കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടില്‍ ലോറന്‍സിന്റെയും ഐറിന്റെയും മകന്‍ ലിജിന്‍ ലോറന്‍സ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയില്‍ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കുവൈത്തിലായിരുന്ന ലിജിന്‍, 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 9.30-ഓടെ സുഹൃത്തുക്കളുമായി ലിജിന്‍ കൊച്ചുവേളി ശംഭുവട്ടത്തുള്ള അച്ഛനോടൊപ്പം താമസിക്കുന്ന ഭാര്യ നിഷയെയും മക്കളായ ആന്‍ഡ്രിയ(7), അമീലിയ(ഒന്നര) എന്നിവരെയും കാണാനെത്തി. എന്നാല്‍ ലിജിനെ ഭാര്യയുടെ അച്ഛന്‍ വീട്ടിലേക്കു കയറ്റിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.
ഇരുവരും വീടിനു പുറത്തേക്കുള്ള റോഡിനടുത്തെത്തി അടിപിടിയായതിനിടെ നിക്കോളാസ് 15 സെന്റീ മീറ്ററോളം നീളമുള്ള കറിക്കത്തിയെടുത്ത് ലിജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. നെഞ്ചിലും വയറിലും ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന ലിജിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന നിക്കോളാസ് ഗോമസ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. എട്ടു വര്‍ഷം മുമ്പായിരുന്നു നിക്കോളാസിന്റെ മകളായ നിഷയെ, ലിജിന്‍ വിവാഹം കഴിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണം നിഷയുടെ വീട്ടുകാര്‍ ലിജിനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ കുടുംബക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിക്കോളാസിനെ അറസ്റ്റുചെയ്തതായി വലിയതുറ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ പറഞ്ഞു. ഹൃദയത്തിനും ശ്വാസകോശത്തിനും കുത്തേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു.
ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തില്‍ സംസ്‌കരിച്ചു.
മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍. മണ്ണൂര്‍ വെസ്റ്റ് അകവണ്ട സ്വദേശിയായ തൊഴുത്തുംകാട്ടില്‍ പരേതനായ ചാമുണ്ണിയുടെ മകന്‍ സുന്ദരനാണ് ദുബായിയില്‍ മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. താമസസ്ഥലത്താണ് സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബര്‍ ദുബായിലെ താമസ സ്ഥലത്തു വ്യാഴാഴ്ച രാവിലെയാണു സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ഉടമയായ സുന്ദരന്‍ ഡിസംബറില്‍ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അതിനിടെയാണ് ബന്ധുക്കളെ തേടി സുന്ദരന്റെ മരണ വാര്‍ത്തയെത്തിയത്.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അമ്മ: സ്വയംപ്രഭ. സഹോദരങ്ങള്‍: പങ്കജാക്ഷന്‍, വിനയദാസന്‍, ഹരിദാസന്‍, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി
ഈ മാസം 19നാണ് ചെന്നൈ സൂപ്പർ കിങ്സ് – മുംബൈ ഇന്ത്യൻസ് പോരാട്ടത്തോടെ ഐപിഎല്ലിന് തുടക്കമാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഐപിഎൽ യുഎഇയിലേക്ക് മാറ്റിയത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞയാഴ്ച യുഎഇയിലെത്തിയ ഗാംഗുലി, ക്വാറന്റീൻ വാസം പൂർത്തിയാക്കിയാണ് പുറത്തിറങ്ങിയത്. ഗാംഗുലിക്കൊപ്പം ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല, സിഒഒ ഹെമാങ് അമീൻ എന്നിവരും ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു

ഐപിഎല്ലിനു വേദിയൊരുക്കുന്ന മൂന്നു മൈതാനങ്ങളിൽ ഒന്നായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐപിഎൽ പ്രതിനിധികൾക്കും യുഎഇ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾക്കുമൊപ്പം ഗാംഗുലി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്

ഗാംഗുലിയും സംഘവും ഗ്രൗണ്ടിൽ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ, പിന്നിലായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങൾ തിരിച്ചറിയാത്ത വിധം മങ്ങൽ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്. ചില ദേശീയ മാധ്യമങ്ങൾ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇരു ടീമുകളും നേർക്കുനേർ എത്താറുള്ളത്. ഇത്തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് സ്വന്തം ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളുടെ മുഖങ്ങൾക്ക് ഗാംഗുലി മങ്ങൽ വരുത്തിയത്.
രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഏറെ നാളായി റദ്ദാക്കിയിരിക്കുകയാണ്. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇരു ടീമുകളും നേർക്കുനേർ എത്താറുള്ളത്. ഇത്തവണ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. ഇതിനിടെയാണ് സ്വന്തം ചിത്രത്തിൽ ആകസ്മികമായി ഉൾപ്പെട്ട പാക്ക് താരങ്ങളുടെ മുഖങ്ങൾക്ക് ഗാംഗുലി മങ്ങൽ വരുത്തിയത്.
ഗാംഗുലിയുടെ പോസ്റ്റിനു പ്രതിഷേധം അറിയിച് ഒരുപാട് പാക്കിസ്ഥാൻ ആരാധകരും ഈ ഫോട്ടോക്ക് കമെന്റ് ഇട്ടിട്ടുണ്ട് ,നിന്റെ അച്ചന്റെ മുഖം എന്തിനാ Blur ചെയ്തത് , ഇങ്ങനെ ആണ് ഇന്ത്യക്കാർ മാസ്‌ക് ധരിക്കുന്നത് തുടങ്ങിയ കമെന്റുകൾ ആണ് ദാദയുടെ പോസ്റ്റിനു പാക്കിസ്ഥാൻ ആരാധകർ കമെന്റ് ചെയ്‌തിട്ടുള്ളത്

നഷ്‌ടപ്പെട്ട ഫോൺ തിരികെ ലഭിച്ചപ്പോൾ മലേഷ്യൻ സ്വദേശി കണ്ടത് വിചിത്ര കാഴ്ച. ഫോണിന്റെ ഗാലറിയിൽ നിറയെ ‘കുരങ്ങന്മാർ പകർത്തിയ’ സെൽഫികളും വീഡിയോകളും! ഇതൊരു വീഡിയോയാക്കി ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. വീടിനടുത്തുള്ള വനപ്രദേശത്ത് നിന്നാണ് ഫോൺ കണ്ടെടുത്തത്
ഉറങ്ങാൻ കിടന്നപ്പോഴാണ് 20 വയസ്സുകാരൻ വിദ്യാർത്ഥിക്ക് ഫോൺ നഷ്‌ടപ്പെടുന്നത്. ഭവനഭേദനമോ മോഷണമോ നടന്നതിന്റെ ലക്ഷണമേതുമില്ലാതെയാണ് ഇയാൾക്ക് ഫോൺ നഷ്‌ടപ്പെട്ടതെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. ഫോൺ എങ്ങനെ നഷ്‌ടമായെന്നോ ചിത്രങ്ങളും വീഡിയോകളും എങ്ങനെ ഫോണിൽ കടന്നു കൂടിയെന്നോ യാതൊരു വിവരവുമില്ല.
വീടിനു പുറത്ത് ഒരു കുരങ്ങൻ വന്നിരിക്കുന്നത് വിദ്യാർത്ഥിയുടെ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടു. ഫോണിൽ വിളിച്ചതും മരത്തിന് താഴെയുള്ള ചെളിപൂണ്ട കുഴിയിൽ നിന്നും റിംഗ്ടോൺ മുഴങ്ങി. ഫോൺ എടുത്തുനോക്കിയപ്പോഴാണ് കുരങ്ങന്മാരുടെ ചിത്രങ്ങൾ പതിഞ്ഞ കാര്യം മനസ്സിലാക്കുന്നത്.(വീഡിയോ ചുവടെ)
ഫോൺ കാണാതായ ദിവസം പതിഞ്ഞ വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ തിന്നാൻ ശ്രമിക്കുന്നത് കാണാം. വ്യക്തമല്ലാത്ത ചിത്രങ്ങളും, സെൽഫികളും, പച്ചിലക്കൂട്ടത്തിന്റെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടും.
ഉപേക്ഷിച്ചു പോയ ക്യാമറയിൽ കുരങ്ങന്മാർ ചിത്രമെടുത്ത സംഭവം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.
Something yang korang takkan jumpa setiap abad. Semalam pagi tido bangun bangun tengahari phone hilang. Cari cari satu rumah geledah sana sini semua takde then last last jumpa casing phone je tinggal bawah katil tapi phonenya takde. Sambung bawah. pic.twitter.com/0x54giujnY
— z (@Zackrydz) September 13, 2020
കണ്ണൂര്‍ പിണറായില്‍ സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കമ്പൗണ്ടര്‍ഷോപ്പില്‍ രാധിക നിവാസില്‍ രമേശനും സുകുമാരനുമാണ് മരിച്ചത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിണറായി പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നും ഫൊറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബാലതാരമായി വന്ന് ഒരുകാലത്ത് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് കാവേരി. സമൃദ്ധമായ മുടിയും നിഷ്‌കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികള്‍ക്കു സുപരിചിതയാണ്.മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി കാവേരി മാറി.താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നടനും സംവിധായകനുമായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടു പേരുടെയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല,
എന്നാൽ ഇപ്പോൾ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്.
പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’–സൂര്യ കിരണ്‍ പറയുന്നു. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍. തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ 4-ല്‍ നിന്നും ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.
വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.വിജയ് സേതുപതി ചിത്രം കറുപ്പനിലാണ് കാവേരി ഒടുവിൽ വേഷമിട്ടത്. ഇപ്പോൾ തെലുങ്ക്- തമിഴ് ദ്വിഭാഷ ചിത്രം സംവിധാനം ചെയ്യുന്നു.
സുപ്രസിദ്ധ സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത് വീട്ടില്‍ ശബരിനാഥ് (49) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു.ഇതിനിടയില്‍ കുഴഞ്ഞ് വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്‌ഥീകരിച്ചു.
15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
അപ്രതീക്ഷിതമായാണ് ശബരീനാഥ് അഭിനയ രംഗത്തേക്ക് എത്തിയത്. മിന്നുകെട്ടെന്ന സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം നടക്കുമ്ബോള്‍ ശബരിയുമുണ്ടായിരുന്നു. ഒരു താരം വരാതിരുന്നതോടെ പകരക്കാരനായി ശബരിയും അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് അഭിനയജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പരമ്ബരകളിലെ അവസരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കെല്ലാം പരിചിതനായി മാറുകയായിരുന്നു ശബരി.
അതേസമയം ശബരി നാഥിന്റെ വിയോഗം താങ്ങാനാകാതെ നടുങ്ങിയിരിക്കുകയാണ് സഹതാരങ്ങൾ. ശബരിയുടെ അകാല വിയോഗത്തില്‍ സീരിയല്‍ ലോകം ഒന്നടങ്കം ഞെട്ടലിലാണ്. തങ്ങളുടെ ദുഃഖം അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കോറിയിടുകയാണ്..
താരങ്ങളെല്ലാമായി അടുത്ത സൗഹൃദമാണ് ശബരീനാഥിനുണ്ടായിരുന്നത്. പ്രിയപ്പെട്ട ശബരി ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് പലരും. കിഷോര്‍ സത്യ, സാജന്‍ സൂര്യ, ഫസല്‍ റാഫി, ഉമ നായര്‍, ശരത് തുടങ്ങിയവരെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ശബരിക്ക് ആദരാഞ്ജലി നേര്‍ന്നെത്തിയിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഷിജു എത്തിയത്.
പ്രിയപ്പെട്ട സുഹൃത്തിനു ആദരാഞ്ജലികള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, പറയാന്‍ വാക്കുകളില്ല, ഇത്രേയുമേ ഉള്ളു മനുഷ്യനെന്നായിരുന്നു ജയന്‍ കുറിച്ചത്. നഷ്ടം, ആദരാഞ്ജലികളെന്നായിരുന്നു ഷാനവാസ് കുറിച്ചത്. ശബരിചേട്ടന് ആദരാഞ്ജലികളെന്നായിരുന്നു വിവേക് ഗോപന്‍ കുറിച്ചത്. നിരവധി പേരാണ് ശബരിയുടെ വിയോഗത്തെക്കുറിച്ച് വേദനയോടെ പ്രതികരിച്ചിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. വിശ്വസിക്കാനാവുന്നില്ലെന്നും, വല്ലാത്തൊരു പോക്കായിപ്പോയെന്നുമൊക്കെയായിരുന്നു ആരാധകര്‍ പറഞ്ഞത്.
ശബരിയെക്കുറിച്ചുള്ള ഓര്‍മ്മകളും സൗഹൃദത്തെക്കുറിച്ചുമൊക്കെ മനോജ് നായർ പറഞ്ഞതിങ്ങനെയായിരുന്നു… ഇന്നലെ രാത്രി ഏതാനും മണിക്കൂര്‍ എനിക്ക് സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്‍റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്ബുന്ന പോലെ. ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല… ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയല്‍ സഹപ്രവര്‍ത്തകര്‍ക്ക്എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാല്‍ .ഞാന്‍ ആദ്യം വിളിക്കുന്നത് നിന്നെയാ… നീ അതിന്‍്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും… ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാന്‍ ആദ്യം വിളിച്ചത്.
മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട് .. എനിക്കൊരു പ്രശ്നവുമില്ല… ആരാ ഇത് പറഞ്ഞത്” എന്ന വാക്കു കേള്‍ക്കാന്‍. പക്ഷെ നീ ഫോണ്‍ എടുത്തില്ല .എന്നേക്കാള്‍ പ്രായം കുറഞ്ഞ നിനക്ക് എന്‍്റെ ഫേസ്ബുക്ക് പേജില്‍ പരേതന്മാര്‍ക്ക് നല്കുന്ന “വാക്കുകള്‍” ചാര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം നീയെന്‍്റെ ഹൃദയത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ … ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്.അതു കൊണ്ട് …” വിട … ആദരാഞ്ജലി… പ്രണാമം. ഇതൊന്നും നീയെന്നില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.ഞാന്‍ തരില്ല. നിന്നോട് അങ്ങിനെ മാത്രമേ എനിക്കിനി “പ്രതികാരം” ചെയ്യാന്‍ കഴിയൂ ശബരിയെന്നും മനോജ് നായര്‍ കുറിച്ചു.
വക്കീല്‍ വേഷത്തില്‍ അഭിനയിക്കണമെന്നായിരുന്നു ശബരി ആഗ്രഹിച്ചത്. നായകനായാലും സഹനടനായാലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കാറുണ്ട് അദ്ദേഹം. ഈ മേഖലയിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ കംപ്യൂട്ടര്‍ വിദഗ്ധനായി താന്‍ തുടര്‍ന്നേനെയെന്നായിരുന്നു താരം പറഞ്ഞത്. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.
ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണ്ണക്കള്ളക്കടത്തു സംഘത്തിലെ പലപ്രമുഖരുമായും പങ്കുണ്ട് എന്ന് അന്വേഷണ സംഘത്തിന് സംശയം ഉദിച്ച മുതൽ കേസിൽ നിലവലിൽ നടന്ന അന്വേഷണ രീതിയുൾപ്പടെ പുനപരിശോധിക്കുകയാണ് അന്വേഷണ സംഘം.ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികമെന്നു തോന്നുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നു .ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാർ ആക്രമിക്കപ്പെടുന്നത് താൻ കണ്ടിരുന്നു എന്ന് ആവർത്തിച്ചു വ്യക്തമാക്കിയ കലാഭവൻ സോബിയുടെ മൊഴി സി ബി ഐ ക്ക് കോടതിയിൽ നിന്നും നുണപരിശോധന നടത്താനുള്ള അനുമതി ലഭിക്കുന്നതിന് വഴിയൊരുക്കി .കള്ളക്കടത്തു കേസിൽ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായതോടെ സോബിയുടെ മൊഴിക്ക് ആധികാരികത ഏറി വരികയായിരുന്നു .
