ബിഹാറിലെ ഭഗൽപൂർ എന്ന സ്ഥലത്ത് നിന്നുമാണ് ഈ വാർത്ത വരുന്നത്. പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ട് ഇവിടെ. മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ടെറസിൽ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്കോർപിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോൾ. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ പലരും ഹോട്ടലിൽ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാർക്ക് പോലും മനസ്സിലാകുന്നത്. പിന്നീട് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു. വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോൾ സാക്ഷാൽ മഹീന്ദ്ര മുതലാളി പോലും ഞെട്ടി.

ഇൻതസാർ ആലം എന്ന വ്യക്തിയുടെ ഹോട്ടൽ ആണ് ഇത്. സ്കോർപിയോ ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ച ജീവിതത്തിലെ ആദ്യത്തെ വണ്ടി. അതുകൊണ്ടുതന്നെ ആ വണ്ടിയോട് വൈകാരികമായ ഒരു അടുപ്പം കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ മോഡലിൽ ഒരു വാട്ടർടാങ്ക് പണികഴിപ്പിക്കുകയും അത് ഹോട്ടലിന് മുകളിൽ ഒത്ത നടുവിലായി സ്ഥാപിക്കുകയും ചെയ്തത്. ഇയാളുടെ ആദ്യത്തെ വണ്ടിയുടെ അതേ നമ്പർപ്ലേറ്റ് തന്നെയാണ് വാട്ടർ ടാങ്കും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇത്തരത്തിൽ ഒരു ആശയം ഇദ്ദേഹത്തിന് നൽകിയത്. ഒരിക്കൽ ആഗ്രയിൽ പോയപ്പോൾ സമാനമായ ഒരു ആശയം അവിടെ കണ്ടതിനുശേഷമാണ് ഭാര്യ ഈ കാര്യം ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ മുൻകൈയെടുത്തത് ഭർത്താവ് തന്നെ. കുടുംബത്തിനു മുഴുവൻ വൈകാരികമായി അടുപ്പമുള്ള ഒരു വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ആഗ്രയിൽ നിന്നും തൊഴിലാളികൾ എത്തിയാണ് ഈ വാട്ടർടാങ്ക് പണികഴിപ്പിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഈ വാട്ടർടാങ്ക് നിർമിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചിലവാക്കിയ തുക.

എന്നാൽ ഇപ്പോൾ ഏറ്റവും രസകരമായ വാർത്ത ഇതൊന്നുമല്ല. വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നതോടെ എല്ലാരും ഇയാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഈ വിവരം സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ അറിഞ്ഞു. ഇത്തരത്തിൽ ഒരു ആശയം നടപ്പാക്കിയതിന് ഇന്തസാറിന് ഒരു സലാം നൽകുകയുംചെയ്തു ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്കോർപിയോ എന്ന വണ്ടിയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം കൂടി ട്വിറ്ററിൽ ഈ വാർത്ത ഷെയർ ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം.