Latest News

‘ഈശ്വരനിലും എന്ന പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരിലും എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന പ്രിയപ്പെട്ടവരിലും മാത്രം വിശ്വാസമര്‍പ്പിച്ചാണ് ഞാന്‍ ഐസി.യുവില്‍ കഴിഞ്ഞത്…”- കോവിഡ് രോഗമുക്തയായി ആശുപത്രി വിട്ടതിന് പിന്നാലെ സിനിമാ സീരിയല്‍ താരം സീമ ജി നായര്‍ പറയുന്നു.

സെപ്റ്റംബര്‍ 4-ാംതീയതി ഞാന്‍ കാലടിയില്‍ ഒരു വര്‍ക്കിന് പോയിരുന്നു അവിടെ വച്ചാണ് രോഗം പിടികൂടിയതെന്നു തോന്നുന്നുവെന്ന് സീമ പറഞ്ഞു. 8ാം തീയതി ചെറിയ ചുമ തുടങ്ങി. 9 നു രാത്രി ഷൂട്ടിന് വേണ്ടി തിരികെ ചെന്നൈയിലേക്കു പോയി. 10-ാം തീയതി ഷൂട്ടില്‍ ജോയിന്‍ ചെയ്തു. 11ാം തീയതി ശരീരത്തിനു ചെറിയ അസ്വസ്ഥത തോന്നി.

എങ്ങനെയെങ്കിലും ഹോസ്പിറ്റലില്‍ കൊണ്ടു പോകണം എന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. അവര്‍ എന്നെ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തിരികെ റൂമിലെത്തിയിട്ടും ആരോഗ്യ സ്ഥിതി മോശമായിരുന്നു. എനിക്കെത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി എന്നായി.

ഈ അവസ്ഥയില്‍ ചെന്നൈയില്‍ താമസിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നല്‍. എത്രയും വേഗം നാട്ടില്‍ എത്തണമെന്ന് ഞാന്‍ വാശി പിടിച്ചു. ആദ്യം വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സി.എസ്.ആര്‍ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു.

അതോടെ കാര്യങ്ങള്‍ക്ക് വേഗത്തിലായി. എറണാകുളത്തെ കോവിഡ് ചികിത്സയുടെ ചാര്‍ജുള്ള ഡോ. അതുലിനെ വിളിച്ചു സംസാരിക്കുന്നു. അങ്ങനെ ചെന്നൈയില്‍ നിന്നു കൊച്ചിയിലേക്കു മടങ്ങിയെന്ന് സീമ ജി നായര്‍ പറയുന്നു. 4ാം തീയതി രാത്രി മുതല്‍ 25ാം തീയതി വരെ കളമശേരി മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിഞ്ഞു.

കളമശേരിയില്‍ അഡ്മിറ്റ് ആയ ശേഷമാണ് കോവിഡ് പോസീറ്റീവ് ആണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഷുഗര്‍ കൂടിയെന്നും മനസ്സിലായത്. 14ാം തീയതി രാത്രി മുതല്‍ ഓക്‌സിജന്‍ ലെവലും കുറഞ്ഞു തുടങ്ങി. ആര്‍.എം.ഒ ഗണേഷ് മോഹന്‍ സാറിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നോക്കിയത്.

ചെന്നൈയില്‍ വച്ചും എറണാകുളത്തെ ആദ്യത്തെ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു. പക്ഷേ, ഡോക്ടര്‍ അതുല്‍ ഒരു ടെസ്റ്റ് കൂടി നടത്താം എന്നു പറഞ്ഞു. അങ്ങനെയാണ് 14ാം തീയതി രാത്രി പരിശോധനയ്ക്കായി കളമശേരിയില്‍ എത്തിയതെന്നും സീമ കൂട്ടിച്ചേര്‍ത്തു.

