Latest News

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തിൽ‌ എട്ട് ഭീകരർ കൊല്ലപ്പെട്ടു. പാംപോറിൽ പള്ളിയിൽ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീർ വാതക ഷെല്ലുകൾ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു പുറത്ത് വെടിവയ്പ്പിലൂടെയും ഒരു ഭീകരനെ വധിച്ചിരുന്നു.

ആക്രമണം നടത്തുമ്പോൾ പള്ളിയുടെ എല്ലാ പവിത്രതയും കണക്കിലെടുത്തിരുന്നുവെന്ന് ജമ്മു കശ്മീർ പൊലീസ് ചാഫ് ദിൽബാഗ് സിങ് പറഞ്ഞു. പ്രദേശവാസികളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി താഹിറിനോടു സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. ഓപ്പറേഷനു നേതൃത്വം നൽകിയ സൈന്യത്തിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും അവർ അഭിനന്ദനം അറിയിച്ചു. – ദിൽബാഗ് സിങ് പറഞ്ഞു.

സാധാരണയായി എല്ലാ ആക്രമണങ്ങളിലും സുരക്ഷാസേന ഐഇഡികൾ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. കണ്ണീർ വാതകം മാത്രമുപയോഗിച്ചു നടത്തുന്ന ആക്രമണം അപൂർവങ്ങളിൽ അപൂർവമാണ്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് സുരക്ഷാസേന ഇവിടെ തിരച്ചിലാരംഭിക്കുന്നത്. അഞ്ചു ഭീകരർ ഷോപ്പിയാനിലും മൂന്നു പേർ പാംപോറിലും കൊല്ലപ്പെട്ടു.

ഷോപ്പിയാനിലെ മുനാദ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു ഭീകരരെ വധിച്ചത്. ഇവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 24ൽ അധികം ഭീകരരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ നേതാവ് ചൈനയുടെ പ്രധാനമന്ത്രി കിം ജോങ് ഉൻ ആണെന്ന് പറയുന്നതും കാണാം. ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് പറ്റിയ ഈ വൻ അബദ്ധം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വിഡിയോ കാണാം.

അതിർത്തിയിൽ അഴിച്ചുവിട്ട ഏറ്റുമുട്ടലിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയൽ ഓഫ് സർവീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.

കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റർനെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്കിൽ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്സൈറ്റുകൾ തകർക്കുന്ന ഒരുതരം സൈബർ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്. ഇന്ത്യയുടെ സർക്കാർ വെബ്സൈറ്റുകൾ, എടിഎം ഉൾപ്പെടുന്ന ബാങ്ക് സർവീസുകൾ എന്നിവയാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

 

ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോർത്ത് ഈസ്റ്റ് ലഡാക്കിൽ ഇന്ത്യ–ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.

നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തായാണ് ബുൾഡോസർ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകൾ നിയന്ത്രണരേഖയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഗൽവാൻ നദിക്കരയിലാണ് നിർത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുൾഡോസർ, യാത്രാ വാഹനം എന്നിവ ഉൾപ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിർത്തിയിട്ടിരിക്കുന്നത്. ഗൽവാൻ താഴ്‌വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്.

എന്നാൽ ചൈനയ്ക്ക് ശക്തമായ സന്ദേശം നല്‍കാനുള്ള സമയമായെന്നും 1962ല്‍ ചൈനീസ് സൈന്യം പിടിച്ചെടുത്ത അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സന്ദര്‍ഭമാണിതെന്നും ലഡാക്കില്‍നിന്നുള്ള ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാല്‍. ലഡാക്കിലെ ജനങ്ങള്‍ ശാശ്വത പരിഹാരം ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ ഉറി ആക്രമണത്തിനുശേഷം പാക്ക് മേഖലയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഇപ്പോഴത്തേതിനു സമാനമായിരുന്നുവെന്നും ജമ്യാങ് മുന്നറിയിപ്പു നല്‍കി. അന്നും ഇതേ വാക്കുകള്‍ തന്നെയാണ് മോദി ഉപയോഗിച്ചിരുന്നത്.

1962ലെ സര്‍ക്കാരല്ല ഇന്ത്യയില്‍ ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പറയുന്നത് ചെയ്യും. സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്നാണ് പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനു മുന്‍പ് മോദി പറഞ്ഞത്. കഴിഞ്ഞ ദിവസം അതുതന്നെയാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ ഉറപ്പാണതെന്നും ജമ്യാങ് പറഞ്ഞു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ചുട്ട മറുപടി നല്‍കാന്‍ ശേഷിയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ ഏതു തീരുമാനം എടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തിനും സര്‍ക്കാരിനും ഒപ്പമായിരിക്കുമെന്ന് ജമ്യാങ് പറഞ്ഞു. നമ്മുടെ ജവാന്മാരുടെ ജീവന്‍ നിരന്തരം നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിക്കടുത്തു താമസിക്കുന്നവരുടെ ജീവിതം അസ്വസ്ഥമായിരിക്കാനും പാടില്ല. അതുകൊണ്ടാണു തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നതെന്നും ജമ്യാങ് പറഞ്ഞു.

1962നു ശേഷം ചൈന നിരവധി തവണ ഇന്ത്യയെ വഞ്ചിച്ചു. 62ലെ യുദ്ധത്തില്‍ അവര്‍ 37,244 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമിയാണു പിടിച്ചെടുത്ത്. ആ മേഖലയെ അക്‌സായ് ചിന്‍ എന്നു വിളിക്കുന്നതു തന്നെ തെറ്റാണ്. ചൈനീസ് അധിനിവേശ ഇന്ത്യന്‍ മേഖല എന്നാണു വിളിക്കേണ്ടതെന്നും എംപി പറഞ്ഞു.

ചൈനീസ് അധിനിവേശ ലഡാക്കില്‍ നമുക്കുള്ള അവകാശവാദം എപ്പോഴും നിലനില്‍ക്കണം. അതു തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്നു പലര്‍ക്കും സംശയമുണ്ട്. എളുപ്പമാണെന്നു ഞാനും കരുതുന്നില്ല. എന്നാല്‍ അത് അസംഭവ്യമാണെന്നു വിചാരിക്കുന്നില്ലെന്നും ജമ്യാങ് പറഞ്ഞു.

സച്ചിക്ക് ശസ്ത്രക്രിയ നടത്തിയതില്‍ പിഴവില്ലെന്ന് ചികില്‍സിച്ച വടക്കാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. ശസ്ത്രക്രിയയ്ക്കുശേഷവും സച്ചി പൂര്‍ണ ആരോഗ്യവാനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ടുമണിക്കൂറിനുശേഷമായിരുന്നു ഹൃദയാഘാതം. ബോധം കെടുത്തുന്ന അനസ്തേഷ്യയല്ല നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലുതവണ സച്ചി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും ഡോ. പ്രേംകുമാര്‍ പറഞ്ഞു.

സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. സൗഹൃദങ്ങളിലായിരുന്നു എന്നും സച്ചി. എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പിച്ചയാള്‍. മരണത്തിന് പിന്നാലെ വരുന്ന അനുസ്മരണങ്ങളിലും തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്‍റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്തയെത്തുന്നത്.

എണ്ണപ്പെട്ട സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം. അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സിനിമയില് എത്തി. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു.

അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്. ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവ സംവിധാനം ചെയ്തു. രണ്ടും വലിയ കച്ചവട വിജയങ്ങളായി. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ‘ചേട്ടായീസ്’ നിര്‍മിച്ചു.

റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്സ്, മേക്കപ്പ് മാന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങള്‍. കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു. നാടകങ്ങളില്‍ അഭിനേതാവും തിളങ്ങി. അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു

എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2007ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തുടക്കം. സേതുവിനൊപ്പം ചേര്‍ന്നായിരുന്നു എഴുത്ത്. ആ സിനിമയുടെ വന്‍വിജയത്തെതുടര്‍ന്ന് പൃഥ്വിരാജ്– ജോഷി ചിത്രമായ റോബിന്‍ഹുഡിന് തിരക്കഥയെഴുതി. ഷാഫിക്കൊപ്പം മേക്കപ്പ് മാന്‍, വൈശാഖിനൊപ്പം സീനിയേഴ്സ് എന്നിവയുമായതോടെ വാണിജ്യസിനിമ ഈ ഹിറ്റ് തിരക്കഥാകൃത്തുക്കള്‍ക്കുപിന്നാലെയായി.

പക്ഷെ, തുടര്‍ന്നുവന്ന സോഹന്‍സീനുലാലിനുവേണ്ടി ചെയ്ത ഡബിള്‍സ് പരാജയപ്പെട്ടതോടെ സച്ചിയും സേതുവും പിരിഞ്ഞു. തുടര്‍ന്ന് സച്ചിയുടെ പടയോട്ടമാണ് മലയാള സിനിമ കണ്ടത്. ബഹളങ്ങളില്ലാതെ വന്ന് വന്‍വിജയങ്ങളുടെ എഴുത്തുകാരനായി സച്ചി മാറി. അതിന്റെ തുടക്കം ജോഷി മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍ ആയിരുന്നു. ചേട്ടായീസ് എന്ന ചിത്രം നിര്‍മിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ സച്ചി സംവിധായകന്റെ കുപ്പായമിട്ടു. പൃഥ്വിരാജ് ബിജു മേനോന്‍ കൂട്ടുകെട്ടില്‍ എത്തിയ അനാര്‍ക്കലി കലാമേന്മകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു.

തുടര്‍ന്നാണ് ദിലീപിന്റെ രാമലീല ഇറങ്ങുന്നത്. താരത്തിന്റെ വ്യക്തിജീവിതം കടുത്ത പ്രതിസന്ധിയിലായിരിക്കെയാണ് അരുണ്‍ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യുന്നത്. പ്രതിഷേധങ്ങള്‍ക്കിടെ സിനിമ വന്‍വിജയമായി മാറി. അതേ വര്‍ഷം ഷാഫിയുടെ കോമഡി ചിത്രം ഷെര്‍ലക് ടോംസിനുവേണ്ടി സംഭാഷണരചയിതാവായി.

രണ്ടുര്‍ഷത്തിനിപ്പുറം സച്ചി എത്തിയത് ഡ്രൈവിങ് ലൈസന്‍സുമായാണ്. 2019ന്റെ അവസാനം മലയാള സിനിമ ആഘോഷിച്ച വിജയമായിരുന്നു അത്. തിരക്കഥാകൃത്തായി നേടിയ കയ്യടികള്‍ക്കിടെ സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം അയ്യപ്പനും കോശിയും റിലീസായി. അട്ടപ്പാടി പശ്ചാത്തലമാക്കി എഴുതിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു ഈ സിനിമ നിര്‍മിച്ചത്.

 

ചൈന തടഞ്ഞുവച്ച പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണ് ഗൽവാനിൽ നിന്ന് ചൈന പിടികൂടിയത്. ഇന്ത്യയുടെ ഒരു സൈനികനും കാണാതായിട്ടില്ല എന്നായിരുന്നു ഇന്ത്യൻ ആർമിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി എസ്. ജയശങ്കറും ഇന്നലെ വരെ പറഞ്ഞത്.

ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. ഒന്നര മാസത്തോളമായി നിലനിൽക്കുന്ന അതിർത്തിയിലെ സംഘർഷാവസ്ഥ സർക്കാർ ജനങ്ങളോട് വിശദീകരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുന്നു. നിലവിലെ സാഹചര്യം, തുടർ നടപടികൾ എന്നിവ പ്രധാനമന്ത്രി വിശദീകരിക്കും. ആംആദ്മി പാർട്ടിയെയും ആർജെഡിയെയും ക്ഷണിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സച്ചിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടൻമാരായ പൃഥ്വിരാജും ബിജുമേനോനുമുൾപ്പെടെയുളള സച്ചിയുടെ സുഹൃദ്‌വലയം. സച്ചിയുടെ നില ഗുരുതരമായതു മുതൽ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധർക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.

ഒരു ഘട്ടത്തിൽ ബെംഗളൂരുവിലെ നിംഹാൻസിലേക്ക് സച്ചിയെ എയർ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ച നിംഹാൻസിലേയും മറ്റു വിദഗ്ധ ഡോക്ടർമാരിൽ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തിൽ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഏവരും. നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു.

‘പോയി’. ഈ ഒറ്റവാക്കിൽ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.

പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’

ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.

മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്

പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .

 

രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക്‌ കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. സംവിധായകരായ ഷാജി കൈലാസും എംഎ നിഷാദുമാണ് സച്ചി മരിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്‌. തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ ആരോ​ഗ്യനില ​ഗുരുതരമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.

സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.

ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

തിരുവനന്തപുരം∙ കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിമാന കമ്പനികളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ട്.

സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്ന് തിരിച്ചു വരുന്നവരുടെ പരിശോധനയ്ക്ക് ഇത് സഹായിക്കും. 2,79,657 ആളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും സംസ്ഥാനത്തേക്ക് എത്തി. ഇതിൽ 1172 പേർക്ക് പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 669പേർ വിദേശത്തുനിന്നും 503 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നതായി മുഖ്യമന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved