Latest News

തിരുവനംന്തപുരം. സ്വപ്ന സുരേഷ് തിരുവനംന്തപുരം ജില്ലയിലെ പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയതായി പുതിയ വെളിപ്പെടുത്തലുകള്‍. മറ്റൊരു വനിതയോടൊപ്പം കാറില്‍ കടന്നുപോവുകയും മങ്കയത്തിലേക്കുള്ള വഴി ചോദിച്ചതായും സമീപവാസികളിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
സ്വപ്ന സഞ്ചരിച്ചു എന്നു പറയുന്ന കാര്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങളുമുണ്ട്. എന്നാല്‍ മങ്കയത്ത് സ്വപ്ന എത്തിയതായി പോലീസ് സ്ഥിതീകരിച്ചിട്ടില്ല. കേരള പൊലീസ് സ്വപ്നയെ പിടികൂടി കസ്റ്റംസിന് നല്‍കേണ്ട നിര്‍ദ്ദേശമാണ് ഉന്നത തലത്തില്‍ നിന്ന് പോലീസിന് ലഭിച്ചിരിക്കുന്നത്.
സ്വപ്നയുടെ ഒളിയിടം സംബന്ധിച്ച് സംസ്ഥാന ഇന്റിലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചെങ്കിലും കസ്റ്റംസ് അവശ്യപ്പെട്ടാല്‍ നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്. കേരള സര്‍ക്കാര്‍ കസ്റ്റംസിനോട് സഹകരിക്കുന്നില്ല എന്ന ആക്ഷേപമാണിപ്പോള്‍ ഉയരുന്നത്. കേരള പൊലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് കസ്റ്റംസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വീണ്ടും നഴ്സുമാർ യുകെയിൽ എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ സംഘമാണ് ഇന്നലെ വൈകുന്നേരം യുകെയിൽ വിമാനമിറങ്ങിയത്. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന യുകെ റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നുള്ള ആശ്വാസ വാർത്തകൾ ആണ് ഈ കോവിഡ് സാഹചര്യത്തിലും നമ്മുടെ മാലാഖമാർക്ക് അല്പം സന്തോഷത്തിന് വക നൽകുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാരണം മാർച്ച്‌ 22 ന് ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യുകെ റിക്രൂട്ട്മെന്റുകൾ താത്കാലികമായി നിർത്തലാക്കിയിരുന്നു. ഇത് നൂറു കണക്കിന് വിസ അടിച്ച നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു വിലങ്ങു തടി ആയി മാറുകയായിരുന്നു. ഇതേ തുടർന്ന് എല്ലാ നഴ്‌സുമാരുടെയും ഒരു മാസത്തിനുള്ളിൽ യുകെയിൽ എത്തുവാൻ ലഭിച്ചിരുന്ന വിസയുടെ കാലാവധി കഴിഞ്ഞത് കാര്യങ്ങൾ വീണ്ടും വഷളാക്കി. കേരളത്തിനു പുറത്തും പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന പല നേഴ്‌സുമാരും യുകെയിൽ പോകുന്നതിനു മുന്നോടിയായി നാട്ടിലെത്തിയിരുന്നു എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവരാണ് നല്ലൊരു ശതമാനം നഴ്സുമാരും.

കേരളത്തിലെ യുകെ വിസ ഓഫീസുകൾ ഈ ആഴ്ച തുറന്നിരുന്നെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും എന്നാൽ യുകെയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിയന്ത്രണം ഏർപ്പെടുത്തും എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നഴ്സുമാരെ വളരെയധികം ആശങ്കയിലാക്കിയിരുന്നു. യുകെ റിക്രൂട്ട്മെന്റുകൾ ഇനി എന്ന് പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് അറിയാതെ ആശങ്കയിൽ നിന്നിരുന്ന സാഹചര്യത്തിലാണ് ആശ്വാസകമായ ഈ വാർത്ത വരുന്നത്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെങ്കിലും വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി യുകെയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലായിട്ടാണ് നഴ്സുമാർ യുകെയിൽ ഇന്നലെ എത്തിയത്. തിരുവനന്തപുരം, കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലും അവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ നഴ്സുമാർ വിമാനമിറങ്ങി.

ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ , റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലാണ് ഈ നഴ്സുമാർ ജോലി ആരംഭിക്കുന്നത്. യുകെ ഗവൺമെന്റിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് യുകെയിൽ എത്തുന്ന എല്ലാവരും പതിനാലുദിവസം ക്വാറന്‍റൈന്‍ ചെയ്യണം എന്നുള്ള കർശന നിയമം ഉള്ളതിനാൽ , അതിനു ശേഷം മാത്രം ആയിരിക്കും അവർ ജോലി ആരംഭിക്കുന്നത്. യുകെയിൽ ജോലിക്കായി കാത്തിരുന്ന ആയിരകണക്കിന് നഴ്സുമാർക്ക് ഈ കോവിഡ് കാലത്ത് പ്രതീക്ഷയേകുന്ന ഒരു വാർത്തകൂടിയാണിത്.

കാൺപൂർ: ഒരു സിനിമാ കഥപോലെ ഉദ്യോഗം ജനിപ്പിക്കുന്നതാണ് വികാസ് ദുബെയുടെ ജീവിതം. സ്വന്തമായി അംഗരക്ഷകരുടെ സംഘവും കൊടിയുടെ വ്യത്യാസമില്ലാതെ രാഷ്ട്രീയ സ്വാധീനങ്ങളും ദുബെയെ കൊടുംകുറ്റവാളിയാക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഉത്തർ പ്രദേശ് പോലീസിന്റെ വെടിയേറ്റ് ദുബെ കൊല്ലപ്പെടുന്നത്.

ദുബെയെ പിടികൂടാനായി പുറപ്പെട്ട പോലീസ് സംഘത്തിലെ എട്ട് പേരെ വെടിവച്ചു കൊന്നതോടെയാണ് അമ്പതുകാരനായ ദുബെ വാർത്തകളിൽ നിറയുന്നത്. വികാസ് ദുബെയുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ മന്ത്രിയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രവും ഭാര്യ റിച്ച ദുബെ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വോട്ട് അഭ്യാർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററും ഇതിൽ ഉൾപ്പെടും. നിലവിൽ പ്രതിപക്ഷത്തുള്ള രണ്ട് നേതാക്കളുടെ ഫോട്ടോയും ഈ പോസ്റ്ററിൽ കാണാം.

ദുബെയുടെ അമ്മ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ദുബെ ഇപ്പോൾ ബി.ജെ.പിയ്ക്ക് ഒപ്പമല്ല സമാജ്വാദി പാർട്ടിയ്ക്കൊപ്പമാണെന്നായിരുന്നു അമ്മ സർള ദേവിയുടെ വെളിപ്പെടുത്തൽ. എന്നാൽ സമാജ്വാദി പാർട്ടി വക്താവ് ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി

2000-ത്തിൽ സില പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദുബെ വിജയിച്ചു. കൊലക്കേസിൽ അറസ്ററ് ചെയ്യപ്പെട്ട ദുബെ ജയിലിൽ കിടന്നാണ് മത്സരിച്ചത്.

2001-ൽ ശിവ്ലി പോലീസ് സ്റ്റേഷനിൽ വെച്ച് ബി.ജെ.പി. നേതാവായ സന്തോഷ് ശുക്ലയെ വെടിവച്ചു കൊന്ന കേസിലെ പ്രധാന പ്രതിയാണ് ദുബെ. അറുപതോളം കേസുകളാണ് ദുബെയുടെ പേരിലുള്ളത്. നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ദുബെയ്ക്ക് ജാമ്യം ലഭിച്ചു. ജയിലിൽ വെച്ചു പോലും ദുബെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുപോലും ദുബെയ്ക്ക് അകമഴിഞ്ഞ് സഹായം ലഭിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ ചോർത്തി നൽകിയതിനെ തുടർന്നാണ് ദുബെ പോലീസിന്റെ നീക്കം കൃത്യമായി അറിഞ്ഞതും രണ്ട് പോലീസുകാർ കൊല്ലപ്പെട്ടതും. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു.

കാൺപൂർ വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട ദുബെയെ ആറ് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടെയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞെത്തിയ ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.