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ മോന് ആരുണ്ട് എന്നതായിരുന്നു അപ്പോള്‍ എന്റെ ചിന്ത. ദീപക് ദേവും ഹൈബി ഈഡനും എന്നെ വിളിച്ച് ഒപ്പമുണ്ടാകും എന്നു ധൈര്യം തന്നു. ഐ.സി.യുവിലേക്ക് മാറ്റിയ ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. പക്ഷേ ന്യുമോണിയയും ഷുഗറും കൂടി ആയപ്പോള്‍ തകര്‍ന്നു പോയിരുന്നുവെന്നും താരം പറഞ്ഞു.

ആത്മവിശ്വാസം നഷ്ടപ്പെട്ടു. ടെന്‍ഷന്‍ കൂടി. ആരുമായും സംസാരിക്കാന്‍ പറ്റില്ല, മെസേജ് അയക്കാന്‍ പറ്റില്ല. ആകെ ഒറ്റപ്പെട്ടു. അതിനു ശേഷം ഞാന്‍ ദൈവത്തില്‍ മാത്രം മനസ്സര്‍പ്പിച്ച് യൂട്യൂബില്‍ മോട്ടിവേഷന്‍ വിഡിയോസ് കണ്ടു കൊണ്ടിരുന്നു. പതിയെപ്പതിയെ ഞാന്‍ തിരികെ വന്നു. കോവിഡ് നെഗറ്റീവ് ആയെന്നു അറിഞ്ഞ ദിവസം ജീവിതത്തില്‍ രണ്ടാം ജന്‍മം കിട്ടിയ പോലെയായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സീമ കൂട്ടിച്ചേര്‍ത്തു.

കൊച്ചി ∙ 2 പ്രമുഖ നടൻമാർ കോവിഡിനു മുൻപുള്ള കാലത്തെക്കാൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ അവരെ കേന്ദ്ര കഥാപാത്രമാക്കി ആസൂത്രണം ചെയ്ത 2 പുതിയ സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. പുതിയ ചിത്രങ്ങളുടെ ചെലവുകൾ പരിശോധിക്കുന്നതിനായി ഉപസമിതിയെയും നിയോഗിച്ചു.

ജിഎസ്ടിക്കു പുറമേ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കാതെ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടതില്ലെന്നും അസോസിയേഷൻ നിർവാഹക സമിതി യോഗം തീരുമാനിച്ചു.

മോഹൻലാലിന്റെ ‘ദൃശ്യം 2’ ഉൾപ്പെടെ 11 പുതിയ ചിത്രങ്ങളുടെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണു നിർവാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തിനു മുൻപു ചെയ്ത സിനിമയിൽ ലഭിച്ചതിനെക്കാൾ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണു മോഹൻലാൽ ദൃശ്യം 2ൽ അഭിനയിക്കുന്നത്. പക്ഷെ മോഹൻലാൽ പ്രതിഫലം പകുതിയാക്കി എന്ന വാർത്തയോടൊപ്പം തന്നെ അത് തനിക്കു കൂടി പങ്കാളിത്തമുള്ള സ്വന്തം സിനിമാ കമ്പനിക്ക് വേണ്ടിയാണെന്ന ആക്ഷേപവും ശക്തമാണ്

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം നിർമാതാക്കളുടെ സംഘടനയുടെ അഭ്യർഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാൻ തയാറായപ്പോൾ മറ്റു 2 നടൻമാർ പഴയതിനെക്കാൾ കൂടിയ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണു യോഗം വിലയിരുത്തിയത്.

45 ലക്ഷം രൂപ വാങ്ങിയിരുന്ന നടൻ 50 ലക്ഷവും 75 ലക്ഷം വാങ്ങിയിരുന്ന നടൻ ഒരു കോടിയും പ്രതിഫലം ചോദിച്ചതായാണു യോഗം കണ്ടെത്തിയത്. തുടർന്ന് 2 ചിത്രങ്ങളുടെയും നിർമാതാക്കൾക്കു കത്ത് അയയ്ക്കാനും തീരുമാനിച്ചു.

യൂട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകളിൽ ഒരാളായ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിന് എതിരെ വ്യക്തിയധിക്ഷേപവുമായി പിസി ജോർജ്ജ് എംഎൽഎ. ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ പിസി ജോർജ്ജ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചതിങ്ങനെ.

വീട്ടിലെ പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോർജ്ജ് ചോദിച്ചു.

യൂട്യൂബർ വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര കുഴപ്പമില്ലായിരുന്നു. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോർജ്ജ് ചാനൽ ചർച്ചയിൽ ചോദിച്ചു.

്അതേസമയം, ശ്രീലക്ഷ്മി അറയ്ക്കലിന് പൂർണ്ണപിന്തുണയുമായി അവരുടെ അമ്മ ഉഷകുമാരി അറയ്ക്കൽ രംഗത്തെത്തി. മകളെ കുറിച്ചോർത്ത് അഭിമാനം മാത്രമേയുള്ളൂവെന്നും വിജയ് പി നായരോട് പ്രതികരിച്ച രീതി ശരിയായിരുന്നെന്നും ശ്രീലക്ഷ്മിയുടെ അമ്മ പ്രതികരിച്ചു.

ഹഥ്രാസിൽ മരിച്ച ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും കരുതൽ കസ്റ്റയിലിലെടുത്തതായി യുപി പോലീസ് പറഞ്ഞു.

ഹഥ്രാസിലേക്ക് യാത്ര തിരിച്ച തങ്ങളോട് പോലീസ് പെരുമാറുന്നത് ദാക്ഷിണ്യമില്ലാതെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്രാമധ്യേ പോലീസുകാർ തങ്ങളോട് ക്രൂരമായി പെരുമാറിയതായും ലാത്തിച്ചാർജ്ജ് നടത്തിയതായും രാഹുൽ പറഞ്ഞു. പോലീസുകാർ തന്നെ തള്ളി നിലത്തിട്ടെന്നും ലാത്തിച്ചാർജ്ജ് നടത്തിയെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.

‘ഇപ്പോൾ പൊലീസുകാർ എന്നെ തള്ളിമാറ്റി. ലാത്തിചാർജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോഡി ജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാൻ കഴിയുകയുള്ളൂ എന്നാണോ, സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാൻ കഴിയില്ലേ, ഞങ്ങളുടെ വാഹനം തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ നടക്കാൻ തീരുമാനിച്ചത്. ഹാഥ്രാസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിപ്പോകില്ല’-രാഹുൽ പറഞ്ഞു. കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുൻപായിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം, ഹഥ്രാസിൽ ബലാത്സംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാനായി തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലീസ് യമുന എക്‌സ്പ്രസ് ഹൈവേയിൽ തടഞ്ഞിരുന്നു. പിന്നീട് നടന്നിട്ടാണെങ്കിലും ഹഥ്രാസിൽ എത്തുമെന്ന് ചൂണ്ടിക്കാണിച്ച് പ്രവർത്തകർക്കൊപ്പം ഇരുവരും നടക്കാൻ തീരുമാനിക്കുകയായിരുന്നു.

യുപിയിലൊട്ടാകെ തന്നെ യോഗി സർക്കാർ വലിയ രീതിയിലുള്ള പ്രതിരോധം തീർത്തിരിക്കുകയാണ്. ഹഥ്രാസ് ജില്ലയിൽ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങൾ അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി എംപി മത്സരിച്ചേക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്ന് കേന്ദ്ര നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് സീറ്റുകളില്‍ കടുത്ത മത്സരമുണ്ടാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശം. കുമ്മനം രാജശേഖരനെ നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി ആലോചിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ സിപിഎം വികെ പ്രശാന്തിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് യുവ വനിതാ നേതാക്കളെയാണ് പരഗണിക്കുന്നതെന്നാണ് സൂചന. കടുത്ത മത്സരം ഉണ്ടാവുകയാണെങ്കില്‍ യുവനേതാക്കളെ ഇറക്കിയാല്‍ വിജയ സാധ്യതയുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. മഞ്ചേശ്വരവും നേമവും വട്ടിയൂര്‍ക്കാവിലുമായിരുന്നു ബിജെപിക്ക് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ മഞ്ചേശ്വരത്ത് വിജയ സാധ്യത മങ്ങിയിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ പുതിയ വിലയിരുത്തല്‍.

എസ്പിബിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി വിജയ് നേരിട്ടെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു താരമെത്തിയത്. ഗായകനായി മാത്രമല്ല അഭിനേതാവായും എസ്പിബി എത്തിയിരുന്നു. വിജയ് യുടെ പിതാവായും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് എസ്പിബിക്ക്. എസ്പിബിയുടെ മകനായ എസ്പി ചരണിന് അരികില്‍ നില്‍ക്കുന്ന വിജയ് യുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അജിത്ത് എസ്പിബിയെ കാണാനെത്തിയില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്.

ചരണും അജിത്തും സുഹൃത്തുക്കളാണ്. സഹപാഠികളുമാണ് ഇരുവരും. ചരണിന്റെ ഷര്‍ട്ടും ഷൂവുമൊക്കെ അജിത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. താന്‍ നിര്‍മ്മിച്ച തെലുങ്ക് ചിത്രത്തിലൂടെയാണ് അജിത്ത് അഭിനയ രംഗത്ത് തുടക്കമിട്ടതെന്നായിരുന്നു മുമ്പ് എസ്പിബി പറഞ്ഞത്. എസ്പിബിയും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നിട്ടും അജിത്ത് എന്താണ് വരാതിരുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ വ്യാപകമായതോടെയായിരുന്നു മറുപടിയുമായി ചരണ്‍ എത്തിയത്.

അജിത്ത് വന്നിരുന്നോയെന്നും വിളിച്ചിരുന്നോയെന്നും നിങ്ങള്‍ അറിയേണ്ട കാര്യമില്ല. അജിത് കുമാര്‍ എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ്. പിതാവുമായും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. എന്റെ പിതാവിന്റെ വിയോഗത്തില്‍ കുടുംബത്തിനൊപ്പമിരുന്ന് വീട്ടില്‍ വിലപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യട്ടെ. അജിത് വന്നിരുന്നോയെന്നുള്ളതല്ല ഇപ്പോഴത്തെ പ്രശ്‌നം. ഞങ്ങള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു, ആരാധകര്‍ക്ക് അവരുടെ പ്രിയഗായകനെ നഷ്ടമായി, അജിത് എന്ത് ചെയ്തുവെന്നല്ല ഇപ്പോള്‍ സംസാരിക്കേണ്ടത്. ഈ വലിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയം നല്‍കുകയെന്നുമായിരുന്നു ചരണ്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ജന്മനാ കാലിനുള്ള വൈകല്യം മാറ്റാനായി ചികിത്സയ്ക്ക് വിധേയയായ ഏഴുവയസുകാരി മരിച്ച സംഭവം വിവാദമാകുന്നതിനിടെ കുട്ടിയെ ചികിത്സിച്ച ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കൈഞരമ്പ് മുറിച്ച് ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മുപ്പത്തിനാല് വയസ്സായിരുന്നു.

ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെയാണ് ചികിത്സിച്ച ഡോക്ടറുടെ ആത്മഹത്യ.

എഴുകോൺ സ്വദേശികളായ സജീവ് കുമാർ-വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആധ്യ എസ് ലക്ഷ്മിയാണ് ചികിത്സാപിഴവ് കാരണം മരിച്ചത്. ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ ആധ്യയെ അനൂപിന്റെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.
എന്നാൽ, അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടികാട്ടി നേരത്തെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലൻസ് പോലീസ് തടഞ്ഞിരുന്നു.

മലയാള സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമാണ് എസ്പിബിക്കുള്ളത്. അദ്ദേഹത്തിനും കൈനിറയെ ആരാധകരാണുള്ളത്. പ്രിയഗായകന്റെ മലയാളം പാട്ടുകൾ മാത്രമല്ല എല്ല ഭാഷയിവുമുള്ള ഗാനങ്ങളും മലയാളി ജനത പാടി നടക്കുന്നുണ്ട്. ഇപ്പോഴിത എസ്പിബിയെ കുറിച്ച് പഴയകാല സിനിമ പ്രവർത്തകൻ ബാബു ഷാഹിർ. പ്രിയഗായകന് മലയാളത്തിനോടുള്ള അടുപ്പത്തെ കിറിച്ചായിരുന്നു ബാബു ഷാഹിറിന്റെ വാക്കുകൾ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിദ്ദിഖ്- ലാൽ സംവിധാനം ചെയ്ത റാം ജി റാവു സ്പീക്കിങ്ങിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ബാബു ഷാഹീർ. ചിത്രത്തിലെ കളിക്കളം എന്ന ഗാനം ആലപിച്ചത് എസ്പിബിയായിരുന്നു. റെക്കോഡിങ്ങ് സമയത്തുണ്ടായ മറക്കാനാവാത്ത സംഭവാമയിരുന്നു ബാബു ഷഹീർ മാത്യഭൂമിയോട് പങ്കുവെച്ചത്. എസ്പിബി സാർ അന്ന് തമിഴിൽ ഏറ്റവും തിരിക്കേറിയ ഗായകനായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പാടാൻ വരുമോ എന്നുള്ള സംശയവുമുണ്ടായിരുന്നു .എസ്പിബി വന്നാൽ അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാൻ എന്നെയായിരുന്നു ഏർപ്പാടാക്കിയത്.

എസ് ബാലകൃഷ്ണനായിരുന്നു സംഗീത സംവിധായകൻ. അന്ന് അദ്ദേഹം പുതുമുഖമാണ്. എസ്പിബിയെ നേരിട്ട് വിളിക്കാൻ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എസ്പിബിയുടെ നമ്പർ ഞാൻ സംഘടിപ്പിച്ച് ഫോൺ ചെയ്തു. അദ്ദേഹത്തിന്റെ മനേജരാണ് ഫോൺ എടുത്തത്. എസ്പി സാർ തിരക്കിലാണെന്ന്എനിക്കറിയാം. എന്നിരുന്നാലും പാടാൻ വരുമോ? എന്ന് ചോദിച്ചു. സാറുമായി സംസാരിക്കട്ടെ… എന്ന് പറഞ്ഞ് മാനേജർ ഫോൺ വച്ചു. അന്നു വൈകിട്ട് എസ്പിബി സാറിന്റെ ഓഫീസിൽ നന്ന് കോൾ എത്തി. നാളെ 10 മണിക്ക് ശേഷം സാർ ഫ്രീയാകും. അത് കഴിഞ്ഞാൽ സാർ പാടാൻ വരും. മറ്റുളള പാട്ടുകളുടെ റെക്കോഡിങ്ങ് എ.വി.എം സ്റ്റുഡിയോയിലാണ് നടന്നത്. എന്നാൽ ഈ പാട്ട് എസ്.പി.ബിയുടെ തന്നെ കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ച് റെക്കോഡിങ് നടത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു.

തൊട്ട് അടുത്ത ദിവസം റെക്കോഡിങ്ങിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു. അദ്ദേഹം പറഞ്ഞത് പോലെ 9.45 ആയപ്പോൾ എത്തി. അന്ന് എസ്പിബി എത്ര രൂപ പ്രതിഫലം വാങ്ങുന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. ബാലകൃഷ്ണനോട് ചോദിച്ചപ്പോൾ അദ്ദേഹം തമിഴിൽ ഒരു പാട്ടിന് 15000 രൂപയാണ് വാങ്ങുന്നത്. അത്ര തന്നെ കരുതേണ്ടി വരുമെന്ന് പറഞ്ഞു.ഞാൻ 15000 രൂപ കവറിലാക്കി, രണ്ട് വൗച്ചറുകളും സ്റ്റുഡിയോ വാടകയും കയ്യിൽ കരുതി.

തമിഴ് ലിറിക്സാണ് ഞങ്ങൾ എസ്പിബിക്ക് നൽകിയത്. അതുകൊണ്ട് അദ്ദേഹം കലിക്കളം എന്നാണ് ആദ്യം പാടിയത്. സാർ, അത് ‘കലിക്കളമല്ല’, ‘കളിക്കള’മാണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു മടിയും കൂടാതെ തിരുത്തി പാടി. 12 മണിയായപ്പോഴേയക്കും പാട്ട് തീർന്നു. അദ്ദേഹം പോകാൻ തയ്യാറെടുത്തപ്പോൾ. ഞാൻ ആളുടെ അടുത്തേയ്ക്ക് ചെന്നു. പണമടങ്ങിയ കവർ നൽകി.

ഞാൻ പണമടങ്ങിയ കവർ അദ്ദേഹത്തിന് നൽകിയപ്പാൾ അദ്ദേഹം എന്നോട് ചോദിച്ചു. എത്രയുണ്ടെന്ന്. ഞാൻ പറഞ്ഞു 15000 രൂപയാണ്. കുറഞ്ഞ് പോയോ എന്നായിരുന്നു എന്റെ മനസ്സിൽ. ഒന്ന് മൂളിയ ശേഷം എസ്പിബി കവറിൽ നിന്ന് 5000 രൂപയെടുത്തു. അതെനിക്ക് നൽകിയ ശേഷം പറഞ്ഞു, ‘മലയാളം അല്ലവാ… എനക്കത് പോതും. ഇത് കേട്ടപ്പോൾ എന്റെ കണ്ണുതള്ളിപ്പോയി. എന്റെ അനുഭവത്തിൽ മറ്റൊരാളും അങ്ങനെ ചെയ്തതായി ഓർമയില്ല. -ബാബു ഷാഹിർ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കാൻ എല്ലാവരും ഭയന്ന് മാറി നിൽക്കുമ്പോൾ, ഒരു മടിയും കൂടാതെ സന്നദ്ധനായി മുന്നോട്ടു വന്നു മാടപ്പള്ളി പഞ്ചായത്ത് അംഗം നിതീഷ് കോച്ചേരി. യുവ അംഗമായ നിതീഷ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനാണ്.

ആദ്യമായി മാമ്മൂട് ലൂർദ് ദേവാലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന കെട്ടിടം കാലായിൽ അന്നമ്മയുടെയും കഴിഞ്ഞ ദിവസം മരിച്ച ഇലവുംമൂട്ടിൽ ജോസഫിന്റെയും ദഹിപ്പിക്കൽ ചടങ്ങിനൊപ്പം ഇന്നലെ മരണപ്പെട്ട ചെത്തിപ്പുഴ സാബുവിന്റെയും സംസ്‍കാരത്തിനു പിപിഇ കിറ്റ് അണിഞ്ഞു നേത്രത്വം നൽകിയത് നിധീഷ് ആണ്.

ലോക്‌ഡോൺ കാലം തൊട്ടു കഴിഞ്ഞ ആറേഴു മാസക്കാലമായി ഒരു ഭയവും കൂടാതെ മടപ്പള്ളി പഞ്ചായത്തിലെ കോവിഡ് രോഗികൾക്കായി സേവനമനുഷ്ഠിച്ചു മുൻപിൽ നിൽക്കുന്ന നിതീഷ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടി ആണ്.

മുൻ പഞ്ചായത്തു പ്രസിഡന്റ് മെമ്പറുമായ കോൺഗ്രസ്സ് പ്രവർത്തകന്റെ മരണത്തെ തുടർന്ന് നടന്ന ബൈ ഇലക്ഷനിൽ മത്സരിച്ചു വിജയിച്ച നിതീഷ് കന്നി അങ്കത്തിൽ തന്നെ തന്റെ വാർഡിനു വേണ്ടി നിസ്വാർത്ഥമായ വികസന പ്രവർത്തനം നടത്തി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. മഹാമാരിയുടെ ഈ കാലത്തും മടിച്ചു നിൽക്കാതെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം എന്ന നിലയിൽ സ്വയം മുന്നോട്ടു ഇറങ്ങിയതിലൂടെ മറ്റു യുവാക്കൾക്കും ഒരു പ്രചോദനമായി പ്രശംസ നേടിയിരിക്കുകയാണ്.

ജോജി തോമസ്

പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .

കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം

കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം

അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

RECENT POSTS
Copyright © . All rights reserved