ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് കൊറോണ വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന കാരണമാണ് ലോകത്താകമാനം കൊറോണ വ്യാപനമുണ്ടായതെന്നും രാജ്യത്തോടും ലോകത്തോടും ചെയ്ത ഗുരുതരമായ ഈ വീഴ്ചയ്ക്ക് ചൈന വലിയ വില നല്‌കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. കോവിഡ് ബാധിച്ചത് ഒരു തരത്തില്‍ ഈശ്വരാനുഗ്രഹമാണെന്നും വൈറസ് ബാധിച്ചതിനാലാണ് തനിക്ക് റീജെനറോണ് എന്ന മരുന്നിനെ കുറിച്ച് അറിയാനും ഉപയോഗിക്കാനും സാധിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും വീഡിയോയില്‍ ട്രംപ് പറഞ്ഞു. തന്റെ നിര്‍ദേശപ്രകാരമാണ് കോവിഡ് ചികിത്സയ്ക്ക് റീജെനറോണ്‍ ഉപയോഗിച്ചതെന്നും ഏറെ പ്രയോജനപ്രദമായ മരുന്നാണ് റീജെനറോണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നാല് ദിവസം വാള്‍ട്ടര്‍ റീഡ് മെഡിക്കല് സെന്ററില്‍ കഴിയേണ്ടി വന്നതായും വൈറ്റ് ഹൗസില് തന്നെ തുടരാനാണ് താനാഗ്രഹിച്ചതെങ്കിലും പ്രസിഡന്റായതിനാല്‍ മികച്ച ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാലാണ് വൈറ്റ് ഹൗസില്‍ നിന്ന് മാറിനില്‌ക്കേണ്ടി വന്നതെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യമൊട്ടാകെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി റീജെനറോണിന്റെയും സമാനമായ മറ്റൊരു മരുന്നിന്റെയും ലഭ്യതസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിന്റെ ലഭ്യതയ്ക്ക് യുഎസിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം തടസമാണെന്ന് പറഞ്ഞ ട്രംപ് പ്രസിഡന്റെന്ന നിലയില് കോവിഡിനെതിരെ സമയോചിതവും ഫലപ്രദവുമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.