Latest News

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം. മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയടോയൊണ് സരോജ് ഖാന്‍ അന്തരിച്ചത്. മകളാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജൂണ്‍ 20ന് ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയില്‍ സരോജ് ഖാനെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൊവിഡ് ഭീതി നില്‍നില്‍ക്കെ കവിഡ് പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവ് ആയിരുന്നു. ബി സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.

നൃത്തസംവിധാന രംഗത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്കാണ് ചുവട് വെച്ചിട്ടുള്ളത്. മൂന്നുവട്ടം ദേശീയ പുരസ്‌കാരത്തിനും അര്‍ഹത നേടിയിട്ടുണ്ട്. മാധുരി ദീക്ഷിത് അഭിനയിച്ച ‘ഏക് ദോ തീന്‍'(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച ‘ഡോലാ രേ'(സിനിമ-ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച ‘യേ ഇഷ്‌ക് ഹായേ'(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു.

മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കവിരാജിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. കല്യാണരാമനിലും നിറത്തിലും നിറഞ്ഞു നിന്ന കവിരാജ് ഇപ്പോള്‍ ജീവിതവേഷത്തില്‍ കെട്ടിയാടുന്നത് പൂജാരി വേഷമാണ്. എന്നാല്‍ കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു.

ഇല്ലായ്മകളിലാണു കവിരാജിന്റെ ജീവിതം തുടങ്ങുന്നത്. ആലപ്പുഴയില്‍ സ്റ്റീല്‍പാത്ര വില്‍പന തുടങ്ങിയ ആദ്യകാല കടകളിലൊന്ന് കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യന്‍ ആചാരിയുടേതായിരുന്നു. സ്വര്‍ണപ്പണിയും വ്യാപാരവും എല്ലാം ഉണ്ടായിരുന്നെങ്കിലും അതെല്ലാം നഷ്ടത്തിലായി. 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് എന്ന അവസ്ഥ ആ അച്ഛന് വന്നു. ശേഷം പിതാവ് കാന്‍സര്‍ ബാധിച്ചു മരിച്ചതോടെ ജീവിതം ഇനി എങ്ങനെ എന്ന ചോദ്യമാണ് ബാക്കിയായത്. അമ്മ സരസ്വതി അമ്മാളിന് വേണ്ടിയായി പിന്നീടുള്ള ജീവിതം. 10ാം ക്ലാസില്‍ എത്തിയതോടെ സ്വര്‍ണപ്പണി തുടങ്ങി.

പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ നാടുവിട്ട് കോടമ്പക്കത്ത് എത്തി. ഒരു സുഹൃത്തിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അയാള്‍ക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിലായിരുന്നു. നൃത്തം പഠിച്ചു, ഒപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. കിട്ടുന്ന തുക വീട്ടിലേയ്ക്ക് അയച്ചു കൊടുക്കും. ഇതിനു പുറമെ, സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടി. നിറത്തിനു ശേഷം കല്യാണരാമന്‍, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനന്‍, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി 50ലേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കവിരാജ് വേഷമിട്ടു.

പിന്നീട് സീരിയലിലേയ്ക്ക് ചുവടുവെച്ചു. പ്രമുഖ ചാനല്‍ പരമ്പരകളില്‍ വില്ലനും നായകനുമായി താരം ാേനിറഞ്ഞു നിന്നു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനു ജീവിതത്തിലേയ്ക്ക് എത്തുകയും ചെയ്തു. ജീവിത്തില്‍ കാലുറപ്പിച്ചു വന്നപ്പോഴാണ് അമ്മയുടെ വിയോഗം. അമ്മകൂടി പോയതോടെ ആത്മീയതയിലേക്കു കൂടുതല്‍ അടുക്കുകയായിരുന്നു. മന്ത്രങ്ങളും മറ്റും പഠിച്ചുതുടങ്ങി. മകന്‍ ജനിച്ച് കുറച്ചുനാളുകളേ ആയിരുന്നുള്ളൂ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യയില്‍ ആശങ്ക നിഴലിച്ചു. വഷളാവുന്നു എന്ന് കണ്ടതോടെ വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അപ്പോഴാണ് ശരിക്കും ഒറ്റപ്പെടല്‍ കവിരാജ് അറിയുന്നത്. അങ്ങനെയാണ് ഹിമാലയ യാത്ര തുടങ്ങിയത്.

ബദരീനാഥ് ക്ഷേത്രത്തിലാണ് അത് അവസാനിച്ചത്. പുതിയ ജന്മമെടുക്കുകയാണെന്ന തോന്നല്‍ ഉണ്ടായത് അവിടെ നിന്നാണ്. തിരിച്ചെത്തിയ ഉടന്‍ ഭാര്യയെ വിളിച്ചു. നാട്ടിലെത്തി, പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമാവുകയും ചെയ്തു. ഇതിനിടെ ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം വീടുപണിയുകയും ചെയ്തു.

എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ കിടലന്‍ ഓഫറാണ് മലപ്പുറത്തെ ഒരു കാറ്ററിംഗ് കിച്ചണ്‍ നല്‍കിയത്. മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ അല്‍ഫഹം നല്‍കുന്നതായിരുന്നു ആ ഓഫര്‍.

എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത് മലപ്പുറം മൈലപ്പുറം ഫ്രൈപാന്‍ കിച്ചണ്‍ ആണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് കിച്ചണില്‍ നിന്നും സൗജന്യമായി അല്‍ഫഹം നല്‍കിയിരിക്കുകയാണ് ഉടമകള്‍.

മുഴുവന്‍ എ പ്ലസ് കിട്ടിയവരെ മാത്രമല്ല പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്കും ഇവര്‍ സമ്മാനം നല്‍കിയിട്ടുണ്ട്. ജയിച്ചവര്‍ക്ക് വിലക്കിഴിവില്‍ ഇഷ്ടഭക്ഷണ വിഭവങ്ങള്‍ നല്‍കിയപ്പോള്‍ പരീക്ഷയില്‍ തോറ്റുപോയവരെയും ഇവര്‍ മുറുകെ പിടിച്ചു. അവര്‍ക്കും വിലക്കുറവില്‍ ഭക്ഷണം നല്‍കി.

കൊറോണ കാലത്ത് പലരും സാമ്പത്തികമായി പ്രതിസന്ധിയിലാണെന്ന് പറയുമ്പോള്‍ എല്ലാവരേയും പോലെ ബുദ്ധിമുട്ടുകള്‍ പങ്കുവെക്കാന്‍ ഈ സ്ഥാപന ഉടമകള്‍ തയ്യാറായില്ല. നഷ്ടക്കണക്ക് ഇവര്‍ പങ്കു വെച്ചില്ല. നേരത്തെയും ഓരോ സീസണുകളിലും വ്യത്യസ്തമായ ഓഫറുകള്‍ ശ്രദ്ധ നേടിയിരുന്നു ഈ സ്ഥാപനം. വരും ദിവസങ്ങളിലും ഓഫറുകള്‍ നല്‍കി മുന്നോട്ട് പോകുമെന്നാണ് സ്ഥാപനത്തിന്റെ അണിയക്കാര്‍ പറയുന്നത്.

ലഡാക്ക് തലസ്ഥാനമായ ലേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സർപ്രൈസ് വിസിറ്റ്. മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15ന് ഉണ്ടായ ചൈനീസ് സൈനികരുമായുള്ള ഇന്ത്യൻ സൈന്യത്തിന്റെ സംഘർഷത്തിന് ശേഷം അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും.

ഇതോടൊപ്പം, സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവനെ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിട്ടുള്ളത്.

ജൂൺ 15ന് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു.

ഇറ്റാലിയൻ കപ്പലായ എൻറിക്ക ലെക്സിലെ നാവികർ 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാജ്യാന്തര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇന്ത്യക്ക് നഷ്ടപരിഹാരത്തിന് അർഹത.

കടൽക്കൊല കേസിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ ഇന്ത്യയ്ക്ക് വിജയം. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന് ട്രൈബ്യൂണൽ വിധിച്ചു. ഇറ്റലിയൻ നാവികർക്കെതിരെ ഇന്ത്യ നിയമ നടപടി സ്വീകരിച്ചതും ട്രൈബ്യൂണൽ ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപ്പിക്കാനുള്ള അധികാരമില്ലെന്ന് ട്രൈബ്യൂണൽ നീരീക്ഷിച്ചു. ജീവഹാനി, ശാരീരികമായ ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഇന്ത്യയും ഇറ്റലിയും പരസ്പ്പരം ചർച്ച നടത്തി നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കണം. രണ്ടു രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ റൂളിങ്ങിനായി സമീപിക്കാം.

2012ൽ ആണ് കേസിനാസ്പദമായ സംഭവം. ഒരു ഇറ്റാലിയൻ എണ്ണക്കപ്പൽ കേരള തീരക്കടലിലൂടെ നീങ്ങുമ്പോൾ അതിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന 2 നാവികർ നടത്തിയ വെടിവയ്പ്പിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടു മൽസ്യത്തൊഴിലാളികൾ കൊല്ലപ്പെടുകയായിരുന്നു. കേസിൽ ഇറ്റാലിയൻ നാവികൻ സാൽവത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19ന് അറസ്റ്റു ചെയ്തു.

കേസിന്റെ വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ട്രൈബ്യൂണലിന്റെ നിർ‌ദേശപ്രകാരം നടപടികൾ നിർത്തേണ്ടിവന്നു. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ രാജ്യം വിടുന്നതു വിലക്കിയിരുന്നു. പിന്നീട്, ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തു ലത്തോറിനെ ഇറ്റലിയിലേക്കു പോകാൻ കോടതി അനുവദിച്ചു.

നാലുവർഷം ഇന്ത്യയിൽ തടവി‍ൽ കഴിഞ്ഞിരുന്ന സൽവത്തോറെ ജിറോൺ പിന്നീട് മോചിതനായി. പ്രതികളെ വിസ്തരിക്കാൻ ആർക്കാണ് അധികാരമെന്ന് അവിടെ തീരുമാനമാവുംവരെ അവരെ തടവിലിടരുതെന്ന കോടതി നിർദേശത്തെ തുടർന്ന് ഇന്ത്യയിലെ സുപ്രീം കോടതി ജിറോണിനെ മോചിപ്പിക്കുകയായിരുന്നു. നെതർലൻഡ്സിൽ ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലാണ് പിന്നീട് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ജൂലൈലാണ ്അവസാന വാദം കേട്ടത്.

ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു. കേസ് എടുക്കാൻ കേരളാ പൊലീസിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരു രാജ്യങ്ങളുടെയും വാദം കേട്ട ശേഷം ട്രൈബ്യൂണൽ യുഎൻ ചട്ടങ്ങൾക്ക് വിരുദ്ധമായി നാവികർ പെരുമാറിയെന്ന് കണ്ടെത്തി. നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

മത്സ്യതൊഴിലാളികള്‍ക്ക് ധനസഹായം നൽകണമെന്നും നാവികർക്ക് എതിരായ ക്രമിനൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചു. ഇന്ത്യ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിന് നാവികർക്ക് നഷ്ടപരിഹാരം നൽകണമെന്ന ഇറ്റലിയുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ഈ ഉത്തരവിന് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലണ്ടൻ :  കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തിൽ വിതച്ച താളപ്പിഴകൾ വാക്കുകൾക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തിൽ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനൽ കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിർ മഴയായ് സംഗീതം പെയ്തിറങ്ങുന്ന സർഗ്ഗ സന്ധ്യകളുമായി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ സ്ട്രിങ്സ് ഓർക്കസ്ട്ര നിങ്ങൾക്കരികിലേക്ക് എത്തുന്നു . മനസ്സാണ് മനുഷ്യൻ ; മനസ്സെടുക്കുന്ന തീരുമാനങ്ങളാണ് സ്വപ്നപ്പൂക്കളായി നാളെ നമുക്ക് ചുറ്റും സൗരഭ്യം വിതറുന്നത് . ആ മനസ്സിനെ വിഷാദം ബാധിച്ചാൽ സ്വപ്നങ്ങളുടെ പൂങ്കപാവങ്ങളാണ് വിഷാദത്തിൻറെ മരുഭൂവുകളാകുന്നത് .

കോവിഡ് വിഷാദ ഭീതിയിൽ ജീവിത വഴികളിൽ ഒറ്റപെട്ടവരെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തിൽ എത്തിക്കുന്ന നൂതന സംഗീത പരിപാടി ആയ ‘ ആഗോള അന്താക്ഷരി ‘ യുടെ കാലിക പ്രസക്തി . ഈ വിഷാദ കാലയളവിൽ വൈവിദ്യമാർന്ന സംഗീത സന്ധ്യ അവതരിപ്പിച്ച് ആഗോള സംഗീത പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വീണ്ടും ചരിത്രം രചിക്കുന്നു.

കരളേ നിൻ കൈപിടിച്ചാൽ … ‘ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം , ദൈവദൂതൻ എന്ന സിനിമ വേണ്ടി പാടിയ പി . വി . പ്രീത നയിച്ച ഗാനസന്ധ്യ പോയ കാഴ്ച്ചകളിൽ കണ്ടത് ആയിരക്കണക്കിന് സംഗീത പ്രേമികളാണ് . പിന്നീട് വന്ന ആഴ്ചയിൽ ഭാരത് സജികുമാർ നയിച്ച സന്ധ്യയും ശ്രദ്ധിക്കപ്പെട്ടു .

ആലീസ് ഉണ്ണികൃഷ്ണൻ മലയാളി ഒരിക്കലും മറക്കാത്ത ഗായിക , 90 കളിലെ അമ്പലപ്പറമ്പിൽ അലയടിച്ച ശബ്ദം . നാടക ഗാനങ്ങളുടെ രാജകുമാരി . 1994 ലെ ഏറ്റവും മികച്ച നാടക ഗായികയ്ക്കുള്ള കേരളം സംസ്ഥാന സർക്കാരിന്റെ പുരസ്കാരം , എണ്ണിയാൽ ഒടുങ്ങാത്ത പുരസ്കാരങ്ങൾ . ആലിസ് ഉണ്ണികൃഷ്ണൻ നയിച്ച കഴിഞ്ഞ സംഗീത രാവ് ആസ്വദിച്ചത് പതിനായിരങ്ങളാണ് . അര നൂറ്റാണ്ട് കാലം സംഗീത രംഗത്തെ നിറസാന്നിദ്യമായ ആലീസ് ഉണ്ണിക്യഷ്ണൻ ആയിരങ്ങളുടെ മനസ്സിലേക്കാണ് സ്വാന്തനത്തിന്റെ കുളിർമഴയായി പെയ്തിറങ്ങിയത് .

ഇത്തവണ ‘ സ്ട്രിങ്സ് ഓർക്കസ്ട്ര ‘ വരുന്നത് ഏഷ്യാനെറ്റിലെ പ്രശസ്ത അവതാരകയും അറിയപ്പെടുന്ന ഗായികയുമായ പ്രീത നയിക്കുന്ന ‘ ആഗോള അന്താക്ഷരി എന്ന ഇൻറ്റർ ആക്റ്റീവ് പരിപാടിയുമായാണ് . മൂന്ന് ടീം അടങ്ങുന്ന ഒരു എപ്പിസോഡായാണ് ഓരോ ആഴ്ച്ചയും കടന്നു പോകുന്നത് . ഓരോ രാജ്യത്തെയും ഓരോ ടീം ആയി തരം തിരിക്കപ്പെടും . ഇതൊരു ആഗോള പരിപാടി ആയതിനാൽ മത്സരാർത്ഥികൾ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും . എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ് . അതാത് രാജ്യങ്ങളിൽ നിന്നുളളവർ പരസ്യത്തിൽ കൊടുത്തിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടിന്റെ മൂന്നോ നാലോ വരികൾ പാടി അയക്കുക. സംഗീതം സ്വാന്തനത്തിന്റെ അമൃത് പൊഴിക്കുന്നതിനോടൊപ്പം പുതിയ പുതിയ കലാകാരൻമാരെയും കലാകാരികളെയും കണ്ടെത്തുക കൂടി ചെയ്യുന്നു .

