സൗദിയിൽ കഫാലത്ത് സംവിധാനം എടുത്തുകളയുന്നതായി സൂചന. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകും

സൗദിയിൽ കഫാലത്ത് സംവിധാനം  എടുത്തുകളയുന്നതായി സൂചന.  മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകും
October 30 14:07 2020 Print This Article

റിയാദ്∙ സൗദിയിൽ പ്രവാസി തൊഴിലാളികളും തൊഴിലുടമയും തമ്മിലെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌പോൺസർഷിപ്(കഫാലത്ത്) സംവിധാനം എടുത്ത് കളയുന്നുവെന്ന് വീണ്ടും റിപ്പോർട്ട്. മാനവ വിഭവശേഷി വികസന മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവിറക്കാൻ പോകുന്നു എന്നതാണ് വാർത്ത. പകരം തൊഴിലുടമയും പ്രവാസിയും തമ്മിൽ പ്രത്യേക തൊഴിൽ കരാർ ഏർപ്പെടുത്തി നിയന്ത്രിക്കുമെന്നും പറയുന്നു.

ഈ കൊല്ലം ഫെബ്രുവരി 3 ന് ഇങ്ങനെയൊരു വാർത്ത ഒരു ഓൺലൈൻ മാധ്യമത്തെ ഉദ്ധരിച്ച് പ്രചരിച്ചിരുന്നു. ഇത്തരം തീരുമാനങ്ങൾ ഔദ്യോഗിക വൃത്തങ്ങളിലൂടെ അറിയിക്കുമെന്നായിരുന്നു അധികൃതർ അന്ന് പ്രതികരിച്ചത്. ഇതേ വാർത്ത തന്നെയാണ് വീണ്ടും പ്രചാരം നേടിയിട്ടുള്ളത്. 2021 ആദ്യ പകുതിയിൽ ഇത് യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സ്‌പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ സൗദിയിൽ കഴിയുന്ന ഒരു കോടിയിലേറെയുള്ള പ്രവാസികൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക.വിനോദം, ഭവനം സ്വന്തമാക്കാൻ തുടങ്ങി പ്രവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം.

ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്നതാണെന്നും എന്നാൽ രാജ്യാന്തര മാധ്യമ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിപുലമായ സമ്മേളനത്തിൽ പുറത്തുവിടാനാണ് പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷൻ 2030 ഭാഗമാണ് പരിഷ്കരണം. ഇത് പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസിക്ക് രാജ്യത്തിന് പുറത്ത് കടക്കാനും മടങ്ങി വരാനും സ്വദേശി പൗരന്റെ അനുമതിയോ അംഗീകാരമോ വേണ്ടി വരില്ല. തൊഴിലുടമയുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടാനും ആകും. റിക്രൂട്ട്മെന്റും തുടർന്നുള്ള അവകാശങ്ങളും തൊഴിൽ കരാറിൽ പറഞ്ഞത് പ്രകാരമാണ് ലഭ്യമാകുക. 2019 മേയ് മാസത്തിലാണ് വിദേശികൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ച് നൽകുന്ന പ്രിവിലേജ് ഇഖാമ പ്രാബല്യത്തിൽ വന്നത്.

സമ്പദ് വ്യവ്യസ്ഥയുടെ വൈവിധ്യവൽക്കരണവും മറ്റു വാണിജ്യ ലക്ഷ്യങ്ങളും മുന്നിൽ കണ്ട് നടപ്പാക്കിയ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ അടുത്ത ഘട്ടമായാണ് സ്‌പോൺസർഷിപ്പ് എടുത്തുകളയുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. തൊഴിൽ നിയന്ത്രണങ്ങളും സംവിധാനങ്ങളും ഭേദഗതി ചെയ്യുന്നതിലൂടെ പ്രവാസി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും ഇത് നടപ്പാക്കുന്നത് എന്നാണ് വിശദീകരണം.

ഇതു തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുകയും കൂടുതൽ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുകയും ചെയ്യും. ഒപ്പം ആരോഗ്യകരമായ മത്സരശേഷി വളർത്തുന്നതിനും ഉപകരിക്കും. പ്രവാസികളുടെ സംതൃപ്തി ഉയർത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിൽ വിപണിയിൽ അവരുടെ ഉൽപാദനക്ഷമത കൂടുക, ആഗോള പ്രതിഭകളെ ആകർഷിക്കുക എന്നിവയും പുതിയ രീതിയിലൂടെ ഉന്നം വയ്ക്കുന്നു. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ചൂഷണവും തൊഴിലാളികളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന രീതികളും മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളും സ്പോണ്‍സർഷിപ്പിന്റെ മറവിൽ നടന്നിരുന്നു. പലപ്പോഴും സ്‌പോൺസർഷിപ്പ് ദുരുപയോഗം ചെയ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുകയും കൂടി ലക്ഷ്യമുണ്ട്.

നിലവിലെ സ്‌പോൺസർഷിപ്പ് സംവിധാനം പലരും വ്യക്തി താൽപര്യത്തിനാണ് ഉപയോഗപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. ഇത് തൊഴിലില്ലായ്മ നിരക്കിനെയും രാജ്യത്തിന്റെ പ്രതിഛായയെയും നന്നായി ബാധിച്ചിട്ടുണ്ട്. സ്പോൺസർഷിപ്പ് സമ്പ്രദായത്തിലെ അപാകതകൾ ധാരാളമുണ്ടായിരുന്നു. തൊഴിൽ തർക്കങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടു. 1952 മുതലാണ് രാജ്യത്ത് സ്‌പോൺസർഷിപ്പ് സമ്പ്രദായം നടപ്പാക്കിത്തുടങ്ങിയത്.

ഇരു കക്ഷികൾക്കുമിടയിൽ നിലനിൽക്കേണ്ട ബന്ധങ്ങളെ ചൊല്ലിയുള്ള നിരവധി മാറ്റങ്ങളിലൂടെ ഈ സമ്പ്രദായം വിവിധ ഘട്ടങ്ങളിൽ പരിഷ്കരിച്ചു. സ്പോൺസർക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരന് രാജ്യം വിടാനോ മറ്റു തൊഴിൽ സ്ഥാപനത്തിലേക്ക് മാറാനോ നിലവിൽ ഈ സംവിധാനത്തിൽ കഴിയില്ല. സർക്കാറുമായുള്ള മിക്ക ഇടപാടുകളും സ്പോൺസർ മുഖേനയാണ് നടക്കേണ്ടത്. ഇത്തരം നൂലാമാലകളും നിയന്ത്രണങ്ങളുമാണ് സ്‌പോൺസർഷിപ്പ് സംവിധാനം എടുത്ത് കളയുന്നതിലൂടെ ഇല്ലാതാകുന്നത്.

അതേസമയം ഇത്തരം നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു രീതി നടപ്പാക്കപ്പെട്ടാൽ പ്രവാസികളെ അത് ഏതു രീതിയിൽ ബാധിക്കുമെന്നു പറയാനുമാകില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles