Latest News

സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് വിലക്കി. ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കാതെ സക്കീര്‍ ഹുസൈന്‍ പാമ്പിനെ പിടിക്കാന്‍ പോയത്. എന്നാല്‍ അവന്‍ ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.

ഞായറാഴ്ചയാണ് ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ഹുസൈന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. പിടികൂടി നിമിഷങ്ങള്‍ക്കകം പാമ്പ് സക്കീറിന്റെ കൈയില്‍ കൊത്തി.
കടിയേറ്റ് വീണ് അവശനായ യുവാവിന്റെ വായില്‍ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ലോക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാതെ വന്നതോടെയാണ് ഞായറാഴ്ച സക്കീര്‍ പാമ്പ് പിടിത്തത്തിന് ഇറങ്ങിയത്.

സുഹൃത്തുക്കള്‍ പോകരുതെന്ന് പറഞ്ഞെങ്കിലും കൈയ്യില്‍ ആകെയുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നതിനാലാണ് ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയത്. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.

സക്കീറിന്റെ മരണം ഹസീനയെ തളര്‍ത്തി. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുകയാണ്. ലൈറ്റ്‌സ് ആന്ഡ് സൗണ്ട് ജീവനക്കാരനായിരുന്ന സക്കീറിന് ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് ലക്ഷങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഇന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തനിക്ക് കനത്ത പനിയും ശ്വസിക്കുന്നതിന് പ്രശ്നവുമുണ്ടെന്ന കാര്യം സത്യേന്ദ്ര ജെയിന്‍ തന്നെയാണ് ഇന്ന് രാവിലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയില്‍ അഡ്മിറ്റായതായും അദ്ദേഹം അറിയിച്ചു.

അതേസമയം, തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളടക്കമുള്ള ഡല്‍ഹിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. ഇതോടെ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

 

പെരുമ്പാാവൂരിൽ ബാങ്കിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. ചില്ലിന്റെ ഗുണ നിലവാര കുറവാണ് അപകട കാരണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.

പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാലൻസ് തെറ്റി തറയിൽ വീണപ്പോൾ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റിൽ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം.

തൊട്ടടുത്തുള്ള 100 മീറ്റർ അകലെയുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു.

ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിൻറെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്. പൊട്ടിക്കിടന്ന ചില്ലിൽ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് അരികത്തെ കസേരയ്ക്ക് അരികിലേക്ക് നിർത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായിരുന്നു.

ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാർ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റർ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

ചെന്നൈ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പോലീസിന്റെ സഹായം തേടുകയും ചെയ്തു.

അതിനിടെ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ മീഡിയ റൂം അടച്ചിരിക്കുകയാണ്. ചെന്നൈയില്‍ സ്വീകരിക്കേണ്ട രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവിദഗ്ധ സമതിയുമായി ചര്‍ച്ച തുടരുകയാണ്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 19 മുതല്‍ 30 വരെയാണ് ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നല്‍കിയ ശുപാര്‍ശപ്രകാരമാണ് തീരുമാനം.

കോവിഡ് – 19 ഭീഷണികാരണം നിലവിലുള്ള പഠനസംവിധാനങ്ങൾ നടത്തികൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് .സാധാരണക്കാരുടെ പഠനാവകാശം നിഷേധിക്കപെടാതിരിക്കുവാൻ കേരളസർക്കാർ പൊതുവിദ്യാഭ്യാസം ഓൺലൈൻ / ദൃശ്യ മാധ്യമങ്ങളിലൂടെ താത്കാലികമായി നടത്തുകയാണ് . എന്നാൽ കേരളത്തിൽ ചെറിയ ഒരു വിഭാഗം നിർധനരായ കുരുന്നുകൾ ഓൺലൈൻ / ദൃശ്യ മാധ്യമ പഠന സൗകര്യങ്ങൾ ലഭ്യമല്ലാതെ തങ്ങളുടെ പഠനാവസരം നിഷേധിക്കപെടുമോ എന്ന ഉത്കണ്ഠയിൽ അകപ്പെടുകയുണ്ടായി.

നിർധനരായ ഈ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐയുടെ നേത്രത്വത്തിൽ നടത്തുന്ന ടി വി ചാലഞ്ചുമായി സഹകരിച്ചു സമീക്ഷ യുകെ നടത്തിയ ടി വി ചാലഞ്ചിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. സമീക്ഷയുടെ എല്ലാ ബ്രാഞ്ചുകളിൽനിന്നും പ്രവർത്തകർ നൽകിയ സംഭാവനകൾക്ക് പുറമെ ഒരുപാടു സുമനസ്കരായ ആളുകൾ സമീക്ഷ നേത്രത്വവുമായി ബന്ധപെട്ടു ഈ സദുദ്യമത്തിൽ പങ്കാളിയാവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഏതാണ്ട് എഴുപതോളം ടീവി സെറ്റുകൾ വിദ്യാർഥികളിലേയ്‌ക്ക്‌ എത്തിച്ചു കൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമീക്ഷ യുകെ . ഈ സദുദ്യമം വിജയകരമായി ഏറ്റെടുത്തതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. എ എ റഹിം സമീക്ഷ യുകെ നേത്രത്വത്തെ നന്ദി അറിയിച്ചു .

പണമോ ആധുനിക സൗകര്യങ്ങളോ ഇല്ലാത്തിതിന്റെ പേരിൽ ഒരു കുരുന്നിനും തങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും മാറ്റിവെയ്‌ക്കേണ്ട സാഹചര്യം കേരളത്തിൽ ഉണ്ടാവാൻ പാടില്ല. ഇതിനു വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും സമീക്ഷ മുൻപന്തിയിൽ ഉണ്ടാവുമെന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു. സമീക്ഷയുടെ ടിവി ചാലഞ്ചിനു നേത്രത്വം കൊടുത്ത എല്ലാ സമീക്ഷ പ്രവർത്തകർക്കും ഇതുമായി സഹകരിച്ച എല്ലാ സുമനസ്സുകൾക്കും സമീക്ഷ ദേശിയ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. നടി റിയ ചക്രവർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

സുശാന്ത് മരിക്കുന്നതിന്റെ തലേന്ന് റിയയേയും മഹേഷ് ഷെട്ടിയേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റിയ സുശാന്തിന്റെ ഗേൾഫ്രണ്ടാണെന്നും ബോളിവുഡിൽ സംസാരമുണ്ടായിരുന്നു.

അതേസമയം, സുശാന്ത് സിങിന്റെ മരണം കൊലപാതകമാണെന്ന ആരോപണമാണ് ബന്ധുക്കൾ പങ്കുവെയ്ക്കുന്നത്. മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. അമിതമായി പണം പിൻവലിച്ചിട്ടില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും താരത്തിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം.

സുശാന്തിന്റെ സംസ്‌കാര ചടങ്ങുകൾക്കായി പാറ്റ്‌നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്റെ അമ്മാവൻ മരണത്തിൽ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്റെ അമ്മാവൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, സുശാന്തിൻറെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പോലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

മലയാളികളെ ഞെട്ടിച്ച ഉത്തര വധക്കേസിൽസൂരജിനെ കുടുക്കിയത് ഈ പൊതുപ്രവർത്തകന്റെ സംശയങ്ങൾ .അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായി ഒരാളുടെ ഇടപെടലിലൂടെ ഇതിലെല്ലാം കാരണമായി മാറിയത്. ഇയാള്‍ക്കുണ്ടായ സംശയങ്ങളാണ് സൂരജിനെ കുടുക്കിയത്. എന്തായാലും സൂരജും കുടുംബവും ഒന്നടങ്കം കുടുങ്ങുമെന്നാണ് വ്യക്തമാകുന്നത്. ഉത്ര പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വലിയ സംശയങ്ങളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ അയല്‍വാസിയും പൊതുപ്രവര്‍ത്തകനുമായ വേണു ഉത്രയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. ഇയാളുടെ ഇടപെടല്‍ എല്ലാം മാറ്റി മറിക്കുകയായിരുന്നു. ഉത്രയുടെ മരണവിവരം അഞ്ചല്‍ പോലീസില്‍ ആദ്യം അറിയിക്കാന്‍ പിതാവ് വിജയസേനനും സഹോദരന്‍ വിഷു വിജയനും പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് വേണുവുമായി സംസാരിച്ചിരുന്നു. തന്റെ സംശയങ്ങള്‍ ഇവരെ അറിയിക്കുകയും ചെയ്തിരുന്നു.

വേണുവിന്റെ സംശയങ്ങള്‍ വന്നതോടെ ഉത്രയുടെ വീട്ടുകാര്‍ക്കും ഇതേ സംശയം വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിലെ ദുരൂഹതകള്‍ ഉണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ മൊഴിനല്‍കിയത്. ഉത്രയുടെ സംസ്‌കാര ചടങ്ങിനിടെ ഭര്‍ത്താവ് സൂരജിന്റെയും സൂരജിന്റെ മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ പെരുമാറ്റ രീതി സംശയം തോന്നിപ്പിക്കുന്നതായിരുന്നു. ഇത് വേണു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടായിരുന്നു.

ചടങ്ങിന് ശേഷം ഉത്രയുടെ രക്ഷിതാക്കളും സൂരജും ബന്ധുക്കളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും വന്നതോടെ സംശയം ബലപ്പെടുത്തി. തുടര്‍ച്ചയായുള്ള പാമ്പുകടികള്‍, നിരന്തരമായുള്ള പണം ആവശ്യപ്പെടല്‍ എന്നിവയെല്ലാം ചേര്‍ത്തപ്പോള്‍ മരണം അസ്വാഭാവികമാണെന്ന് വേണുവിന് ബോധ്യമായി. തുടര്‍ന്ന് സംശയങ്ങള്‍ ഉത്രയുടെ രക്ഷാകര്‍ത്താക്കളുമായി പങ്കുവെക്കുകയും ഇവയെല്ലാം റിട്ട ഡിവൈഎസ്പിയായിരുന്നു തന്റെയൊരു സുഹൃത്തുമായി ആശയവിനിയമം നടത്തുകയും ചെയ്തു.

മുന്‍ പോലീസുകാരനും കൂടി പറഞ്ഞതോടെ സംശയം ബലപ്പെടുകയും ചെയ്തതോടെ ഉത്രയുടെ രക്ഷിതാക്കള്‍ക്ക് വേണു തന്നെ വിശദവും സമഗ്രവുമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ഈ പരാതിയാണ് പിന്നീട് റൂറല്‍ എസ്പിക്ക് കൈമാറിയത്. പരാതി വായിച്ചപ്പോള്‍ തന്നെ കഴമ്പുണ്ടെന്ന് എസ്പിക്ക് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം നടക്കുന്നത്. ഒരു സ്വാഭാവിക മരണമായി മാറേണ്ടിയിരുന്ന സംഭവമാണ് ഇപ്പോള്‍ വധക്കേസായി മാറിയിരിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി ചികിത്സിച്ച ഡോക്ടറും അന്വേഷണസംഘത്തിനു മൊഴി നല്‍കി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ തിരുവല്ലയിലെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. ഡോക്ടറുടെ മൊഴിക്ക് സമാനമായ വിവരങ്ങളാണ് ശാസ്ത്രീയമായും പൊലീസിന് ലഭിച്ചിട്ടുള്ളത്. അണലി കടിക്കുന്നത് കാലിലാകുമെന്നാണ് വാവ സുരേഷ് അടക്കമുള്ളവരുടെ നിഗമനം. ഇതാണ് ഡോക്ടറും ശരിവയ്ക്കുന്നത്.

വീടിനു പുറത്തുവച്ചു കടിയേറ്റെന്നാണു വീട്ടുകാര്‍ ആശുപത്രിയില്‍ പറഞ്ഞത്. സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിനു മുകളിലും മുട്ടിനു താഴെയുമാണ് ആഴത്തില്‍ കടിയേറ്റത്. ഇതു സംശയം വരുത്തുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം അണലിയെ കൊണ്ടു കടുപ്പിക്കാനുള്ള സാധ്യതയാണ് ഈ മൊഴിയിലുള്ളത്. സൂരജ് അണലി വിലയ്ക്ക് വാങ്ങിയതും വീട്ടില്‍ കൊണ്ടു വന്നതുമെല്ലാം തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ മൊഴിയിലൂടെ ഉത്രയെ പാമ്പ് കടിച്ചത് കാലിന് മുകളിലാണെന്നും വ്യക്തമാകുന്നു. ഇതോടെ ഉത്രയെ ബോധപൂര്‍വ്വം രണ്ടാമത്തെ അവസരത്തില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന വസ്തുതയ്ക്ക് ബലമേകും.

നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയില്‍ വിറങ്ങലിച്ച ബോളിവുഡ് ചലച്ചിത്രലോകത്തിന് വീണ്ടുമൊരു ഞെട്ടല്‍ കൂടി. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു.

സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം. സുശാന്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു.

അതേസമയം സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും ആന്റി ഡിപ്രഷന്‍ ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് പറയുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷമാകും സംസ്‌കാരം. ഇന്നലെ രാത്രി വൈകി പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങുകളില്‍ പങ്കെടുക്കുക.
സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിവാഹിതയായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസാണ് വരന്‍.

തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. അന്‍പതു പേരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിച്ചത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നടന്ന വിവാഹച്ചടങ്ങെന്ന അപൂര്‍വതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനര്‍വിവാഹമാണിത്. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വര്‍ഷം ഓറക്കിളില്‍ പ്രവര്‍ത്തിച്ച ശേഷം തിരുവനന്തപുരത്ത് ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതല്‍ ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയാണ്. അബുദാബിയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന വിവേക് കിരണ്‍ സഹോദരന്‍.

അഖിൽ മുരളി

അപ്രതീക്ഷിതമായ് ആരോ എന്റെ കൈകളിൽ തലോടിയപോലൊരനുഭൂതി .മനുഷ്യരും വാഹനങ്ങളും ഇല്ലാതെ ആദ്യമായാണീ നിരത്ത്‌ കാണപ്പെട്ടത് ,അങ്ങനെയുള്ള ഈ പ്രദേശത്ത്‌ ആരാണ് എന്റെ കരങ്ങളിൽ സ്പർശിച്ചത് ,തിരിഞ്ഞു നോക്കുവാൻ തുനിഞ്ഞെങ്കിലും ഉള്ളിലൊരു ഭയം .ഒക്കത്തിരുന്ന എന്റെ കുഞ്ഞോമനയെ നെഞ്ചോട് ചേർത്ത് ഒരു ദീർഘനിശ്വാസമെടുത്ത്‌ ഞാൻ തിരിഞ്ഞു നോക്കി .

എന്റെ മനസ്സിന്റെ തോന്നലായിരുന്നു ,ആരുടെയോ സാമീപ്യം ഞാൻ മനസ്സിലാക്കിയതാണ് .
പക്ഷെ ഇവിടെ ആരും തന്നെയില്ല .കുറച്ചകലെ ഞാൻ നിർത്തിയിട്ട എന്റെ വാഹനം കാണാം
എത്ര വിജനമാണീ പ്രദേശം ഉള്ളിൽ ഭയപ്പാടുണ്ടാക്കുന്ന അന്തരീക്ഷം .അപ്രതീക്ഷിതമായ-
തെന്തോ സംഭവിക്കാൻ പോകുന്നതുപോലെ, ആകെ നൊമ്പരപ്പെട്ടു നിൽക്കുന്ന പ്രകൃതി .
ശൂന്യമായ നിരത്തുകളിൽ കണ്ണോടിക്കേ ഞാൻ കണ്ട കാഴ്ച മനസ്സിനെ കീറിമുറിക്കുന്നതാ-
യിരുന്നു .പിഞ്ചുകുഞ്ഞിന്റെ തേങ്ങലിനു സമമായ കരച്ചിൽ ,അതേ ഒരു കൂട്ടം പട്ടിക്കു-
ഞ്ഞുങ്ങൾ .എന്തിനാണവ ഇത്ര ദയനീയമായി തേങ്ങുന്നത് , കൂടി നിൽക്കുന്ന കുഞ്ഞുങ്ങളു-
ടെ നടുവിലായ് കണ്ടത് അവരുടെ മാതാവായിരിക്കാം ,എന്നാൽ എന്തിനാണ് ഇത്ര സങ്കടം കണ്ണു നനയ്ക്കുന്ന കരച്ചിൽ .

ജിജ്ഞാസയോടെ ഞാൻ പതിയെ അവിടേക്കു നീങ്ങി ,അടുത്തേക്ക് പോകാൻ ഭയം ,അവർ ആക്രമിച്ചാലോ ,കുറച്ചടുത്തെത്തിയ ഞാൻ സസൂക്ഷ്മം അവയെ നിരീക്ഷിച്ചു . ആ ശ്വാനമാതാവിന് ചലനമില്ല , മരിച്ചിരിക്കുന്നു . എങ്ങനെ സംഭവിച്ചതാകാം ,അവയുടെ അരികിലാണ് എന്റെ വാഹനം കാണപ്പെട്ടത് ,ഈശ്വരാ ഞാനാണോ ഈ പാതകം ചെയ്തത് .
അന്തരീക്ഷത്തിൽ തിങ്ങിയ കരച്ചിൽ എന്റെ കാതിനെ വല്ലാതെ വിഭ്രാന്തിയിലാക്കുന്നു .
ദാഹം സഹിക്കാൻ വയ്യാതെ തന്റെ മാതാവ് ചുരത്തിനൽകുന്ന ക്ഷീരത്തിനായാണ് അവരുടെ മുറവിളി . ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെയൊന്ന് നോക്കി ,നിഷ്കളങ്കമായ മുഖം.
ജനിച്ചപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട എന്റെ പൊന്നോമന . അമ്മയുടെ മുലപ്പാൽ കുടി-
ക്കാൻ ഭാഗ്യമില്ലാതെപോയ കുഞ്ഞിന്റെ നൊമ്പരം എങ്ങനെ പ്രകടമായി കാണാൻ കഴിയും .
ശ്വാനമാതാവിന്റെ ജഡത്തിനരികിൽ മുലപ്പാൽ കുടിക്കാൻ വിതുമ്പുന്ന കുഞ്ഞുങ്ങളെ
കണ്ടപ്പോൾ ഒരു നിമിഷം ഞാൻ മരിച്ചപോലെയായി . ഇത്തരമൊരു കാഴ്ച കാണുവാൻ എന്തു
തെറ്റാണ് ഞാൻ ചെയ്തത് ..സ്വയം പഴിച്ചു കുറെ നിമിഷങ്ങൾ .വല്ലാതെ വിയർക്കുന്നുണ്ടായി-
യിരുന്നു ഞാൻ . നിയന്ത്രണം തെറ്റിയ വണ്ടിപോലെ മനസ്സ് എവിടെയൊക്കെയോ ഉടക്കുന്നു .
മനസ്സ് പൊട്ടിപ്പിളർന്നതുപോലെ തോന്നുന്നു .

ഒരുപക്ഷെ ഈ നിരത്തുകൾ ശാന്തമായതുകൊണ്ടാകാം ഇവർ നിരത്തുകളിൽ സ്വൈര്യവി-
ഹാരം നടത്തിയത് ,അശ്രദ്ധമൂലമോ ,കാഴ്ചമറഞ്ഞുപോയതു കൊണ്ടോ  എന്നിലൂടെ
ഇങ്ങനൊരു പാതകം സംഭവ്യമായത് .ആൾസഞ്ചാരമില്ലാത്ത ഈ നഗരത്തിൽ ഇപ്പോൾ ഇറ-
ങ്ങേണ്ട ആവശ്യമെന്തായിരുന്നു .വീട്ടിൽ ഇരിക്കാൻ മടി കാണിച്ച എനിക്ക് ലഭിച്ചത്
തോരാത്ത കണ്ണുനീർ മാത്രം .അവശനിലയിൽ കിടക്കുന്ന കുറെ മനുഷ്യർ .മൂടിക്കെട്ടി
വെച്ചിരിക്കുന്ന ചില പീടികകൾ ,നാൽചക്രങ്ങളിൽ ഉപജീവനം നടത്തുന്നവരുടെ
പഞ്ചറായ ടയറുകൾ ,ഞാൻ കാരണം ‘അമ്മ നഷ്ടപ്പെട്ട കുറെ നാല്ക്കാലികൾ .
ചലനമറ്റ നിരത്തിലൂടെ നടക്കാനിറങ്ങിയ ഞാൻ അപരാധിയോ ,വഴിയിൽക്കണ്ട
മരണങ്ങളുടെ നിഴലുകൾ എന്നെ ഭയപ്പെടുത്തുന്നു ,ഉച്ചവെയിലിൽക്കണ്ട സ്വന്തം
നിഴലിനെപോലും ഞാൻ ഭയക്കുന്നു ,നിശ്ചലമായിപ്പോയ ഈ വീഥികളിൽ ഞാൻ
കാരണം നിശ്ചലമായ ചില ജീവിതങ്ങളെ സ്വാന്ത്വനിപ്പിക്കാൻ എനിക്ക് കഴിയില്ല ,
പക്ഷെ ഒന്നറിയാം അനാവശ്യമായി എന്തിനു ഞാൻ പുറത്തിങ്ങി .

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

വര : അനുജ സജീവ്

RECENT POSTS
Copyright © . All rights reserved