നിങ്ങളുടെ വീടിന്റെ സുരക്ഷിതത്തിലും സ്വകാര്യതയിലും ഇരുന്ന് എന്തുകൊണ്ട് ഈ പരിപാടിയിൽ പങ്കെടുത്തു കൂട ? സ്വപ്നങ്ങൾ നിങ്ങളുടേതാണ് . അതിനെ പിന്തുടരുക . അത് പൂവിടട്ടെ . സുഗന്ധവാഹിയാകട്ടെ

ജിപ്സൺ തോമസ്

ലണ്ടൻ : പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ട് പി ജെ ജോസഫിന്റെയും സി ഫ് തോമസിന്റെയും നേതൃത്വത്തിലുള്ള ഔദ്യോഗിക കേരളാ കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപമായ ശ്രീ പി ജെ ജോസെഫിന്റെ നേതൃത്വത്തിൽ ജനോപകാരപ്രദവും കാർഷിക കേരളത്തിന്റെ സമഗ്ര വികസനം ലക്‌ഷ്യംവച്ചുള്ളതുമായ പരിപാടികൾക്ക് എല്ലാവിധ പിന്തുണയും നൽകുവാനും യോഗം തീരുമാനിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ അഭ്യർത്ഥന പ്രകാരം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ വലഞ്ഞ വിദ്യാർത്ഥികളടക്കമുള്ള പ്രവാസി സമൂഹത്തിന്റെ പ്രശ്നം കേരളാ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയ പാർട്ടി വർക്കിങ് ചെയർമാൻ ശ്രീ പിജെ ജോസഫ് എം എൽ എയ്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. പ്രവാസി കേരള കോൺഗ്രസ് നേതാക്കളായ ശ്രീ ബിജു ഇളംതുരുത്തിൽ , ജിപ്സൺ തോമസ് എട്ടുത്തൊട്ടിയിൽ, ബിനോയ് പൊന്നാട്ട് , ജോസ് പരപ്പനാട്ട് , സിജോ വല്ലിയാനിപ്പുറം , ജെയിംസ് അറ ക്കത്തോട്ടം , സിബി കാവുകാട്ട് , ജിസ് കാനാട്ട് തുടങ്ങിയവർ സംസാരിച്ചു.

ന്യൂഡല്‍ഹി: കൊറോണയുടെ വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ്19 ബാധിച്ച് മരിച്ചു. ഡല്‍ഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായ സിസ്റ്റര്‍ അജയ മേരി(68)യാണ് മരിച്ചത്. നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും രോഗവ്യാപനം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കൊല്ലം കുമ്പള സ്വദേശിനിയാണ് സിസ്റ്റര്‍ അജയ മേരി. കുറച്ചു ദിവസങ്ങളായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബെംഗളൂരു, റായ്പുര്‍, ബിലാസ്പുര്‍(ഛത്തീസ്ഗഢ്) എന്നിവിടങ്ങളില്‍ കഴിഞ്ഞ മുപ്പതുവര്‍ഷത്തോളം സിസ്റ്റര്‍ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഡല്‍ഹിയിലെത്തിയത്. സംസ്‌കാര സംബന്ധമായ വിവരങ്ങൾ അറിവായിട്ടില്ല.

വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.

‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.

വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.

RECENT POSTS
Copyright © . All rights reserved