അറസ്റ്റിന് ശേഷം വികാസ് ദുബെയുമായി സഞ്ചരിച്ചു കാർ അപകടത്തിൽ പെടുകയും ഈ സമയം പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ദുബെ കൊല്ലപ്പെട്ടെങ്കിലും വിവാദങ്ങൾ അവസാനിക്കുന്നില്ല

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.

സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.

ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും യു.എ.ഇ. കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹര്‍ജിയില്‍ സ്വപ്നയുടെ വാദം. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോണ്‍സുലേറ്റിന്റെമേല്‍ കുറ്റങ്ങള്‍ ചാരാനുള്ള നീക്കം നടത്തുന്നത്. കോണ്‍സുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍പോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോണ്‍സല്‍ ജനറല്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുകമാത്രമാണ് താന്‍ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കസ്റ്റംസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയാണ് സ്വപ്ന. തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരത്തും മറ്റുമായി കസ്റ്റംസ് തിരച്ചില്‍ വ്യാപകമാക്കിയെങ്കിലും സ്വപ്നയുടെ ഒളിത്താവളം സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ കസ്റ്റംസ് ലഭിച്ചിട്ടില്ല.

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വിയുടെ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു.

ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോരാ, പോലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ ആരോപണങ്ങളേത്തുടര്‍ന്നാണു മുതിര്‍ന്നനേതാവ് എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ സി.പി.എം. തീരുമാനിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലായിരുന്നു അതുവരെ മുഖ്യമന്ത്രിയുടെ ഓഫീസ്. പോലീസിന്റെ പേരിലാണു സര്‍ക്കാര്‍ അക്കാലത്തു പ്രധാനമായും പഴി കേട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രണം ജയരാജന്‍ ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഏറെക്കുറേ നിയന്ത്രണത്തിലായി. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതും അഴിമതിക്കെതിരേ കാര്യമായ നീക്കങ്ങളുണ്ടായതും ആയിടയ്ക്കാണ്. എന്നാല്‍ പാര്‍ട്ടിയിലെ വ്യക്തിപൂജാവിവാദമടക്കമുള്ള പ്രശ്‌നങ്ങളേത്തുടര്‍ന്ന് പി. ജയരാജനു പകരം, എം.വിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടിവന്നതോടെ എല്ലാം പഴയപടിയായി.

ജയരാജനു മുമ്പ്, എം. ശിവശങ്കറായിരുന്നു ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി പദവിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി.പി.എം. സംസ്ഥാനസമിതിയംഗം പുത്തലത്ത് ദിനേശനുണ്ടെങ്കിലും ശക്തമായ ഇടപെടലുകള്‍ സാധിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ.എന്‍. ബാലഗോപാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും എസ്. രാജേന്ദ്രന്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

ഇ.കെ. നായനാരുടെ കാലത്തു പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇ.എന്‍. മുരളീധരന്‍ നായര്‍ പ്രൈവറ്റ് സെക്രട്ടറിയും. നിലവില്‍ പാര്‍ട്ടിയുടെ പിടിയയഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.വി. ജയരാജന്‍ കണ്ണൂരിലേക്കു മടങ്ങിയപ്പോള്‍ പി. ശശി വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലക്കാരനാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

മുമ്പ് പലതവണ വെളിപ്പെടുത്തിയ കാര്യമാണെങ്കിലും വീണ്ടും ദിലീപിന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. വിവാഹമോചനവും വീണ്ടും വിവാഹം ചെയ്തതും മകളെ കുറിച്ചുമെല്ലാം ദിലീപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞിരിക്കുന്നത്.

മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും കാവ്യ കാരണമല്ല വിവാഹമോചനം നേടിയതെന്നും ദിലീപ് പറഞ്ഞു. ”കാവ്യ കാരണമാണ് വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു”- ദിലീപ് പറയുന്നു.

രണ്ടാം വിവാഹത്തിലേക്ക് എത്തിച്ചേർന്ന സാഹചര്യവും താരം വിശദീകരിക്കുന്നുണ്ട്. വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ വർധിച്ചു. ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നു.

ഇതിനിടെ, കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം ഞാനാണെന്നും ആ സമയത്ത് വാർത്തകൾ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കും സമ്മതമായിരുന്നു. എന്നാൽ കാവ്യയുടെ വീട്ടിൽ സമ്മതമായിരുന്നില്ല. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്. ഒടുവിൽ എല്ലാരും മുൻകൈയ്യെടുത്ത് കല്യാണം നടത്തിയെന്നും ദിലീപ് വിശദീകരിക്കുന്നു.

മകൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ആളാണ്. അത്രയും വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹം നടന്നത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.

കൊല്ലം അഞ്ചലില്‍ ഉത്രയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ ജീവിതം ദയനീയാവസ്ഥയിലായിരിക്കുകയാണെന്ന് തുറന്നുപറയുകയാണ് സൂരജിന്റെ അമ്മ രേണുക. സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സൂരജാണ് ഉത്രയെ കൊപ്പെടുത്തിയത്. എന്നാല്‍ പലപ്പോഴും മകന്റെ ഭാഗത്ത് തെറ്റില്ല എന്ന രീതിയില്‍ ന്യായീകരിക്കുകയാണ് സൂരജിന്റെ അമ്മ രേണുക ചെയ്തത്.

എന്നാല്‍ എല്ലാ തെളിവുകളും സൂരജിനെതിരെ വന്നതോടെ മകന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ ഇനി രേണുകയ്ക്കു ആവില്ല. തെറ്റ് ചെയ്തു എങ്കില്‍ സൂരജും കുടുംബവും ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് അടൂര്‍ പറക്കോട് ജനങ്ങളും പറയുന്നത്. തങ്ങള്‍ക്കു ഇങ്ങനെ ഒരു അഭിപ്രായം ഈ കുടുംബത്തെ പറ്റി ഉണ്ടായിരുന്നില്ല. നല്ല കുടുംബം എന്ന് കരുതി എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷം ഞങ്ങളുടെ നാടിനെ തന്നെ ലജ്ജാവഹമായ ഒരു സംഭവം ആയിപ്പോയി എന്ന് അവര്‍ പറയുന്നു.

സുരേന്ദ്രപണിക്കരും സുരജും ജയിലിനുള്ളില്‍ ആയതോടെ സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും തനിച്ചാണ് വീട്ടില്‍. സഹായിക്കാന്‍ ആരുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും പുറത്തിറങ്ങാന്‍ വയ്യ കടകളിലേക്ക് പോകാന്‍ വയ്യ ആളുകള്‍ തിരിച്ചറിയുന്നു, കുറ്റപ്പെടുത്തുന്നുവെന്ന് പറയുകയാണ് രേണുക.

എല്ലാവരുടെയും നോട്ടം തങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അപമാനം ഭീതിയിലാണ് താങ്കള്‍ ജീവിക്കുന്നത്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും വാക്കുകളും നോട്ടങ്ങളും തങ്ങളെ തളര്‍ത്തുകയാണ്. മാനസികമായി ഏറെ തളര്‍ന്ന അവസ്ഥയിലാണ് താനും മകളും ജീവിക്കുന്നത് എന്നും രേണുക പറയുന്നു.

സംഭവത്തിന് പിന്നാലെ രേണുകയെയും കുടുംബത്തെയും ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും എല്ലാം ഉപേക്ഷിച്ച നിലയിലാണ്. കടയിലേക്ക് ഒരു സാധനം വാങ്ങാന്‍ പോകാന്‍ പോലും പേടിയാണ്.ആരും തങ്ങള്‍ക്ക് സഹായത്തിനായി എത്തുന്നില്ലെന്നും എല്ലാവര്‍ക്കും തങ്ങളോട് സംസാരിക്കാന്‍ പോലും ഭയമാണ് എന്നും രേണുക പറയുന്നു.

കായലില്‍ ചാടിയ യുവതിയെ സിവില്‍ പോലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോ-റോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.

ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍ നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്‍ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്‌പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി.

ശക്തമായ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതി മുങ്ങിത്താഴ്ന്നു. ഈ സമയം സിവില്‍ പോലീസ് ഓഫീസറായ ലവന്‍ അഴിമുഖത്തേക്ക് എടുത്തു ചാടി യുവതിയുടെ മുടിയില്‍ പിടിച്ചു. ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു.ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

യുവതിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഉദ്യോഗസ്ഥന്റെ മനഃസാന്നിധ്യമാണ് ശക്തമായ ഒഴുക്കുള്ള മേഖലയായ ഈ ഭാഗത്ത് നിന്നും യുവതിയെ രക്ഷപെടുത്തിയത്. ശക്തമായ ഒഴുക്കുള്ള മേഖലയാണിത്. വെള്ളത്തില്‍ വീണാല്‍ രക്ഷപ്പെടുത്തുക എളുപ്പമല്ല. കുത്തിയതോട് സ്വദേശിയാണ് ലെവന്‍.

അനിയത്തിപ്രാവ് എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. പ്രണയകഥ പറയുന്ന ചിത്രം വന്‍ ഹിറ്റായി മാറിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് തന്നെ വാര്‍ത്തകള്‍ ഉയര്‍ന്നു.

പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചെത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന ശാലിനിയും കുഞ്ചാക്കോ ബോബനും ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു മലയാളികളുടെ ആഗ്രഹം. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു എന്നാണ് ശാലിനി തുറന്ന് പറഞ്ഞത്.

ചാക്കോച്ചനെ താന്‍ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും എന്തും തുറന്നുപറയാന്‍ പറ്റിയ നല്ല ഒരു കൂ്ട്ടുകാരന്‍ മാത്രമായിരുന്നു എന്നായിരുന്നു വിവാഹവാര്‍ത്തകളോടുള്ള ശാലിനിയുടെ പ്രതികരണം. എന്നാല്‍ ചാക്കോച്ചനോട് ഒരാള്‍ക്ക് കടുത്ത പ്രണയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ശാലിനി ഇപ്പോള്‍.

തന്റെ കൂട്ടുകാരികള്‍ക്ക് ചാക്കോച്ചനെ ഏറെ ഇഷ്ടമായിരുന്നു എന്നും. അതിലൊരാള്‍ക്ക് ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നുവെന്നും അവളുടെ പ്രണയം ചാക്കോച്ചനെ അറിയിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ശാലിനി തുറന്നു പറഞ്ഞു.

പക്ഷേ താന്‍ ഇക്കാര്യം ചാക്കോച്ചനെ അറിയിച്ചിരുന്നില്ല. ഒരുപക്ഷേ ഇത് ചാക്കോച്ചന്‍ അറിഞ്ഞാല്‍ അത് തങ്ങളുടെ സൗഹൃദത്തെ ബാധിക്കുമോയെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ട് ആ പ്രണയം തുറന്നുപറയാന്‍ തന്റെ മനസ്സനുവദിച്ചില്ലെന്നും ശാലിനി വ്യക്തമാക്കി.

ചാക്കോച്ചന്‍ ശാലിനി താരജോഡികളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പ്രണയിച്ചുവിവാഹം കഴിക്കുമെന്ന് വിചാരിച്ചിരുന്ന ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തി ശാലിനി അജിത്തിനെയും ചാക്കോച്ചന്‍ പ്രിയയെയും വിവാഹം ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ദേവികയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. അതേസമയം
ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിനു (30) രോഗമില്ല.

ചൊവ്വാഴ്ചയാണ് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിതിന്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ദേവിക കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും. ഇവര്‍ നാലു മാസമായി ചെന്നിത്തല മഹാത്മ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ജിതിന്‍.

പ്രായപൂര്‍ത്തിയാകും മുന്നേ ദേവിക ദാസ് ജിതിനോടൊപ്പം പോയതിന് ജിതിനെതിരെ പോലീസ് പോക്‌സോ കേസ് എടുത്തിട്ടുണ്ട്. പിന്നീട് ദേവിക ആലപ്പുഴ മഹിളാ മന്ദിരത്തില്‍ താമസിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു. ജിതിന്‍ ജോലിക്ക് എത്താത്തതിനാല്‍ അന്വേഷിച്ചെത്തിയ പെയിന്റിങ് കരാറുകാരനാണു മൃതദേഹങ്ങള്‍ കണ്ടത്.

സംഭവ സ്ഥലത്ത് നിന്ന് രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നു. ജീവിത നൈരാശ്യത്തെപ്പറ്റിയും സാമ്പത്തിക പ്രശ്‌നങ്ങളെപ്പറ്റിയുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം ദേവികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസ് ഉദ്യോഗസ്ഥരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒയും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved