പം സ്‌ഥാപിച്ചത്. തുടര്‍ന്നു കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലും മല്‍സ്യ വ്യവസായത്തിലും പങ്കാളിത്ത ബിസിനസ് നടത്താമെന്നു വാഗ്‌ദാനം നല്‍കി. ലാഭവിഹിതം പങ്കുവയ്‌ക്കാമെന്ന ധാരണയില്‍ നാല്‍പതുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
പള്ളുരുത്തി സ്വദേശി യഹിയ (45), ഭാര്യ ഷമീന യഹിയ എന്നിവര്‍ ബ്രിട്ടീഷ് വനിതയെ മല്‍സ്യ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് മുംബൈ ഉള്‍പ്പെടെ കൊണ്ടുപോയി പദ്ധതികള്‍ വിശദീകരിച്ചശേഷമാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. 2017 ഓഗസ്‌റ്റിലാണ് പണം കൈപ്പറ്റിയത്. എന്നാല്‍ നല്‍കിയ പണം ഒരു പദ്ധതിയും നിക്ഷേപിച്ചില്ലെന്ന് മനസിലാക്കിയ ഡാന്‍ മേരി പണം തിരികെ ആവശ്യപ്പെട്ടു. കിട്ടാതായപ്പോള്‍ പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടാകാതെവന്നപ്പോള്‍ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ യഹിയ പണം നല്‍കി ഒത്തുതീര്‍പ്പിന് തയാറാണെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി നിരസിക്കുകയായിരുന്നു.
മുംബൈ: നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്.
അമിതാഭ് ബച്ചനും തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം മുംബൈ നാനവതി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചതോടെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചന്‍ അറിയിച്ചത്. രണ്ടുപേരും നാനാവതി ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റു കുടുംബാംഗങ്ങളെയും ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ ഫലം പുറത്തുവന്നിട്ടില്ല.
അയർലൻഡ്: അയർലണ്ടിലെ ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന മലയാളി ജോണ്‍സണ്‍ ഡി ക്രൂസ് (53) നിര്യാതനായി. ബെല്‍ ഫ്രീയിലെ താമസക്കാരനായിരുന്ന ജോണ്‍സണ്‍ ട്രെഡ് മില്ലില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞെങ്കിൽ മാത്രമേ മരണകാരണം അറിയുവാൻ സാധിക്കൂ.
ട്രെഡ് മില്ലിനു സമീപം നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ജോണ്‍സനെ നിലത്തു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയത്. ജോണ്‍സന്റെ ഭാര്യ ഓസ്‌ട്രേലിയയിലാണ്. യൂ സി ഡിയില്‍ പഠിക്കുന്ന മകന്റെ പഠനവുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ അയര്‍ലണ്ടില്‍ തുടരുകയായിരുന്നു.
കൗണ്ടി ഗോള്‍വേയിലെ ട്യൂമില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച നിര്യാതനായ മട്ടാഞ്ചേരി സ്വദേശി താഴ് ശ്ശേരി ജോര്‍ജ് ജോസ് വര്‍ഗീസിന്റെ (ലിജു) സംസ്‌കാരം ഇന്നലെ ട്യൂമില്‍ നടത്തപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സമപ്രായക്കാരനായ ജോണ്‍സന്റെ മരണ വാര്‍ത്തയും എത്തിയത്. അയര്‍ലണ്ടില്‍ ഒരാഴ്ചക്കിടെ രണ്ട് മരണങ്ങൾ ഉണ്ടായത് അയർലൻഡ് പ്രവാസി മലയാളികളെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനമായിട്ടില്ല.