അപ്രതീക്ഷിതമായി പലരും ഇപ്പോൾ കേസിൽ പിടിക്കപ്പെടുമോ എന്ന അവസ്ഥയിലാണുള്ളത് .സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യാൻ ഇരിക്കെ ദുരൂഹതയുടെ ഇതുവരെ കാണാത്ത ചുരുളുകൾ അഴിയുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് .. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർമാരായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധന നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ.ക്ക് അനുമതി നൽകിയതോടെ ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ വലിയ ആശ്വാസത്തിലാണ്.
നാലുപേരെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹർജി നൽകിയിരുന്നു. കോടതി ബുധനാഴ്ച നാലുപേരെയും വിളിച്ചുവരുത്തിയിരുന്നു. നാലുപേരോടും നുണപരിശോധനയ്ക്കു വിധേയരാകാൻ സമ്മതമാണെന്ന പത്രം എഴുതിനൽകാൻ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. നാലുപേരും സമ്മതപത്രം എഴുതി നൽകിയതിനെത്തുടർന്ന് കോടതി അനുമതി നൽകി.ക്രൈം ബ്രാഞ്ചിന്റെ നിഗമനത്തിൽ വിശ്വാസ്യത ഇല്ല എന്നും ഇതിൽ പുനരന്വേഷണം അനിവാര്യമാണ് എന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയാണ് ആദ്യം രംഗത്തുവന്നത്. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പിന്നീട് പിടിയിലായിരുന്നു.
കാർ അപകടത്തിൽ പെടുന്നതിനുമുൻപ് ആക്രമിക്കപ്പെടുന്നത് താൻ കണ്ടെന്ന് കലാഭവൻ സോബി വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം. കള്ളക്കടത്തിലും, സാമ്പത്തിക ഇടപാടുകളിലും ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ബാലഭാസ്‌കറിനെ അപകടപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തു കൂടിയാണ് സ്റ്റീഫന്‍ ദേവസി.എന്നാൽ പണത്തിനു മുന്നിൽ പരുന്തും പറക്കില്ല എന്നത് ശരിവയ്ക്കുന്ന തരത്തിൽ കൂട്ടുകാർ ഇദ്ദേഹത്തെ കരുതിക്കൂട്ടി ചതിച്ചു എന്നാണ് പിതാവായ ഉണ്ണി ഉറച്ചു വിശ്വസിക്കുന്നത് .
നിയമ സഭയിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയോട് ചോദ്യം ചോദിച്ചും വിയോജിപ്പ് അറിയിച്ചും മലയാളത്തിന്റെ പ്രിയ നടൻമാർ. നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ പൊതു പ്രവർത്തന ജീവിതത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ലാലേട്ടന് ചോദിക്കാൻ ഒരേയൊരു ചോദ്യമാണ് ഉള്ളത്.
“ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മൻചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ്”? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
“തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതു പോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, ലാലേട്ടന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നൽകി.
അതെ സമയം രഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി.
“കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.” മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു. ഉമ്മൻചാണ്ടിയുടെ സാധാരണത്വവും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചുവിളിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെ തനിക്കു ഇഷ്ടമാണ് എന്നും മമ്മൂട്ടി വ്യക്തമാക്കുന്നു. എന്നാൽ ഉമ്മൻചാണ്ടിയുമായി തനിക്കുള്ള ഏക വിയോജിപ്പിനെ കുറിച്ചും മമ്മൂക്ക പറഞ്ഞു. ‘സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് തനിക്ക് വിയോജിപ്പുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.
കൊച്ചി∙ എൻഐഎ മൂർഷിദാബാദിലും കൊച്ചിയിലുമായി പിടികൂടിയ പ്രതികൾ എല്ലാവരും താമസിച്ചിരുന്നത് വേറെ വേറെ ഇടങ്ങളിൽ. കേരളത്തിൽ പിടിയിലായ മൂന്നു പേർ മൂന്നു സ്ഥലങ്ങളിൽ താമസിച്ചപ്പോൾ മൂർഷിദാബാദിൽ അറസ്റ്റിലായത് ആറിടങ്ങളിൽ നിന്നാണ്. സാധാരണക്കാരെ പോലെ താമസിച്ച് ജോലി ചെയ്ത് ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ സാധാരണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ സ്ഥിരമായി ഒരു ജോലിക്കും ഇവർ പോയിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്.
പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് എൻഐഎ അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയരക്ഷയ്ക്കായി കരുതിയതാണ് എന്നാണ് വിലയിരുത്തൽ. പെട്ടെന്ന് പൊലീസിൽ നിന്നൊ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നൊ ഒരു ആക്രമണമുണ്ടായാൽ കരുതൽ എന്ന നിലയിലാണ് ഇവർ ഇത് കരുതിയിരുന്നത്. എന്നാൽ അർധരാത്രിയിൽ ഒരു തിരച്ചിൽ ഇവർ പ്രതീക്ഷിച്ചിരുന്നില്ല എന്നത് തീവ്രവാദി സംഘത്തിന് തിരിച്ചടിയാകുകയായിരുന്നു.
രാജ്യത്ത് അൽഖായിദ തീവ്രവാദ പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്നതായി ഈ മാസം ആദ്യമാണ് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഡൽഹിയിൽ കേസ് റജിസ്റ്ററും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി പ്രതികളെ അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ ചിലർ ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് നടപടിയുണ്ടായത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു എൻഐഎയുടെ നീക്കം. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധനകളും അറസ്റ്റ് നടപടികളും. 15 മിനിറ്റ് മാത്രം നീണ്ട നടപടിക്കുള്ളിൽ പാതാളത്തു നിന്ന് പ്രതിയെ പിടികൂടിയെന്നാണ് ഇവിടെ താമസിച്ചിരുന്ന മറ്റുള്ളവർ വ്യക്തമാക്കുന്നത്. അഞ്ചു പേർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കൃത്യമായ പ്രതിയിലേയ്ക്ക് അന്വേഷണ സംഘം എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിയിലായ അൽഖായിദ തീവ്രവാദികൾ പദ്ധതിയിട്ടത് കേരളത്തിൽ നിന്ന് പണം സ്വരൂപിച്ച് കശ്മീരിൽ എത്തിക്കലായിരുന്നു എന്നാണ് വിവരം. കശ്മീരിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. ഡൽഹിയിൽ ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനാണ് സംഘം പദ്ധതിയിട്ടതെന്നാണ് വിവരം. ഒരു ഘട്ടത്തിൽ കേരളത്തിൽ നാവിക സേനാ ആസ്ഥാനത്തും കപ്പൽ നിർമാണ ശാലയിലും ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഡൽഹിയിലാണ് ആദ്യ ആക്രമണം ലക്ഷ്യമിട്ടതെന്നും വിവരം പുറത്തു വന്നിട്ടുണ്ട്.
പ്രതി പാതാളത്ത് താമസിച്ചിരുന്ന വീട്ടിൽ ഇയാൾ എത്തിയത് ലോക്ഡൗൺ സമയത്താണെന്നാണ് വ്യക്തമാകുന്നത്. നേരത്തെ 25 പേർ വരെ താമസിച്ചിരുന്ന വീട്ടിൽ മൂന്നു പേർ മാത്രമാണ് കുറച്ചു നാളായി ഉണ്ടായിരുന്നത്. ഇതിനിടെ തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റ് ചോദിച്ചത് അനുസരിച്ചാണ് ഇയാളെ ഇവിടെ താമസിപ്പിച്ചതെന്ന് വീടിന്റെ ഉടമ നാസർ പറഞ്ഞു. യാഥാർഥ രേഖകൾ ഉൾപ്പടെ നൽകിയ ശേഷമാണ് ഇവിടെ താമസിപ്പിച്ചത്. പരിശോധന നടത്താൻ എൻഐഎ എത്തിയപ്പോൾ വിളിപ്പിച്ചിരുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ മൂർഷിദ് ഹസൻ എന്നയാൾ എല്ലാ പണിക്കും പോയിരുന്നു എന്നാണ് വ്യക്തമായിരുന്നത്. താൻ വാടകയ്ക്ക് നൽകിയിട്ടുള്ള ചായക്കടയിലും ജോലി ചെയ്തിട്ടുണ്ടെന്നും നാസർ പറഞ്ഞു.